മനുഷ്യന് ഭക്ഷ്യയോഗ്യമായതെല്ലാം മൃഗങ്ങള്‍ക്കും അനുയോജ്യമാണോ? മനുഷ്യര്‍ക്ക് ഇഷ്ടമായതും ഭക്ഷ്യയോഗ്യമായതുമെല്ലാം വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷ്യയോഗ്യമാകണമെന്നില്ല. മാത്രമല്ല, ഇത് അതിഗൗരവമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാം. ചിലപ്പോള്‍ മരണംതന്നെ സംഭവിക്കാം.

മനുഷ്യരുടേതില്‍നിന്നും വ്യത്യസ്തമായ പ്രക്രിയയും താളവുമാണ് മൃഗങ്ങളുടെ ഉപാപചയത്തിന്. ഹാനികരമായ ധാരാളം ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടെങ്കിലും സാധാരണയായി, ചോക്ലേറ്റ്, മുന്തിരി, ചുവന്നുള്ളി, വെളുത്തുള്ളി, വെണ്ണപ്പഴം എന്നിവയാണ് മൃഗങ്ങള്‍ക്ക് ഹാനികരമായവ.

ചോക്ലേറ്റ്

ചോക്ലേറ്റ് വിഷബാധ കൂടുതലും കണ്ടുവരുന്നത് ക്രിസ്മസ് ഉത്സവവേളകളിലാണ്. തിയോബ്രോമിന്‍, കഫീന്‍ എന്നീ വിഷപദാര്‍ഥങ്ങളാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്. ചായ, കോള എന്നീ പദാര്‍ഥങ്ങളിലും തിയോബ്രോമിന്‍ അടങ്ങിയിട്ടുണ്ട്. ഈ പദാര്‍ഥങ്ങളുടെ ഉപാപചയ പ്രവര്‍ത്തനം മനുഷ്യരിലേക്കാള്‍ മൃഗങ്ങളില്‍ വളരെ മന്ദഗതിയിലാണെന്നതിനാലാണ് ഇവ മൃഗങ്ങളില്‍ വിഷബാധയിലേക്ക് നയിക്കുന്നത്.

ചോക്ലേറ്റുകളിലെ വിഷപദാര്‍ഥങ്ങളുടെ അളവ് കൂടുന്ന ക്രമത്തില്‍ ഇങ്ങനെ ക്രമീകരിക്കാം: വൈറ്റ് ചോക്ലേറ്റ്, മില്‍ക്ക് ചോക്ലേറ്റ്, സ്വീറ്റ് ഡാര്‍ക്ക് ചോക്ലേറ്റ്, സെമി സ്വീറ്റ് ചോക്ലേറ്റ്, കൊക്കോ ബീന്‍സ് ഹള്‍, കുക്കിങ് ചോക്ലേറ്റ്, ഉണക്കിയ കൊക്കോ പൊടി.വെറുംവയറ്റില്‍ കഴിക്കുക, ഏതുതരം ചോക്ലേറ്റ് എന്നിവയെ ആശ്രയിച്ച്, വിഷബാധ ഏറിയും കുറഞ്ഞും ഇരിക്കും. ഒരു കിലോഗ്രാം ശരീരതൂക്കത്തിന് ഏകദേശം 1.3 ഗ്രാം കുക്കിങ് ചോക്ലേറ്റ് ശരീരത്തില്‍ ചെല്ലുന്നത് നായ്ക്കളില്‍ വിഷബാധ ലക്ഷണങ്ങള്‍ ഉണ്ടാക്കും.

ലക്ഷണങ്ങള്‍

ചോക്ലേറ്റ് പരിധിയിലധികം ഉള്ളില്‍ച്ചെന്നാല്‍ ലക്ഷണങ്ങള്‍ 6-12 മണിക്കൂറിനുള്ളില്‍ കാണിച്ചുതുടങ്ങും. മനംപുരട്ടല്‍, ഛര്‍ദി, വയറിളക്കം, ശ്വാസതടസ്സം, അതിയായ ദാഹം, അധികമായി മൂത്രമൊഴിക്കല്‍ എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. തുടര്‍ന്ന് ശരീര നിര്‍ജലീകരണം, അസ്വസ്ഥത, അമിതമായ ഉത്സാഹം, അപസ്മാരം, അബോധാവസ്ഥ, ശരീരം നിലയ്ക്കുക, മരണം എന്നിവ സംഭവിക്കുന്നതാണ്. കഴിച്ച് ഒരുമണിക്കൂറിനുള്ളില്‍ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ അസുഖം ഭേദമാക്കുന്നത് വിഷമകരമാണ്.

മുന്തിരി

മുന്തിരി കഴിക്കുന്നത് നായ്ക്കളില്‍ കൂടുതലായും വൃക്കകളുടെ പ്രവര്‍ത്തനത്തെയാണ് തകരാറിലാക്കുന്നത്. ചില പൂച്ചകളിലും ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു കിലോഗ്രാം ശരീരതൂക്കത്തിന് 10.57 ഗ്രാം എന്ന കണക്കിന് മുന്തിരി കഴിക്കുന്നത് നായ്ക്കളെ മരണത്തിലേക്ക് നയിക്കും. നായ്ക്കളില്‍ മുന്തിരിമൂലം വിഷബാധ ഉണ്ടാകുന്നതിനുള്ള കാരണം ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഛര്‍ദി, വയറിളക്കം എന്നിവ 6-12 മണിക്കൂറിനുള്ളില്‍ പ്രകടിപ്പിക്കും. ക്ഷീണം, വിശപ്പില്ലായ്മ, വയറുവേദന, അതിയായ ദാഹം, വിറയല്‍ എന്നിവയും കാണുന്നതാണ്. മൂത്രമൊഴിക്കുന്ന അളവ് കുറഞ്ഞ നായ്ക്കള്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്.

ഉള്ളി

ഒട്ടുമിക്ക ഭക്ഷണപദാര്‍ഥങ്ങളിലും ഉപയോഗിക്കുന്ന ഒന്നാണ് ചുവന്നുള്ളി. രണ്ടു പ്രധാന രാസപദാര്‍ഥങ്ങളായ ഫ്‌ളാവനോയിഡ്, ആള്‍ക്കെല്‍ സിസ്റ്റീന്‍, സള്‍ഫോക്‌സൈഡ് എന്നിവയാല്‍ സമ്പുഷ്ടമാണ് ചുവന്നുള്ളി. രുചികരമായ ഭക്ഷണങ്ങളുണ്ടാക്കുന്നതിന് പുറമേ, നിരവധി ഔഷധഗുണങ്ങളും ചുവന്നുള്ളിക്ക് അവകാശപ്പെട്ടതുതന്നെയാണ്. കാന്‍സര്‍, പ്രമേഹം കൊളസ്‌ട്രോള്‍, രക്തധമനികളിലെ തടസ്സം, ബാക്ടീരിയ എന്നിവയെ പ്രതിരോധിക്കുവാനുള്ള കഴിവുകളും ചുവന്നുള്ളിയുടെ ഗുണങ്ങളാണ്. എന്നാല്‍ മൃഗങ്ങളിലേക്ക് വരുമ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്.

ചുവന്നുള്ളിയില്‍ അടങ്ങിയിരിക്കുന്ന എന്‍-പ്രോപ്പെല്‍ ഡൈസള്‍ഫൈഡ് എന്ന രാസപദാര്‍ഥമാണ് നായ, കന്നുകാലികള്‍ തുടങ്ങി മറ്റു മൃഗങ്ങളില്‍ ഹാനികരമായി പ്രവര്‍ത്തിക്കുന്നത്. ഈ രാസപദാര്‍ഥം ചുവന്ന രക്താണുവിലെ ചില എന്‍സൈമുകളുടെ പ്രവര്‍ത്തനം തകരാറിലാക്കുകയും രക്തത്തിലെ ഹീമോഗ്ലോബിന്‍ നശിപ്പിക്കുകയും അതുവഴി ചുവന്ന രക്താണുക്കള്‍ പൊട്ടിപ്പോകുകയും ചെയ്യുന്നു.

അഞ്ച് ഗ്രാം ചുവന്നുള്ളി ഒരു കിലോഗ്രാം ശരീരതൂക്കത്തിന് എന്ന തോതില്‍ പൂച്ചകളിലും 15-30 ഗ്രാം ചുവന്നുള്ളി ഒരു കിലോഗ്രാം ശരീരതൂക്കത്തിന് എന്ന അനുപാതത്തില്‍ നായ്ക്കളിലും ഉള്ളില്‍ച്ചെന്നാല്‍ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. എല്ലാതരത്തിലുമുള്ള പച്ചയായതും വേവിച്ചതും ഉണക്കിയതുമായ ചുവന്നുള്ളി ഹാനികരമാണ്.

ലക്ഷണങ്ങള്‍

ഛര്‍ദി, വയറിളക്കം, വയറുവേദന, വിശപ്പില്ലായ്മ, തളര്‍ച്ച, നിര്‍ജലീകരണം, കാപ്പി നിറത്തോടുകൂടിയ മൂത്രം, മഞ്ഞപ്പിത്തം എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ഏതു ജനുസ്സില്‍പ്പെട്ട ഉള്ളി, വിളര്‍ച്ച, നല്‍കുന്ന ചികിത്സ എന്നിവയെ ആശ്രയിച്ചായിരിക്കും രക്ഷപ്പെടാനുള്ള സാധ്യത. വളരെ നേരിയതോതില്‍ ഉപയോഗിക്കുകയാണെങ്കില്‍ ചുവന്നുള്ളിയെ അപേക്ഷിച്ച് വെളുത്തുള്ളി അത്രയധികം ഹാനികരമല്ല. പശുക്കളെയും നായ്ക്കളെയും അപേക്ഷിച്ച് ആടുകള്‍ക്ക് ഇതിനോട് പ്രതിരോധശേഷി കൂടുതലാണ്.

വെണ്ണപ്പഴം

വെണ്ണപ്പഴത്തിന്റെ ഫലം, തോട്, ഇല  എന്നിവ  നായ, പശു, ആട്, പക്ഷികള്‍, മുയല്‍, കുതിര, പൂച്ച തുടങ്ങി എല്ലാ മൃഗങ്ങള്‍ക്കും  വിഷബാധ ഉണ്ടാക്കുന്നതാണ്. വിഷബാധയുടെ വ്യക്തമായ കാരണം ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

ലക്ഷണങ്ങള്‍

ശ്വാസകോശം, നെഞ്ച്, ഹൃദയം എന്നിവയില്‍ നീര്‍ക്കെട്ട്, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. വയറുവേദന, ഛര്‍ദി, വയറിളക്കം, ശ്വാസതടസ്സം എന്നിവയില്‍ തുടങ്ങി മരണത്തില്‍ കലാശിക്കുന്നതാണ്.