കോഴിവളര്‍ത്തലിന് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഘടകമാണ് കോഴിത്തീറ്റ. ഗവേഷണത്തിലൂടെ നാല്‍പതില്‍പ്പരം വ്യത്യസ്ത പോഷകങ്ങള്‍ കോഴിത്തീറ്റയില്‍ അടങ്ങിയിരിക്കണമെന്ന്‌ കണ്ടിരുന്നു. മുട്ടയ്ക്കും മാംസത്തിനും വേണ്ടിയാണ് കോഴികളെ വളര്‍ത്തുന്നത്.

ഇവയ്ക്കുള്ള പോഷകങ്ങളെ ജലം-മാംസ്യം-കൊഴുപ്പ്-ധാന്യകങ്ങള്‍-അസംസ്‌കൃതനാര്-ധാതുക്കള്‍ എന്നിങ്ങനെ ആറായി വിഭജിക്കുന്നു. കൂടാതെ ജീവകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. 

തീറ്റയുടെ കാര്യത്തില്‍ കോഴികള്‍ ഒരു പ്രത്യേക സ്വഭാവമുള്ളവരാണ്. അവര്‍ തന്നെ തീറ്റയുടെ അളവ് നിശ്ചയിക്കും. 40 ആഴ്ചകള്‍ വരെ പ്രായമുള്ള മുട്ടക്കോഴികളിലാണ് ഈ കഴിവ് പരമാവധി കാണുന്നത്. 

ഒരു കോഴി ശരാശരി 300 കിലോ കാലറി ഊര്‍ജം അകത്താക്കുന്നു. ഒരു കിലോഗ്രാം തീറ്റയില്‍ 3000 കി.കാലറി ഉപാപചയ ഊര്‍ജം ഉണ്ടെങ്കില്‍ അവ 100 ഗ്രാം തിന്നുന്നു. 270 കി.കാലറി ആണെങ്കില്‍ അവ 111 ഗ്രാം തിന്നുന്നു. ഈ നിയമം ഒരു പരിധി വരെ ശരിയാണ്. 

മുട്ടയിടുന്ന ഒരു കോഴിക്ക് ഏകദേശം 3 ഗ്രാം കാല്‍സ്യം കിട്ടിയിരിക്കണം. കാല്‍സ്യവും ഫോസ്ഫറസും ജീവകം 'ഡി' യും കൂടി വേണം. ഇവ ശരിയായ അനുപാതത്തിലുണ്ടെങ്കില്‍ ആഗിരണം ശരിയായ രീതിയില്‍ നടക്കും. 

ജീവകം ഡി ആഗിരണത്തിന് സഹായിക്കുന്നു. കോഴികള്‍ കട്ടികുറഞ്ഞ തോലുള്ള മുട്ടയിടുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളുടെ തകരാറ് മൂലമാണ്. 

ഒരു മുട്ടയില്‍ ഏകദേശം 2 ഗ്രാം കാല്‍സ്യമുണ്ട്. കക്ക പൊടിച്ച് കൂട്ടില്‍ ഒരു സ്ഥലത്ത് മണ്‍ചട്ടിയിലോ മറ്റുപാത്രങ്ങളിലോ വച്ചുകൊടുക്കാം. മുട്ടത്തോട് തന്നെ പൊടിച്ച് കൊടുക്കുന്നത് നല്ലതാണ്.
 
അടച്ചിട്ട് വളര്‍ത്തുന്ന കോഴികള്‍ക്ക് ജീവകം ഡി തീറ്റയില്‍ കൊടുക്കാം. സസ്യജന്യ തീറ്റ സാധനങ്ങളിലെ 'ഫോസ്ഫറസ്' ജീവകം-ഡി എന്നിവ ചുരുങ്ങിയ തോതില്‍ മാത്രം കോഴികള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളു. വളരെ ചുരുങ്ങിയ അളവില്‍ മാത്രം ആവശ്യമായ സൂക്ഷ്മ മൂലകങ്ങളായ മാംഗനീസ്, സിങ്ക്, അയൊഡിന്‍, ഇരുമ്പ് , ചെമ്പ് എന്നിവയും പ്രാധാന്യമര്‍ഹിക്കുന്നു. ഇവയുടെ അഭാവം തൈറോയിഡ്, ഗോയിറ്റര്‍, വിളര്‍ച്ച, മുട്ട വിരിയാതിരിക്കല്‍ എന്നിവയ്ക്ക് കാരണമാകും. 

1. കൂട്ടിലിട്ട്‌ വളര്‍ത്തുന്ന കോഴികള്‍ക്ക് ധാതുലവണ മിശ്രിതം തീറ്റയില്‍ നല്‍കണം
2. കന്നുകാലികളുടെ ധാതുമിശ്രിതം കോഴികള്‍ക്ക് നല്‍കരുത്
3.കോഴിത്തീറ്റയില്‍ 0.5 % ശതമാനം കറിയുപ്പ് ചേര്‍ക്കരുത്
4.കന്നുകാലികളുടെ ധാതുമിശ്രിതത്തില്‍ ഫോസ്ഫറസ് കോഴികളുടേതിനേക്കാള്‍ കാല്‍സ്യം കുറവുമാണ്. മാംഗനീസിന്റെ അളവിലും വ്യത്യാസമുണ്ട്. 
5. കോഴിത്തീറ്റയില്‍ ശരിയായ അളവില്‍ ഉപ്പ് ചേര്‍ക്കണം. 
6. കുടിക്കാനുള്ള വെള്ളം 24 മണിക്കൂറും ലഭ്യമാക്കണം
7.മനുഷ്യര്‍ക്ക്  ആവശ്യമുള്ള ജീവകങ്ങളില്‍ 'ജീവകം-സി' ഒഴിച്ച് എല്ലാം തന്നെ കോഴികള്‍ക്ക് ആവശ്യമാണ്.
8. ജീവകം എ, ബി, ഡി 3 എന്നിവയുടെ കുറവ് നികത്താന്‍ അരി, തവിട്, ഗോതമ്പ് തവിട് എന്നിവ നല്‍കാം
9.മത്സ്യത്തിലും പച്ചിലകളിലും ധാരാളം ജീവകം അടങ്ങിയിട്ടുണ്ട്. തമ്മില്‍ കൊത്തുന്നത് ഒഴിവാക്കണം 
10. വെള്ളം കുടിക്കുന്നത് 15 മുതല്‍ 20 മിനിട്ട് ഇടവിട്ട് ആയിരിക്കണം
11.തീറ്റയുടെ മൂന്നിരട്ടി വെള്ളം കോഴികള്‍ക്ക് നല്‍കണം, കാലത്ത് തണുത്ത വെള്ളം കുടിക്കാന്‍ നല്‍കുന്നത് നല്ലതാണ്
12.കോഴികള്‍ക്ക് വേണ്ട ധാതുലവണവും തീറ്റയും തിരഞ്ഞെടുക്കാം. ആദായകരമായി കോഴിവളര്‍ത്തലിന് ഇത് സഹായിക്കും