രുക്കുന്ന വേനലുകള്‍, കടപുഴക്കുന്ന ചുഴലിക്കാറ്റുകള്‍, നിലയില്ലാതാക്കുന്ന വെള്ളപ്പൊക്കങ്ങള്‍, ഭക്ഷ്യവിളകളിലെ വ്യാപകകീടബാധകള്‍, മനുഷ്യരിലെയും മൃഗങ്ങളിലെയും രോഗങ്ങള്‍ തുടങ്ങിയ ഓരോ ദുരന്തകാലത്തിനും ഓരോ മുഖമാണ്. ദുരന്തങ്ങളെ നേരിടാന്‍ ഒരുക്കവും പ്രതികരണവും ദുരിതലഘൂകരണവും തിരിച്ചുവരവും വേണം. മനുഷ്യനും മൃഗങ്ങള്‍ക്കും വസ്തുവകകള്‍ക്കും നഷ്ടമുണ്ടാകാതെ കരുതുകയാണ് പല ദുരന്തങ്ങളിലും  പരമപ്രധാനം. കോവിഡ്-19 പോലെ മനുഷ്യനെ ബാധിക്കുകയും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വന്‍തോതില്‍ ദേശങ്ങള്‍ കടന്ന് പകരുകയും ചെയ്യുന്ന മഹാമാരികള്‍ ദുരന്തങ്ങളായെത്തുമ്പോള്‍ സ്വീകരിക്കേണ്ടത് മറ്റു സ്ഥിതിവിശേഷങ്ങളില്‍ നിന്നും വ്യത്യസ്തമായ നടപടികളാണ്. ഇവിടെ മൃഗങ്ങളെ പരിപാലിക്കുന്ന മനുഷ്യര്‍ സ്വയം അപകടത്തിലാവുകയും ഐസൊലേഷന്‍, സാമൂഹ്യ അകലം പാലിക്കല്‍, ലോക്ക്ഡൗണ്‍ തുടങ്ങിയ പരിഹാരമാര്‍ഗ്ഗങ്ങള്‍  തേടുകയും ചെയ്യുന്നു.

മനുഷ്യന്‍ വലിയ ഒരു രോഗത്തെ നേരിടുമ്പോള്‍ പശുപരിപാലനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സമീകൃത തീറ്റയുടെ ലഭ്യതക്കുറവാണ്. അത് പശുവിന്റെ ഉല്‍പ്പാദന, പ്രത്യുത്പാദന ആരോഗ്യസ്ഥിതിയെ ബാധിക്കുകയും ചെയ്യും. സമീകൃതതീറ്റ ഗുണത്തിലും അളവിലും ലഭ്യമായാലും ഉരുക്കളെ പരിപാലിക്കാനുള്ള തൊഴിലാളികളുടെ ലഭ്യതയും പാല്‍ വിപണനവും പ്രശ്നമാകാം. ദുരന്തങ്ങളവസാനിക്കുമ്പോഴും ഉപജീവന മാര്‍ഗ്ഗമായി തുടരേണ്ടതിനാല്‍ പശുക്കളെ ഉത്തമ അവസ്ഥയില്‍ പിടിച്ചു നിര്‍ത്തുക എന്നതായിരിക്കണം നമ്മുടെ പ്രധാന ലക്ഷ്യം. 

അറിവാണ് പ്രധാനം

നേരിടുന്ന ദുരന്തത്തേക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങള്‍ ലഭിക്കുകയാണ് ഏറെ പ്രധാനം. ഉദാഹരണത്തിന് കോവിഡ്-19, മനുഷ്യനെ ബാധിക്കുന്ന രോഗമാണെന്നും അതു മനുഷ്യര്‍ക്കിടയിലാണ് പകരുന്നതെന്നും അറിയേണ്ടതാണ്. അത് പശുവിന് വരികയോ, പാലില്‍ കൂടി പകരുകയോ ചെയ്യില്ലായെന്നതും അറിഞ്ഞിരിക്കണം. ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോഴും മൃഗസംരക്ഷണവും, പാലുല്‍പ്പാദന വിപണനവും, വെറ്ററിനറി സേവനങ്ങളും അവശ്യസേവന മേഖലകളായി പ്രഖ്യാപിച്ചതുപോലെയുള്ള വിവരങ്ങള്‍ അറിയണം. സംസ്ഥാനത്തിനുള്ളിലും അന്തര്‍സംസ്ഥാന പാതകളിലും കന്നുകാലിത്തീറ്റയും പുല്ലും വൈക്കോലും അവശ്യവസ്തുക്കളെന്ന നിലയില്‍ കൊണ്ടുപോകുന്നതിന് തടസ്സമില്ലായെന്നതും ഓര്‍ക്കണം. റേഡിയോ, ടെലിവിഷന്‍, പത്രങ്ങള്‍, ഗവണ്‍മെന്റ് ഏജന്‍സികള്‍ എന്നിങ്ങനെ വിശ്വാസ്യതയുള്ള സംവിധാനങ്ങള്‍വഴി കാര്യങ്ങള്‍ അറിഞ്ഞാല്‍ പ്രവര്‍ത്തനം എളുപ്പമാകും. ഒരു കാര്യം ഓര്‍ക്കുക, മൃഗങ്ങള്‍ക്കിടയില്‍ പടരുന്ന ഒരു മഹാമാരിയാണെങ്കില്‍ മേല്‍പ്പറഞ്ഞ സംവിധാനങ്ങള്‍ അടയ്ക്കപ്പെടുമായിരുന്നു. ഓരോ ദുരന്തത്തിനും ഓരോ രീതിയാണ് അവലംബിക്കുക എന്നോര്‍ക്കുക. 

ആരോഗ്യത്തില്‍ അതീവ ശ്രദ്ധ

മൃഗങ്ങളുടെ ജീവനോ ആരോഗ്യത്തിനോ യാതൊരു ഭീഷണിയും നേരിട്ടു വരുത്താത്ത കോവിഡ് പോലൊരു മഹാമാരിക്കാലത്ത് ഉരുക്കളുടെ ആരോഗ്യപരിപാലനത്തില്‍ നമുക്കേറെ ശ്രദ്ധവേണം. വീട്ടില്‍ രോഗികളോ നിരീക്ഷണത്തിലുള്ളവരോ ഉണ്ടെങ്കില്‍ ഇതില്‍ വീഴ്ച വരാം. ലോക്ക്ഡൗണ്‍ നല്‍കുന്ന മാനസിക സമ്മര്‍ദ്ദം മൂലമോ, തൊഴിലാളികളുടെ കുറവു മൂലമോ, സമീകൃതാഹാര ലഭ്യതക്കുറവ് കാരണമോ ആരോഗ്യപരിപാലനത്തില്‍  അശ്രദ്ധ വന്നാല്‍ അത് ഭാവിയിലെ ഉല്‍പ്പാദന പ്രത്യുല്‍പ്പാദനക്ഷമതയെ ബാധിക്കും. കേരളത്തിലെ സങ്കരയിനം പശുക്കളില്‍ അനീമിയ (വിളര്‍ച്ച/രക്തക്കുറവ്) വ്യാപകമാണെന്ന് വിദഗ്ദര്‍ പറയുന്നു. സമീകൃതാഹാരക്കുറവ്, ആന്തരിക ബാഹ്യപരാദങ്ങള്‍ എന്നിവയാണ് മുഖ്യകാരണം. തൈലേറിയ, അനാപ്ലാസ്മ, ബബീസിയ തുടങ്ങിയ രക്തപരാദങ്ങളും അവയുടെ വാഹകരായ ചെള്ള്, പേന്‍, പട്ടുണ്ണി തുടങ്ങിയ പശുവിന്റെ ദേഹപരാദങ്ങളുമാണ് പ്രതികള്‍. അനീമിയ ബാധിച്ച പശുക്കളില്‍ രോഗപ്രതിരോധശേഷി കുറയുമെന്നതിനാല്‍ മറ്റു രോഗസാധ്യതയേറും. അതിനാല്‍ പശുക്കളുടെ നിലവിലെ ആരോഗ്യസ്ഥിതി പരിഗണിച്ചുള്ള പരിപാലനമുറകള്‍  സ്വീകരിക്കണം. 

തൊഴുത്തിലെ അന്തരീക്ഷം

കാലാവസ്ഥാമാറ്റവും ആഗോളതാപനവും മറ്റൊരു ദുരന്തമായി നമ്മുടെ മുന്‍പില്‍ തന്നെയുണ്ട്. താപസമ്മര്‍ദ്ദം മൂലം പശുക്കള്‍ തീറ്റയെടുക്കാന്‍ മടിക്കുന്നത് പാലുല്‍പ്പാദനത്തില്‍ കുറവുണ്ടാക്കും. ചൂടകറ്റാന്‍ പശുക്കള്‍ ഉമിനീരൊലിപ്പിക്കുന്നത് മൂലം ആമാശയത്തിലെ അമ്ലക്ഷാരനിലയില്‍ വ്യത്യാസമുണ്ടാകും. കുളമ്പിന്റെ പ്രശ്നങ്ങള്‍, അകിടുവീക്കം, വന്ധ്യത, കുറഞ്ഞ ഉല്‍പ്പാദനകാലം എന്നിവ കൂട്ടായെത്തും. താപസമ്മര്‍ദ്ദത്തെ തുരത്താനുള്ള ശ്രമങ്ങള്‍ വര്‍ഷം മുഴുവന്‍ ഉണ്ടാകണമെന്നതാണ് കാലാവസ്ഥാമാറ്റം നമ്മെ പഠിപ്പിക്കുന്നത്. ഓട്ടോമാറ്റിക് ഡ്രിങ്കറുകള്‍, പശുക്കള്‍ക്ക് സുഖവാസമൊരുക്കുന്ന തൊഴുത്തിന്റെ  നിര്‍മ്മാണ ഘടന, വേനലിലും പച്ചപ്പുല്ലിന്റെ  ലഭ്യത തുടങ്ങിയവയൊക്കെ ഉറപ്പാക്കിയാലേ നമുക്ക് വരളര്‍ച്ചയെന്ന ദുരിതത്തെ മറികടക്കാനാവൂ.  തൊഴുത്തിനുള്ളില്‍ അനുഭവപ്പെടുന്ന കാലാവസ്ഥ പശുക്കള്‍ക്ക് സുഖകരമാക്കുന്ന കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. തൊഴുത്തിനുള്ളിലെ അന്തരീക്ഷതാപവും ആര്‍ദ്രതയും അളന്ന് പ്രത്യേക സമവാക്യത്തിലിട്ടാല്‍ കിട്ടുന്ന ഉത്തരത്തിന് നമ്മള്‍ താപ-ആര്‍ദ്രത സൂചിക എന്നു പറയും. ഈ സൂചികയുടെ അളവ് 72 എന്ന നമ്പറില്‍ താഴെ വര്‍ഷം മുഴുവന്‍ നിലനിര്‍ത്തുന്ന ഘടനയും സൗകര്യങ്ങളുമാണ് തൊഴുത്തില്‍ വേണ്ടത്. ഒപ്പം പശുക്കള്‍ക്ക് നേരിട്ട് ചൂടേല്‍ക്കാതിരിക്കാനും ശരീരത്തിലുല്‍പ്പാദിപ്പിക്കുന്ന ചൂട് കുറയ്ക്കാനും മേയ്ക്കുന്ന സമയവും തീറ്റ നല്‍കുന്ന സമയവും വൈകുന്നേരവും രാവിലെയുമായി ക്രമീകരിക്കണം. 

കാലിത്തീറ്റയ്ക്കുണ്ടാവണം ബദലുകള്‍

ബ്രാന്‍ഡഡ് കാലിത്തീറ്റ, തീറ്റപ്പുല്ല്, വൈക്കോല്‍ എന്നിവ ചേര്‍ന്ന പരമ്പരാഗത തീറ്റക്രമം പിന്‍തുടരാന്‍ പറ്റാത്ത ദുരന്ത കാലമാണ് മുന്നിലുള്ളതെങ്കില്‍ അല്ലെങ്കില്‍ അവയുടെ ലഭ്യതയിലും അളവിലും കുറവുണ്ടെങ്കില്‍ തീറ്റയ്ക്ക് ബദല്‍ സംവിധാനങ്ങള്‍ തേടണം. ചിലപ്പോള്‍ വീടിന്റെ ചുറ്റുവട്ടത്തുതന്നെ തീറ്റ തേടേണ്ടിവരും. ഒരുപക്ഷേ പ്രാദേശികമായി  ലഭിക്കുന്ന പാരമ്പര്യേതര തീറ്റവസ്തുക്കളാവും ആശ്രയം. മേല്‍പ്പറഞ്ഞ ഏതു രീതി അനുവര്‍ത്തിക്കണമെന്നത് അതാതു സമയവും സാഹചര്യവും തീരുമാനിക്കും. ഇനിവരുന്ന കാലത്ത് ടി.എം.ആര്‍. (ടോട്ടല്‍ മിക്സഡ് റേഷന്‍) തീറ്റയുടെ  സാധ്യതകള്‍ കേരളം പരമാവധി പ്രയോജനപ്പെടുത്തണം. പൊതുമേഖലാതീറ്റക്കമ്പനികള്‍ ഗുണമേന്മ ഉറപ്പുവരുത്തുന്ന രീതിയില്‍ ടി.എം.ആര്‍. തീറ്റകള്‍ വിപണിയിലിറക്കണം. പഞ്ചായത്ത് ക്ഷീരസംഘതലത്തില്‍ പ്രാദേശികമായി  ലഭിക്കുന്ന തീറ്റസാമഗ്രികള്‍ ഉപയോഗിച്ച്  യന്ത്രസഹായത്തോടെ ടി.എം.ആര്‍.  തീറ്റ നിര്‍മ്മിക്കാന്‍ ശ്രമിക്കണം. 

കര്‍ഷകര്‍ ഒന്നു മനസ്സുവെച്ചാല്‍ പ്രാദേശികമായി ലഭ്യമായ ഖരതീറ്റയും പുല്ലും വൈക്കോലും ഉപയോഗിച്ച് ടി.എം.ആര്‍. ഉണ്ടാക്കാം. ആമാശയത്തിന്റെ  ആരോഗ്യവും അതുവഴി തീറ്റയെടുപ്പും ദഹനവും നന്നാക്കാന്‍ ടി.എം.ആര്‍ ആണ് ഉത്തമം. ദുരന്തകാലങ്ങളില്‍ തീറ്റപ്പുല്ലും വൈക്കോലും കാലിത്തീറ്റയും വെവ്വേറെ തേടിപ്പോകേണ്ടി വരില്ലായെന്നതും പ്രധാനം. പ്രാദേശികമായി ലഭിക്കുന്ന നിരവധി കാര്‍ഷിക വ്യാവസായിക അവശിഷ്ടങ്ങള്‍ നിശ്ചിത  ശതമാനത്തില്‍ തീറ്റയില്‍ ചേര്‍ക്കാന്‍ നാം ശീലിക്കണം. പുളിങ്കുരുപ്പൊടി, ചോളത്തണ്ട്, കൊക്കോത്തൊണ്ട്, തേയിലച്ചണ്ടി, കപ്പയില ഉണക്കിപ്പൊടിച്ചത്, ചക്കയുടെ അവശിഷ്ടങ്ങള്‍, വാഴയുടെ ബാക്കി ഭാഗങ്ങള്‍ തുടങ്ങിയവയൊക്കെ ഇങ്ങനെ പ്രയോജനപ്പെടുത്താം. ബിയര്‍വേസ്റ്റ്, തവിടുകള്‍, തേങ്ങാപ്പിണ്ണാക്ക്, പൈനാപ്പിള്‍ അവശിഷ്ടം തുടങ്ങിയവയും കാലിത്തീറ്റയാക്കാം. വീട്ടുവളപ്പില്‍ സൈലേജ് നിര്‍മ്മിക്കാനുള്ള വിദ്യ നമുക്ക് പഠിക്കാവുന്നതാണ്. അസോളകൃഷി, തീറ്റപ്പുല്‍കൃഷി, പയര്‍വര്‍ഗ്ഗ ധാന്യവിള കൃഷി എന്നിവയും ആവശ്യ നേരത്തു തുണയാകും. തീറ്റയെ സംബന്ധിച്ച് ചുറ്റുവട്ടത്തുതന്നെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ബദല്‍ തേടാവുന്ന പദ്ധതി മുന്‍കൂറൊരുക്കുകയാണ്  ദുരന്തസമയത്തുണ്ടാവേണ്ട ഒരുക്കം. 

കുളമ്പും അകിടും കരളും

പശുവിന്റെ ആരോഗ്യത്തേയും നമ്മുടെ പരിപാലനത്തേയും പ്രതിഫലിപ്പിക്കുന്ന മൂന്നു കണ്ണാടികളാണിവ. അശാസ്ത്രീയ തീറ്റക്രമം, വൃത്തിഹീനമായ  കുഴികള്‍ നിറഞ്ഞ നിരപ്പില്ലാത്ത തറയുള്ള തൊഴുത്തിലെ വാസം, വ്യായാമമില്ലായ്മ എന്നിവയൊക്കെ കുളമ്പിനെ ബാധിക്കും. ഉല്‍പ്പാദനത്തില്‍ കുറവുണ്ടാകും. പശുക്കളുടെ ക്ഷേമത്തിനും നല്ല ഉല്‍പ്പാദനത്തിനുമായി പശു ദിവസത്തില്‍ 12-14 മണിക്കൂര്‍ തറയില്‍ കിടക്കുകയും അയവെട്ടുകയും ചെയ്യണം. ഏതുകാലത്തും ഹൂഫ് ട്രിമ്മിങ്ങ് നടത്തി കുളമ്പു പരിപാലനം കൃത്യമായി ചെയ്യണം. അകിടിന്റെ ആരോഗ്യമാണ് മറ്റൊരു പ്രധാന ഭാഗം. 

കാലിഫോര്‍ണിയ മാസ്റ്റെറ്റിസ് ടെസ്റ്റ് നടത്താനുള്ള സംവിധാനം തൊഴുത്തില്‍ വേണം. അകിടും മുലക്കാമ്പുകളും ശാസ്ത്രീയ രീതിയില്‍ അണുനാശിനി ഉപയോഗിച്ച് കറവ സമയത്തും ശേഷവും വൃത്തിയാക്കണം. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ കരളിനെ പരിപാലിക്കുന്നതിലും പ്രത്യേക ശ്രദ്ധ വേണം. പ്രസവത്തിന് മുമ്പ് അധിക തീറ്റ നല്‍കി തടിവെയ്പ്പിക്കാതെ, പ്രസവശേഷം പാലുല്‍പ്പാദനത്തിനനുസരിച്ച് സമീകൃത തീറ്റ നല്‍കിയാല്‍ കരള്‍ ആരോഗ്യകരമായി ഇരിക്കും. കൃത്യമായ നാരടങ്ങിയ തീറ്റ നല്‍കി ആമാശയത്തിലെ അമ്ലക്ഷാരനില കൃത്യമായി നിലനിര്‍ത്തണം.

പ്രത്യേകം ശ്രദ്ധ വേണ്ടവര്‍

വിഭവങ്ങള്‍ പരിമിതമാകുമ്പോള്‍ എല്ലാവരേയും ഒരുപോലെ കരുതാന്‍ കഴിയില്ല. പശുത്തൊഴുത്തില്‍ ഏറ്റവും ശ്രദ്ധ കൊടുക്കേണ്ടത് ട്രാന്‍സിഷന്‍ പശുക്കള്‍ക്കാണ്. പ്രസവത്തിന് രണ്ടുമാസം മുന്‍പുള്ളതും രണ്ടുമാസം കഴിഞ്ഞതുമായ പശുക്കള്‍. ഇവയുടെ തീറ്റക്രമത്തില്‍ വരുത്തുന്ന  ക്രമീകരണങ്ങളാണ് പാലുല്‍പ്പാദനത്തിലും പ്രത്യുല്‍പ്പാദനത്തിലും നിര്‍ണ്ണായകമാകുന്നത്. ട്രാന്‍സിഷന്‍ പശുവിന്റെ പരിപാലനം എങ്ങനെയെന്ന് കൃത്യമായി  പഠിച്ചുവെയ്ക്കണം. ദുരന്തകാലത്തും ഉല്‍പ്പാദന, പ്രത്യുല്‍പ്പാദന ലക്ഷ്യങ്ങള്‍ പാളാതിരിക്കാന്‍ ഇത് സഹായിക്കും. ഓര്‍ക്കുക, പ്രസവശേഷമുള്ള മികച്ച പരിപാലനത്തിലൂടെ ഉയര്‍ന്ന ഉല്‍പ്പാദന അളവ് (Peak yield) ഒരു ലിറ്റര്‍ ഉയര്‍ത്താന്‍ പറ്റിയാല്‍ മൊത്തം കറവക്കാലത്തെ പാലുല്‍പ്പാദനകാലത്തെ പാലളവ് 220 ലിറ്ററോളം ഉയരും. മാത്രമല്ല, ഒരു സമയത്ത് പശുഫാമിലെ പകുതിയോളം പശുക്കളെങ്കിലും ഗര്‍ഭിണികളായിരിക്കണമെന്ന ലക്ഷ്യത്തിന് അടുത്തെത്താനും ട്രാന്‍സിഷന്‍ പശുവിന്റെ പരിപാലനം പ്രധാനമാണ്. വര്‍ഷത്തില്‍ അഞ്ചിലൊരു പശുവിനെയെങ്കിലും മാറ്റി പുതിയതിനെ കൊണ്ടുവരേണ്ടിവരുന്നു. ഇതിനായി നമ്മുടെ ഫാമിലെ നല്ല പശുക്കുട്ടികളെ വളര്‍ത്തിയെടുത്താല്‍ ആവശ്യകാലത്ത് ഉപയോഗപ്പെടുമെന്ന് മനസ്സിലാക്കുക. 

പഞ്ഞകാലത്തിനായി കരുതിവെയ്ക്കേണ്ടത് 

നിത്യാവശ്യത്തിനുള്ള  തീറ്റയ്ക്കൊപ്പം പ്രത്യേക ആവശ്യങ്ങള്‍ക്കായി നല്‍കുന്ന സപ്ലിമെന്റുകള്‍ ഫാമുകളില്‍ കരുതിവെയ്ക്കാവുന്നതാണ്. പശുക്കുട്ടികള്‍ക്കുള്ള മില്‍ക്ക് റീപ്ലെസറുകള്‍ (Milk Replacers), കാഫ് സ്റ്റാര്‍ട്ടറുകള്‍ എന്നിവയും കിടാരികള്‍ക്കും പശുക്കള്‍ക്കും ചിലേറ്റഡ് മിനറല്‍ മിക്സ്ചറും ഒരുക്കിവെയ്ക്കാം. ദഹനത്തെ സഹായിക്കാന്‍ യീസ്റ്റും, നാരുകളുടെ ദഹനത്തെ സഹായിക്കുന്ന ഫംഗസ് സപ്ലിമെന്റുകളും കരുതാം. ആമാശയ അറയായ റൂമന്റെ  അമ്ലനിലയെ  വരുതിയില്‍  നിര്‍ത്തുന്ന ബഫറുകള്‍, അപ്പക്കാരം എന്നിവ പ്രധാനമാണ്. അകിടുവീക്കം തടയാന്‍ സഹായിക്കുന്ന  ട്രൈസോഡിയം സിട്രേറ്റ്, പച്ചമരുന്ന്‌പൊടികള്‍ എന്നിവ  ക്ഷാമകാലത്ത് പ്രയോജനപ്പെടും. താപസമ്മര്‍ദ്ദ ലഘൂകരണം, രോഗപ്രതിരോധം, പ്രത്യുല്‍പ്പാദനം എന്നിവയെ  സഹായിക്കുന്ന  വിറ്റമിന്‍ ധാതുലവണ മിശ്രിതങ്ങള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫാമില്‍ സൂക്ഷിക്കാം. കരളിനെ കരുതാന്‍ ഗ്ളൂക്കോസും, ലിവര്‍ടോണിക്കും ആവശ്യമായി വരും. തീറ്റയുടെ ഗുണമേന്മ  കൂട്ടാനായി ബൈപാസ് പോഷകങ്ങളായ റൂമന്‍ ഇനര്‍ട്ട് ഫാറ്റും, പ്രോട്ടീനും ഉപയോഗിക്കാന്‍ കഴിയും. 

ജൈവസുരക്ഷ വേണം

ദുരന്തത്തിന്റെ പ്രത്യേകതയനുസരിച്ച് ഓറോ ഫാമിലും ജൈവസുരക്ഷാ മാര്‍ഗ്ഗങ്ങള്‍ കണിശമായി അവലംബിക്കണം. രോഗമുള്ളവയുടെ ഐസൊലേഷന്‍, പുതിയ മൃഗങ്ങള്‍ക്ക് ക്വാറന്റീന്‍, മൃതശരീരങ്ങള്‍ കൃത്യമായ മറവുചെയ്യല്‍, ഫാമില്‍ ക്ഷുദ്രജീവികള്‍, ഷഡ്പദങ്ങള്‍, എലികള്‍ എന്നിവയുടെ നിയന്ത്രണം, അണുനാശിനികളുടെ ഉപയോഗം എന്നിവ കൃത്യമായി നടത്തണം. മൃഗങ്ങള്‍ക്ക് ആവശ്യമായ രോഗപ്രതിരോധ കുത്തിവെപ്പ് ആന്തര ബാഹ്യപരാദ നിയന്ത്രണം എന്നിവ നടത്തണം. രോഗവാഹകരെ കണ്ടെത്തി ഒഴിവാക്കണം. തൊഴുത്തും, പരിസരവും ശാസ്ത്രീയമായി വൃത്തിയാക്കണം. ഒരു വെറ്ററിനറി ഡോക്ടറുടെ ഉപദേശപ്രകാരം ഓരോ ഫാമിനും വ്യക്തമായ ജൈവസുരക്ഷാ പ്ലാന്‍ തയ്യാറാക്കിയിരിക്കണം. 

പുതിയ കാലം പുത്തന്‍ സാങ്കേതിക വിദ്യകള്‍

പുതിയ സാങ്കേതിക വിദ്യകള്‍ ഏറ്റവുമധികം പ്രയോജനപ്പെടുത്താന്‍ കഴിയുന്നത് ദുരന്തമുഖത്താണ്. ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സും (IoT) ക്ലൗഡ് കമ്പ്യൂട്ടിങ്ങുമൊക്കെ ക്ഷീരവ്യവസായ മേഖലയില്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഫാം മാനേജ്മെന്റിന് സഹായിക്കുന്ന ഇന്റര്‍നെറ്റില്‍ അധിഷ്ഠിതമായ ഉപകരണങ്ങളും ആപ്ലിക്കേഷന്‍സും ഇന്ന് ലഭ്യമാണ്. ക്ഷീരകര്‍ഷകര്‍ക്കും ഒന്നു ശ്രമിച്ചാല്‍ ഇതില്‍ പലതും ഉപയോഗിക്കാന്‍ കഴിയും. കയ്യിലുള്ള സ്മാര്‍ട്ട് ഫോണ്‍ നന്നായി ഉപയോഗിക്കാന്‍ പഠിച്ചാല്‍ വീഡിയോ കോള്‍ വഴിയും മറ്റും അവശ്യ സാഹചര്യങ്ങളില്‍ രോഗചികിത്സ തേടാം. ഡിജിറ്റല്‍ പെയ്മെന്റ് സര്‍വ്വീസുകള്‍ വഴി പണം നല്‍കാനും സ്വീകരിക്കാനും നിശ്ചയമായും പഠിച്ചിരിക്കണം. 

വിപണനത്തിലും വേണം പുത്തന്‍ വഴി

ഒരു ദിവസം ക്ഷീരസഹകരണ സംഘത്തില്‍  പാലെടുക്കാന്‍ കഴിയാതെ വന്നാലുള്ള ബുദ്ധിമുട്ട് കര്‍ഷകര്‍ കണ്ടിട്ടുള്ളതായിരിക്കും. അതിനാല്‍ പാലിനപ്പുറത്തുള്ള സാധ്യതകളേക്കുറിച്ച് ക്ഷീരകര്‍ഷകരും അവരെ സഹായിക്കുന്ന വകുപ്പുകളും ചിന്തിക്കണം. പാല്‍ ഏതൊക്കെ ഉല്‍പ്പന്നങ്ങളാക്കും, അവയ്ക്കാവശ്യമായ ഭൗതിക സൗകര്യങ്ങള്‍, വിപണന സധ്യതകള്‍ എന്തൊക്കെ എന്ന് കൃത്യമായി മനസ്സിലാക്കി തയ്യാറാകണം.

തൊഴില്‍ മാനേജ്‌മെന്റും പ്രധാനം

ക്ഷീരകര്‍ഷകര്‍ സ്വയം ജോലികള്‍ ചെയ്യുന്ന യൂണിറ്റുകളില്‍ വലിയ പ്രശ്‌നങ്ങളുണ്ടാവാറില്ലെങ്കിലും, വലിയ ഫാമുകളില്‍ സ്വദേശികളോ അന്യസംസ്ഥാനക്കാരോ  ആയ ആളുകളായിരിക്കും തൊഴിലാളികള്‍. ദുരന്തകാലത്ത്  തൊഴിലാളികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന  നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതായി വരും ഫാമുകളില്‍ യന്ത്രവല്‍ക്കരണത്തിനും ഫാമിലി ലേബര്‍ ഉപയോഗിക്കുന്നതിനും പ്രാധാന്യം നല്‍കണം ഫാമിലെ ജോലികളെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്കുകൂടി  അറിവുണ്ടെങ്കില്‍ കാര്യങ്ങള്‍ മുട്ടില്ലാതെ നടക്കും.

മറ്റൊരു തലമുറയും അനുഭവിക്കാത്ത വിധം പ്രളയവും ആഗോള മഹാരോഗബാധയും ചുഴലിക്കാറ്റുമൊക്കെ അനുഭവിച്ച തലമുറയെ സംബന്ധിച്ചിടത്തോളം, അവരുടെ അനുഭവങ്ങള്‍ ഭാവിയിലുണ്ടായേക്കാവുന്ന ദുരന്തസാഹചര്യങ്ങള്‍ നേരിടാനുള്ള മുന്‍കരുതലുകള്‍ക്ക് സഹായിക്കും. ക്ഷീരമേഖലയുടെ കാര്യത്തിലും ഇത് വളരെ വലിയ ശരിയാകുന്നു. കാരണം ജീവന്‍ പോലെ കരുതേണ്ടതാണ് ജീവനോപാധിയും.

വിവരങ്ങള്‍ക്ക് : 
drsabingeorge10@gmail.com
Ph: 9446203839

Content Highlights: Cattle farming in covid time