ഓമന മൃഗങ്ങളെയും പക്ഷികളെയുമെല്ലാം സ്‌നേഹിച്ചു വളര്‍ത്തുന്നവര്‍ തങ്ങളുടെ അരുമകളുടെ സുഖ സന്തോഷങ്ങളില്‍ ജാഗ്രതയുളളവരാണ്. ഇതു മുന്നില്‍ക്കണ്ട് ഓമന മൃഗങ്ങള്‍ക്കായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും ആധുനിക ചികിത്സാ സമ്പ്രദായങ്ങളും ഇന്നു കേരളത്തിലും പ്രചാരത്തിലായിരിക്കുന്നു.
സാധാരണ ചികിത്സക്കപ്പുറം അരുമകളുടെ പൊതുവായ ആരോഗ്യസ്ഥിതി. രോഗപ്രതിരോധം, രോഗനിര്‍ണ്ണയം സൗന്ദര്യവല്‍ക്കരണം, സ്വഭാവരൂപീകരണം തുടങ്ങി സമഗ്രക്ഷേമത്തിനും സകല ആവശ്യങ്ങള്‍ക്കും ഒരു കുടക്കീഴില്‍ സൗകര്യങ്ങളൊരുക്കുന്ന ഈ ആശുപത്രികളില്‍ പലതിനും രാജ്യാന്തര നിലവാരം തന്നെയുണ്ട്.
മൃഗചികിത്സയ്ക്കും പരിപാലനത്തിനുമായി ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും സേവനസജ്ജമാണ് ഇത്തരം ആശുപത്രികള്‍. രാപ്പകലില്ലാതെ അത്യാഹിത വിഭാഗവും പ്രവര്‍ത്തിക്കുന്നു. ഓമന മൃഗങ്ങള്‍ക്ക് വീടിനകത്തും പുറത്തും സംഭവിച്ചേക്കാവുന്ന അപകടങ്ങളും അത്യാഹിതങ്ങളും ഇത് അനിവാര്യമാക്കുന്നുമുണ്ട്.
അപകടങ്ങള്‍ മൂലമുള്ള പരുക്കുകള്‍, വിഷബാധ, ദഹനപ്രശ്‌നങ്ങള്‍, പാമ്പുകടിയേല്‍ക്കല്‍ തുടങ്ങി പല അത്യാഹിതങ്ങളും നേരിടാന്‍ ഉടമകളെ വിശേഷിച്ചു രാത്രികാലങ്ങളില്‍ ഈ അത്യാഹിത സംവിധാനം സഹായിക്കുന്നു. കൂടാതെ ഓമനകളെ ആശുപത്രിയിലെത്തിക്കാനുള്ള പിക് അപ് വാഹനങ്ങളും സംഭവസ്ഥലത്തെത്തി ചികിത്സ നല്‍കാനുള്ള ആംബുലന്‍സ് സംവിധാനവും ഇത്തരം ആശുപത്രികളിലുണ്ട്.
മനുഷ്യനു ചികിത്സ നല്‍കുന്ന ആശുപത്രികളിലുള്ള മിക്ക സേവനങ്ങളും പ്രത്യേക വിഭാഗങ്ങളും അരുമ മൃഗങ്ങളുടെ കാര്യത്തിലും ലഭ്യമാണ്. ഔട്ട് പേഷ്യന്റ് യൂണിറ്റുകള്‍, റിസപ്ഷനുകള്‍ എന്നിവ മിക്ക സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലുമുണ്ട്. മൃഗങ്ങളെ കിടത്തി ചികിത്സിക്കുന്ന ഇന്‍പേഷ്യന്റ് വിഭാഗം, 24 മണിക്കൂര്‍ ടോള്‍ഫ്രീ ലൈന്‍ വഴി ഡോക്ടറുമായി ബന്ധപ്പെടാന്‍ സൗകര്യം, നോട്ടു പ്രശ്‌നം വലയ്ക്കാതെയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍, ഓണ്‍ലൈന്‍ കണ്‍സള്‍ട്ടന്‍സി എന്നിവയും ചികിത്സ ആകര്‍ഷകമാക്കുന്നു. ബയോകെമിക്കല്‍ ലബോറട്ടറി പരിശോധനകള്‍ നടത്താനുള്ള പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ നിയന്ത്രിത ഓട്ടോമാറ്റഡ് ലബോറട്ടറികളാണ് പുതിയ കാലത്തെ മൃഗചികിത്സയുടെ പ്രത്യേകത. മികച്ച ഫാര്‍മസികളുമുണ്ട്.
സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം
ജനറല്‍ മെഡിസിന്‍, പ്രിവന്റീവ് മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി തുടങ്ങിയ പ്രത്യേക വിഭാഗങ്ങളും സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനവും ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. കനൈന്‍, ഡെര്‍മറ്റോളജിസ്റ്റ് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ്, ഓങ്കോളജിസ്റ്റ്, ഡെന്റല്‍ സ്‌പെഷലിസ്റ്റ്, നേത്രരോഗ വിദഗ്ദന്‍, ഓര്‍ത്തോപീഡിക് സര്‍ജന്‍, യൂറോളജിസ്റ്റ് തുടങ്ങിയ ഉപവിഭാഗങ്ങള്‍ കൃത്യമായ രോഗനിര്‍ണ്ണയ ചികിത്സയ്ക്ക് തയ്യാര്‍. ഒപ്പം തീവ്ര പരിചരണ വിഭാഗങ്ങളും. നിയോനേറ്റല്‍ ഐ.സി.യു. യൂണിറ്റുകളും പ്രവര്‍ത്തനസജ്ജം.
രോഗ നിര്‍ണ്ണയ ചികിത്സയുടെ ഫലപ്രാപ്തി, രോഗപ്രതിരോധം എന്നിവയ്ക്ക് സഹായകമാകുന്ന സംവിധാനങ്ങളുടെയും, സാങ്കേതിക വിദ്യകളുടെയും, അത്യാധുനിക ഉപകരണങ്ങളുടെയും കാര്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ചുരുങ്ങിയ കാലയളവില്‍ കുതിച്ചുചാട്ടം നടത്തിയിരിക്കുന്നു. രോഗവിവരങ്ങളും ശരീര പരിശോധനയും, ലബോറട്ടറി പരിശോധനയും വഴി നടത്തിയിരുന്ന രോഗനിര്‍ണ്ണയവും ചികിത്സയും ഇന്ന് ആധുനിക സന്നാഹങ്ങളാല്‍ കൂടുതല്‍ കൃത്യത കൈവരിച്ചിരിക്കുന്നു.
രോഗനിര്‍ണ്ണയം, ശസ്ത്രക്രിയ, പ്രത്യുല്‍പാദനം, ഗൈനക്കോളജി വിഭാഗങ്ങളെ സഹായിക്കുന്ന വിധം ശരീരത്തിലെ ഓരോ ആന്തരികാവയവങ്ങളുടെയും സ്ഥാനം, വ്യതിയാനം, വലുപ്പം, ആകൃതി, ഘടന, രക്തചംക്രമണം, വയറിനുള്ളിലെ മുഴകള്‍ തുടങ്ങിയവ കാണാനും, അവയുടെ ദൃശ്യങ്ങള്‍ ലഭിക്കാനും സഹായിക്കുന്ന ഇമേജിംഗ്, പ്രത്യേകിച്ച് ഡിജിറ്റല്‍ ഇമേജിംഗ് സംവിധാനങ്ങള്‍ മൃഗചികിത്സയില്‍ ഇന്ന് വ്യാപകമായി ഉപയോഗിച്ചു വരുന്നു. ആന്തരിക ദൃശ്യങ്ങള്‍ ലഭിക്കുന്ന വീഡിയോ എന്‍ഡോസ്‌കോപ്പി, കംപ്യൂട്ടറൈസ്ഡ് എക്‌സ്‌റേ, ഡോപ്‌ളര്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് തുടങ്ങിയ സംവിധാനങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
വന്ധ്യതാ ചികിത്സയും സ്‌കാനിങ്ങും
ശരീരത്തിനുള്ളിലെ ചെറിയ മുഴ മുതല്‍ ഹൃദയ വാല്‍വിന്റെ തകരാറുകള്‍ വരെ കണ്ടുപിടിക്കാന്‍ പാര്‍ശ്വഫലങ്ങളില്ലാത്ത അള്‍ട്രാസൗണ്ട് സ്‌കാനിംഗ് സഹായിക്കുന്നു. മൂത്രാശയക്കല്ല്, പ്രോസ്റ്റേറ്റ് വീക്കം, പാന്‍ക്രിയാസ്, അഡ്രിനല്‍ ഗ്രന്ഥി, അണ്ഡാശയം, കുടല്‍, കണ്ണ്, ലിംഫ് നോഡുകള്‍ എന്നിവയുടെ രോഗനിര്‍ണ്ണയം ഇത് എളുപ്പമാക്കുന്നു. ആന്തരിക അവയവങ്ങളുടെ അവസ്ഥ കൃത്യമായി മനസ്സിലാക്കാന്‍ ഇത്തരം സ്‌കാനിംഗ് സഹായിക്കുന്നു. ലിവര്‍, കിഡ്‌നി, ആമാശയം, കുടല്‍, മൂത്രാശയം, മൂത്രനാളികള്‍, സ്പ്ലീന്‍, ഹൃദയം, പാന്‍ക്രിയാസ്, ഗര്‍ഭപാത്രം അണ്ഡാശയം, തുടങ്ങിവയുടെ ചിത്രങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തി പേപ്പറില്‍ ലഭിക്കുന്നു.
ഗര്‍ഭപരിശോധന, കുട്ടികളുടെ വളര്‍ച്ചാനിരക്ക്, പ്രസവത്തീയതി നിര്‍ണ്ണയം, ഗര്‍ഭാശയം, പ്ലാസന്റ എന്നിവയിലേക്കുള്ള രക്തയോട്ടം, മറ്റ് ആന്തരികാവയവങ്ങളുടെ അവസ്ഥ, വയറിനകത്തുള്ള മുഴകള്‍, മഞ്ഞപ്പിത്തം, മൂത്രമൊഴിക്കുന്നതിലുള്ള വ്യതിയാനങ്ങള്‍, ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന ഛര്‍ദ്ദി, വയറിളക്കം, അര്‍ബുദം, വയര്‍, നെഞ്ച് എന്നിവിടങ്ങളിലെ വെള്ളക്കെട്ടുകള്‍, ഗഭാശയപ്പഴുപ്പ്, സര്‍ജറിയ്ക്ക് മുമ്പുള്ള ചെക്കപ്പ് എന്നിവയ്ക്ക് സ്‌കാനിംഗ് സഹായിക്കുന്നു. അതും പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ.
എക്കോ കാര്‍ഡിയോഗ്രഫി, ഇ.സി.ജി. രക്തം മാറ്റല്‍, ഹീമോ ഡയാലിസിസ്, ഇലക്‌ട്രോണിക് വെന്റിലേറ്റര്‍, കൃത്രിമ ബീജാധാനം തുടങ്ങിയവയും ഇത്തരം ആശുപത്രികളിലുണ്ട്. കൂടാതെ ഹോര്‍മോണ്‍ വ്യതിയാനം മൂലമുള്ള വന്ധ്യതയ്ക്ക് ചികിത്സ, അസിസ്റ്റഡ് റീപ്രൊഡക്ഷന്‍ ടെക്‌നോളജി സൗകര്യങ്ങളും ലഭ്യം.
ആംബുലന്‍സുകളില്‍പോലും കംപ്യൂട്ടര്‍ റേഡിയോഗ്രഫി സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം രോഗനിര്‍ണ്ണയത്തിനും ശസ്ത്രക്രിയകള്‍ക്കും സഹായിക്കുന്നതിന് വെറ്ററിനറി എന്‍ഡോസ്‌കോപ്പി മാര്‍ഗവുമുണ്ട്. നായ്ക്കളിലെ ജനന നിയന്ത്രണത്തിന് ലാപ്രോസ്‌കോപ്പി സര്‍ജറി, എന്‍ഡോസ്‌കോപ്പി, ഓട്ടോസ്‌കോപ്പി, വജൈനോസ്‌ക്കോപ്പി തുടങ്ങി എന്‍ഡോസ്‌കോപ്പിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കപ്പെടുന്നു. ഇത്തരം സൗകര്യങ്ങളുള്ള ഓപ്പറേഷന്‍ തിയറ്ററുകളുള്ള ആംബുലന്‍സുകള്‍ വെറ്ററിനറി സര്‍വ്വകലാശാലയിലുണ്ട്.
നേത്ര ചികിത്സയും ഫണ്ടസ് ക്യാമറയും

നേത്രചികിത്സയ്ക്കുള്ള മാര്‍ഗങ്ങളില്‍ ഫണ്ടസ് ഇമേജിങ്ങ് നടത്താന്‍ ഫണ്ടസ് ക്യാമറ ഉപയോഗിക്കുന്നു. ന്യൂറോ മസ്‌ക്കുലാര്‍ മോണിറ്ററിംഗ്, കോര്‍ണിയ ലെന്‍സ് എന്നിവയുടെ പ്രശ്‌നങ്ങള്‍ക്കുള്ള നേത്രചികിത്സയും പ്രചാരം നേടിയിരിക്കുന്നു. ഓര്‍ത്തോപീഡിക്, ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനല്‍, യൂറോ ജെനൈറ്റല്‍ സോഫ്റ്റ് ടിഷ്യു തൊറാസിക് സര്‍ജറികളും നടത്തി വരുന്നു. വാതകങ്ങള്‍ ഉപയോഗിച്ചുള്ള ഇന്‍ഹലന്റ് ഗ്യാസ് അനസ്തീസിയയും നല്‍കും. ദന്തരോഗങ്ങള്‍, ഡെന്റല്‍ സ്‌കെലിങ്ങ്, പോളിഷിങ്ങ് എന്നിവയുണ്ട്. കൂടാതെ മുറിവുകള്‍ പ്രത്യേകിച്ച് കോര്‍ണിയല്‍ അള്‍സര്‍ പോലെയുള്ള അവസ്ഥയില്‍ ഉണങ്ങാന്‍ ബയോമെഡിക്കല്‍ ഗ്രാഫ്റ്റിങ്ങ് ഉപയോഗിക്കുന്നു.
അത്യാധുനിക ഉപകരണങ്ങളും അനസ്തീസിയ സൗകര്യങ്ങളുമുള്ള ഓപ്പറേഷന്‍ തിയറ്ററുകള്‍, യൂണിവേഴ്‌സിറ്റി, ജില്ലാ വെറ്ററിനറി കേന്ദ്രം, സ്വകാര്യ ആശുപത്രികകള്‍ എന്നിവിടങ്ങളിലുണ്ട്. ആധുനിക ശസ്ത്രക്രിയാ സൗകര്യങ്ങളും ഇവിടെയുണ്ട്.
ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറയുന്നതുമൂലമുണ്ടാകുന്ന ഹൃദയ രോഗങ്ങള്‍ വരെ കണ്ടുപിടിക്കാന്‍ സഹായകരമായ സി.ആം. ഇമേജ് ഇന്റന്‍സിഫയര്‍ വെറ്ററിനറി കോളേജിലുണ്ട്. വളര്‍ത്തുമൃഗങ്ങളിലെ ഒടിവ്, സന്ധി തെറ്റല്‍ ഇവ കൃത്യമായി കണ്ടുപിടിക്കാന്‍ ഈ ഉപകരണം സഹായകമാകുന്നു.
തിമിരമുള്ള നായ്ക്കള്‍ക്ക് ശ്വാനപ്രദര്‍ശനങ്ങളില്‍ വിലക്കുണ്ട്. തിമിര ശസ്ത്രക്രിയ നടത്തുന്ന ഓപ്പറേറ്റിങ്ങ് മൈക്രോസ്‌കോപ്പ് ഈ സാഹചര്യത്തില്‍ പ്രയോജനപ്രദം. ഓരോതരം സര്‍ജറിയ്ക്കും അനസ്തീസിയയ്ക്കായി പ്രത്യേകം മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നു. മയക്കം നിലനിര്‍ത്താന്‍ ബോയില്‍ അനസ്തീസിയ മെഷീന്‍ സഹായിക്കും. മയങ്ങുന്ന സമയത്ത്് അവയവ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേകിച്ച് ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യാന്‍ മള്‍ട്ടി പാരാ മോണിറ്റര്‍ ഉപകരണമുണ്ട്. പല്ലുകളിലെ ടാര്‍ടാര്‍ (കക്ക) മാറ്റാന്‍ അള്‍ട്രാസൗണ്ട് സ്‌കെലിങ്ങ് പ്രയോജനപ്പെടുന്നു.
ഫിസിയോതെറാപ്പിയും ഓമന മൃഗചികിത്സയില്‍ പ്രധാനമാണ്. തണുപ്പു ചികിത്സ, ചൂടു ചികിത്സ, അള്‍ട്രാ വയലറ്റ്- ഇന്‍ഫ്രാറെഡ് ചികിത്സ, അള്‍ട്രാസോണിക് ചികിത്സ, മസില്‍ സ്റ്റിമുലേറ്റര്‍ എന്നിവ. എല്ലുകളുടെ ഒടിവ്, സന്ധികളുടെ സ്ഥാനചലനം തുടങ്ങി വളര്‍ത്തുനായ്ക്കളിലെ സ്ഥിരം അസ്ഥിരോഗങ്ങള്‍ ചികിത്സിക്കാന്‍ പഴയ രീതിയിലുള്ള പ്ലാസ്റ്ററിടല്‍, വച്ചുകെട്ടല്‍ എന്നിവയ്ക്കു പകരം സ്റ്റീല്‍ പിന്നുകള്‍, കമ്പികള്‍, പ്ലേറ്റുകള്‍, സ്‌ക്രൂ തുടങ്ങിയവയുണ്ട്.
അര്‍ബുദ ചികിത്സ
നായയ്ക്കും തുടങ്ങിയിരിക്കുന്നു അര്‍ബുദ ഭീഷണി. പ്രത്യേകിച്ച് സ്തനങ്ങള്‍, ഗര്‍ഭാശയം, അണ്ഡാശയം, ശ്വസന നാളി, ത്വക്ക്, ആമാശയം, കുടല്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍. ശസ്ത്രക്രിയ, ബയോപ്‌സി, കീമോതെറാപ്പി എന്നിവ അര്‍ബുദ ചികിത്സയില്‍ ഉപയോഗിക്കുന്നു.
പ്രമേഹം, ഹൃദ്രോഗം, അര്‍ബുദം, തൈറോയിഡ് തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്ക് തെറാപ്യൂട്ടിക് തീറ്റ, വ്യായാമം ഇന്‍സുലിന്‍, മരുന്ന് ചികിത്സ എന്നിവ ചേര്‍ന്ന് സമഗ്ര സമീപനം നല്‍കുന്നു. ലിവര്‍, കിഡ്‌നി, ഹൃദയം, ചര്‍മ്മരോഗം തുടങ്ങിയവയ്ക്ക് പ്രത്യേക തെറാപ്യൂട്ടിക് തീറ്റകള്‍ ഇന്ന് ലഭ്യമാണ്. ഒപ്പം പൊണ്ണത്തടിയ്ക്കുള്ള പരിഹാരം, വയസ്സായ നായ്ക്കളുടെ ചികിത്സയും കരുതലും ഉള്‍ക്കൊള്ളുന്ന ജെറിയാട്രിക്‌സ്, കുട്ടികള്‍ക്കുള്ള പീഡിയാട്രിക്‌സ് മേഖലകളും വളര്‍ച്ചയുടെ പാതയിലാണ്. സാംക്രമിക രോഗനിയന്ത്രണത്തിനുള്ള പ്രതിരോധ കുത്തിവയ്പുകളും, ടെസ്റ്റുകളും നവീകരിക്കപ്പെടുന്നു.
ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യത്തിനും ഇക്കാലത്ത് മൃഗചികിത്സയില്‍ സ്ഥാനമുണ്ട്. സ്വഭാവ മനശാസ്ത്രത്തില്‍ ബിഹേവിയറല്‍ തെറാപ്പിയുണ്ട്. ഉടമയില്‍ നിന്ന് വേര്‍പിരിയുമ്പോഴും മറ്റുമുണ്ടാകുന്ന ഉത്കണ്ഠ വീട്ടില്‍ നിന്നു മാറി ബോര്‍ഡിങ്ങില്‍ നില്‍ക്കുമ്പോഴുള്ള ഗൃഹാതുരത, വീടുവിടുമ്പോള്‍ പൂച്ചകളില്‍ കാണുന്ന പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കൊക്കെ ആധുനിക മൃഗചചികിത്സ പ്രാധാന്യം നല്‍കുന്നു. രോഗചികിത്സയും പ്രതിരോധവും കൂടാതെ വേറെയും ഒട്ടേറെ സേവനങ്ങള്‍ സ്വകാര്യ ആശുത്രികള്‍ നല്‍കുന്നു. ബ്യൂട്ടിപാര്‍ലര്‍, പെറ്റ് ഷോപ്പുകള്‍, റിസോര്‍ട്ടുകള്‍, ബോര്‍ഡിങ്ങ്, ഡേ കെയര്‍, പപ്പി കെയര്‍ പരിശീലനം ഉടമകള്‍ക്കുള്ള ബോധവല്‍ക്കരണം, ഇന്‍ഷൂറന്‍സ്, വില്‍പ്പന, മൃഗങ്ങളുടെ ഇറക്കുമതി സര്‍ട്ടിഫിക്കറ്റ് അങ്ങനെ പലതും.
കണ്ണ് (ഒഫ്താല്‍മോളജി), കാത് (ഇ.എന്‍.ടി.), ദന്തം (ഡെന്റിസ്ട്രി), അസ്ഥിവ്യൂഹം (ഓര്‍ത്തോപീഡിക്‌സ്), ചര്‍മ്മം (ഡെര്‍മെറ്റോളജി) എന്നീ അഞ്ചു മേഖലകളില്‍ അരുമ ചികിത്സ ഏറെ മുന്നേറിയിട്ടുണ്ട്. പലതിലും മനുഷ്യ ചികിത്സയോട് അടുത്ത് നില്‍ക്കുന്ന സാധ്യതകളോടെ കണ്ണ്, ചെവി, പല്ല്, ചര്‍മ്മം, എല്ല് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് നായ്ക്കളിലും പൂച്ചകളിലും കൂടുതലായി വരുന്നതെന്നും നമുക്ക് അനുമാനിക്കാം.
ഒഫ്താല്‍മോളജി
ജനുസ്സുകള്‍ തമ്മില്‍ പ്രധാനമായും കണ്ണിന്റെ ആകൃതിയിലും, സ്ഥാനത്തിലും വ്യത്യാസം ഉള്ളതിനാല്‍ പത്തോളം ആകൃതിയിലുളള വ്യത്യാസം ബ്രീഡുകള്‍ തമ്മിലുണ്ട്. ചൈനീസ് പഗ്, പോമറേനിയന്‍, സ്പിറ്റ്‌സ്, ലാസാ ആപ്‌സോ തുടങ്ങിയ ഇനങ്ങളില്‍ പല നേത്രരോഗങ്ങളും കൂടുതലായി കണ്ടു വരുന്നു. നിയോ പൊളിറ്റന്‍ മാസ്റ്റിഫ് ഇനത്തിലും പ്രത്യേക നേത്രരോഗങ്ങള്‍ വരാം. പ്രായം, അണുബാധ, മറ്റു രോഗങ്ങള്‍, അപകടങ്ങള്‍, പാരമ്പര്യം, കാലാവസ്ഥ മാറ്റം എന്നിവ നേത്രരോഗത്തിന് കാരണമാകാം. നായ്ക്കുട്ടികളില്‍ വളരുന്ന പ്രമേഹവും കണ്ണിന് പ്രശ്‌നമാവാം. വെറ്ററിനറി സര്‍വ്വകലാശാലയുടെ മണ്ണുത്തിയിലും വയനാട്ടിലുമുളള രണ്ട് വെറ്ററിനറി കോളേജുകളിലെ മൃഗാശുപത്രികളില്‍ സുസജ്ജമായ ഒഫ്താല്‍മോളജി വിഭാഗമുണ്ട്.

ഇ.എന്‍.ടി.
വിവിധ ജനുസ്സുകള്‍ തമ്മില്‍ ചെവികളുടെ ആകൃതിയില്‍ നാടകീയ വ്യത്യാസങ്ങളുണ്ട്. നീളവും, ആകൃതിയും, നില്‍പ്പും പരിഗണിച്ച് പത്തോളം തരത്തിലുള്ള ചെവികള്‍ വിവിധ ജനുസ്സുകളില്‍ കാണപ്പെടുന്നു. നീണ്ടു തൂങ്ങുന്ന ചെവികളുള്ള ലാബ്രഡോര്‍, സ്പാനിയല്‍, ബ്ലഡ് ഹൂണ്ട്, ഡാഷ്ഹണ്ട്, ബാസറ്റ് ഹൂണ്ട് എന്നീ ഇനങ്ങളില്‍ ചെവിയുടെ പ്രശ്‌നങ്ങള്‍ കൂടുതലായിരിക്കും. ധാരാളം രോമങ്ങളുള്ള ഇനങ്ങള്‍ക്കും കാതുകളില്‍ പ്രശ്‌നങ്ങളധികമാകാം. ബധിരത പാരമ്പര്യമായി വെള്ളനിറമുള്ള ഡാല്‍മേഷ്യന്‍ ഇനങ്ങളിലും, വയസ്സാകുമ്പോള്‍ റിട്രീവര്‍ ജനുസ്സുകളിലും വരാം. ചെവിയുടെ പ്രശ്‌നങ്ങള്‍ നായ ഉടമകളെ സംബന്ധിച്ച് ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ശ്രവണനാളിയുടെ ഉള്‍ഭാഗമോ, നടുഭാഗമോ, പുറംഭാഗമോ വീര്‍ക്കുന്ന ഓട്ടൈറ്റിസ്, ചെവിയുടെപുറംഭാഗമോ, അകംഭാഗമോ വീര്‍ത്തു തൂങ്ങിക്കിടക്കുന്ന ഹെമറ്റോമ എന്നിവയാണ് പ്രധാന രോഗങ്ങള്‍. ഓട്ടോസ്‌കോപ്പ്, വീഡിയോ ഓട്ടോസ്‌കോപ്പ്, ഡിജിറ്റല്‍ എക്‌സ്-റേ എന്നീ സൗകര്യങ്ങള്‍ ചെവിയുടെ പരിശോധനയും രോഗനിര്‍ണ്ണയവും എളുപ്പമാക്കുന്നു.
ഡെന്റിസ്ട്രി
പല്ലില്ലാതെ പിറന്നു വീഴുന്ന നായ്ക്കുകുട്ടികള്‍ക്ക് രണ്ടു മാസംകൊണ്ട് 28 താല്‍ക്കാലിക പല്ലുകളും, ആറുമാസത്തിനുള്ളില്‍ അവ പൊഴിഞ്ഞ് 42 സഥിരം പല്ലുകളും മുളയ്ക്കുന്നു. കാട്ടില്‍ വേട്ടയാടി നടന്ന നായ്ക്കള്‍ക്ക് ദന്തപരിചരണം സ്വാഭാവികമയി ലഭിച്ചിരുന്നുവെങ്കില്‍ നാട്ടിലെ നായക്ക് പ്രത്യേകിച്ച് സസ്യഭുക്കുകളായി വളരുന്നവയ്ക്ക് ഡെന്റല്‍ ടാര്‍ടാര്‍ അടിഞ്ഞുകൂടി പ്രശ്‌നമുണ്ടാകാം. പുഴുപ്പല്ല്, ദന്തക്ഷയം, എന്നിവ നായ്ക്കളില്‍ കുറവാണ്. ബാക്ടീരിയക്ക് വളരാന്‍ പറ്റിയ സാഹചര്യം ഇല്ലാത്തതാണ് പല്ലുകളെ രക്ഷിക്കുന്നത്. ഡെന്റല്‍ ടാര്‍ടാര്‍, മോണരോഗങ്ങള്‍, ഇനാമല്‍ ഹെപ്പോപ്ലേഷ്യ, ഗം ട്യൂമര്‍ എന്നിവ കാണപ്പെടുന്നു.
നാലു വയസ്സുകഴിയുന്നതോടെ എഴുപതു ശതമാനം നായ്ക്കളിലും മോണരോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. പൂഡില്‍, യോര്‍ക്ക്‌ഷെയര്‍, ടെറിയര്‍ തുടങ്ങി തലയോട്ടിയുടെ ആകൃതിയുടെ പ്രത്യേകതയാല്‍ പല്ലുകള്‍ കൂടുതല്‍ അടുപ്പിച്ചിരിക്കുന്ന ജനുസ്സുകളില്‍ ദന്തരോഗങ്ങള്‍ കൂടുതലായിരിക്കും. വായ്‌നാറ്റമാണ് പ്രഥമ ലക്ഷണം. ഉമിനീരൊലിപ്പിക്കല്‍, ആഹാരം കഴിക്കുന്ന രീതിയിലുള്ള വ്യത്യാസം, പല്ലിലും മുഖത്തും മാന്തുക, ചുമന്നു തുടുത്ത മോണകള്‍, പല്ലുകള്‍ക്ക് നിറവ്യത്യാസം എന്നിവ കണ്ടാല്‍ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം. കൃത്യമായ ദന്തപരിചരണം ഏറെ പ്രധാനം ദന്തപ്രശ്‌നങ്ങള്‍ മറ്റ് രോഗങ്ങള്‍ക്കും വഴിവയ്ക്കാം.
ഓര്‍ത്തോപീഡിക്‌സ്
ഈടു നില്‍ക്കുന്ന, വേഗവും അനായാസ ചലനവും ഉറപ്പാക്കുന്ന ശരീരഘടനയാണ് വേട്ടക്കാരായ നായ്ക്കള്‍ക്ക് പ്രകൃതി നല്‍കിയത്. മുന്‍കാലുകള്‍ ശരീരഭാരത്തിന്റെ അറുപതുശതമാനം താങ്ങുമ്പോള്‍ പിന്‍കാലുകള്‍ വേഗവ്യതിയാനം നല്‍കുന്ന ശക്തമായ അച്ചുകോലുകളായി പ്രവര്‍ത്തിക്കുന്നു. ഇങ്ങനെ ഉത്തോലകം പോലെയുള്ള എല്ലുകളും, എണ്ണിയിട്ടതുപോലെയുള്ള സന്ധികളും, സ്‌നായുക്കളും അസ്ഥിബന്ധങ്ങളും ഒക്കെ ചേരുന്ന കരുത്തുറ്റ അസ്ഥിവ്യൂഹവും, മാംസേപേശികളും ചേര്‍ന്ന ഉത്കൃഷ്ടമായ ശരീരം ഒടിവുകള്‍ക്കും മുറിവുകള്‍ക്കും എളുപ്പത്തില്‍ വശപ്പെടാം. നിയന്ത്രിത പ്രജനനത്തിലൂടെ സൃഷ്ടിക്കപ്പെട്ട ബ്രീഡുകളില്‍ പലതിലും അസ്ഥിരോഗങ്ങള്‍ അധികമാണ്. ഗ്രേറ്റ് ഡെയിന്‍, അല്‍സേഷന്‍, ലാബ്രഡോര്‍, ഡാഷ്ഹണ്ട്, ബീഗിള്‍, ബാസറ്റ് ഹൗണ്ട് തുടങ്ങിയ ജനുസ്സുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഏറെയാണ്.
ഡെര്‍മ്മറ്റോളജി
ബാക്ടീരിയ, ഫംഗസ്, ബാഹ്യപരാദങ്ങള്‍, യീസ്റ്റ്, പോഷകക്കുറവ്, അലര്‍ജി, ഹോര്‍മോണ്‍ വ്യതിയാനം, ശരീരത്തിലെ മറ്റു രോഗങ്ങള്‍, ഉപാപചയ പ്രവര്‍ത്തന തകരാറുകള്‍, അര്‍ബുദം, പരമ്പര്യം എന്നിവ രോഗത്തെ വിളിച്ചു വരുത്തും. ചൊറിച്ചില്‍, രോമം കൊഴിയല്‍, ചര്‍മ്മത്തിലെ നിറവ്യത്യാസം, അസ്വസ്ഥത എന്നിവ പൊതുലക്ഷണങ്ങള്‍. നായ്ക്കള്‍ സ്ഥിരമായി ചൊറിയുകയും നക്കുകയും കടിക്കുകയും ചെയ്യാം. ചിലപ്പോള്‍ ചര്‍മ്മത്തില്‍ മുഴകള്‍ പ്രത്യക്ഷപ്പെടുന്നത് കാണാം. കോക്കര്‍ സ്പാനിയല്‍, ഗോള്‍ഡന്‍ റിട്രീവര്‍, പോമറേനിയന്‍, ലാസാ ആപ്‌സോ തുടങ്ങിയ മുടിയന്‍മാര്‍ക്ക് ചര്‍മ്മരോഗ സാധ്യതയേറും. കൃത്യമായ ഗ്രൂമിങ്ങ് ചെയ്യുക ഏറെ പ്രധാന പ്രതിരോധം. ചര്‍മ്മരോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.
വെറ്ററിനറി സര്‍വ്വകലാശാലയുടെയും മൃഗസംരക്ഷണവകുപ്പിന്റെയും വെറ്ററിനറി കേന്ദ്രങ്ങളും ആധുനിക ചികിത്സാ സൗകര്യങ്ങള്‍കൊണ്ടു സമ്പന്നമാണ്. കൂടാതെ സ്വകാര്യ മേഖലയിലും മള്‍ട്ടി സ്‌പെഷ്യല്‍റ്റി ഹോസ്പിറ്റലുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.
Content highlights: Animal husbandry, Agriculture, Super speciality hospital, Veterinary university, Dermatology, Orthopedics, ENT