കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലെ താറാവുകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കര്‍ഷകരും ആശങ്കയില്‍. വരുന്ന ഈസ്റ്ററിന് അഞ്ചുലക്ഷം താറാവുകളുടെ വില്‍പ്പനയാണ് കുട്ടനാടന്‍മേഖലയില്‍ പ്രതീക്ഷിച്ചിരുന്നത്. ആകെ 10.5 കോടി രൂപയുടെ കച്ചവടവും. ശരാശരി രണ്ടുലക്ഷം രൂപയ്ക്കടുത്തുള്ള കച്ചവടമാണ് ഒരോ കര്‍ഷകനും കിട്ടേണ്ടിയിരുന്നത്.

നിലവില്‍ ആലപ്പുഴ ജില്ലയിലെ ആറു ഹാച്ചറികളും നിറഞ്ഞുകിടക്കുന്നു. ഒരു താറാവുകുഞ്ഞിനെ കര്‍ഷകന്‍ 23 രൂപയ്ക്കാണ് ഹാച്ചറിയില്‍നിന്നു വാങ്ങുന്നത്. തീറ്റയും സംരക്ഷണവും ഒരുക്കി പൂര്‍ണവളര്‍ച്ചയെത്തിയശേഷം 210 രൂപയ്ക്കാണ് കര്‍ഷകന്‍ കച്ചവടക്കാരനു വില്‍ക്കുന്നത്. നിലവില്‍ 15-20 ദിവസംവരെ പ്രായമായ താറാവുകളാണ് മിക്കയിടത്തുമുള്ളത്. പക്ഷിപ്പനിഭീതിയില്‍ ഇവയെ പൂര്‍ണമായും ഇല്ലാതാക്കിയാല്‍ മേഖല വലിയ പ്രതിസന്ധിയിലാകും.

ലോക്ഡൗണില്‍ ലക്ഷങ്ങളുടെ മുട്ടപൊട്ടി

കഴിഞ്ഞ ഈസ്റ്ററിനു താറാവുകര്‍ഷകനും ലോക്ഡൗണിലായിരുന്നു. ഏപ്രില്‍മാസം പൂര്‍ണമായും അടഞ്ഞുകിടന്നപ്പോള്‍ മുട്ടയിനത്തില്‍ മാത്രം 34 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. അവ ഒരാഴ്ചയിലധികം സൂക്ഷിക്കാനുള്ള സംവിധാനവുമില്ലാത്തതിനാല്‍ കര്‍ഷകന് മറ്റു മാര്‍ഗങ്ങളുമില്ലായിരുന്നു. വില്‍പ്പനയ്ക്കായി എത്തിച്ച താറാവുകള്‍ പകുതിയോളം 200-ല്‍ത്താഴെയുള്ള വിലയ്ക്കു നല്‍കേണ്ടിവന്നു. നിയന്ത്രണങ്ങളില്‍ ഇളവുകിട്ടിയശേഷം മേയ് മാസത്തില്‍ ഇവ എറണാകുളം മേഖലകളിലേക്ക് കയറ്റിയയയ്ക്കുകയായിരുന്നു. വിറ്റുപോകാതെ കിടന്ന താറാവുകളുടെ തീറ്റയുള്‍പ്പെടെയുള്ള ചെലവും കര്‍ഷകന് ഇരട്ടിപ്രഹരമായി. ഇതിനുപുറമേ കഴിഞ്ഞ വര്‍ഷമാദ്യം ബാക്ടീരിയ രോഗംമൂലം അയ്യായിരത്തിനടുത്ത് താറാവുകള്‍ കുട്ടനാട്ടില്‍ ചത്തിരുന്നു.

ഒന്നടങ്കം കൊല്ലരുത്

പക്ഷിപ്പനിസാന്നിധ്യമില്ലാത്ത പ്രദേശങ്ങളിലെ താറാവുകളെ കൊല്ലരുത്. നാലുവര്‍ഷം മുന്‍പ് പക്ഷിപ്പനി വന്നപ്പോള്‍ താറാവുകളെ ഒന്നടങ്കം കൊന്നുകുഴിച്ചുമൂടിയിരുന്നു. അത്തരമൊരു നടപടി ഇത്തവണയുണ്ടാകരുത്. അത് ഈ മേഖലയെ തകര്‍ക്കും. - ബെന്‍സി, ജില്ലാ സെക്രട്ടറി,താറാവുകര്‍ഷകസംഘം

Content Highlights: Bird Flu: Alappuzha duck farmers a worried lot