ഞാന്‍ ബെല്‍ജിയം മെലിനോയ്സ് (ബെല്‍ജിയന്‍ മല്വെന). ''കാണാന്‍ ഒരു ലുക്ക് ഇല്ലെന്നേയുള്ളൂ, ഭയങ്കര ബുദ്ധിയാ..''..സംശയം ഉണ്ടോ..? എങ്കില്‍ എന്റെ ഹിസ്റ്ററി ഒന്ന് പരിശോധിക്കൂ. ലുക്കില്‍ അല്ല വര്‍ക്കില്‍ ആണ് കാര്യം അപ്പോ മനസ്സിലാകും. അതെ മെലിനോയ്സുകളുടെ ഹിസ്റ്ററി പരിശോധിച്ചാല്‍ ആരും ഒന്ന് കിടുങ്ങും.

2011- ലാണ് ഇവന്‍ ലോകം മുഴുവന്‍ അറിയപ്പെടാന്‍ തുടങ്ങിയത്. പാക്കിസ്ഥാനിലെ ഇസ്ലാമാബാദില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള അബ്ബോട്ടാബാദ് എന്ന സ്ഥലത്ത് ഇവന്‍ മണം പിടിച്ചെത്തി പിടികൂടിയത് നിസാരക്കാരനെയല്ല. ഉസാമ ബിന്‍ലാദന്റെ ഒളിത്താവളം കണ്ടുപിടിക്കാന്‍ സൈനികരെ സഹായിച്ചവനാണ് ബെല്‍ജിയന്‍ മലിനോയിസ് എന്ന സ്നിഫര്‍ ഡോഗ്. 

പാക് മിലിട്ടറി അക്കാഡമിയില്‍ നിന്ന് 1.21കി.മീ. മാത്രം അകലെയുള്ള ബംഗ്ലാവിലേക്ക് ഇരച്ചു കയറിയ അമേരിക്കയുടെ നേവി സീലുകളും സി.ഐ.എ.യും ഉള്‍പ്പെട്ട 79 അംഗ കമാന്‍ഡോ സംഘത്തില്‍ ഈ ബെല്‍ജിയന്‍ മല്വെനകളും ഉണ്ടായിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷാസേന (എന്‍.എസ്.ജി.) യിലെ അവിഭാജ്യ ഘടകം. ഭീകരവിരുദ്ധദൗത്യങ്ങള്‍ക്കായി 'കെ-9' എന്ന പേരിലുള്ള പന്ത്രണ്ടംഗ ശ്വാനപ്പടയില്‍ ഇവരുണ്ട്. മാവോയിസ്റ്റുകളെ പിടികൂടാനുള്ള ലക്ഷ്യത്തോടെ ഈയിടെ കേരള പോലീസ് അഞ്ച് എണ്ണത്തിനെ വാങ്ങി പരിശീലനം നല്‍കി തുടങ്ങി.

കഴിവും ബുദ്ധിയുമാണ് ഗുണം

ബുദ്ധിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് ചോദിച്ചാല്‍ ഈ ശ്വാന വര്‍ഗത്തിന്റെ സ്വഭാവഗുണങ്ങള്‍ പറഞ്ഞാല്‍ മതി. കുരച്ച് ബഹളമുണ്ടാക്കാത്ത ഇവ തലയാട്ടിയും മറ്റുമാണ് സേനാംഗങ്ങള്‍ക്ക് വിവരം നല്‍കുക. ഏതു കാലാവസ്ഥയിലും ഭൂപ്രകൃതിയിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വര്‍ഗം. മണം പിടിച്ച് ഒളിത്താവളങ്ങളിലെ മനുഷ്യര്‍, സ്ഫോടകവസ്തുക്കള്‍, മയക്കുമരുന്ന് തുടങ്ങിയവ കണ്ടുപിടിക്കുന്നതില്‍ വിദഗ്ധര്‍. മനുഷ്യര്‍ക്കൊപ്പം നിന്ന് കാര്യങ്ങള്‍ ചെയ്യാന്‍ വളരെ പ്രാപ്തിയുള്ളവയാണ് ഇവ. കമാന്‍ഡോകള്‍ വിമാനത്തില്‍ നിന്ന് പാരച്യുട്ടില്‍ പുറത്തേക്ക് ചാടുമ്പോള്‍ ഇവയെയും എടുത്താണ് ചാടുക. മനുഷ്യനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിവും ബുദ്ധിയും ഉള്ള ഇനം.

തൃശ്ശൂരിലും തലയുയര്‍ത്തി വളരെ വേഗത്തിലാണ് ബെല്‍ജിയന്‍ മല്വെന നാട്ടുകാര്‍ക്കിടയില്‍ പ്രിയമാകുന്നതെന്ന് തൃശ്ശൂര്‍ കനൈന്‍ ക്ലബ്ബ് ട്രഷറര്‍ ഡാനിഷ് ജോണ്‍ പറഞ്ഞു. ''അല്പം ഭക്ഷണം, കൊണ്ട് നടക്കാന്‍ എളുപ്പം, പരിപാലനത്തിന് എളുപ്പം, പഠിക്കാന്‍ ഉള്ള താത്പര്യം, കുട്ടികളുമായി പെട്ടെന്ന് ഇണങ്ങുന്ന സ്വഭാവം, കാഴ്ചയില്‍ ഉള്ളതിനേക്കാള്‍ അഞ്ചിരട്ടി ശക്തിയും പ്രകടനവും തുടങ്ങീ ഒരു പാട് സവിശേഷതകള്‍ കൊണ്ടാണ് ഇവ കൂടുതല്‍ ആളുകള്‍ വാങ്ങാന്‍ തയ്യാറാകുന്നത് -.ഡാനിഷ് പറഞ്ഞു.

Belgian Malinois Dog
ബെല്‍ജിയം മെലിനോയ്സ് (ബെല്‍ജിയന്‍ മല്വെന) നായക്ക് പരിശീലനം നല്‍കുന്ന  പ്രതീക്

ബെല്‍ജിയന്‍ മല്വെനയുടെ പരിശീലകന്‍

തൃശ്ശൂര്‍ കനൈന്‍ ക്ലബ്ബിന്റെ കീഴിലുള്ള ചുരുക്കം പരിശീലകരില്‍ ഒരാളാണ് ചേര്‍പ്പ് പെരുമ്പിള്ളിശ്ശേരിയിലെ പ്രതീക്(29). മുള്ളക്കര പ്രേംകുമാറിന്റെയും ലളിതാംബികയുടെയും മകന്‍. നായകളോടുള്ള ഭ്രമം മൂലം ഐ.ടി.പഠനവും ജോലിയും ഉപേക്ഷിച്ചാണ് പ്രതീക് നായ്ക്കളെ പരിശീലിക്കുന്ന രംഗത്ത് എത്തുന്നത്.

നിരവധി നായ്ക്കളെ പരിശീലിപ്പിച്ച പ്രതീക് ബെല്‍ജിയന്‍ മല്വെനയെ മൂന്ന് വര്‍ഷമായി പരിശീലിപ്പിക്കുന്നു. ഹൈദരാബാദില്‍ നിന്നാണ് മല്വെനയെ വാങ്ങിയത്. ബുദ്ധിയേയും ശക്തിയെയും ഉണര്‍ത്തുന്ന നിരവധി തലത്തിലുള്ള പരിശീലനം നടത്തി വരുന്നു. ഉയരത്തില്‍ ചാടാനും കൂറ്റന്‍ മതിലുകള്‍ കയറാനും മണം പിടിച്ച് ആളുകളെ കണ്ടെത്താനും പരിശീലിപ്പിച്ചു കഴിഞ്ഞു. ശത്രുക്കളെ പിടികൂടി വരുതിയില്‍ നിര്‍ത്താന്‍ ശക്തനാണ് ഇവയെന്ന് പ്രതീക് പറഞ്ഞു. 

പ്രതീക്കിന്റെ ഫൈറ്റര്‍ എന്ന നായ ഇന്ന് ഇന്ത്യന്‍ ചാമ്പ്യനാണ്. ഇതോടകം സംസ്ഥാനത്തും പുറത്തുമുള്ള നിരവധി മത്സരങ്ങളില്‍ 15 സി.സി. സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി.ഈയിടെ തൃശ്ശൂര്‍ കനൈന്‍ ക്ലബ്ബിന്റെ പ്രദര്‍ശനത്തില്‍ പ്രതീക്കും ഫൈറ്ററും തമ്മിലുള്ള പ്രകടനം കാണികളെ ഹരം കൊള്ളിച്ചു.രണ്ട് ബള്‍ഗേറിയക്കാരും ഒരു ഇസ്രയേല്‍ക്കാരനും ഉള്‍പ്പെട്ട ജഡ്ജിങ് പാനല്‍ ബെസ്റ്റ് ഓഫ് ബ്രീഡ് ആയി 'ഫൈറ്ററെ' തിരഞ്ഞെടുത്തു. അവിണിശ്ശേരി കുട്ടന്‍കുളങ്ങര ക്ഷേത്രത്തിന് സമീപം 'ബാര്‍ക്ക് ആന്‍ഡ് ട്രാക്ക് കെ 9 അക്കാഡമി' എന്ന പരിശീലന കേന്ദ്രം നടത്തുകയാണ് പ്രതീക്.

Content Highkights: Belgian Malinois Dog Breed Information