കറവപ്പശുക്കളുടെ എണ്ണം അന്‍പതില്‍ത്താഴെ മാത്രമായാല്‍ ബക്കറ്റ് കറവയന്ത്രങ്ങള്‍ മതിയാകും. എന്നാല്‍, 100ല്‍ കൂടുതല്‍ കറവമാടുകളെ പരിപാലിക്കേണ്ടിവരുമ്പോള്‍ പ്രത്യേക കറവകേന്ദ്രങ്ങളും അവിടെ ആധുനിക കറവയന്ത്രങ്ങളും സ്ഥാപിക്കേണ്ടിവരുന്നു. കൂടുതല്‍ പശുക്കളെ ഒരേസമയം കറവ നടത്താന്‍ ഇന്ന് വികസിതരാജ്യങ്ങള്‍ റോട്ടറി പാര്‍ലറുകളെയാണ് കൂടുതലും ആശ്രയിക്കുന്നത്. ഒന്നിച്ച് 24 പശുക്കളെ മുതല്‍ 500 പശുക്കളെവരെ കറവ നടത്താന്‍ കഴിയുന്ന റോട്ടറി പാര്‍ലറുകള്‍ ഇന്ന് ലോകവിപണയില്‍ ലഭ്യമാണ്.Animalhusbandry

റോട്ടറി പാര്‍ലറുകളില്‍ ചാക്രികമായി തിരിയുന്ന ഒരു പീഠത്തിനുമുകളില്‍ പ്രത്യേക അറകള്‍ക്കുള്ളില്‍ പശുക്കള്‍ സ്വയം കയറിനില്‍ക്കുകയും പശുക്കളുമായി തിരിയുന്ന പീഠത്തോടൊപ്പം അകിടില്‍ ഘടിപ്പിച്ച കറവയന്ത്രം പാല്‍ കറന്നെടുക്കുകയുമാണ് ചെയ്യുന്നത്.  വൃത്താകൃതിയില്‍ നിര്‍മിച്ച പീഠവും അതില്‍ ഓരോ പശുവിനും പ്രത്യേക അറകളും അനുബന്ധമായ കറവയന്ത്രങ്ങളും ഘടിപ്പിച്ചതാണ് റോട്ടറി കറവയന്ത്രം. 

ഓരോ പശുവിനും പീഠത്തിലെ കറവസ്ഥാനത്ത് കയറി നില്‍ക്കാനും പുറത്തേക്കിറങ്ങാനും സൗകര്യപ്രദമായ വാതിലുകളും ഓരോ അറയിലും കയറി നില്‍ക്കുന്ന പശുക്കളുടെ അനിയന്ത്രിത ചലനത്തെ ക്രമീകരിക്കുന്നതിനുള്ള കൃത്രിമ പൂട്ട് സംവിധാനവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. റോട്ടറി പാര്‍ലറുകള്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങിയാല്‍ പശുക്കള്‍ വരിവരിയായി പീഠത്തില്‍ അനുവദിക്കപ്പെട്ട അറകളില്‍ കയറി നില്‍ക്കുമ്പോള്‍ പീഠം സാവകാശം തിരിയുകയും അടുത്ത പശുവിനായി ക്രമീകരിച്ച അറയില്‍ കടക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്യുന്നു.

ഇപ്രകാരം കള്ളികളുടെ എണ്ണത്തിനനുസരിച്ച് പശുക്കള്‍ കയറുന്നതോടൊപ്പം കൃത്രിമ പൂട്ടുകള്‍ സ്വയം പ്രവര്‍ത്തിച്ച് പശുവിനെ കറവയ്ക്കുവേണ്ടി തയ്യാറാക്കുന്നു. തുടര്‍ന്ന് കറവയന്ത്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി അകിടില്‍ ഘടിപ്പിക്കുന്നതോടൊപ്പം കറവ ആരംഭിക്കും. ഏകദേശം അഞ്ചുമുതല്‍ 10 മിനിറ്റുകൊണ്ട് പീഠം 360 ഡിഗ്രിയില്‍ ചുറ്റിത്തിരിഞ്ഞ് പഴയസ്ഥാനത്ത് എത്തുകയും ചെയ്യുന്നു. 

കറന്നെടുത്ത പാല്‍ കമ്പ്യൂട്ടര്‍ നിയന്ത്രിത പമ്പുകളുടെ സഹായത്താല്‍ കൂളിങ് ടാങ്കിലേക്ക് മാറ്റുകയും ചെയ്യുന്നു. കറവ പൂര്‍ത്തിയാക്കിയ പശുക്കളുടെ അകിടില്‍നിന്ന് ക്ലസ്റ്ററുകള്‍ സ്വയം വേര്‍പെട്ട് സ്വതന്ത്രമാകുന്നതോടൊപ്പം പിറകിലെ വാതില്‍ കൃത്യമായി തുറക്കപ്പെടുകയും കറവ കഴിഞ്ഞ പശു വാതിലിലൂടെ തൊഴുത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. കറവ പൂര്‍ത്തിയാക്കാത്ത ഉത്പാദനക്ഷമത കൂടിയ പശുക്കളെ പൂര്‍ണ കറവയ്ക്കുവേണ്ടി പുതിയ സംഘത്തിനോടൊപ്പം അതേസ്ഥാനത്തുതന്നെ നിലനിര്‍ത്തുകയും ചെയ്യുന്നു.

കറവ പൂര്‍ത്തിയാക്കി പശുക്കള്‍ തൊഴുത്തിലേക്ക് മാറിയാല്‍ യാന്ത്രിക ശുചീകരണ സംവിധാനംവഴി ഇളംചൂടുവെള്ളം ഉപയോഗിച്ച് ക്ലസ്റ്ററുകളും പാല്‍ക്കുഴലുകളും കഴുകി വൃത്തിയാക്കുന്നു. കറങ്ങുന്ന പീഠത്തിനുചുറ്റുമുള്ള പ്രത്യേക ചാലുകള്‍വഴി പീഠവും അനുബന്ധ യൂണിറ്റുകളും കഴുകി കറവകേന്ദ്രത്തിന്റെ പരിശുദ്ധി നിലനിര്‍ത്തുന്നു.

സര്‍ക്കാര്‍സ്ഥാപനമായ കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് ഇടുക്കി ജില്ലയിലെ കോലാഹലമേട് ഫാമില്‍ റോട്ടറി പാര്‍ലര്‍ സ്ഥാപിച്ച് കറവ നടത്തുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ പാലുത്പാദനം ലക്ഷ്യമാക്കി സ്ഥാപിക്കുന്ന വലിയ ഡെയറി ഫാമുകളില്‍ കറവയ്ക്കുവേണ്ടി ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കറങ്ങുന്ന പീഠത്തിലെ റോട്ടറി കറവയന്ത്രങ്ങളാണ്.