തീകൊണ്ടുള്ള പൊള്ളല്‍ മനുഷ്യര്‍ക്കെന്നപോലെ മൃഗങ്ങള്‍ക്കും സാധാരണമാണ്. ഈ അത്യാഹിതം മിക്കപ്പോഴും അശ്രദ്ധമൂലമാണ് ഉണ്ടാകുന്നത്. യഥാസമയത്ത് മുന്‍കരുതലുകളെടുത്താല്‍ മിക്ക തീപ്പൊള്ളലും തടയാവുന്നതാണ്.

പൊള്ളല്‍ നിസ്സാരമാണെങ്കില്‍ പൊള്ളലേറ്റ ഭാഗം തണുത്ത വെള്ളത്തില്‍ മുക്കിവെക്കുകയോ ആ ഭാഗം തണുത്തവെള്ളമോ ഐസോകൊണ്ട് തണുപ്പിക്കുകയോ ചെയ്താല്‍ മതി. ഇതുമൂലം വേദനയ്ക്ക് ശമനമുണ്ടാവും. കൂടാതെ പൊള്ളലിനുള്ള ഓയിന്‍മെന്റുകള്‍ പുരട്ടുകയോ നേര്‍ത്ത സോഡിയം ബൈകാര്‍ബണേറ്റ് ലായനിയില്‍ മുക്കിയ തുണിയോ പരുത്തിയോ പൊള്ളലേറ്റ ഭാഗത്ത് വെക്കുന്നതും വേദന കുറയ്ക്കാന്‍ സഹായിക്കുന്നു.

ചിലപ്പോള്‍ പൊള്ളല്‍ ശരീരം മുഴുവന്‍ വ്യാപിച്ചിട്ടുണ്ടാവും. തൊലിപൊള്ളി കുമിളകളായി വീര്‍ത്തിരിക്കുന്നതായും കരിഞ്ഞിരിക്കുന്നതായും കാണാം. കഠിനമായ പൊള്ളലേറ്റ മൃഗത്തിന്റെ ശരീരത്തില്‍നിന്ന് ത്വക്കില്‍ കൂടി ധാരാളം ജലം നഷ്ടമാകാന്‍ ഇടയുണ്ട്. ഇതിന്റെ ഫലമായി മൃഗം ക്ഷീണിക്കും. ഉടന്‍ തണുത്തവെള്ളം കുടിക്കാന്‍ കൊടുക്കണം. പൊള്ളലേറ്റ ഭാഗത്തെ വീര്‍ത്തിരിക്കുന്ന കുമിളകളില്‍ കൂടി അണുക്കള്‍ ഉള്ളിലേക്ക് പ്രവേശിക്കാം. 

അതിനാല്‍ അവ പൊട്ടിക്കാതിരിക്കുകയാണ് നല്ലത്. കൂടാതെ പൊള്ളലേറ്റ ഭാഗത്തുകൂടി രോഗാണുക്കള്‍ പ്രവേശിക്കാതെ തടയാന്‍വേണ്ട പ്രഥമശുശ്രൂഷ നല്‍കുകയും വേണം. പൊള്ളലേറ്റ ഭാഗത്ത് തുണിക്കഷണം, കടലാസ് എന്നിവ പറ്റിയിരിപ്പുണ്ടെങ്കില്‍ ഇളക്കി മാറ്റാതെ ബാക്കിയുള്ള ഭാഗങ്ങള്‍ മുറിച്ച് കളയുകയാണ് വേണ്ടത്.

പൊള്ളിയ ഭാഗങ്ങള്‍ അണുനാശക ഔഷധങ്ങളില്‍ മുക്കിയ തുണികൊണ്ട് മൂടിവെക്കുക. ഔഷധങ്ങളോ ഓയിന്‍മെന്റുകളോ പൊള്ളലിന് മുകളില്‍ പുരട്ടാന്‍ പാടില്ല. തൊലി കേടുവന്നിട്ടുള്ള ഭാഗം വായുതട്ടാത്ത വിധത്തില്‍ വൃത്തിയുള്ള തുണികൊണ്ട് പൊതിഞ്ഞുകെട്ടണം. ഇഴയടുപ്പമുള്ള തുണിയാണ് ഉപയോഗിക്കേണ്ടത്. കണ്ണുകള്‍ക്ക് പൊള്ളലേറ്റാല്‍ കണ്‍പോളകള്‍ക്കിടയില്‍ ഒന്നോരണ്ടോ തുള്ളി ആവണക്കെണ്ണ ഒഴിക്കുന്നത് നല്ലതാണ്. പൊള്ളല്‍ വ്യാപകമായ രീതിയില്‍ ആവുമ്പോള്‍ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.

 വീടിന് തീ പിടിക്കുമ്പോള്‍ സമീപത്തുള്ള തൊഴുത്തില്‍നിന്ന് കന്നുകാലികളെ അഴിച്ചുമാറ്റണം. മൃഗങ്ങളുടെ ശരീരത്തില്‍ തീ ആളിക്കത്തുമ്പോള്‍ ഓടാന്‍ അനുവദിക്കരുത്. ഇങ്ങനെയുള്ള അവസരത്തില്‍ ചാക്കോ കട്ടിയുള്ള തുണിയോ കൊണ്ട് മൃഗത്തിന്റെ ശരീരം പൊതിഞ്ഞ് തീയണയ്ക്കണം