വേണമെങ്കില്‍ കാര്‍പോര്‍ച്ചിലും പശുവിനെ വളര്‍ത്താം. ഇതു പറയുന്നത് വയനാട്ടിലെ തോട്ടോളി അയൂബ് എന്ന യുവകര്‍ഷകനാണ്. മാനന്തവാടിക്കടുത്ത് എടവക രണ്ടേ നാലിലെ സഫ എന്ന പേരുള്ള ഫാമില്‍ വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍ എന്നീ പശുക്കളെ വളര്‍ത്തിയുള്ള അനുഭവത്തില്‍ നിന്നുമാണ് നാടന്‍ പശുവളര്‍ത്തലിനെക്കുറിച്ച് ഈ കര്‍ഷകന്‍ പറയുന്നത്. വളരെകുറച്ച് സ്ഥലവും സമയവും മതി പാരമ്പര്യ ജനുസ്സുകളായ ഈ നാടന്‍ ഇനങ്ങളെ പരിപാലിക്കാന്‍.

ജൈവ കര്‍ഷകര്‍ക്ക് ഈ നാടന്‍പശുക്കളെ കൂടുതലായി ഉപയോഗപ്പെടുത്താന്‍ പറ്റും. പാലിന്റെ ആവശ്യം എന്നതിലുപരി ഒന്നാന്തരം ജൈവാമൃതം ഉണ്ടാക്കാന്‍ ഈ പശുക്കളുടെ ചാണകവും മൂത്രവും മതി. തോട്ടത്തില്‍ ഈ സ്‌ളറി പാകപ്പെടുത്തി കൂടുതല്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഇടവിട്ട് ഒഴിച്ചുകൊടുത്താല്‍ ഏതു വിളയും തഴച്ചു വളരും. ചെലവില്ലാ കൃഷി നടത്തുന്നവര്‍ക്കും ഈ നാടന്‍ പശുപരിപാലനം അനിവാര്യമാണ്. പാലിന്റെ ആവശ്യം മാത്രം കണക്കിലെടുത്ത് വന്‍ വില നല്‍കി സങ്കരയിനം പശുക്കളുടെ പിറകിലാണ് ഇപ്പോള്‍ കര്‍ഷകരെല്ലാം. 

ഇക്കാലത്തും കൃഷി ആവശ്യത്തിനുള്ള ജൈവാമൃതം ഉണ്ടാക്കുന്നതിനും അത്യാവശ്യം സ്വന്തം ആവശ്യത്തിനുള്ള പാലിനും വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍ പശുക്കളെ വളര്‍ത്തുന്നവരുമുണ്ട്. പൂര്‍ണ്ണമായും ജൈവകൃഷി അവംലംബിക്കുന്ന തന്റെ കൃഷിയിടത്തിന് പച്ചപ്പ് നല്‍കുന്നത് നാല് നാടന്‍ പശുക്കളില്‍ നിന്നാണ് എന്നതും അതിശയോക്തിയല്ല. 

dwarf

ഒരു കാലത്ത് മൊട്ടക്കുന്നായി നിന്ന കൃഷിയിടം ആകെ ഇപ്പോള്‍ പച്ചപുതച്ചു. ജലസേചനവും മഴവെള്ള സംഭരണവും ജൈവവളങ്ങളുടെ ഇടവിട്ടുള്ള പ്രയോഗവുമാണ് കൃഷിയിടത്തെ ആകെ മാറ്റിയത്.

ഉയരക്കുറവ്, കുറഞ്ഞ തീറ്റയും പരിചരണവും ഉയര്‍ന്ന അതിജീവനശേഷിയുമാണ് ഈ തനതു പശുക്കളുടെ പ്രത്യേകത. രോഗ പ്രതിരോധ ശേഷിയും ഏതുകാലാവസ്ഥയോടും ഇണങ്ങാനുള്ള സ്വഭാവഗുണവും ഈ നാടന്‍ പശുക്കളുടെ മേന്മയാണ്. 

അന്തരീക്ഷ ഈര്‍പ്പവും താപനിലയും കൂടുതലുള്ള ഇടവിട്ട കാലാവസ്ഥ വയനാട്ടില്‍ വെച്ചൂര്‍ പശുക്കള്‍ക്ക് അനുയോജ്യമാണ്.കാസര്‍കോട് കുള്ളനും നന്നായി ഇണങ്ങുന്നു. വെറും 95 സെന്റീമീറ്റര്‍ മാത്രാണ് ഇവയ്ക്ക് ഉയരമുള്ളത്. ഒരു ആടിനെ കൊണ്ടു നടക്കുന്നതുപോലെ കൃഷിയിടത്തിലൂടെ ഇവയെ കൊണ്ടുപോകാം. പശുക്കള്‍ പ്രായപൂര്‍ത്തിയായാല്‍ ഒന്നര ക്വിന്റലോളം മാത്രമാണ് ഭാരമുണ്ടാവുക. വെച്ചൂര്‍ പശുവിനോട് താരതമ്യപ്പെടുത്തുമ്പോള്‍ ഉയരം കാസര്‍കോട് കുളളന് അല്‍പ്പം കൂടുതലാണ്. പാലുത്പാദനവും കുറവാണ്. ഒരു ലിറ്ററോളം പാല്‍മാത്രമാണ് ഒരു ദിവസം ലഭിക്കുക. ഇത് തന്നെ കിടാങ്ങള്‍ക്ക് പാലൂട്ടാന്‍ മാത്രമാണ് തികയുക. ഉയര്‍ന്ന ജൈവാംശമുള്ള ചാണകവും മൂത്രവുമാണ് കര്‍ഷകനെ സംബന്ധിച്ച് പ്രയോജനം. പശുവളര്‍ത്തലിന് കൂടുതല്‍ സൗകര്യം വേണമെന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു തിരുത്താണ് അയൂബിന്റെ കൃഷിയിടത്തിലെ തൊഴുത്ത്. ഒരു കാര്‍പോര്‍ച്ചിന്റെ വലുപ്പം മാത്രമുള്ള ഇവിടെ സുഖസുന്ദരമായി പശുപരിപാലനവും നടക്കുന്നു.