'നാടന്‍ പശുക്കളുടെ ചാണകത്തിന്റെയും മൂത്രത്തിന്റെയും ഗുണം നമ്മള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ? വിദേശരാജ്യങ്ങളില്‍ നമ്മുടെ ജനുസ്സുകളെപ്പറ്റി പഠനം നടക്കുമ്പോള്‍ നമ്മള്‍ ഇവയെ പലപ്പോഴും മറന്നു കളയുന്നു. കഴിഞ്ഞ തവണ കടുത്ത ചൂടില്‍  പല സങ്കരയിനം പശുക്കളും ചത്തുപോയി. നമ്മുടെ കാലാവസ്ഥയെ അതിജീവിക്കാന്‍ ഇനി നാടന്‍ പശുക്കള്‍ തന്നെ വേണ്ടി വരും.' ഓര്‍മവെച്ച കാലം മുതല്‍ വീട്ടില്‍ പശുക്കളെ കണ്ടു വളര്‍ന്ന സനോജിന്റെ അഭിപ്രായമാണിത്. തൃശൂര്‍ ജില്ലയിലെ ആര്യംപാടം സ്വദേശിയായ സനോജിന് കപിലയും അനങ്ങനും ഗിറും തന്നെ ഏറെ പ്രിയപ്പെട്ടവര്‍. 

പശുവിനെ വളര്‍ത്തുന്നതോടൊപ്പം പാലിന്റെ ഗുണഗണങ്ങളെക്കുറിച്ചും മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുമൊക്കെ ഈ ചെറുപ്പക്കാരന് നല്ല നിശ്ചയമാണ്. ' പശുവിന്‍ പാല്‍ രണ്ടു തരത്തിലുണ്ട്. എ1 പ്രോട്ടീനും എ2 പ്രോട്ടീനും ആണ് സാധാരണയായി പാലില്‍ അടങ്ങിയിരിക്കുന്നത്. എ2 പ്രോട്ടീന്‍ എളുപ്പത്തില്‍ ദഹിക്കുന്നതാണ്. എ1 പ്രോട്ടീന്‍ ദഹിക്കാന്‍ പ്രയാസമാണെന്ന് മാത്രമല്ല അലര്‍ജിക്ക് കാരണമാകുകയും ചെയ്യുന്നു. ആന്തരികാവയവങ്ങളെ സംരക്ഷിക്കുന്നത് എ2 പ്രോട്ടീനാണ്.'

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാല്‍ കിട്ടുന്നത് ഗിര്‍ എന്നയിനം പശുവില്‍ നിന്നാണെന്ന് സനോജ് പറയുന്നു. കേരളത്തിലെ പശുക്കളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വിവിധയിനം പശുക്കളുടെ പ്രജനനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ഈ ചെറുപ്പക്കാരന്‍ ഓര്‍മിപ്പിക്കുന്നു. പ്രജനനത്തിനായി ആണ്‍കാളകളെ ഉപയോഗിക്കരുതെന്ന നയം സര്‍്ക്കാര്‍ നടപ്പിലാക്കിയിരുന്നു. 

പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിക്കടുത്തുള്ള അനങ്ങന്‍ മല എന്ന സ്ഥലത്തുള്ള ഒരു പ്രത്യേകയിനം പശുവാണ് അനങ്ങന്‍ പശു. ഇവയെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് സനോജ് പറയുന്നു. നാല് ലിറ്റര്‍ വരെ പാല്‍ തരുന്നവയാണ് ഈ പശുക്കള്‍. കുറച്ച് പുല്ലും വൈക്കോലും കഞ്ഞിവെള്ളവും കൊടുത്താല്‍ എളുപ്പത്തില്‍ ഇവയെ പരിപാലിക്കാം. അതുമാത്രമല്ല, അകിട് വീക്കം ,കുളമ്പ് രോഗം എന്നിവയൊന്നും സാധാരണയായി ഇവയെ ബാധിക്കാറില്ലെന്ന് സനോജ് പറയുന്നു. 

പശുവളര്‍ത്തലിനൊപ്പം പച്ചക്കറികൃഷിയുമുണ്ട് സനോജിന്. ജൈവരീതിയിലുള്ള കൃഷിയാണ് സനോജ് പ്രോത്സാഹിപ്പിക്കുന്നത്. ഇപ്പോള്‍ നെല്‍കൃഷിയിലും സജീവമാണ്. 'ജൈവവളങ്ങളും കീടനാശിനികളും ഉപയോഗിക്കുമ്പോള്‍ നെല്‍ച്ചെടികളെക്കാള്‍ വേഗത്തില്‍ കളകള്‍ക്ക് വളരാന്‍ കഴിയില്ല. ചെറിയ ആക്രമണമുണ്ടാകുമ്പോള്‍ തന്നെ കീടനാശിനി തളിക്കേണ്ട കാര്യമില്ല. മണ്ണില്‍ രാസവളമിടുന്നത് മണ്ണിനു തന്നെ താത്പര്യമില്ലാത്ത കാര്യമാണ്'.

സനോജിന്റെ ഭാര്യ സില്‍ജയും സമയം കിട്ടുമ്പോളൊക്കെ കൃഷിയില്‍ സഹായിക്കുന്നുണ്ട്.  തൃശൂരിലെ നാട്ടുചന്തയില്‍ ഇവര്‍ പാലുത്പന്നങ്ങള്‍ വിറ്റഴിക്കുന്നു. സ്വന്തമായി തയ്യാറാക്കുന്ന അരിപ്പൊടി, അരി, പാലുത്പന്നങ്ങള്‍ , നാടന്‍ പശുവിന്റെ പാല്‍ , മോര് എന്നിവയ്‌ക്കെല്ലാം ആവശ്യക്കാര്‍ കൂടിവരികയാണ്.

Contact number: 85473 01900