കൂടുതല്‍ പാലിനായി പിറന്നുവീഴുന്ന പശുക്കിടാങ്ങളെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിറ്റഴിക്കുന്നവര്‍ക്കിടയില്‍ തികച്ചും വ്യത്യസ്തനായി മാറുകയാണ് ഒരു ക്ഷീരകര്‍ഷകന്‍. അതിയാമ്പൂരിലെ അശോകബാബുവിന്റെ തൊഴുത്തിലാണ് പൈക്കിടാങ്ങളോടുള്ള കര്‍ഷകന്റെ സ്‌നേഹം നിറഞ്ഞൊഴുകുന്ന ഈ അപൂര്‍വ കാഴ്ച. എഴുപതോളം പശുക്കളും കിടാവുകളുമാണ് ബാബുവിന്റെ തൊഴുത്തിലും പറമ്പിലുമായി സ്വതന്ത്രമായി മേഞ്ഞുനടക്കുന്നത്. മിക്കതിനും കഴുത്തില്‍ കയറുപോലും കെട്ടാറില്ല. കിടാവുകള്‍ക്കാവട്ടെ വിശക്കുമ്പോള്‍ തള്ളപ്പശുവിന്റെ പാല്‍ വയറുനിറയെ കുടിക്കുകയും ചെയ്യാം.

വീട്ടിലെ ആവശ്യത്തിനായി രണ്ടെണ്ണത്തെ മാത്രമാണ് കറക്കാറുള്ളത്. ബാക്കിയുള്ളതിന്റെ പാല്‍ കിടാങ്ങള്‍ക്ക് തന്നെ നല്‍കും. കിടാങ്ങള്‍ യഥേഷ്ടം പാല്‍കുടിച്ച് വളരുന്നതുകൊണ്ട് ആറുമാസം കൊണ്ട് ചെന പിടിക്കുമെന്ന് ബാബു പറഞ്ഞു. പശുക്കളെ പോറ്റാന്‍ ഒരുദിവസം പണിക്കാരുടെ കൂലിയടക്കം പത്തായിരത്തോളം രൂപ ചെലവു വരുന്നതായി ബാബു പറഞ്ഞു.

തോട്ടത്തിലെ ആവശ്യം കഴിഞ്ഞ് വില്‍പന നടത്തുന്ന ചാണകം മാത്രമാണ് ബാബുവിന് പശുവളര്‍ത്തലിലുള്ള വരുമാനം. തോട്ടത്തില്‍ ഇടവിളയായി തീറ്റപ്പുല്ലും കൃഷിയുണ്ട്. സ്ഥിരമായി മൂന്നു പണിക്കാരുണ്ട്. 15 വര്‍ഷമായ പശുക്കള്‍ വരെ ഈ കൂട്ടത്തിലുണ്ട്. ഇപ്പോള്‍ പുതുതായി പശുക്കളെ വാങ്ങുകയോ വില്‍ക്കുക ചെയ്യാറില്ല. സ്വതന്ത്രമായി വിടുന്നത് കൊണ്ടുതന്നെ പശുക്കള്‍ക്ക്  അസുഖവും വരാറില്ല.

പച്ചപ്പുല്ലിനു പുറമെ പച്ചരിക്കഞ്ഞി, പരുത്തിപ്പിണ്ണാക്ക്, അവല്‍ തവിട് എന്നിവയാണ് ഭക്ഷണമായി നല്‍കുന്നത്. രാവിലെ ഒന്‍പതിനുതന്നെ അക്രമസ്വഭാവം കാണിക്കാത്ത പശുക്കള്‍  ഒഴികെയുള്ളവയെ പറമ്പിലേക്കും തരിശിട്ട വയലിലേക്കും തുറന്നു വിടും. ഉച്ചയോടെ ഓരോന്നും വയറും നിറച്ച് മടങ്ങിവരും. അവയുടേതായ തൊഴുത്തില്‍ത്തന്നെ കയറിക്കിടക്കും. എല്ലാം ലാഭേച്ഛയോടെ കാണുന്നവര്‍ക്കിടയില്‍ തികച്ചും വ്യത്യസ്തനാവുകയാണ് ബാബുവും കുടുംബവും. മുമ്പ് വളരെക്കാലം കോട്ടച്ചരി പട്ടണത്തില്‍ അശോക ഹോട്ടല്‍ നടത്തിയിരുന്ന ബാബു അന്നുതൊട്ടുതന്നെ കൃഷിയിലും പശുവളര്‍ത്തലിലും വ്യാപൃതനായിരുന്നു