വീട്ടിലെ ഒരു അംഗത്തെപോലെയാണ് പൂച്ചകളെ പണ്ടുകാലത്തും ഇന്നും നമ്മള്‍ പരിചരിക്കുന്നത്. വിദേശ ഇനം പൂച്ചകളെയും ഇന്ന് വളര്‍ത്തുന്നുണ്ട്. പൂച്ചകളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.

താമസ സ്ഥലം

പൂച്ചയെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് തന്നെ അതിന്റെ വാസസ്ഥലം ഒരുക്കിയിരിക്കണം. ആദ്യ ദിവസങ്ങളില്‍ ഒരു മുറി ഇതിനുവേണ്ടി നീക്കിവെയ്ക്കണം. ഇതിന്റെ വാതില്‍ യഥേഷ്ടം അകത്തേക്കും പുറത്തേക്കും തുറക്കാവുന്നതായിരിക്കണം. മുറിക്കകത്ത് ഒരു കാര്‍ഡ്‌ബോര്‍ഡ് കൊണ്ടോ, പ്ലൈവുഡ് കൊണ്ടോ ഉണ്ടാക്കിയ ഒരു കൂട് ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ ശല്യമില്ലാതെ വിശ്രമിക്കാനാണ് ഇത്. കൂടിനകത്ത് ന്യൂസ് പേപ്പറോ, തുണിയോ വെച്ചിരിക്കണം. 

പൂച്ചകുട്ടികള്‍ക്ക് 89-93 ഡിഗ്രി ഫാറന്‍ഹീറ്റ് ചൂട് ആവശ്യമാണ്. ഇത്രയും അളവ് കിട്ടത്തക്കവിധത്തില്‍ കൂട്ടില്‍ ചൂട് ക്രമീകരിക്കണം. ഇതിന് ചൂടുവെള്ളം നിറച്ച കുപ്പികളോ പാഡുകളോ ഉപയോഗിക്കാം. 12 ആഴ്ചകള്‍വരെ ഇത് തുടരണം. മൂന്ന് ആഴ്ചകള്‍ വരെ ഇവയ്ക്ക് സ്വയം മൂത്രം, മലം എന്നിവ വിസര്‍ജ്ജിക്കുവാന്‍ സാധ്യമല്ല. തള്ളപ്പൂച്ച ചാകുന്ന സമയത്താണ് പൂച്ചക്കുട്ടിയെ വീടുകളിലേക്ക് കൊണ്ടുവന്നതെങ്കില്‍ വീട്ടുകാര്‍ ഭക്ഷണത്തിന് മുമ്പും, ശേഷവും പൂച്ചക്കുട്ടിയുടെ അടിവയര്‍ മുകളില്‍ നിന്ന് താഴത്തേക്ക്  മൃദുവായി തടവിക്കൊടുക്കണം. അഞ്ച് ആഴ്ച പ്രായമാകുമ്പോള്‍ കുട്ടികളെ തള്ളയില്‍ നിന്ന് വേര്‍പെടുത്താം. 56 ആഴ്ചയാകുമ്പോള്‍ ഇവ വെള്ളം കുടിക്കുവാന്‍ തുടങ്ങും. 18 മാസം പ്രായമാകുമ്പോള്‍ ഇവ പ്രായപൂര്‍ത്തിയാകുന്നു. ഇവയുടെ ഗര്‍ഭകാലം 60-62 ദിവസമാണ്.

പൂച്ചകളുടെ കൂട് തന്നെ അതിന്റെ വീടായി ഉപയോഗപ്പെടുത്തണം. ഒരു കൂടിന് 19 സ്‌ക്വയര്‍ഫീറ്റ് വ്യാപ്തി ഉണ്ടായിരിക്കണം. ഇതിനുള്ളില്‍ കളിക്കുവാനുള്ള കളിപ്പാട്ടങ്ങള്‍, മാന്തിക്കയറാനുള്ള തൂണുകള്‍ (സ്‌ക്രാച്ച് പോസ്റ്റ്‌) മുകളില്‍ കയറി വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍, ഏണികള്‍, എന്നിവ ഒരുക്കിവെക്കാം. കൂടാതെ ഭക്ഷണപാത്രം, വെള്ളം കുടിക്കാനുള്ള പാത്രം എന്നിവ കൂടി സൗകര്യപ്പെടുത്തിവെയ്ക്കണം. ഇവ തമ്മില്‍ മൂന്ന് അടിയെങ്കിലും അകലമുണ്ടായിരിക്കണം. ഇവയുടെ ജീവിതകാലം 15-20 വര്‍ഷം ആണ്.  

കുട്ടികള്‍ക്ക് കന്നിപ്പാല്‍ (കൊളസ്ട്രം) ആദ്യ 12-24 മണിക്കൂറിനുള്ളില്‍ നല്‍കണം. തള്ളപ്പൂച്ചയില്ലെങ്കില്‍ പ്രസവിച്ച് 14 ദിവസമാകാത്ത മറ്റു പൂച്ചകളെ പാലിനു വേണ്ടി ആശ്രയിക്കാം. പരിശീലനത്തിലൂടെ (ടോയ്‌ലറ്റ് ട്രെയിനിംഗ്) മലമൂത്രവിസര്‍ജനം യഥാസ്ഥലത്ത് നിറവേറ്റാന്‍ പഠിപ്പിക്കാം.

ആദ്യത്തെ കുറച്ച് ആഴ്ചകളില്‍ പൂച്ചകള്‍ അവരുടെ ജീവിതത്തിലെ 23 ഇരട്ടി ഭാരം വയ്ക്കുന്നു. ഇതിന് വേണ്ടുന്ന 30% ഊര്‍ജവും പ്രോട്ടീനില്‍ നിന്നാണ് കിട്ടുന്നത്. അതുകൊണ്ട് തന്നെ മനുഷ്യര്‍ കഴിക്കുന്ന സാധാരണ ഭക്ഷണമോ നായകള്‍ക്ക് കൊടുക്കുന്ന ഭക്ഷണമോ ഇതിന് അനുയോജ്യമല്ല. 

പൂച്ചക്കുട്ടികള്‍ക്ക് അനുയോജ്യമായ ഭക്ഷണക്രമം

പാല് (ആട്ടിന്‍ പാല് ഉത്തമം) - 2 കപ്പ്
ചൂടാകാത്ത മുട്ടയുടെ മഞ്ഞ കരു -2 എണ്ണം
(അല്ലെങ്കില്‍ ഒരു മഞ്ഞക്കരുവും ഒരു ടീസ്പൂണ്‍ ചൂടാക്കിയ വെളിച്ചണ്ണയും)
പ്രോട്ടീന്‍ പൗഡര്‍-2 ടേബിള്‍ സ്പൂണ്‍
വൈറ്റമിന്‍ ലിക്വിഡ് - 6 തുള്ളി
അറവുശാലകളില്‍ നിന്നു കിട്ടുന്ന ചെറുകുടലിലെ ഭക്ഷണാവശിഷ്ടം -1 ടീസ്പൂണ്‍ എന്നിവ നന്നായി മിശ്രിതമാക്കി 101 ഡിഗ്രി ഫാറന്‍ ഹീറ്റില്‍ (38 ഡിഗ്രി സെന്റിഗ്രേഡ്) ചൂടാക്കണം.

ഉപയോഗിക്കേണ്ട വിധം

4 ഔണ്‍സ് ഭാരത്തിന് താഴെയുള്ളവയ്ക്ക് ഓരോ രണ്ട് മണിക്കൂര്‍ ഇടവിട്ട് അര ടീസ്പൂണ്‍ വീതം കൊടുക്കണം
4 മുതല്‍ 8 ഔണ്‍സ് ഭാരമുള്ളവയ്ക്ക് ഓരോ മൂന്ന് മണിക്കൂര്‍ ഇടവിട്ട് 2 മുതല്‍ 4 ടേബിള്‍ സ്പൂണ്‍ വീതം നല്‍കണം
8 മുതല്‍ 24 ഔണ്‍സ് ഭാരമുള്ളവയ്ക്ക് ഓരോ നാല് മണിക്കൂര്‍ ഇടവിട്ട് 6 മുതല്‍ 10 ടേബിള്‍സ്പൂണ്‍ വീതം നല്‍കണം

ഭക്ഷണത്തിന്റെ കൂടെ തന്നെ വ്യായാമം കൊടുക്കുവാനും അവസരം കണ്ടെത്തണം.