പന്നിക്കുഞ്ഞുങ്ങളില്‍ ഇരുമ്പിന്റെ അംശം കുറയുന്നതു മൂലമുള്ള വിളര്‍ച്ച രോഗമാണ് പിഗ്‌ലെറ്റ് അനീമിയ. പല കാരണങ്ങളാല്‍ പന്നിക്കുഞ്ഞുങ്ങളില്‍ ഇരുമ്പിന്റെ കുറവ് വളരെയധികം കണ്ടുവരുന്നുണ്ട്.

സാധാരണയായി 7-16 മില്ലിഗ്രാം ഇരുമ്പാണ് (ശരീരഭാരമനുസരിച്ച്) പന്നിക്കുഞ്ഞുങ്ങള്‍ക്ക് ഒരു ദിവസം ആവശ്യമുള്ളത്. എന്നാല്‍, തള്ളപ്പന്നിയുടെ പാലില്‍നിന്ന് വെറും ഒരു മില്ലിഗ്രാം ഇരുമ്പ് മാത്രമാണ് ലഭിക്കുന്നത്.

മുന്‍കാലങ്ങളില്‍നിന്ന് വിഭിന്നമായി പന്നിക്കുഞ്ഞുങ്ങളെ കൂട്ടിലടച്ചു വളര്‍ത്തുന്നതിനാല്‍ മണ്ണില്‍ നിന്ന് ഇരുമ്പ് ലഭിക്കുന്നതിനുള്ള സാധ്യതയുമില്ല. അതേസമയം, പന്നിക്കുഞ്ഞുങ്ങള്‍ക്ക് വളര്‍ച്ചനിരക്ക് വളരെ കൂടുതലാണ്.

ജനിക്കുമ്പോള്‍ ഏകദേശം 1.5 കി.ഗ്രാം. ഭാരമുള്ള പന്നി വെറും 60 ദിവസംകൊണ്ട് പത്തിരട്ടിവരെ വളര്‍ച്ച നേടും. വളര്‍ച്ചനിരക്ക് കുറയുക, വിളര്‍ച്ച എന്നിവയാണ് ഇരുമ്പ് കുറഞ്ഞാലുള്ള ആദ്യ ലക്ഷണങ്ങള്‍.

ഇരുമ്പിന്റെ ന്യൂനത രൂക്ഷമാണെങ്കില്‍ വളര്‍ച്ചക്കുറവിന് പുറമേ ശ്വാസം കിട്ടാതെ വരിക, രോഗ പ്രതിരോധശേഷി കുറയുക, വയറിളക്കം മുതലായ ലക്ഷണങ്ങളും ഉണ്ടാകാം. ചികിത്സ കിട്ടാതായാല്‍ പന്നിക്കുഞ്ഞുങ്ങള്‍ക്ക് മരണം വരെ സംഭവിക്കാം.

പന്നിക്കുഞ്ഞുങ്ങള്‍ ജനിച്ച് മൂന്നാമത്തെയോ, നാലാമത്തെയോ ദിവസം രണ്ട് മില്ലി ഇരുമ്പ് അടങ്ങിയ മരുന്ന് കുത്തിവയ്ക്കുക. മൃഗാശുപത്രിയില്‍ നിന്ന്‌ അയേണ്‍ ഇഞ്ചക്ഷന്‍ എടുപ്പിക്കാവുന്നതാണ്.