കോട്ടയം: റബ്ബര്‍ വെട്ടി മാറ്റി ആടുവളര്‍ത്തിയ സോജന് സംസ്ഥാന പുരസ്‌കാരം. കേരള മൃഗസംരക്ഷണവകുപ്പിന്റെ മികച്ച യുവകര്‍ക്ഷകനായി മുണ്ടക്കയം പുലിക്കുന്ന് തുണ്ടിയില്‍ സോജന്‍ ജോര്‍ജ് (35) തിരഞ്ഞെടുക്കപ്പെട്ടു. ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ചതിന്റെ ആഹ്ലാദം നിറഞ്ഞ തുണ്ടിയില്‍ വീട്ടില്‍ അപ്രതീക്ഷിതമായെത്തിയ പുരസ്‌കാരം അതിമധുരമായി.

വിലത്തകര്‍ച്ചയില്‍ നട്ടംതിരിഞ്ഞപ്പോള്‍ വീടിനോട് ചേര്‍ന്നുള്ള ഒരേക്കറിലെ റബ്ബര്‍ മരങ്ങള്‍ വെട്ടിമാറ്റി മൂന്നുവര്‍ഷം മുമ്പാണ് സോജന്‍ ആടുവളര്‍ത്തല്‍കേന്ദ്രം തുടങ്ങിയത്. കേരളത്തിന്റെ തനത് ഇനമായ മലബാറി ആടുകളാണ് ഫാമിലുള്ളത്. സ്‌പെയിനില്‍നിന്ന് ഇറക്കുമതിചെയ്ത പ്രത്യേകതരം ഫൈബറുകള്‍ ഉപയോഗിച്ച് ഇരുപതുലക്ഷത്തോളം രൂപ മുടക്കിയാണ് അത്യാധുനിക സംവിധാനത്തിലുള്ള ആട്ടിന്‍കൂടുകള്‍ നിര്‍മിച്ചത്. പ്രസവിക്കാറായ ആടുകളേയും കുഞ്ഞുങ്ങളേയും മാറ്റിപ്പാര്‍പ്പിക്കാന്‍ പ്രത്യേക സ്ഥലവും കൂടിനുള്ളില്‍ ഒരുക്കി. രോഗപ്രതിരോധശേഷി ഏറെയുള്ള ഇവയുടെ പരിപാലനം ചിട്ടപ്പടിയാണ്. ആടുകള്‍ക്ക് ഭക്ഷണമൊരുക്കാനായി നാലേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് തീറ്റപ്പുല്‍കൃഷിയും നടത്തുന്നുണ്ട്.

ആറു മാസം പ്രായമായ കുഞ്ഞുങ്ങളുടെ വില്‍പ്പനയാണ് പ്രധാനവരുമാനം. പാല്‍ വീട്ടാവശ്യത്തിന് മാത്രമെടുത്ത് ബാക്കി ആട്ടിന്‍കുട്ടികള്‍ക്ക് നല്‍കും. 100 ആടുകളില്‍നിന്നായി വര്‍ഷം തോറും ഇരുന്നൂറോളം കുട്ടികളെ ലഭിക്കും. ആറുമാസം പ്രായമായ കുട്ടിക്ക് ഏകദേശം 15 കിലോഗ്രാമോളം തൂക്കം വരും. കിലോയ്ക്ക് 350 രൂപ നിരക്കിലാണ് ഇവയെ വില്‍ക്കുന്നത്. ഇത്തരത്തില്‍ 3000 കിലോയില്‍ നിന്നായി 10 ലക്ഷത്തോളം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് കീബോര്‍ഡ് സംഗീതജ്ഞന്‍ കൂടിയായ സോജന്‍ പറയുന്നു.

ആട്ടിന്‍കുട്ടികളെ സര്‍ക്കാരിന്റെ ആടുവളര്‍ത്തല്‍ പദ്ധതിക്കും സ്വകാര്യഫാമുകള്‍ക്കും നല്‍കുന്നുണ്ട്. ഇവര്‍ക്ക് വേണ്ട സാങ്കേതികനിര്‍ദേശങ്ങള്‍ നല്‍കുന്നുമുണ്ട്, ബി.കോം ബിരുദധാരിയാണ് ഈ യുവകര്‍ഷകന്‍. ആടിനെ കൂടാതെ ആറ് പശുക്കളും സോജന്റെ ഫാമിലുണ്ട്. ഇവയുടെയൊക്കെ ചാണകവും മൂത്രവും സംസ്‌കരിക്കാന്‍ ബയോഗ്യാസ് പ്ലാന്റും. എരുമേലി ഉമ്മിക്കുപ്പ സ്‌കൂളിലെ ജീവനക്കാരി സിസിയാണ് ഭാര്യ. മക്കള്‍: എയിന്‍, എമി. ഒരുമാസം മുമ്പാണ് സോജന്‍സിസി ദമ്പതിമാര്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നത്.