കായലുകള്‍കൊണ്ട് സമൃദ്ധമായ ഭൂപ്രദേശം, കേരവൃക്ഷവും മത്സ്യകൃഷിയും അടിസ്ഥാനമാക്കിയുള്ള ജീവിതം, വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം.... കുട്ടനാടിനും വലിയപറമ്പിനും സമാനതകളേറെയാണ്. എന്നാല്‍ കൃഷിയൊഴിഞ്ഞ പാടത്തും കായലിലും സൈ്വരവിഹാരം നടത്തുന്ന താറാക്കൂട്ടങ്ങള്‍ വലിയപറമ്പിന് അന്യമായിരുന്നു. എന്നാല്‍ അതിനും പരിഹാരമായി. ഇനി വലിയപറമ്പ് ജില്ലയുടെ താറാവ് ഗ്രാമമാണ്. 2000 താറാവുകളുടെ കലപിലശബ്ദം ഇനി തീരദേശ ജനതയുടെ ജീവിതരേഖ മാറ്റിമറിക്കുമെന്ന പ്രത്യാശയോടെ നടപ്പാക്കിയ പദ്ധതി വിജയം കണ്ടാല്‍ മറ്റൊരു കുട്ടനാടായി വലിയപറമ്പ് മാറും. animalhus

മൃഗസംരക്ഷണവകുപ്പാണ് രണ്ടര ലക്ഷംരൂപ ചെലവില്‍ പദ്ധതി നടപ്പാക്കിയത്. പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും താത്പര്യമുള്ള കര്‍ഷകരില്‍നിന്ന് അപേക്ഷ സ്വീകരിച്ചാണ് 200 കര്‍ഷകരെ കണ്ടെത്തിയത്. ഓരോരുത്തര്‍ക്കും രണ്ടുമാസം പ്രായമുള്ള 10 താറാക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. മൃഗസംരക്ഷണ വകുപ്പിന്റെ സ്വപ്നപദ്ധതിയിലേക്ക് കര്‍ഷകരെ ആകര്‍ഷിക്കുന്നതിന് ഗുണഭോക്തൃവിഹിതവും ഈടാക്കിയിരുന്നില്ല. 1200 രൂപ വിലവരുന്ന കുഞ്ഞുങ്ങളെയാണ് സൗജന്യമായി നല്‍കിയത്. പരിപാലനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വലിയപറമ്പ് മൃഗാസ്പത്രി വഴി കര്‍ഷകര്‍ക്ക് ലഭ്യമാക്കും.

നാലുമാസം പ്രായമാകുന്നതോടെ ഇവ മുട്ടയിട്ടുതുടങ്ങും. താറാമുട്ടകള്‍ക്ക് അത്ര പ്രചാരമില്ലാത്ത ഉത്തര മലബാറില്‍  11 രൂപ വരെയാണ് വില. എന്നാല്‍ തെക്കന്‍കേരളത്തില്‍ 15 രൂപ വരെയുണ്ട്. രണ്ടുമാസം കഴിഞ്ഞ് ഇവ മുട്ടയിടാന്‍ തുടങ്ങുന്നതോടെ മുട്ടകള്‍ക്ക് വിപണി ഒരുക്കാനുള്ള സാധ്യതകളും മൃഗസംരക്ഷണവകുപ്പ് ആലോചിക്കുന്നുണ്ട്. 

മുട്ട, ഇറച്ചി എന്നിവയിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയെന്നതാണ് പദ്ധതിയുടെ പ്രഥമലക്ഷ്യം. കുട്ടനാടിന്റെ ജീവിതരീതി പിന്തുടര്‍ന്ന് താറാവ് കൃഷിയിലൂടെ തന്നെ കുടുംബവരുമാനത്തിന്റെ സ്ഥിരത ഉറപ്പിക്കുകയെന്നതും ഉദ്ദേശിക്കുന്നു. കായലധിഷ്ഠിത ജീവിതം നയിക്കുന്ന വലിയപറമ്പ് ദ്വീപ് വാസികളുടെ ജീവിതരീതിതന്നെ മാറ്റുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 

കായലധിഷ്ഠിത വിനോദസഞ്ചാരത്തില്‍ കുട്ടനാടിനെ പിന്‍പറ്റിയുള്ള വലിയപറമ്പിന്റെ വിനോദസഞ്ചാര മേഖലയുടെ ഉണര്‍വും താറാവ് കൃഷി ലക്ഷ്യമിടുന്നു. കവ്വായി കായലിന്റെ ഓളങ്ങളില്‍ പരന്നൊഴുകുന്ന ഉല്ലാസ നൗകകള്‍ മുന്‍പിന്‍പറ്റി ഒഴുകുന്ന താറാക്കൂട്ടങ്ങള്‍ ഇനി വിദൂരമല്ലാത്ത കാഴ്ചയാകും.  രണ്ടരക്ഷം രൂപയാണ് പദ്ധതിക്ക് ചെലവ് വരുന്നത്.