വളര്‍ത്തുമൃഗങ്ങള്‍ക്ക് പാമ്പുകടിയേറ്റാല്‍ ഉടന്‍തന്നെ വെറ്ററിനറി ഡോക്ടറുടെ സഹായം തേടുകയാണ് വേണ്ടത്. ഇതിനുമുമ്പ് കടിയേറ്റ ഭാഗത്തിന് മുകളിലായി അധികം മുറുക്കത്തിലല്ലാത്ത ഒരു കെട്ടിടണം. മൃഗത്തെ ഡോക്ടറുടെ അടുത്തേക്ക് നടത്തിച്ച് കൊണ്ടുപോകരുത്. കടിയേറ്റഭാഗം  സോപ്പുവെള്ളംകൊണ്ട് കഴുകണം.

കടിച്ചഭാഗം തടിച്ചിരിക്കുക, വേദനിക്കുക എന്നിവയാണ് കടിയേറ്റാലുള്ള ലക്ഷണം. കൃഷ്ണമണി കൂടുതല്‍ വികസിച്ചിരിക്കും. പിന്‍കാലുകളില്‍ തളര്‍ച്ച, നടക്കാന്‍ വിഷമം, വായയില്‍നിന്ന് ഉമിനീര്‍ ഒലിക്കല്‍, വയറിളക്കം എന്നിവയും ഉണ്ടാകും.

സാധാരണ നായകളില്‍ ഒന്നുമുതല്‍ ആറുമണിക്കൂറിനുള്ളിലും പൂച്ചകളില്‍ പതിനഞ്ച് മണിക്കൂറിനുള്ളിലും പാമ്പുകടിച്ചുകഴിഞ്ഞാല്‍ ലക്ഷണം കാണിക്കും. പാമ്പിന്‍വിഷം കൂടുതല്‍ ഏല്‍ക്കുന്നത് നായകളിലും കുറവ് കുതിരകളിലുമാണ്. സാധാരണയായി കടിയേല്‍ക്കുന്നത് മുഖത്തും വയറിന്റെ അടിവശത്തും നെഞ്ചിലുമാണ്.

കടിയേറ്റാല്‍ മൃഗത്തെ രണ്ടുമണിക്കൂറിനുള്ളില്‍ ആസ്പത്രിയില്‍ എത്തിക്കണം. ഇരുപത്തിനാലുമണിക്കൂര്‍ ഗൗരവമുള്ളതാണ്. നിരീക്ഷണവും ചികിത്സയും നടത്തി 10 ദിവസത്തിനുശേഷം വേണമെങ്കില്‍ ചികിത്സയില്‍ മാറ്റംവരുത്താം. വൃക്കകള്‍ക്ക് തകരാറുവരുന്നത് 24-72 മണിക്കൂറിനുള്ളിലാണ്. ആന്റിവെനം കുത്തിവെയ്ക്കുകയാണെങ്കില്‍ നാലുമണിക്കൂറിനുള്ളില്‍ ചെയ്യണം.