കൊടുംവേനലിനെ അതിജീവിച്ച് ഏതു കാലാവസ്ഥയിലും നല്ല വിളവു തരുന്ന ഒരിനം പുല്ലാണ് റെഡ്ഗ്രാസ്. ബാലരാമപുരം കിഴക്കേവീട്ടില്‍ നന്ദിനി ഫാം ഉടമ ആര്‍. അരുണ്‍ദേവിന്റെ കൃഷിയിടത്തിലാണ് റെഡ് ഗ്രാസ് കൃഷിയുള്ളത്. അത്യുത്പാദനശേഷിയുള്ള നേപ്പിയര്‍ ഇനങ്ങളായ സി.ഒ.-3, സി.ഒ.-4, സുഗുണ എന്നിവ ഉള്‍പ്പെടെ ഏഴേക്കറിലാണ് അരുണ്‍ദേവിന്റെ പുല്‍ക്കൃഷി.

75 പശു, 45 ആടുകള്‍, 80-ല്‍പരം മുട്ടക്കോഴികള്‍ എന്നിവയ്ക്ക് ഇവിടെ വളര്‍ത്തുന്ന പുല്ലും സാന്ദ്രീകൃത തീറ്റയുമാണ് നല്‍കുന്നത്. വീടിനുചുറ്റുമുള്ള  മൂന്നേക്കറിലും തൊട്ടടുത്തുള്ള നാലേക്കറിലുമാണ് പുല്‍ക്കൃഷി ചെയ്യുന്നത്. നീര്‍വാര്‍ച്ചയുള്ള ഏതുതരം മണ്ണിലും  തെങ്ങിന് ഇടവിളയായും തനി വിളയായും വേലിയോരത്തുമെല്ലാം ഇവ കൃഷിചെയ്യാം. 

കൃഷിയിടം  കിളച്ചൊരുക്കി കളനീക്കി, അടിവളമായി ഏക്കറിന് 10 ടണ്‍ ചാണകംചേര്‍ത്ത് നിരപ്പാക്കി 60x60 സെന്റിമീറ്റര്‍ അകലംനല്‍കി വേരോടുകൂടിയ രണ്ടുമുട്ടുകള്‍ വീതിയുള്ള തണ്ടുകള്‍ ചെറുകുഴിയുണ്ടാക്കി നട്ട് ചുവടുറപ്പിക്കണം. ഏക്കറിന് 15,000 തണ്ടുകള്‍ വേണ്ടിവരും. വേനല്‍സമയമാണെങ്കില്‍ നടുന്നതിനുമുമ്പ് മണ്ണ് നനച്ചാല്‍ എല്ലാ തണ്ടുകളും മുളയ്ക്കും. തുടര്‍ന്ന് പത്തുദിവസത്തിലൊരിക്കല്‍ നന നല്‍കണം. ഒരു മാസം കഴിഞ്ഞ് ചുവടുകൊത്തി കള നീക്കംചെയ്യണം. 

ആദ്യ വിളവെടുപ്പ് രണ്ടരമാസം കഴിഞ്ഞും അതുകഴിഞ്ഞ് 40 ദിവസത്തെ ഇടവേളകളിലും പുല്ലുമുറിക്കാം. തറനിരപ്പില്‍നിന്ന് ഒരു ചാണ്‍ മുകളില്‍വെച്ചാണ് മുറിക്കേണ്ടത്. ആളോളം ഉയരത്തില്‍ വളരുന്ന റെഡ്ഗ്രാസിന്റെ ഇല ഒഴിച്ചുള്ള തണ്ടുമുഴുവന്‍ ചുവപ്പാണ്. മാര്‍ദവമേറിയ തണ്ടുകള്‍, വീതികൂടിയ നീളത്തിലുള്ള ഇലകള്‍,  ചെറുമധുരം ഈ ഗുണങ്ങള്‍ റെഡ്ഗ്രാസിനെ മറ്റിനങ്ങളില്‍നിന്ന് വേറിട്ടുനിര്‍ത്തുന്നു. ഒരുവര്‍ഷം കഴിയുമ്പോള്‍ ഒരു ചുവട്ടില്‍ നൂറോളം ചിനപ്പുകളുമുണ്ടാകും. ഇവ ഇളക്കിയെടുത്ത് മറ്റുസ്ഥലങ്ങളില്‍ വ്യാപിപ്പിക്കാം. ചെരിഞ്ഞുവീഴാത്ത സ്വഭാവമുള്ളതിനാല്‍ മുറിച്ചെടുക്കാനും എളുപ്പമാണ്.

 (ഫോണ്‍: 9446408331.)