ആടുവളര്‍ത്തലില്‍ ഹൈടെക് രീതിയുമായി പള്ളിക്കത്തോട് സ്വദേശി. പള്ളിക്കത്തോട് ഗ്രാമപ്പഞ്ചായത്തിലെ മറ്റത്തില്‍ കരോട്ട് എം.ആര്‍.അജയകുമാറാണ് വ്യത്യസ്ത രീതിയുമായി വന്നിരിക്കുന്നത്. പൊതുപ്രവര്‍ത്തകനും ഇലക്ട്രിക്കല്‍ പ്ലമ്പിങ് ജോലികള്‍ ചെയ്യുന്ന അജയന്‍ മകന് അലര്‍ജി ഉണ്ടായപ്പോള്‍ ആട്ടിന്‍പാലുകുടിക്കുന്നതിനാണ് ആടിനെ വളര്‍ത്തിത്തുടങ്ങിയത്.

തറനിരപ്പില്‍നിന്ന് 10 അടി ഉയരത്തിലുള്ള കോണ്‍ക്രീറ്റ് തൂണുകള്‍ക്കുമുകളില്‍ ഇരുമ്പു കേഡറുകളിലാണ് കൂട് നിര്‍മിച്ചിരിക്കുന്നത്. കുഴികള്‍ നിറഞ്ഞ പി.വി.സി.കൊണ്ടുള്ള സ്ലാബാണ് തറയില്‍ വിരിച്ചിരിക്കുന്നത്. 240 ചതുരശ്ര അടിയില്‍ നിര്‍മിച്ചിരിക്കുന്ന കൂട്ടില്‍ ആട്ടിന്‍കാഷ്ഠവും മൂത്രവും കെട്ടിക്കിടക്കാതെ താഴെ വീഴുന്നതിനും ആടുകളെ കൂട്ടിലേക്ക് നടന്നുകയറുന്നതിനും പ്രത്യേക സംവിധാനമുണ്ട്.

രണ്ടരലക്ഷം രൂപയാണ് കൂടിന്റെ നിര്‍മാണച്ചെലവ്. പര്‍പ്പസാരി. മലബാറി ക്രോസ്, ബീറ്റല്‍, സിരോഹി തുടങ്ങി വിവിധതരം ബ്രീഡുകളിലെ 11 ആടുകളാണ് അജയന്റെ കൂട്ടിലുള്ളത്. ഇവയ്ക്ക് തീറ്റ നല്‍ക്കാനും വെള്ളം കുടിക്കാനും പ്രത്യേക സൗകര്യമുണ്ട്.

സ്വന്തം തൊഴിലായ ഇലക്ട്രിക് പ്ലംബിങ് ജോലികള്‍ക്ക് കോവിഡ് കാലഘട്ടത്തില്‍ കുടുംബത്തിന്റെ ആവശ്യത്തിനൊപ്പം ഒരു വരുമാന മാര്‍ഗവുംകൂടിയായാണ് ആട് വളര്‍ത്തലെന്ന് അജയന്‍ പറഞ്ഞു. വ്യാവസായിക അടിസ്ഥാനത്തില്‍ കൂടുതല്‍ ആടുകളെ വളര്‍ത്തുകയാണ് ലക്ഷ്യം.

ആടുകളുടെ പരിപാലത്തിന് അജയനെ സഹായിക്കാന്‍ ഭാര്യ ഷിബിയും മകന്‍ ഓംകാറും കൂടെയുണ്ട്. നിരവധി ആളുകള്‍ കൂടുകാണാനെത്തുന്നുണ്ട്. കൂടാതെ മീന്‍ വളര്‍ത്തുന്നുമുണ്ട്. രണ്ടുവര്‍ഷം മുമ്പ് 40 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിച്ച സ്വകാര്യ കുടിവെള്ള പദ്ധതിയിലൂടെ അജയകുമാര്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Content Highlights: Agriculture Animal Husbandry