അമ്പലവയല്‍: അധ്വാനിക്കാനുള്ള മനസ്സുണ്ടോ, എങ്കില്‍ നാലല്ല, നാല്പത് പശുക്കളെ സിംപിളായി വളര്‍ത്താമെന്ന് ആണ്ടൂര്‍ നായ്ക്ക കോളനിയിലെ പുഷ്പയും കുടുംബവും പറയും. എട്ടുവര്‍ഷമായി പശുവളര്‍ത്തല്‍ ഉപജീവനമാര്‍ഗമാക്കിയ ആത്മവിശ്വാസത്തിലാണത്.

world milk day

വേട്ടയാടിയും കൃഷിപ്പണിചെയ്തും നിത്യവൃത്തിക്ക് വക കണ്ടെത്തിയിരുന്ന പണിയ സമുദായം കാലത്തിനനുസരിച്ച് മാറാന്‍ ശ്രമിക്കുന്നതിന്റെ അടയാളം കൂടിയാണ് പുഷ്പയുടെ തൊഴുത്തിലെ പാലൊളി. 

അന്നന്നത്തേക്കുള്ള വക കണ്ടെത്തുന്നതിനെക്കുറിച്ചുമാത്രം കരുതുന്ന പണിയര്‍ക്കിടയില്‍ കാലത്തിനൊത്ത് ചിന്തിക്കുന്നവരുടെ പ്രതിനിധി കൂടിയാണ് പശുപരിപാലനം ജീവിത വ്രതമാക്കിയ അമ്പലവയലിലെ ഈ വീട്ടമ്മ. പത്തുസെന്റ് സ്ഥലം മാത്രം സ്വന്തമായുള്ള പുഷ്പയുടെ തൊഴുത്തില്‍ നാലു പശുക്കളാണുള്ളത്. 

വര്‍ഷാവര്‍ഷം ക്ഷീരമേഖലയില്‍നിന്ന് കര്‍ഷകര്‍ കൊഴിഞ്ഞുപോകുമ്പോഴാണ് നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൈമുതലാക്കി ആദിവാസി വീട്ടമ്മ ജീവിതവിജയത്തിന്റെ പാലാഴി തീര്‍ക്കുന്നത്. പത്തുസെന്റില്‍ ചെറിയൊരു വീടും വീടിനോടുചേര്‍ന്നുള്ള തൊഴുത്തുമാണ് ഇവരുടെ ലോകം. നാലു പശുക്കളും കിടാരിയും സ്‌നേഹലാളനയേറ്റ് വളരുന്നു. സഹായത്തിനായി ഭര്‍ത്താവ് കൃഷ്ണനും അമ്മയും ഒപ്പമുണ്ട്. ഗോത്രവര്‍ഗത്തില്‍ നിന്നുള്ള മാതൃകാപരമായ പ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയും നല്‍കി സഹായിക്കുകയാണ് അമ്പലവയല്‍ ക്ഷീരോത്പാദക സഹകരണസംഘം. 

സൂര്യനുദിക്കുംമുമ്പ് പുഷ്പയും ഭര്‍ത്താവ് കൃഷ്ണനും തൊഴുത്തിലെത്തും. പശുക്കളെ കുളിപ്പിച്ച് വൃത്തിയാക്കും. കറവയ്ക്കുശേഷം പുല്ലുശേഖരിക്കാന്‍ ഇരുവരും ഒരുമിച്ചിറങ്ങും. പാട്ടത്തിനെടുത്ത 35 സെന്റ് സ്ഥലത്ത് തീറ്റപ്പുല്‍ നട്ടുവളര്‍ത്തുന്നതിനാല്‍ അതിനും ക്ഷാമമില്ല. 

എട്ടുവര്‍ഷം മുന്‍പ് പഞ്ചായത്ത് നല്‍കിയ ഒരു പശുവില്‍നിന്നാണ് ഇവരുടെ തുടക്കം. സംസ്ഥാന സര്‍ക്കാര്‍ മില്‍മവഴി നടപ്പാക്കിയ അടിയ പണിയ പദ്ധതിയില്‍ രണ്ടു പശുക്കളെക്കൂടി സൗജന്യമായി കിട്ടിയതോടെ പുഷ്പ ക്ഷീരമേഖലയില്‍ ചുവടുറപ്പിച്ചു. ഇതോടെ സമൂഹത്തില്‍ ഏറെ പിന്നാക്കം നില്ക്കുന്ന പണിയ വിഭാഗത്തില്‍ നിന്നൊരു സ്ത്രീ മികച്ച ക്ഷീരകര്‍ഷകയായി മാറി. പശുക്കളെ കൂടാതെ തൊഴുത്ത്, തീറ്റപ്പുല്‍ കൃഷിക്കുള്ള സഹായം, കുറഞ്ഞനിരക്കില്‍ കാലിത്തീറ്റ എന്നിവ നല്‍കി അമ്പലവയല്‍ ക്ഷീരോത്പാദക സഹകരണസംഘവും ഇവരെ പ്രോത്സാഹിപ്പിച്ചു. 

കഴിഞ്ഞ മാസംവരെ ഒരുപശുവില്‍ നിന്ന് ദിവസം 15 ലിറ്റര്‍ പാല്‍ സൊസൈറ്റിയില്‍ നല്‍കിയിരുന്നു. മില്‍മ ഒരു പശുവിനെക്കൂടി പുഷ്പയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. തൊഴുത്തിലെ പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഈ കുടുംബം.