ഓണാഘോഷങ്ങൾ കഴിഞ്ഞതിന് ശേഷം വെറ്ററിനറി ആശുപത്രികളിൽ കർഷകർ എത്തിക്കുന്ന കേസുകളിൽ നല്ലൊരുപങ്ക് അയവെട്ടാനുള്ള ശേഷി പോലും നഷ്ടപ്പെട്ട്, വയറിൽ അമ്ലം നിറഞ്ഞ് വീർത്തു തളർന്നുവീണ ആടുകളും പശുക്കളുമാണ്. എളുപ്പം ദഹിക്കുന്ന അന്നജസമൃദ്ധമായ ആഹാരങ്ങൾ പശുക്കൾക്കും ആടുകൾക്കും നൽകിയാൽ അവയുടെ ആമാശയത്തിൽ അധിക തോതിൽ അമ്ലം ഉല്പാദിക്കപ്പെടുകയും അമ്ല-ക്ഷാര നില താഴുകയും ദഹനപ്രവർത്തനങ്ങൾ താറുമാറാവുകയും അസിഡോസിസ് എന്ന ഉപാപചയരോഗാവസ്ഥക്ക് ഇടയാക്കുകയും ചെയ്യും. അസിഡോസിസ് ഗുരുതരമായാൽ വയറിൽ അമ്ലം ഉയർന്ന് കന്നുകാലികൾ തളർന്ന് വീഴുകയും ഒരുപക്ഷെ മരണം വരെ സംഭവിക്കുകയും ചെയ്യാം. ഇക്കാര്യം അറിയാതെ ചില കർഷകർ തൂവെള്ള ചോറും നാനാതരം വിഭവങ്ങളും നാലുകൂട്ടം പായസവും ചേർത്ത് വീടുകളിൽ ഒരുക്കിയ ഓണസദ്യയിൽ ഒരു പങ്ക് ആടുകൾക്കും പശുക്കൾക്കും കൂടി നൽകിയതാണ് അസിഡോസിസ് പ്രശ്നങ്ങൾക്ക് കാരണമായത്. പണിപ്പെട്ട് വീട്ടിൽ ഒരുക്കിയ സദ്യയിൽ  ബാക്കിവന്നത് പാഴാക്കാനും പുറത്തുകളയാനും മടിച്ച് ആടുമാടുകൾക്ക് തീറ്റയായി നൽകി പണികിട്ടിയവരും ഏറെ. അസിഡോസിസിന്റെ ദുരന്തഫലങ്ങളെ കുറിച്ചറിയാത്ത ചിലർ കന്നുകാലികൾക്ക് ഓണസദ്യ നൽകി അത് നവമാധ്യമങ്ങളിൽ സന്തോഷത്തോടെ പോസ്റ്റുകളിടുക വരെ ചെയ്തു.
 
മിത്രാണുക്കൾ പണ്ടത്തിനുള്ളിലെ പാചകക്കാർ, അറിയണം സൂക്ഷ്മാണുദഹനത്തെ

ആടുമാടുകളിൽ അസിഡോസിസ് എന്ന ഉപാപചയപ്രശ്നം ഉണ്ടാവുന്നതിന്റെ കാരണം അറിയണമെങ്കിൽ അവയുടെ ദഹനവ്യൂഹത്തിലെ പ്രത്യേകതകളെ കുറിച്ചറിയണം. മനുഷ്യരിൽ നിന്നും മറ്റ് മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി  ആട്, പശു, എരുമ തുടങ്ങിയ അയവെട്ടുന്ന മൃഗങ്ങളുടെ ദഹനപ്രവര്‍ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നത് സൂക്ഷ്മാണുക്കളുടെ സഹായത്തോടെയാണ്. പശുവിന്‍റെയും ആടിന്‍റെയുമെല്ലാം ആമാശയവ്യൂഹത്തിലെ ആദ്യ അറയായ പണ്ടം അഥവാ റൂമനില്‍ ദഹനപ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടത്തുന്നതിനായി അനേകലക്ഷം സൂക്ഷ്മാണുക്കളാണ് ഇടതടവില്ലാതെ പണിയെടുക്കുന്നത്. അയവെട്ടുന്ന മൃഗങ്ങളുടെ പ്രധാന തീറ്റയായ പുല്ലിൽ അടങ്ങിയ നാരുകളുടെ ദഹനത്തിനും മാംസ്യനിർമാണത്തിനും വേണ്ടിയുമാണ് സൂക്ഷമാണുസംവിധാനം മുഖ്യമായും പ്രവർത്തിക്കുന്നത്. 
 
പോഷകനിര്‍മ്മാണത്തേയും ആഗിരണത്തെയും സഹായിക്കുന്ന ഈ മിത്രാണുക്കളില്‍ എൺപത് ശതമാനത്തോളം ബാക്ടീരിയകളാണ്. ബാക്കി ഇരുപത് ശതമാനം പ്രോട്ടോസോവ ഇനത്തില്‍പ്പെട്ട സൂക്ഷ്മാണുക്കളും മിത്രാണുകുമിളുകളുമാണ്. പൂർണ്ണാരോഗ്യമുള്ള ഒരു പശുവിന്റെ പണ്ടത്തിൽ നിന്നും ശേഖരിക്കുന്ന ഒരു മില്ലി ദ്രാവകത്തില്‍ ഒരു ലക്ഷം കോടിയിലധികം മിത്രാണുക്കളായ ബാക്റ്റീരിയകളും ഒരു ദശലക്ഷത്തിലധികം പ്രോട്ടോസോവകളും ഉണ്ടാവും എന്നാണ് ഏകദേശകണക്ക്. ഇരുന്നൂറിൽ പരം ഇനം ബാക്ടീരിയകളും ഇരുപതിലേറെ ഇനം പ്രോട്ടോസോവകളും ഈ ലക്ഷോപലക്ഷം സൂക്ഷ്മാണുക്കളിലുണ്ട്. പണ്ടത്തില്‍ വച്ച് ഈ സൂക്ഷ്മാണുക്കള്‍ പെരുകുകയും പുതുക്കുകയും ചെയ്യും. കന്നുകാലികള്‍ക്ക് നല്‍കുന്ന നാരുകളാൽ സമൃദ്ധമായ പുല്ലും വൈക്കോലും , മാംസ്യസമൃദ്ധമായ  പെല്ലറ്റും, പിണ്ണാക്കുമെല്ലാം മണിക്കൂറുകൾ സമയമെടുത്ത് തരാതരംപോലെ പുളിപ്പിച്ചും ദഹിപ്പിച്ചും, പുല്ലിലടങ്ങിയ നാരുകളെ പലവിധ ഫാറ്റി അമ്ലങ്ങളായും മാംസ്യമാത്രകളെ സൂക്ഷ്മാണുമാംസ്യമാത്രകളായും/മൈക്രോബിയൽ പ്രോട്ടീൻ  പരിവര്‍ത്തനം ചെയ്ത് ആഗിരണം ചെയ്യാന്‍ പാകത്തിന് മിത്രാണുക്കള്‍ തയ്യാറാക്കി നല്‍കും.
 
അസിഡോസിസ് ഉണ്ടാവുന്നത് എങ്ങനെ?

സെല്ലുലോസ് നാരുകൾ ധാരാളം അടങ്ങിയ പുല്ലിൽ നിന്നും, മാംസ്യം കൂടിയ അളവിൽ അടങ്ങിയ കന്നുകാലി തീറ്റകളിൽ നിന്നും വ്യത്യസ്തമായി എളുപ്പം ദഹിക്കുന്ന അന്നജം ഉയർന്ന അളവിൽ അടങ്ങിയ ചോറ്, ഗോതമ്പ് ഉൾപ്പെടെയുള്ള സാന്ദ്രീകൃതതീറ്റകൾ അയവെട്ടുന്ന മൃഗങ്ങളുടെ ആമാശയവ്യൂഹത്തിലെ ഒന്നാം അറയായ റൂമനിൽ വെച്ച് വളരെ വേഗത്തിൽ ദഹിക്കും. റൂമനിൽ സൂക്ഷ്മാണുക്കളുടെ സഹായത്തോടെ സമയമെടുത്ത് നടക്കുന്ന നാരുകളുടെ ദഹനത്തിൽ നിന്നും വ്യത്യസ്തമായി അന്നജസമൃദ്ധമായ തീറ്റകളുടെ ദഹനം വേഗത്തിൽ നടക്കുന്നതിനാൽ ധാരാളമായി ലാക്ടിക് അമ്ലം വയറ്റില്‍ ഉത്പാദിപ്പിക്കപെടുന്നതിനും ആമാശയം അമ്ലം കൊണ്ട് നിറയുന്നതിനും അമ്ല-ക്ഷാര നില സ്വാഭാവിക പരിധിയിൽ താഴുന്നതിനും ഇടയാക്കും. ഇതാണ് അസിഡോസിസ് എന്ന അവസ്ഥക്ക് കാരണമാവുന്നത്. 
 
അമ്ല ക്ഷാര നില താഴുമ്പോൾ ഉപദ്രവകാരികളായ അണുക്കൾ കൂടുതലായി പെരുകുകയും ലാക്ടിക് അമ്ലത്തിന്റെ ഉത്പാദനം വീണ്ടും ഉയരുകയും ചെയ്യും. അയവെട്ടൽ നിലയ്ക്കൽ , വയറുസ്തംഭനം, വയറുകമ്പനം / ബ്ലോട്ട് , വയറിളക്കം, തളർച്ച, തീറ്റമടുപ്പ് , നടക്കാനുള്ള ബുദ്ധിമുട്ട്, വേദന കൊണ്ട് വയറ്റിയിൽ കൈകാലുകൾ കൊണ്ട് ചവിട്ടൽ തുടങ്ങിയവ അസിഡോസിസിന്റെ ആരംഭ ലക്ഷണങ്ങളാണ്. അമിതമായി അമ്ലം നിറഞ്ഞാൽ ക്രമേണ അത് രക്തത്തിലേക്ക് കലരുന്നതിനിടയാവും. അതോടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാവും. ശരീരോഷ്മാവ് താഴുകയും നിര്‍ജലീകരണം മൂർച്ഛിക്കുകയും ക്രമേണ പശുക്കളും ആടുകളും എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം വീണുപോവുകയും ചെയ്യും. ശ്വാസനാതടസ്സവും ഉണ്ടാവും. അസിഡോസിസ് ബാധിച്ച് പശുക്കൾ വീഴുന്നത് പലപ്പോഴും കാൽസ്യം കുറഞ്ഞ് വീഴുന്നതാന്നെന്ന് കർഷകർ തെറ്റിദ്ധരിക്കാറുണ്ട്. വേഗത്തിൽ ചികിത്സ ഉറപ്പു വരുത്തിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. പശുക്കളെ അപേക്ഷിച്ച് ആടുകളിൽ അസിഡോസിസ് പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു.
 
അസിഡോസിസ് ശ്രദ്ധിക്കാൻ

സദ്യബാക്കി മാത്രമല്ല മാത്രമല്ല ഉയർന്ന അളവിൽ എളുപ്പം ദഹിക്കുന്ന അന്നജം അടങ്ങിയ കഞ്ഞി, ചക്ക, പച്ചക്കറി അവശിഷ്ടങ്ങൾ, ധാന്യപ്പൊടികൾ, കിഴങ്ങ് വർഗ്ഗങ്ങൾ, വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും മാർക്കറ്റുകളിൽ നിന്നുമുള്ള ഭക്ഷ്യഅവശിഷ്ടങ്ങൾ എന്നിവയെല്ലാം പശുവിനും ആടിനുമെല്ലാം അധിക അളവിൽ നൽകുമ്പോഴും സംഭവിക്കുന്നത് അസിഡോസിസ് തന്നെയാണ്. ഇത്തരം തീറ്റകൾ അബദ്ധവശാൽ നൽകിയതിന് ശേഷം മുൻപ്‌ സൂചിപ്പിച്ച ലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ എത്രയും പെട്ടെന്ന് അടുത്തുള്ള വെറ്റിനറി സർജനെ ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ ഉറപ്പാക്കേണ്ടതാണ്. അധിക അമ്ല നിലയെ നിർവീര്യമാക്കാനുള്ള പ്രതിമരുന്നുകൾ ആമാശയത്തിലേക്കും സിരകളിലേക്കും നൽകുന്നതാണ് പ്രധാന ചികിത്സ.  അസിഡോസിസ്  സാഹചര്യം ഒഴിവാക്കാൻ അന്നജം കൂടുതൽ അടങ്ങിയ തീറ്റകൾ കഴിച്ചുശീലമില്ലാത്ത ആടുകൾക്കും പശുക്കൾക്കും ഇത്തരം തീറ്റകൾ നൽകുന്നത് തീർച്ചയായും ഒഴിവാക്കണം. ലാക്ടിക് അമ്ലം കാരണം ഉണ്ടാവുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ എന്ന നിലയിൽ അപ്പക്കാരം (സോഡിയം ബൈ കാര്‍ബണേറ്റ്) 100 -150 ഗ്രാം വരെ  പശുക്കൾക്കും 50 ഗ്രാം വരെ ആടുകൾക്കും നല്‍കാം.