കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ അന്ത്യനിമിഷങ്ങള്‍ വിവരിച്ച് ഒപ്പമുണ്ടായിരുന്ന അഫ്ഗാന്‍ കമാന്‍ഡര്‍ ബിലാല്‍ അഹമ്മദ്. ഹൃദയം നുറുങ്ങിയ ആ കാഴ്ച നേരില്‍കണ്ട അനുഭവമാണ് അഫ്ഗാന്‍ കമാന്‍ഡര്‍ ഇന്ത്യാ ടുഡേയ്ക്ക്  നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചത്.

'താലിബാന്‍ പലതവണ വെടിയുതിര്‍ത്തു. ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞതോടെ അവര്‍ ഡാനിഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടി. സിദ്ദിഖി മരിച്ചെന്നറിഞ്ഞിട്ടും താലിബാന്‍ പോരാളികള്‍ അദ്ദേഹത്തിന്റെ തലയിലൂടെ വാഹനം കയറ്റിയിറക്കി. മൃതദേഹം വികലമാക്കി.  - അഞ്ച് വര്‍ഷമായി അഫ്ഗാന്‍ സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബിലാല്‍ അഹമ്മദ് പറഞ്ഞു. കാണ്ഡഹാര്‍ മേഖലയിലെ സ്പിന്‍ ബോല്‍ഡാക്കില്‍ അഫ്ഗാനിസ്ഥാന്‍ -  താലിബാന്‍ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ആയിരുന്നു ഡാനിഷ് സിദ്ദിഖിക്കെതിരെ താലിബാന്‍ വെടിയുതിര്‍ത്തത്.

അതിനിടെ, ഡാനിഷിന്റെ കൊലപാതകത്തില്‍ ഉത്തരവാദിത്തമില്ലെന്ന് താലിബാന്‍ കേന്ദ്രങ്ങള്‍ അവകാശപ്പെട്ടു.ഡാനിഷ് ശത്രു പക്ഷത്തായിരുന്നു എന്നാണ് താലിബാന്റെ വാദം. കൂടെ മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ടെങ്കില്‍ നേരത്തെ അറിയിക്കണമായിരുന്നെന്നും താലിബാന്‍ വക്താവും കമാന്‍ഡറുമായ മൗലാന യൂസഫ് അഹമ്മദി ഇന്ത്യാ ടുഡേയോട് പറഞ്ഞു.

കടപ്പാട് - IndiaToday