HOME » ZOOM IN

SCROLL DOWN TO MORE..

Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

വി.ടി.സന്തോഷ്‌കുമാര്‍

കൊല്ലം: പാതിരാത്രി, അണിഞ്ഞൊരുങ്ങി, വഴിയരികില്‍ തനിച്ചു നില്‍ക്കുന്ന സുന്ദരിയെ കണ്ടപ്പോള്‍ ചീറിപ്പാഞ്ഞുവന്ന കാറ് തനിയെ നിന്നു. ഇത്തിരി മുന്നോട്ടുപോയി വളച്ചെടുത്ത് തിരികെയത്തി, കാറുടമ യുവതിയോടു ചോദിച്ചു, ''കയറുന്നോ?''
''അയ്യോ ഞാന്‍ കൊറ്റന്‍കുളങ്ങരയ്ക്കു പോകാന്‍ നില്‍ക്കുകയാണ് ചേട്ടാ'' എന്നായിരിക്കും ആ മോഹിനി പറഞ്ഞത്. ഇത്തിരി മാറി ബസ്സു കാത്തു നില്‍ക്കുകയായിരുന്ന ഞങ്ങളാ പുരുഷ ശബ്ദം കേട്ടില്ല. കാറിലിരുന്നയാളുടെ മുഖത്തെ ചമ്മല്‍ കാണാനും പറ്റിയില്ല. വന്നതിനേക്കാള്‍ വേഗത്തില്‍ ദേശീയപാതയിലൂടെ കാറു തിരിച്ചുപോയി.

ബസ്സു കയറി കൊറ്റന്‍കുളങ്ങരെയെത്തിയപ്പോള്‍ മനസ്സിലായി, പാവം കാറുകാരന് അമളി പിണഞ്ഞതില്‍ അതിശയമില്ല. കണ്ണെഴുതി, പൊട്ടുതൊട്ട്, മുല്ലപ്പൂ ചൂടി, കൊലുസും വളയുമണിഞ്ഞ് പുരുഷാംഗനമാര്‍ നിറഞ്ഞു നില്‍ക്കുകയാണവിടെ. ഇവിടത്തെ ചമയവിളക്കിനെക്കുറിച്ച് കേട്ടറിവില്ലാത്തവര്‍ ആ നില്‍ക്കുന്നത് പെണ്‍വേഷം കെട്ടിയ ആണുങ്ങളാണെന്ന് പറഞ്ഞാലും വിശ്വസിക്കില്ല.

ചമയവിളക്കു ദിവസം ക്ഷേത്രപരിസരത്തും റോഡരികിലും കാര്‍കൂന്തല്‍ കോതിയൊതുക്കി, അണിഞ്ഞൊരുങ്ങി, നാണംകുണുങ്ങി നില്‍ക്കുന്ന അതിസുന്ദരികളെ കണ്ടാല്‍ ഉറപ്പിക്കാം, അത് പുരുഷാംഗനമാരാണ്. അവരെ അസൂയയോടെ നോക്കി മാറിനില്‍ക്കുന്ന നിറം മങ്ങിയ പാവങ്ങളാണ് യഥാര്‍ഥ സ്ത്രീകള്‍. ഇക്കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി കൊറ്റംകുളങ്ങരമ്മയ്ക്കു മുന്നില്‍ ചമയവിളക്കേന്താനെത്തിയത് നൂറുകണക്കിനു പുരുഷന്‍മാരാണ്.

കൊല്ലം കരുനാഗപ്പള്ളി പാതയില്‍ ചവറ കഴിഞ്ഞയുടനെയാണ് കൊറ്റന്‍കുളങ്ങര ക്ഷേത്രം. ഇവിടത്തെ ദേവിയ്ക്കു മുന്നില്‍ പെണ്‍വേഷം കെട്ടി വിളക്കേന്തി നിന്നാല്‍ അഭീഷ്ട കാര്യങ്ങളെല്ലാം സാധിക്കുമെന്നാണ് വിശ്വാസം. ആ വിശ്വാസത്തില്‍ പെണ്‍വേഷം കെട്ടുന്നവരാണ് ഇവിടെയെത്തുന്നവരില്‍ അധികവും. ഇതിനെയൊരു ആഘോഷമാക്കി മാറ്റി, നന്നായി പണം ചെലവിട്ട് ചമയ വിദഗ്ധരുടെ സഹായത്തോടെ അണിഞ്ഞൊരുങ്ങി താരപരിവേഷത്തോടെ നടക്കുന്നവരും ധാരാളമുണ്ട്. പെണ്‍വേഷം കെട്ടുന്നതോടെ അവരുടെ നടപ്പും ഭാവങ്ങളുമെല്ലാം ശരിക്കും പെണ്ണിന്റേതായി മാറുന്നു.

ആണുങ്ങളെ അണിയിച്ചൊരുക്കാനുള്ള ചമയപ്പുരകളും ചമയവിളക്ക് വാടകയ്ക്കു കൊടുക്കുന്ന കേന്ദ്രങ്ങളും പെണ്‍വേഷത്തില്‍ ഫോട്ടോയെടുക്കുന്നതിനുള്ള താത്ക്കാലിക സ്റ്റുഡിയോകളും ക്ഷേത്രത്തിനു ചുറ്റും ധാരാളമുണ്ട്. വിളക്കു കാണാനെത്തിയ പയ്യന്‍മാര്‍ ഈ മോഹിനിമാര്‍ക്കൊപ്പം നിന്ന് മൊബൈല്‍ ഫോണ്‍ ക്യാമറകളില്‍ ഫോട്ടോയെടുക്കുന്നുമുണ്ട്. സെറ്റുമുണ്ടും പട്ടുസാരിയുമായി പരമ്പരാഗത വേഷത്തിലെത്തുന്നവരാണ് പുരുഷാംഗനമാരില്‍ ഏറെയും. ചുരിദാറും മിഡിയും ധരിച്ചെത്തുന്നവരും കുറവല്ല.

അഭീഷ്ടകാര്യത്തിനായി വിളക്കെടുക്കുന്ന കുമാരന്മാരെ അണിയിച്ചൊരുക്കുന്നത് അമ്മമാരും പെങ്ങന്മാരുമാണ്. തന്നേക്കാള്‍ സുന്ദരിയായി മാറിയ ഭര്‍ത്താവിന്റെ കൈപിടിച്ച്, വിളക്കില്‍ എണ്ണ പകര്‍ന്ന് അടുത്തു തന്നെ നില്‍ക്കുന്ന ഭാര്യമാരുമുണ്ട്. ഇന്നലെ വരെ മീശപിരിച്ചു നിന്ന ഭര്‍ത്താവ് നാണംകുണുങ്ങി നില്‍ക്കുന്നതു കാണുമ്പോള്‍ ആ ഭാര്യമാരുടെ മുഖത്ത് ഒരു പുച്ഛച്ചിരി പരക്കുന്നുണ്ടാവുമോ? 'എത്ര മനോഹരമായ ആചാരങ്ങള്‍ എന്നവര്‍ മനസ്സില്‍ പറയുന്നുണ്ടാവുമോ? സൂക്ഷിച്ചു നോക്കി. ഇല്ല. ആ മുഖങ്ങളില്‍ കണ്ടത് ഭക്തിപാരവശ്യം മാത്രം.
കെ.ബി.ബോബിന്‍സണ്‍ എടുത്ത ചിത്രങ്ങള്‍

 
Bookmark and Share