1972- വിയറ്റ്‌നാം യുദ്ധം. ഒരു യുദ്ധപ്പകല്‍ .
'നോംഗ്വാ.. നോഗ്വാ എനിക്ക് പൊള്ളുന്നു..' എന്ന നിലവിളിയോടെ ദക്ഷിണവിയറ്റ്‌നാമിലെ ചാങ്ബാങ് ഗ്രാമവഴിയിലൂടെ ഒരു ഒമ്പതുവയസ്സുകാരി ബോംബ് വര്‍ഷത്താല്‍ പൊള്ളലേറ്റ് പ്രാണരക്ഷാര്‍ത്ഥം പായുന്നു, നഗ്നയായി. അവള്‍ ഓടിക്കയറിയത് നിക് ഉട്ട് എന്ന ഇരുപത്തിയഞ്ചുകാരന്‍ഫോട്ടോഗ്രാഫറുടെ ക്യാമറയിലേക്കായിരുന്നു. അത് ലോകത്തിന്റെ ഏക്കാലത്തേയും കത്തുന്ന കാഴ്ചകളിലൊന്നായി. അവള്‍ ഫാന്‍ കിം ഫുക്. കാഴ്ചക്കാരനെ ഇപ്പോഴും പൊള്ളിക്കുന്ന ആ ദൃശ്യത്തിന് ജൂണ്‍ 8-ന് 40 വയസ്സ് തികയുന്നു.
അമേരിക്കയുടെ യുദ്ധവെറി ലോകത്തിന് കാട്ടിക്കൊടുത്ത ആ ചിത്രം വിയറ്റ്‌നാംയുദ്ധമവസാനിപ്പിക്കുന്നതില്‍ നിര്‍ണായക ഘടകമായി.
നാല്‌പൊത്തമ്പതിലെത്തിയ കിം ഫുകിന് പഴയകാലം ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഇന്നും ഭീതിയുടെ ബോംബ് വര്‍ഷം.
വെടിയൊച്ചകള്‍ കേട്ടാണ് ജൂണ്‍ എട്ടിന് കിംഫുക് ഉണര്‍ന്നത്. ചാങ് ബാങ് ഗ്രാമത്തില്‍ അഭയാര്‍ത്ഥികളായിരുന്നൂ അവര്‍. ഏത് നിമിഷവും ട്രാങ്ബാങിലും ബോംബ് വര്‍ഷിക്കപ്പെടും എന്ന ഭീതി സഹോദരനോട് കിം ഫുക് പങ്കിട്ട് മിനുട്ടുകള്‍ കഴിഞ്ഞില്ല, പുകയുടെ വന്‍മലകള്‍ തീര്‍ത്ത് ബോംബുകള്‍ ട്രാങ്ബാങിനെ തീ കൊണ്ട് പൊതിഞ്ഞു. കിം ഫുകിന്റെ ഇടംങ്കൈയ്യില്‍ തീ പടര്‍ന്നു. തന്റെ കോട്ടണ്‍ വസ്ത്രത്തിലൂടെ തീ പടരുന്നത് കണ്ട് വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് അവള്‍ പുറത്തേക്ക് പാഞ്ഞു. വേവുന്ന ഉടലിന്റെ പിടച്ചിലില്‍ സ്വന്തം നഗ്നത അവള്‍ ആലോചിച്ചില്ല. സഹോദരനൊപ്പം അവള്‍ ഓടി. ജീവിതത്തിലേക്ക് പായുന്ന ഒമ്പതുവയസ്സുകാരി പെണ്‍കുട്ടി നിക് ഉട്ടിന്റെ ക്യാമറയിലേക്ക് ഞെട്ടിപ്പിക്കുന്ന ഒരു വലിയ സത്യമായി. ചിത്രമെടുത്ത് തിരിയുമ്പോഴാണ് എത്ര ഭീകരമായാണ് അവള്‍ക്ക് പൊള്ളലേറ്റിരിക്കുന്നതെന്ന് താന്‍ മനസ്സിലാക്കുന്നതെന്ന് നിക് ഉട്ട് ഓര്‍മിക്കുന്നു.
'ഞാന്‍ മരിച്ചുപോകും. ഞാന്‍ മരിച്ചുപോകും... എനിക്ക് വെള്ളം വേണം. എനിക്ക് വെള്ളം തരൂ..' എന്ന് അവള്‍ നിലവിളിച്ചുകൊണ്ടിരുന്നു.- നിക് ഉട്ട് പറയുന്നു. നിക് ഉട്ട് അവളുടെ കത്തുന്ന ഉടലില്‍ വെള്ളം കോരിയൊഴിച്ചു. നിക് ഉട്ട് തന്നെയായിരുന്നൂ ആശുപത്രിയിലേക്ക് അവളെ കൊണ്ടുപോയതും. 'അവളുടെ പ്രാണവേദനയാലുള്ള പാച്ചല്‍ കണ്ട് ഞാനും കരയുകയായിരുന്നു. അവള്‍ മരിച്ചിരുന്നെങ്കില്‍ ഞാന്‍ ഉറപ്പായും ആത്മഹത്യ ചെയ്യുമായിരുന്നു.' നിക് ഉട്ട് കൂട്ടിച്ചേര്‍ത്തു.
ഓഫീസില്‍ ചിത്രം കാട്ടിയപ്പോള്‍ നഗ്നത കാരണം കാട്ടി അത് പ്രസിദ്ധപ്പെടുത്തണ്ടതില്ല എന്ന് ഭൂരിപക്ഷം തീരുമാനിച്ചു. ഈയിടെ അന്തരിച്ച പ്രശസ്തഫോട്ടോഗ്രാഫര്‍ ഹോര്‍സ്റ്റ് ഫാസ് ഈ ദൃശ്യം എല്ലാ അതിരുകളേയും തകര്‍ക്കുന്ന ഒന്നാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചതോടെ എതിരഭിപ്രായങ്ങള്‍ ഇല്ലാതായി. ചിത്രം ലോകത്തെ ഞെട്ടിപ്പിച്ചു. വിയറ്റ്‌നാം യുദ്ധത്തിനെതിരായുള്ള ലോകത്തിന്റെ പ്രതിഷേധം ആളിക്കത്തി. ചെറിയ ആശുപത്രിയില്‍ നിന്ന് മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് കിംഫുകിനെ മാറ്റി. 20 ഡോക്ടര്‍മാര്‍ ഫുകിനെ ചികില്‍സിച്ചു. എല്ലാം ഭേദമായി തിരിച്ചെത്തിയ ഫുകിനെ സമാധാനത്തിന്റെ പുതുലോകം കാത്തിരിക്കുന്നുണ്ടായിരുന്നു. അവള്‍ക്ക് വിദേശത്ത് പോയി പഠിക്കാന്‍ അവസരം ലഭിച്ചു. യുദ്ധത്തിനെതിരായുള്ള യുഎന്നിന്റെ ഗുഡ് വില്‍ അംബാസ്സിഡറായി അവള്‍ .
ഇടയ്ക്കിടെ നിക് ഉട്ടിനും കിം ഫുകും പരസ്പരം കണ്ടു. യുദ്ധത്തിനെതിരായുള്ള കൂട്ടായ്മകളില്‍ അവര്‍ ഒന്നിച്ച് പങ്ക് ചേര്‍ന്നു.
തന്റെ രണ്ട് കുട്ടികള്‍ക്കൊപ്പം കാനഡയിലാണ് കിം ഫുക് ഇപ്പോള്‍. കാനഡയില്‍ കിം ഫൗണ്ടേഷന്‍ എന്ന സ്ഥാപനം നടത്തുന്നു. യുദ്ധത്തില്‍ പീഡനമനുഭവിക്കുന്ന കുട്ടികളെ സഹായിക്കുകയാണ് കിം ഫൗണ്ടേഷന്‍ .
ഫോട്ടോ-ജേര്‍ണലിസ്റ്റായി നിക് ഉട്ട് 46 വര്‍ഷക്കാലം പിന്നിട്ടു. സാഹസികഫോട്ടോയെടുപ്പില്‍ തല്പരനായ നിക് ഉട്ട് 1951-ലാണ് ജനിച്ചത്. എപി ഫോട്ടോഗ്രാഫറായിരുന്നു സഹോദരന്‍ ഹ്യുയാന്‍ തന്‍വി യുദ്ധദൃശ്യങ്ങളെടുക്കുന്നതിനടെ മരണപ്പെടുകയായിരുന്നു. ഹ്യുയാന്‍ തന്‍വിയുടെ പാത പിന്തുടര്‍ന്ന് എപിയില്‍ യുദ്ധഫോട്ടോഗ്രാഫറാകുമ്പോള്‍ നിക് ഉട്ടിന് വയസ്സ് 16 വയസ്സേ ഉണ്ടായിരുന്നുള്ളൂ.
ലോസ് ആഞ്ചലസ് വിമാനത്താവളത്തിനടുത്തായാണ് നിക് ഉട്ടിന്റെ താമസം. 'വിമാനം ആകാശത്തേക്ക് ചിറകുയര്‍ത്തുന്ന അര്‍ദ്ധരാത്രികളില്‍ ഞാന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരാറുണ്ടിപ്പോഴും. വിയറ്റ്‌നാമില്‍ മരണച്ചിറകടിച്ച് പറന്ന യുദ്ധവിമാനങ്ങള്‍ എന്റെ ഓര്‍മയിലുണരും അപ്പോള്‍ '- നിക് ഉട്ട് പറയുന്നു.
ചാങ് ബാങ് ഇപ്പോള്‍ ഒരു പാട് മാറിയിരിക്കുന്നു. പുതിയ പാര്‍ക്കുകള്‍ , ബാങ്കുകള്‍ , സ്‌കൂളുകള്‍ . മാറിയ വിയ്റ്റ്‌നാമിന്റെ ഫ്രെയിമുകള്‍ ക്യമറിയിലേക്ക് പകര്‍ത്തുക എന്നതാണ് ഇപ്പോള്‍ നിക് ഉട്ടിന്റെ ലക്ഷ്യം.
നിക് ഉട്ടിന് പുലിറ്റ്‌സര്‍ സമ്മാനം നേടിക്കൊടുത്ത കൊടിയ വേദനയുടെ ഈ ചിത്രം ഇരുപതാം നൂറ്റാണ്ടിലെ ശക്തമായ ദൃശ്യമായി വിലയിരുത്തപ്പെടുന്നു.
|
|
'നോംഗ്വാ.. നോഗ്വാ, എനിക്ക് പൊള്ളുന്നു...' നിക് ഉട്ട് എടുത്ത ആ ചിത്രം. |
|
ജൂണ്‍ 8 1972, കിം ഫുകിന്റെ സഹായത്തിനെത്തിയ ദക്ഷിണ വിയറ്റ്‌നാം സൈനീകരും മാധ്യമപ്രവര്‍ത്തകരും. നിക് ഉട്ട് എടുത്ത ചിത്രം.
|
|
|
ജൂണ്‍ 8 1972, യുദ്ധത്തില്‍ പൊള്ളലേറ്റ കുഞ്ഞുങ്ങളേയും കൊണ്ട് പലായനം ചെയ്യുന്ന പുരുഷനും സ്ത്രീയും. വിയറ്റ്‌നാം യുദ്ധം. ചാങ് ബാങ് ഗ്രാമം. നിക് ഉട്ട് എടുത്ത ചിത്രം. |
|
|
അമ്മയും മകളും. ജൂണ്‍ 10, 1972. അമ്മ ടു ഗോംഗ് നുവും കിം ഫുകും. വിയറ്റ്‌നാം ആശുപത്രി. |
|
|
1973, കിം ഫുകും നിക് ഉട്ടും. ട്രാങ് ബാങ് ഗ്രാമം, വിയറ്റ്‌നാം. |
|
|
ജൂണ്‍ 8 1972, യുദ്ധത്തില്‍ പൊള്ളലേറ്റ കുഞ്ഞിനേയും കൊണ്ട് പലായനം ചെയ്യുന്ന അമ്മ. വിയറ്റ്‌നാം യുദ്ധം. ട്രാങ് ബാങ് ഗ്രാമം. നിക് ഉട്ട് എടുത്ത ചിത്രം. |
|
|
ജൂണ്‍ 8 1972, ട്രാങ് ബാങ് ഗ്രാമത്തിന് മേല്‍ ബോംബ് വര്‍ഷിക്കുന്ന വിയറ്റ്‌നാമീസ് ഏയര്‍ഫോഴ്‌സ് വിമാനം. വിയറ്റ്‌നാം യുദ്ധം. ട്രാങ് ബാങ് ഗ്രാമം. നിക് ഉട്ട് എടുത്ത ചിത്രം. |
|
|
ആഗസ്റ്റ് 17, 1989. കിം ഫുകും നിക് ഉട്ടും. ഹവാന, ക്യൂബ. (ഫോട്ടോ: ജിം കകാവോ) |
|
|
ആഗസ്റ്റ് 17, 1989. കിം ഫുകും നിക് ഉട്ടും. ഹവാന, ക്യൂബ. (ഫോട്ടോ: ജിം കകാവോ) |
|
|
1992. കിം ഫുകിന്റെ വിവാഹം. ഹവാന, ക്യൂബ. |
|
|
മകന്‍ തോമസിനെ ചേര്‍ത്തുപിടിച്ച് കിം ഫുക്. ഭര്‍ത്താവ് ബ്യു ഹൂയ് ടോണ്‍ അരികെ. ജൂണ്‍ 8, 1997. നിക് ഉട്ട് എടുത്ത ചിത്രം. |
|
|
ജൂണ്‍ 8, 1997. ടെലിവിഷന്‍ വീക്ഷിക്കുന്ന കിം ഫുക്, ഭര്‍ത്താവ് ബ്യു ഹൂയ് ടോണ്‍ , മകന്‍ തോമസ്. കാനഡ. നിക് ഉട്ട് എടുത്ത ചിത്രം. |
|
|
മെയ് 25,1997-കിം ഫുക്. ടൊറന്റോ. നിക് ഉട്ട് എടുത്ത ചിത്രം. |
|
മെയ് 25,1997- മകന്‍ തോമസിനൊപ്പം കളിക്കുന്ന കിം ഫുക്. ടൊറന്റോ. നിക് ഉട്ട് എടുത്ത ചിത്രം.
|
|
|
മെയ് 25, 1997. കിം ഫുകും ഭര്‍ത്താവും. |
|
|
മകളുടെ ഫോട്ടോ പിടിച്ച് നില്ക്കുന്ന അച്ഛന്‍ ഫാന്‍ തും ഫുകും (72 വയസ്സ് )അമ്മ ടു ഗോംഗ് നുവും (66 വയസ്സ്). ജൂണ്‍ 1, 1997. എപി ഫോട്ടോ: റിച്ചാര്‍ഡ് വോഗല്‍ |
|
ചാങ് ബാങില്‍ നിന്ന് 40 വര്‍ഷത്തിന് ശേഷം ആ ചിത്രം. മാറിയ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ..
|
|
|
നിക് ഉട്ടിനും കും ഫുകും, നാല്‌പത് വര്‍ഷങ്ങള്‍ക്ക് ശേഷം. ജൂണ്‍ 2 2012, കാലിഫോര്‍ണിയ. (എ.പി ഫോട്ടോ: ജെയ്.സി.കോംഗ്) |
|
|
ചിത്രത്തിന് കീഴില്‍ നിന്ന് കൊണ്ട് കിം ഫുക് സംസാരിക്കുന്നു. ലിബെര്‍ട്ട് ബാപിസ്റ്റ് പള്ളി, കാലിഫോര്‍ണിയ, ജൂണ്‍ 3 2012. |
|
|
പൊള്ളലേറ്റ തന്റെ ഇടതുകൈ പ്രസംഗത്തിനിടെ ഉയര്‍ത്തിക്കാട്ടുന്ന കിം ഫുക്. ലിബെര്‍ട്ടി ബാപ്പിസ്റ്റ് പള്ളി, ന്യൂ പോര്‍ട്ട് ബീച്ച്, കാലിഫോര്‍ണിയ. ജൂണ്‍ 3 2012. (എ.പി ഫോട്ടോ: ഡാമിയന്‍ ഡോവര്‍ഗെന്‍സ്) |
|
|
നിക് ഉട്ടിനും കും ഫുകുംകും ഫുകിനെ ചികില്‍സിച്ച ഡോക്ടര്‍ മൈ ലിയും. ജൂണ്‍ 2 2012, കാലിഫോര്‍ണിയ. (എ.പി ഫോട്ടോ: ജെയ്.സി.കോംഗ്) |
|
|
ചാങ് ബാങ് ഗ്രാമത്തിലൂടെ സൈക്കിളോടിച്ച് പോകുന്ന കുട്ടികളുടെ പടമെടുക്കുന്ന നിക് ഉട്ട് . വിയറ്റ്‌നാം. മാര്‍ച്ച് 19, 2012. (എ.പി ഫോട്ടോ: നാ സോന്‍ എന്‍ഞ്ചുയെന്‍) |
|
നിക് ഉട്ട് താന്‍ പകര്‍ത്തിയ വിയറ്റ്‌നാം യുദ്ധചിത്രങ്ങളുമായി. ജൂണ്‍ 3, 2012.
|
|
|
നിക് ഉട്ടിനും കും ഫുകും, നാല്‌പത് വര്‍ഷങ്ങള്‍ക്ക് ശേഷം. ജൂണ്‍ 2 2012, കാലിഫോര്‍ണിയ. (എ.പി ഫോട്ടോ: ജെയ്.സി.കോംഗ്) |
|
|
40 വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എടുത്ത ചിത്രം ചാങ് ബാങിലെ ഒരു വസതിക്ക് മുന്നില്‍ തൂക്കിയിരിക്കുന്നത് കണ്ട് ക്യാമറയിലേക്ക് പകര്‍ത്തുന്ന നിക് ഉട്ട്. മാര്‍ച്ച് 29, 2012. (എ.പി ഫോട്ടോ: നാ സോന്‍ എന്‍ഞ്ചുയെന്‍) |