HOME » ZOOM IN

SCROLL DOWN TO MORE..

Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

ലോകത്തെ ഏറ്റവും വലിയ യുദ്ധസ്മാരകമാണ് തെക്കുകിഴക്കന്‍ ഓസ്‌ട്രേലിയന്‍ തീരത്തെ 'ഗ്രേറ്റ് ഓഷ്യന്‍ റോഡ്'. ഒന്നാംലോക മഹായുദ്ധത്തില്‍ മരിച്ച അറുപതിനായിരം ഓസ്‌ട്രേലിയക്കാരുടെ സ്മരണാര്‍ഥം നിര്‍മിച്ച റോഡിന്റെ നീളം 243 കിലോമീറ്റര്‍. യുദ്ധം കഴിഞ്ഞെത്തിയ മൂവായിരത്തോളം സൈനികര്‍ ചേര്‍ന്നാണ് അത് നിര്‍മിച്ചത്. 14 വര്‍ഷമെടുത്തു നിര്‍മാണം പൂര്‍ത്തിയാകാന്‍.

മനോഹരമായ സമുദ്രദൃശ്യങ്ങളും വന്യാനുഭവങ്ങളുമാണ് ഓഷ്യന്‍ റോഡിലൂടെയുള്ള യാത്രയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഗ്രേറ്റ് ഓഷ്യന്‍ റോഡിനെക്കുറിച്ചുള്ള മാതൃഭൂമി വാരാന്തപ്പതിപ്പിലെ ഫീച്ചര്‍ വായിക്കുക. ഗ്രേറ്റ് ഓഷ്യന്‍ റോഡ് യാത്രയിലെ ചില ദൃശ്യങ്ങളാണ് ചുവടെ.
ചിത്രങ്ങള്‍ : ജോസഫ് ആന്റണി

ഗ്രേറ്റ് ഓഷ്യന്‍ റോഡ് -ഓസ്‌ട്രേലിയയില്‍ വിക്ടോറിയയുടെ തലസ്ഥാനമായ മെല്‍ബണില്‍നിന്ന് നൂറ് കിലോമീറ്റര്‍ തെക്ക് ടോര്‍ക്വേ മുതല്‍ പടിഞ്ഞാറ് വാര്‍നാമ്പൂല്‍ പട്ടണത്തിന് സമീപം വരെ ഈ റോഡ് നീളുന്നു


സര്‍ഫിങിന് പ്രശസ്തമായ ബെല്‍സ് ബീച്ച്


തണുപ്പകറ്റാന്‍ ചായകുടി-ബെല്‍സ് ബീച്ചില്‍ നിന്നുള്ള ദൃശ്യം


ഗ്രേറ്റ് ഓഷ്യന്‍ റോഡ് സ്മാരക കമാനം


ഗ്രേറ്റ് ഓഷ്യന്‍ റോഡിലെ സ്മാരക ഫലകം


മനുഷ്യരെ പേടിയില്ലാത്ത ക്രിംസണ്‍ റോസെല്ല തത്ത-കോല സാംങ്ച്വറിയില്‍ നിന്നുള്ള ദൃശ്യം. കാങ്കരുവും കോലയും പോലെ ഓസ്‌ട്രേലിയയുടെ സ്വന്തമാണ് ക്രിംസണ്‍ റോസെല്ല പക്ഷികള്‍


ടെമ്പറേറ്റ് മഴക്കാട്ടിനുള്ളില്‍ -ഗ്രേറ്റ് ഓഷ്യന്‍ റോഡ് യാത്രയില്‍ ഈ പ്രാചീന മഴക്കാട് സന്ദര്‍ശനവും ഉള്‍പ്പെടുന്നു


അത്യന്തം ദുഷ്‌ക്കരവും വെല്ലുവിളികള്‍ നിറഞ്ഞതുമായ കടലോരത്തുകൂടി, പര്‍വ്വതച്ചുവടുകളിലും ശ്വാസംനിലയ്ക്കുന്ന കടല്‍മുനമ്പുകളിലും കൂടി, ഒട്ടേറെ കൊടുംവളവുകളോടും തിരിവുകളോടുംകൂടി നിര്‍മിക്കപ്പെട്ടതാണ് ഗ്രേറ്റ് ഓഷ്യന്‍ റോഡ്


ഉഷ്ണമേഖലാ പ്രദേശത്തുനിന്നെത്തുന്നവര്‍ക്ക് പരിചയമില്ലാത്ത സസ്യജാലങ്ങളാണ് ഇവിടെ എങ്ങും


പോര്‍ട്ട് കാംപലിലെ 12 അപ്പസ്‌തോലന്‍മാര്‍-ഗ്രേറ്റ് ഓഷ്യന്‍ റേഡിലെ ഏറ്റവും വലിയ ആകര്‍ഷണം ഇതാണ്. ഭീമന്‍ മണല്‍ത്തിട്ടയുള്ള കടലോരത്ത് തിരമാലകളുടെ ആക്രമണമേറ്റ് വെള്ളത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ സ്തംഭങ്ങളാണ് '12 അപ്പസ്‌തോലന്‍മാര്‍'.


'അപ്പസ്‌തോലന്‍മാരു'ടെ ചിത്രമെടുക്കാനുള്ള സന്ദര്‍ശകരുടെ തിരക്ക്. പ്രതിവര്‍ഷം 75 ലക്ഷം സന്ദര്‍ശകര്‍ ഓഷ്യന്‍ റോഡില്‍ യാത്രചെയ്ത്, പ്രകൃതിയിലെ ഈ അത്ഭുതം കാണാന്‍ പോര്‍ട്ട് കാംപലിലെത്തുന്നു


'അപ്പസ്‌തോലന്‍മാരു'ടെ മറ്റൊരു ദൃശ്യം


പോര്‍ട്ട് കാംപലില്‍ 'അപ്പസ്‌തോലന്‍മാര്‍' സ്ഥിതിചെയ്യുന്ന സ്ഥലത്തെ കടല്‍മുനമ്പിന്റെ ദൃശ്യം


'അപ്പസ്‌തോലന്‍മാരി'ല്‍ രണ്ടെണ്ണം


'തള്ളപ്പന്നിയും കുട്ടികളു'മെന്ന് അറിയപ്പെട്ടിരുന്ന ഈ ചുണ്ണാമ്പുകല്ല് നിര്‍മിതകള്‍ക്ക്, ടൂറിസം സാധ്യതകള്‍ മുന്‍നിര്‍ത്തി '12 അപ്പസ്‌തോലന്‍മാര്‍' എന്ന് പേരിട്ടത് 1922 ലാണ്


'12 അപ്പസ്‌തോലന്‍മാര്‍' എന്നാണ് പേരെങ്കിലും ഒന്‍പതെണ്ണമാണ് ഉണ്ടായിരുന്നത്. അതില്‍ രണ്ടെണ്ണം കഴിഞ്ഞ പതിറ്റാണ്ടില്‍ കടലില്‍ വീണു. ഇപ്പോള്‍ '12 അപ്പസ്‌തോലന്‍മാര്‍' എന്നത് ഏഴെണ്ണമേയുള്ളൂ


ഗ്രേറ്റ് ഓഷ്യന്‍ റോഡിലെ ഒരു ദൃശ്യം. 2011 ല്‍ ഓസ്‌ട്രേലിയയുടെ ദേശീയ പൈതൃകപട്ടികയില്‍ ഗ്രേറ്റ് ഓഷ്യന്‍ റോഡ് ഇടംനേടി


പോര്‍ട്ട് കാംപലിലെ കടലോര ദൃശ്യം. പോര്‍ട്ട് കാംപല്‍ തീരത്തെ ഭീമന്‍ മണല്‍ത്തിട്ടകള്‍ക്ക് 20 ദശലക്ഷം വര്‍ഷം പഴക്കം വരുമെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ കണക്കുകൂട്ടിയിട്ടുള്ളത്


റേസര്‍ബാക്ക്-കടലിലെ മറ്റൊരു വിചിത്ര ഘടന. കത്തിയുടെ വായ്ത്തല പോലെ കാണപ്പെടുന്നതിനാലാണ് ഈ പേര്‌


പോര്‍ട്ട് കാംപലിലെ ലോക് ആര്‍ഡ് ഗോര്‍ജ് - ഇംഗ്ലണ്ടില്‍നിന്ന് മെല്‍ബണിലേക്ക് പോവുകയായിരുന്ന 'ലോക് ആര്‍ഡ്' (Loch Ard) എന്ന കപ്പിലിന്റെ പേരില്‍നിന്നാണ് ഈ പേരുണ്ടായത്. 50 പേരുമായി വന്ന ആ കപ്പല്‍ 1878 ജൂണ്‍ ഒന്നിന് ഇതിന് സമീപം മുങ്ങി. ഷിപ്പിന്റെ അപ്രന്റീസ് ആയിരുന്ന 18 കാരന്‍ ടോം പിയേഴ്‌സും, കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ഐറിഷ് കുടുംബത്തിലെ അംഗമായ 18 കാരി ഇവാ കാര്‍മിക്കലും മാത്രമാണ് അതില്‍ രക്ഷപ്പെട്ടത്. ഇവിടെയുള്ള സ്മാരകഫലകത്തില്‍ പറയുന്നത് ടോം ആദ്യം കരയ്‌ക്കെത്തുകയും, സഹായത്തിനുള്ള ഇവയുടെ നിലവിളി കേട്ട് കടലില്‍ നീന്തി അവളെ സാഹസികമായി രക്ഷപ്പെടുത്തിയെന്നുമാണ്. ലോകത്തേറ്റവുമധികം കപ്പലുകള്‍ മുങ്ങിയിട്ടുള്ള 'ഷിപ്പ്‌റെക്ക് കോസ്റ്റി'ന്റെ ഭാഗമാണ് പോര്‍ട്ട് കാംപല്‍ പ്രദേശവും


പോര്‍ട്ട് കാംപലിലെ മറ്റൊരു ദൃശ്യം. ഈ തീരപ്രദേശത്തെ ഭീമന്‍ മണല്‍ത്തിട്ടകള്‍ക്ക് 20 ദശലക്ഷം വര്‍ഷം പഴക്കം വരുമെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ കണക്കുകൂട്ടിയിട്ടുള്ളത്. അപ്പസ്‌തോലന്‍മാര്‍ ഉള്‍പ്പടെ കടലില്‍ കാണുന്ന ഘടനകള്‍ക്ക് 6000 വര്‍ഷം പ്രായമേയുള്ളു. കടല്‍നിരപ്പ് ഇന്നത്തെ നിലയ്ക്ക് എത്തിയപ്പോള്‍ രൂപപ്പെട്ടതാണവ. ഈ ഘടനകള്‍ ഏറിയാല്‍ 600 വര്‍ഷംകൂടിയേ അവശേഷിക്കൂ എന്ന് വിദഗ്ധര്‍ പറയുന്നു


ലണ്ടന്‍ ബ്രിഡ്ജ് - പ്രകൃതിദത്തമായ പാലമായിരുന്നു ഇത്. ഭീമന്‍തൂണ് കടലില്‍ സ്ഥാപിച്ചിട്ട് കരയിലേക്ക് പാലംവഴി ബന്ധിപ്പിച്ച മാതിരിയുള്ള ഘടന. ടൂറിസ്റ്റുകള്‍ നടന്ന് കടലിന് മുകളിലെത്തുമായിരുന്നു. 1990 ജനവരി 15ന് ലണ്ടന്‍ ബ്രിഡ്ജ് തകര്‍ന്നു. നൂറുകണക്കിന് ടണ്‍ ചുണ്ണാമ്പുകല്ലും മണ്ണും കടലില്‍ പതിച്ചു. ലണ്ടന്‍ പാലത്തിന് മുകളില്‍ നിന്നിരുന്ന രണ്ട് സന്ദര്‍ശകര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹെലികോപ്ടറെത്തിയാണ് അവരെ രക്ഷിച്ചത്. 'ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഫാളിങ് ഡൗണ്‍' എന്ന ഗാനം സത്യമായത് ഇവിടെയാണെന്ന് സാരം!


ലണ്ടന്‍ ബ്രിഡ്ജിനരികില്‍ സന്ദര്‍ശകര്‍