Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.
ഗുവാഹാട്ടി: അസമിലെ കലാപബാധിത ബോഡോലാന്‍ഡ് മേഖലയില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ശനിയാഴ്ച സന്ദര്‍ശനം നടത്തും. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് വ്യാഴാഴ്ച കലാപമേഖലയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. രണ്ടുമൂന്നു ദിവസത്തിനകം സമാധാനം പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം, ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാത്രിയുമായി നടന്ന അക്രമങ്ങളില്‍ നാലുപേര്‍ കൂടിമരിച്ചതോടെ ആറുദിവസമായി തുടരുന്ന കലാപത്തില്‍ മരിച്ചവരുടെ എണ്ണം 44ആയി. ബക്‌സ ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ അക്രമിസംഘം നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു.
കലാപം ഏറ്റവുമധികം ദുരന്തം വിതച്ച കൊക്രജാര്‍ ജില്ലയില്‍ വ്യാഴാഴ്ച അജ്ഞാതരുടെ ആക്രമണത്തില്‍ ജില്ലാ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് ബിപുല്‍ സൈകിയയ്ക്കു പരിക്കേറ്റു. ജില്ലയിലെ അഭയാര്‍ഥിക്യാമ്പ് സന്ദര്‍ശിക്കാന്‍ പോകുംവഴിയാണ് അദ്ദേഹത്തിന്റെ വാഹനത്തിനുനേരേ ആക്രമണമുണ്ടായത്. വാഹനത്തിനു കേടുപാടുപറ്റി.
കൊക്രജാര്‍ ജില്ലയില്‍ അനിശ്ചിതകാല നിരോധനാജ്ഞയും ചിരാങ്, ധുബ്രി ജില്ലകളില്‍ നിശാനിയമവും തുടരുകയാണ്. കരസേനയും അര്‍ധസൈനിക വിഭാഗങ്ങളും വന്‍തോതില്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്. അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാനാണ് നിര്‍ദേശം. കലാപമേഖലയില്‍നിന്ന് രണ്ടുലക്ഷത്തോളം പേര്‍ പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്. മേഖലയിലെ വിവിധ ജില്ലകളിലായുള്ള നൂറ്റമ്പതോളം അഭയാര്‍ഥി ക്യാമ്പുകളിലാണ് ഇവരിലേറെപ്പേരും തമ്പടിച്ചിട്ടുള്ളത്.
ക്യാമ്പുകളില്‍ ആരോഗ്യസേവനങ്ങളെത്തിക്കാന്‍ അടിയന്തര നടപടി കൈക്കൊണ്ടതായി സംസ്ഥാന ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വശര്‍മ അറിയിച്ചു. കലാപത്തെത്തുടര്‍ന്ന് നിലച്ച തീവണ്ടിസര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനഃസ്ഥാപിച്ചതായി റെയില്‍വേ വൃത്തങ്ങള്‍ വ്യാഴാഴ്ച പറഞ്ഞു. തദ്ദേശീയ ബോഡോ വംശജരും മേഖലയിലെ മുസ്‌ലിം കുടിയേറ്റക്കാരും തമ്മിലുള്ള സംഘര്‍ഷമാണ് കലാപമായി ആളിപ്പടര്‍ന്നത്.
രാജധാനി എക്‌സ്പ്രസ്സിന് നേരേ അക്രമം ഉണ്ടായതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച തീവണ്ടിസര്‍വീസുകള്‍ ബുധനാഴ്ച ഉച്ചയോടെ ഭാഗികമായി പുനരാരംഭിച്ചു.
തീവണ്ടി സര്‍വീസുകള്‍ നിലച്ചതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒറ്റപ്പെട്ടിരുന്നു. പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലോടെയാണ് ഏതാനും വണ്ടികള്‍ കനത്തസുരക്ഷയില്‍ സര്‍വീസ്‌നടത്തുന്നത്. അസമിലേക്കുള്ള എട്ടുതീവണ്ടികള്‍ പശ്ചിമബംഗാളിലെ ജല്‍പായിഗുഡി സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്. രണ്ടുദിവസമായി 30, 000ത്തോളം യാത്രക്കാര്‍ വിവിധസ്റ്റേഷനുകളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അവശ്യവസ്തുക്കളുമായി വന്ന ട്രക്കുകളും പലയിടത്തായി നിര്‍ത്തിയിട്ടു.
അക്രമം ഭയന്ന് ഒട്ടേറെ കുടിയേറ്റക്കാര്‍ പശ്ചിമബംഗാളിലേക്ക് രക്ഷപ്പെട്ടു. സര്‍ക്കാര്‍ തുറന്ന 125 ദുരിതാശ്വാസ കേന്ദ്രങ്ങളിലും ആയിരക്കണക്കിനാളുകള്‍ അഭയം തേടിയിട്ടുണ്ട്.
കൊക്രജാര്‍ ജില്ലയില്‍ ജൂലായ് ആറിന് രണ്ട് മുസ്‌ലിംയുവാക്കള്‍ മരിച്ചിരുന്നു. 19-ന് രണ്ട് മുസ്‌ലിം യുവനേതാക്കള്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റു. 20-ന് നാല് മുന്‍ ബോഡോ തീവ്രവാദികള്‍ കൊല്ലപ്പെട്ടതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപം നിയന്ത്രിക്കാനും കലാപബാധിതരെ പുനരധിവസിപ്പിക്കാനും സംസ്ഥാനഭരണകൂടം കൈക്കൊണ്ട നടപടികള്‍ ശനിയാഴ്ച മേഖലയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് നേരിട്ട് വിലയിരുത്തും.
ചൊവ്വാഴ്ച മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുമായി ടെലിഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി കര്‍ശന നിര്‍ദേശങ്ങള്‍ കൈമാറിയിരുന്നു. അസമില്‍നിന്നുള്ള രാജ്യസഭാംഗമാണ് മന്‍മോഹന്‍.അതിനിടെ, അസമില്‍ നിന്നുള്ള മുസ്‌ലിം എം.പി.മാര്‍ വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ സന്ദര്‍ശിച്ചു. കലാപം നിയന്ത്രിക്കാന്‍ കേന്ദ്രഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു സന്ദര്‍ശനം
ശീര്‍ഷകം ആവശ്യപ്പെടാത്ത ചിത്രങ്ങള്‍ . എപി ഫോട്ടോസ്.































