Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.
സുള്‍ഫി
തുലാം പത്തും കഴിഞ്ഞു. പെരുമഴ പിന്നെ ഒറ്റയൊറ്റത്തുള്ളികളിലേക്ക് ചുരുങ്ങി, പതുക്കെ നിന്നു. തല തുവര്‍ത്തിയ പുല്ലും മരങ്ങളും പുതിയ തളിര്‍ചൂടി ചിരിതൂകി നിന്നു; മനസ്സും. നന്ത്യാര്‍വട്ടത്തിന്റെയും മന്ദാരത്തിന്റെയും ചോട്ടില്‍ മഴയില്‍ കുതിര്‍ന്ന ചിറകുമായി ഒറ്റയ്ക്കുനിന്ന നാട്ടുകുരുവിയും എങ്ങോട്ടോ പറന്നുപോയി. മെല്ലെ മെല്ലെ വെയില്‍ പരന്നു. പിന്നെ വിടര്‍ന്നു. ഗ്രീഷ്മം അതിന്റെ നീള്‍നാവുകള്‍ നീട്ടി. തീമാനം പിളര്‍ന്നിറങ്ങുന്ന മീനം-മേടത്തിലിരിക്കുമ്പോള്‍ പിന്നെയും മഴക്കിനാവുകളില്‍ത്തന്നെ!
മഴയെപ്പോലെ വേനലിനെപ്പറ്റി ഒരുപാടൊന്നും പാടുകയും പറയുകയും ചെയ്തിട്ടില്ല. വേനലും വെയിലും അത്ര പറയപ്പെടാതെ പോയതെന്താണാവോ? ചിലപ്പോള്‍ അതിന്റെ ഭാവംതന്നെ ഈ തീക്ഷ്ണമായ വാട്ടലും വരള്‍ച്ചയുമായതുകൊണ്ടാവാം.
എങ്കിലും തപിക്കുന്ന വേനലിനും വാട്ടവും ദാഹവും മാത്രമല്ലല്ലോ, ചിലചില സൗകുമാര്യങ്ങളും സന്തോഷവുംകൂടിയില്ലേ? എത്രതരം പൂക്കളാണീ വേനല്‍ച്ചോട്ടില്‍ ഇതളാട്ടിനിന്ന് ഉഷ്ണത്തിന്റെ കാളുംകണ്ണിന് നല്‍ക്കാഴ്ചയേകുന്നത്. വേലിപ്പൂവും കോളാമ്പിയും തെച്ചിയും അരിപ്പൂവും താമരയും വാകയും അരളിയും മന്ദാരവും പിന്നെ കനകക്കണിവെക്കുന്ന കൊന്നയും വേനല്‍ക്കൈനീട്ടം തന്നെ. അങ്ങനെയങ്ങനെ പേരറിയുന്നതും അറിയാത്തതുമായ ഒരുപാടൊരുപാട് പൂവഴകുകള്‍. മുറ്റത്തെ മുല്ലയും നന്ദ്യാര്‍വട്ടവും മാത്രമല്ല കുറച്ച് വെള്ളമൊഴിച്ച് ഒന്നാര്‍ദ്രമാക്കാമെങ്കില്‍ ഏത് പൂക്കാത്ത കൊമ്പും വള്ളിയും പൂവാടചുറ്റുന്ന അത്ഭുതം കാണിക്കാനറിയാം വേനലിന്. വേനലെരിച്ച തൊടിയിലും പാടത്തും വെള്ളരിയും വെണ്ടയും പടവലവും പയറുമൊക്കെ തുടുത്തുവളര്‍ന്ന് വിലസും.
ഈ തിളയ്ക്കുന്ന വേനലിന്റെ നടുവിലും കുളിരിന്റെ കൂടാരമുണ്ട്; മാഞ്ചുവട്ടിലേക്കൊന്ന് നടക്കുകയേ വേണ്ടൂ. അവിടെയാ എത്താക്കൊമ്പത്ത് അണ്ണാനും കാക്കയും കുയിലുമെല്ലാം പങ്കിട്ടുപകുതിയാക്കിയ, ഒരുകാറ്റില്‍ ഇപ്പോള്‍ ഊര്‍ന്നുവീഴുമെന്നപോലെ ആടുന്ന മഞ്ഞച്ച പച്ചയുള്ള മാമ്പഴം കാണാം. അതുംനോക്കി ആ തണലില്‍ നില്‍ക്കെ, ഇലത്തളിര്‍പ്പിന്റെ ഉള്ളിലെവിടെയോ ഒളിഞ്ഞിരുന്ന്, ഉള്ളിന്റെയുള്ളിലേക്ക് പെയ്തിറങ്ങുന്ന ഒരു കുതൂഹലം കേള്‍ക്കാം; നാട്ടുകുയില്‍പ്പാട്ട്. പറയാതെ വരുന്നൊരു കാറ്റില്‍ ഇലയും കൊമ്പും കന്യകയുടെ മാടിക്കോതിയ കാര്‍കൂന്തല്‍ പോലെ ഒന്നുള്ളോട്ടുലയുമ്പോള്‍ അവിടവിടെ ഓരോ 'ടപ്പ്' കേള്‍ക്കാം. പൊഴിയുന്ന മാമ്പഴങ്ങളുടെ ശബ്ദം.
അവസാന പരീക്ഷയും തീര്‍ന്നിറങ്ങുമ്പോള്‍ മനസ്സ് തുടികൊട്ടുകയാണ്. കൊയ്ത്തുകഴിഞ്ഞ പുഞ്ചപ്പാടത്ത് ഗോള്‍പോസ്റ്റും പിച്ചുമൊക്കെ തയ്യാറാക്കി, രാവുപുലരുന്നത് കളിക്കളത്തിലേക്കുണരാനായുള്ള, മതിമറക്കലിന്റെ ഒരു കാലംകൂടിയായിരുന്നു വേനല്‍. എത്ര ഊഷരതയോടെ ഗ്രീഷ്മമെന്ന് വിളിച്ചാലും മധ്യവേനല്‍ ഒരുത്സവകാലം കൂടിയായിരുന്നല്ലോ.
വിരുന്നും വിശേഷങ്ങളുമായി പെണ്‍കുട്ടികളും വേനലിനെ വസന്തമാക്കി. പാഠപുസ്തകത്തിന്റെ താളുകള്‍ മറിയുന്ന മുറയ്ക്ക് ഹൃദയം കാത്തിരുന്ന് വരവേറ്റതാണ് ഓരോ വേനലിനെയും.
കളിച്ചുമദിച്ചുതീരാതെ സന്ധ്യയുടെ മൂട്ടില്‍ ചേടിയിലും വിയര്‍പ്പിലും പൊതിഞ്ഞുകുതിര്‍ന്ന് ഓടിവന്ന് കോരിയെടുത്ത ഒരു പാട്ട വെള്ളം കുടിച്ചിറക്കുമ്പോള്‍ തീര്‍ന്ന ദാഹംപോലെ പിന്നൊരിക്കലും ഒരു ദാഹവും തീര്‍ന്നിട്ടുണ്ടാവില്ലല്ലോ. മാഞ്ചോട്ടിലും വേലിപ്പൂക്കളുടെ പൊയ്കക്കരികിലും പറഞ്ഞുപറഞ്ഞുതീരാത്ത വര്‍ത്തമാനങ്ങളുടെ ബാക്കി ഇപ്പോഴും ഉള്ളില്‍ കരുതുന്നുണ്ടാകും. വിരുന്നുപാര്‍ക്കാന്‍ പോകുംവഴി കൂട്ടുകാരിയുടെ വീടുകണ്ടതും ഒരു വേനലവധിക്കുതന്നെയല്ലേ? തൊടിയിലും വേലിക്കലും കണ്ടതൊക്കെ പറിച്ച് തിന്നും പറങ്കിമാങ്ങ കടിച്ചൂറ്റിയും തോട്ടുവക്കിലെ കോളാമ്പിപ്പൂക്കള്‍, പാവാട മടക്കിപ്പിടിച്ച് അതില്‍ നിറച്ച് വെറുതെ കരേറിയ കാലം.
വെയില്‍ച്ചൂട് പകര്‍ന്ന കുളത്തിലെ വെള്ളത്തില്‍ കുത്തിമറഞ്ഞതും വേനല്‍ജീവിതം. ആര്‍ത്തിയോടെ കടിച്ചുപറിച്ചപ്പോള്‍ പച്ചമാങ്ങാച്ചുണ പച്ചകുത്തിയ ഒരു പാട് സൂക്ഷിച്ചുനോക്കിയാല്‍ ഇപ്പോഴും കണ്ടേക്കാം! മണ്ണിലും മലരിലും കളിയോടുകളി ആടിത്തിമിര്‍ത്ത എത്രയോ വേനല്‍പ്പകലുകള്‍... എത്ര കത്തിയാളിയാലും ചുട്ടുപൊള്ളിയാലും ഗ്രീഷ്മത്തിന്റെ വേനല്‍ച്ചൂരിന് ഒരു സുഖമുണ്ട്; മണ്ണിന്റെ മാറ് വെന്ത മണം. പൊരിവെയില്‍ വാട്ടിയ കാട്ടുപൂവിന്റെയും തുളസിയുടെയും പച്ചിലകളുടെയും മധുരസൗരഭ്യം. നീര്‍വലിയുന്ന തേങ്ങാമുറികള്‍ കൊപ്രയിലേക്ക് സംക്രമിക്കുന്ന വെളിച്ചെണ്ണഗന്ധം. നെല്ലിന്റെയും വൈക്കോലിന്റെയും ഉണക്കാനിട്ട മത്സ്യത്തിന്റെയും നാട്ടുമാവില്‍ തുരുതുരെ തൂങ്ങുന്ന മാമ്പഴത്തിന്റെയും കറചുവയ്ക്കുന്ന രസഗന്ധം. മീന്‍പിടിക്കാന്‍ വാര്‍ത്തുവറ്റിച്ച കുളത്തിലെ ചളിയുണങ്ങുന്ന മണം. വെയില്‍ പാകമാക്കിയ ഞാവല്‍പ്പഴത്തിന്റെ കൊതിമണം.
വേനല്‍ക്കാലത്ത് രാത്രിക്കുമുണ്ട് ഒരു വെയില്‍മണവും മധുരവും. രാച്ചോട്ടില്‍ പൂവിട്ടുനില്‍ക്കുന്ന പൈന്‍മരം ഏതോ മുത്തശ്ശിക്കഥയിലെ കഥാപാത്രംതന്നെയിപ്പോഴും. അരണ്ട നിലാവിലും ആയിരം നക്ഷത്രങ്ങള്‍ കാണാം. തുറന്നിട്ട ജനാലയിലൂടെ, വലിയ നിശ്ശബ്ദതയ്ക്കിടയില്‍ പാടിവരുന്നൊരു കാണാക്കാറ്റിന്റെ അറ്റത്ത് മുല്ലപ്പൂവിന്റെ ഇതളടരുമ്പോള്‍ ഒന്നിച്ചു തൂകിപ്പോയ ആ മാദകസൗരഭ്യം. പാതിയുറങ്ങിയും ഉറങ്ങാതെയും പകലാക്കുമ്പോള്‍ ഒറ്റയ്ക്ക് വിടര്‍ന്ന നിശാഗന്ധി. പ്രേമം തളിരിട്ട മനസ്സ് ഉറക്കംകെടുത്തിയ രാവില്‍, വേനലിന്റെ അറിയിപ്പുപോലെ പാടത്തിന്‍കരയിലെ പാലപൂത്തതിന്റെ പ്രണയഗന്ധം. വിറളിയെടുക്കുന്ന വേനല്‍രാവിനെ കുളിര്‍പ്പിച്ചുകൊണ്ട് പൂത്ത് മദിച്ച പാരിജാതത്തിന്റെ ഗൃഹാതുര ഗന്ധം; അങ്ങനെയങ്ങനെ പാതിരകളെയും വേനല്‍ പ്രിയതരമാക്കി.
ജീവിതം യാന്ത്രികമായതിന്റെ കെടുതികള്‍ പറഞ്ഞ് നമ്മള്‍ ഒരുപാട് മാറി. പൈന്‍മരങ്ങളും ഇലഞ്ഞിയും പൂമെത്ത വിരിച്ച ഇടവഴികളും നാട്ടുവഴികളും ഇല്ലാതായി. തൊടിയും തോടും മാഞ്ഞുപോയി. വേനലിന്റെ മധുരിമപോലും അറിയാനാവാത്ത മാറ്റം. എപ്പഴോ മനുഷ്യന്റെ മഹാപാതകങ്ങളുടെ പാപത്താല്‍ കാലത്തിന്റെ ഋതുഗണിതം പിഴച്ചപ്പോള്‍ വേനല്‍മഴയും മുറതെറ്റി. ദിനതാപത്തിന്റെ ഉഷ്ണമാപിനികള്‍ പേടിപ്പിക്കുന്ന കണക്കുകള്‍ കാട്ടി. കിണറാഴങ്ങളില്‍ കണ്ണീര്‍ത്തെളിയുള്ള കുളിര്‍വെള്ളം ഉള്‍വലിഞ്ഞു. മരച്ചുവടുകളിലെ ഇളവേല്‍പ്പും, മുങ്ങിനിവര്‍ന്നും മുങ്ങാങ്കുഴിയിട്ടും ആര്‍ത്തുല്ലസിച്ച, വെയിലിന്റെ നീള്‍ക്കരം ഇളം ചൂടുപകര്‍ന്ന കുളങ്ങളും കൈമോശം വന്നു. കുപ്പിവെള്ളവും കുളിപ്പിക്കുന്ന പെട്ടിയും പകരം കിട്ടി. ഫാനും എയര്‍ കണ്ടീഷണറുകളുമൊക്കെയായി പഥ്യം. മരങ്ങളെല്ലാം അപ്രത്യക്ഷമായി. തോടെല്ലാം റോഡായി. കുളങ്ങളൊക്കെ തൂര്‍ന്നും തൂര്‍ത്തും ഗ്രാമവികസനത്തിന്റെ കൊടിയടയാളങ്ങള്‍ നാട്ടി. പൂവിട്ടുനിന്ന കൊമ്പും ചില്ലയുമെല്ലാം ചട്ടിയിലേക്ക് പറിച്ചുനട്ടപ്പോള്‍ വേരുകള്‍ വീര്‍പ്പുമുട്ടിയത് നമ്മളറിഞ്ഞതേയില്ല. അവ തീര്‍ച്ചയായും വിതുമ്പുന്നുണ്ടാവണം. കൂടുതല്‍ കരുത്തോടെ, നമ്മുടെ ചെയ്തികള്‍ക്കുനേരെ പകയോടെ എന്നപോലെ ഗ്രീഷ്മം തപിക്കുകതന്നെയാണ്.
വെയില്‍ത്തിറകളാടിത്തിമിര്‍ത്ത ഉന്മാദത്തിന്റെ ഉഷസ്സുകള്‍ പിന്‍വാങ്ങുമ്പോള്‍ പൂക്കള്‍ സര്‍വം ഉണങ്ങിയടരുകയും കാറ്റില്‍ അവസാനത്തെ കൊന്നപ്പൂവും കൊഴിയുകയും മാങ്ങകള്‍ തീര്‍ന്ന മാഞ്ചില്ലകള്‍ വിട്ട് കിളികള്‍ എങ്ങോ പാറിയകലുകയും ചെയ്യുന്നു. മധ്യവേനലവധിയും കഴിഞ്ഞ് തുറക്കുന്ന സ്‌കൂളിലേക്ക് പോകാന്‍ നിര്‍ബന്ധിതനാകുന്ന കുട്ടിയുടെ മനസ്സുപോലെ ഇപ്പോള്‍ മനസ്സിലൊരു സങ്കടമില്ലേ? എന്തിനെന്നോ ഏതിനെന്നോ പറയാനാവാത്ത ഒരു ഗ്രീഷ്മവിഷാദം. മഴപോലെ മഞ്ഞുപോലെ വെയിലും നീണ്ടും കുറുക്കിയും എത്ര നിഴലും വെളിച്ചവുമാണ് വരച്ചുചേര്‍ത്തിട്ടുള്ളത്. അങ്ങനെ ഈ വേനല്‍വെയിലും ചായുമ്പോള്‍ മനസ്സിലും വെയിലാറി സന്ധ്യപരക്കും; ഇരുട്ടിന്റെ മുന്നറിയിപ്പുപോലെ. അപ്പോള്‍ ഉള്ളില്‍ ശാന്തമായ ഒരു മ്ലാനത വന്നുനിറയും. ഒരു മൗഢ്യം കുടിവെച്ച ആത്മാവില്‍ മഴപെയ്യാന്‍ തുടങ്ങിയിരിക്കും.
സങ്കടപ്പെടുത്തുന്നതും സന്തോഷിപ്പിക്കുന്നതുമായ ചില ഇന്ത്യന്‍വെയില്‍ക്കാഴ്ചകള്‍ ചുവടെ... അസോസിയേറ്റഡ് പ്രസ് (എ.പി) ഫോട്ടോസ്.



























