ഇന്ത്യന്‍ ഇംഗ്ലീഷുമായി ജപ്പാനില്‍''നിങ്ങള്‍ ആറുകൊല്ലം മാത്രം ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുമ്പോള്‍ ഞങ്ങള്‍ പന്ത്രണ്ടും അതിലധികവും കൊല്ലം കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കുന്നു'' -തേവര സ്വദേശിയും സേക്രഡ് ഹാര്‍ട്ട് കോളേജിലെ പി.ജി. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അന്‍സ ബാബു അഭിമാനത്തോടെ ഇത് പറഞ്ഞപ്പോള്‍ ഏഷ്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 350-ഓളം കോളേജ് കുട്ടികളും അദ്ധ്യാപകരും കൈയടിച്ചു.

ഇന്ത്യക്കാര്‍ ഇംഗ്ലീഷിന് നല്‍കുന്ന പ്രാധാന്യവും അത് ജീവിതതലങ്ങളില്‍ വരുത്തുന്ന മാറ്റവും ഇന്ത്യയുടെ മഹത്തായ സംസ്‌കാരവുമൊക്കെ അന്‍സ ജപ്പാനില്‍ നടന്ന ലോക യൂത്ത് മീറ്റില്‍ അവതരിപ്പിച്ചു. ഏഷ്യന്‍ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന, പതിനാറ് കൊല്ലത്തെ ചരിത്രമുള്ള ലോക യൂത്ത് മീറ്റിന് ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി പങ്കെടുക്കുന്നത്. ജപ്പാനിലെ നിഹോന്‍ ഫുക്കൂഷി സര്‍വകലാശാലയില്‍ നടന്ന മീറ്റില്‍, അതിനാല്‍ തന്നെ അന്‍സയായിരുന്നു ശ്രദ്ധാകേന്ദ്രം.

നോര്‍ത്ത് കൊറിയ, സൗത്ത് കൊറിയ, തായ്‌വാന്‍, ജപ്പാന്‍, ഇന്തോനേഷ്യ, മലേഷ്യ, ചൈന തുടങ്ങി വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി 350-ഓളം വിദ്യാര്‍ത്ഥികള്‍ യൂത്ത് മീറ്റില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞമാസം 8, 9 തീയതികളിലായിട്ടായിരുന്നു മീറ്റ് നടന്നത്. ജപ്പാനിലെ യൂണിവേഴ്‌സിറ്റികളുമായി സേക്രഡ് ഹാര്‍ട്ട് കോളേജിന് ടൈ അപ്പ് ഉണ്ട്. ഇത് മുഖേനയാണ് അന്‍സയ്ക്ക് ജപ്പാനിലെ മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത്.ഓരോ ടീമായി തിരിച്ചായിരുന്നു മീറ്റിന് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം. അന്‍സയുടെ ഗ്രൂപ്പില്‍ ജപ്പാന്‍ സ്വദേശികളായ രണ്ടുപേരും ഉണ്ടായിരുന്നു.

ചൈന യു.എസ്സിനെ കടത്തിവെട്ടുമെന്ന് ജി.ഡി.യുടെ അവസരത്തില്‍ വാദഗതികള്‍ ഉയര്‍ന്നപ്പോള്‍ ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വവും ഓരോ സംസ്ഥാനത്തും ഓരോ ഭാഷയെന്ന വൈവിദ്ധ്യവും അന്‍സ അവതരിപ്പിച്ച് ശ്രദ്ധനേടി. ജപ്പാനിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന പഠനയാത്രയും ഇതോടൊപ്പം അന്‍സ നിറവേറ്റി.

മതം, ശാസ്ത്രം, സാങ്കേതികത, ഭാഷ, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളെ ബന്ധിപ്പിച്ച് നടന്ന മീറ്റ് വളരെയേറെ ഉപകാരപ്രദമായിരുന്നുവെന്ന് തേവരയിലെ ബാബു ജോണ്‍ കാനാട്ട്-മാഗിനി ബാബു ദമ്പതിമാരുടെ മകളായ അന്‍സ പറയുന്നു.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.