ഉയരങ്ങളിലേക്ക് ചുവടുവെച്ച് കീര്‍ത്തന

എന്‍ . സൗമ്യ

മൂന്നാര്‍ ദേവികുളത്തായിരുന്നു അന്തര്‍ജില്ലാ(ഇന്റര്‍-ഡിസ്ട്രിക്ട്) മത്സരം. സംഘാടകര്‍ ആവശ്യപ്പെടുന്ന ഇനം ചെയ്തുകാണിക്കണം. കീര്‍ത്തനയ്ക്ക് മലമുകളിലേക്ക് കയറുകയായിരുന്നു വേണ്ടിവന്നത്. മഞ്ഞായതിനാല്‍ നല്ല വഴുക്കലായിരുന്നു. 90 ഡിഗ്രി കുത്തനെയുള്ള മലയാണ്. പക്ഷേ, സെക്കന്‍ഡുകള്‍ക്കുള്ളില്‍ കയറിപ്പറ്റി

'അയ്യോ... വലിയ മലയുടെ മുകളിലേക്ക് കയറിയതും ഇറങ്ങിയതുമൊക്കെ ഓര്‍ക്കുമ്പോ ഇപ്പോപ്പോലും പേടി മാറിയിട്ടില്ല. ഞാന്‍ കരഞ്ഞ് ബഹളം വെച്ചിട്ടുണ്ട്''- മൂന്നുമാസംമുമ്പ് ആദ്യമായി മലകയറിയതിന്റെ ഓര്‍മ കീര്‍ത്തനയ്ക്ക് ഇപ്പോള്‍ സമ്മാനിക്കുന്നത് ചിരിയാണ്. വളരെ നിസ്സാരമായി പറയുന്നുണ്ടെങ്കിലും ചില്ലറക്കാരിയല്ല ഈ മിടുക്കി. പര്‍വതാരോഹണത്തില്‍ സംസ്ഥാനചാമ്പ്യനാണ് നരിക്കുനിക്കാരിയായ കീര്‍ത്തന.

നരിക്കുനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസുകാരിയാണ് ആര്‍.പി. കീര്‍ത്തന. ഒരിക്കലും വലിയ മലയുടെ മുകളിലേക്ക് വലിഞ്ഞുകയറണമെന്ന് കീര്‍ത്തന കരുതിയിരുന്നില്ല. പഠനവും ഇത്തിരി കഥയും കവിതയുമായി നടക്കുകയായിരുന്നു കീര്‍ത്തന. ഇടയ്ക്ക് നാടകാഭിനയവും. അപ്പോഴൊന്നും മലയുടെ നെറുകയിലേക്കുള്ള ചുവടുകള്‍ ഇവള്‍ക്ക് മുന്നിലില്ലായിരുന്നു. ഉയരങ്ങളിലേക്ക് ഇത്തരമൊരു കുതിപ്പും കീര്‍ത്തന സ്വപ്നംകണ്ടില്ല.

ബന്ധുക്കള്‍ കീര്‍ത്തനയെ മലമുകളിലേക്ക് തള്ളിവിട്ടെന്ന് പറയുന്നതാവും ശരി. മധ്യവേനലവധിക്കാലത്ത് അമ്മാവന്‍മാരാണ് കീര്‍ത്തനയെ മലമുകളിലേക്ക് നയിച്ചത്. ''എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. അവര്‍ ട്രക്കിങ്ങിനൊക്കെ പോവാറുള്ളതാണ്. ഒരുപാട് നിര്‍ബന്ധിച്ചപ്പോഴാണ് പരിശീലനത്തിന് പോയത്''- കോഴിക്കോട് ജില്ലാ മൗണ്ടെയിനറിങ് അസോസിയേഷന്‍ നടത്തിയ ഒരുദിവസത്തെ പരിശീലനത്തിന് പോയതിനെക്കുറിച്ച് കീര്‍ത്തന പറയുന്നു. കോഴിക്കോട്-വയനാട് സമ്മിശ്ര ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള പരിശീലനമായിരുന്നു അത്. ''ആദ്യമായി കയറിയപ്പോള്‍ ശരിക്കും പേടിയായി. അവര്‍ വെറുതെ ഒന്ന് കാണിച്ചുതരും. ഒരുപാട് നിയമങ്ങളും പാലിക്കാനുണ്ട്. പിന്നെ ഒരു ധൈര്യത്തില്‍ അതുപോലൊക്കെ ചെയ്യുകയായിരുന്നു''- ഓര്‍മകളിലേക്ക് കുത്തനെ കയറുകയാണ് കീര്‍ത്തന.

റോക്ക് ക്ലൈമ്പിങ്, ജ്യൂമറിങ്, വാലി ക്രോസിങ്, റിവര്‍ ക്രോസിങ്, റാപ്ലിങ് എന്നിങ്ങനെ വിവിധ തലത്തിലുള്ളതാണ് മത്സരം. നടുവിന് കയര്‍കൊണ്ട് ബന്ധിച്ചിട്ടുണ്ടാകും. പിന്നെ പാറയിലെ സ്വാഭാവിക പ്രതലത്തില്‍ പിടിച്ച് കയറണം റോക്ക് ക്ലൈമ്പിങ്ങിന്. വാലി ക്രോസിങ്ങിനും റിവര്‍ ക്രോസിങ്ങിനും കയറിലൂടെ തുഴഞ്ഞ് നീങ്ങണം. രണ്ട് താഴ്‌വരകളെത്തമ്മില്‍, പുഴയ്ക്ക് ഇരുകരയിലുമുള്ള മരങ്ങള്‍ തമ്മില്‍ കയര്‍ കൊണ്ട് ബന്ധിപ്പിച്ചിട്ടുണ്ടാകും. കൈയും കാലും തൊടാതെ കയറിന് മുകളിലൂടെ നീങ്ങണം. റാപ്ലിങ് ആണെങ്കില്‍ മലമുകളില്‍നിന്ന് കുത്തനെ ഇറങ്ങണം. ''ആദ്യത്തെ ഘട്ടമൊക്കെ ഒരുവിധം കയറിപ്പറ്റി. റാപ്ലിങ്ങിനാണ് ഞാന്‍ പേടിച്ച് കരഞ്ഞത്. മുകളില്‍നിന്ന് ഒപ്പമുള്ളവര്‍ കൈയില്‍ പിടിച്ച് ഇറങ്ങാനുള്ള ഒരുക്കം ചെയ്യും. പതിയെ കൈവിടും. എന്നാല്‍, ഞാന്‍ കൈ വിടാന്‍ സമ്മതിച്ചില്ല. പിറകോട്ടുനോക്കി ഇറങ്ങാന്‍ പറ്റില്ലല്ലോ. പേടിച്ച് നിലവിളിച്ചു. ഒരുവിധമാണ് ഞാന്‍ താഴെയെത്തിയത്''-ഇങ്ങനെയൊക്കെ പറയുമെങ്കിലും മികച്ച പ്രകടനംകൊണ്ട് മാത്രമാണ് കീര്‍ത്തന സംസ്ഥാന ചാമ്പ്യനായത്.

മൂന്നാര്‍ ദേവികുളത്തായിരുന്നു അന്തര്‍ജില്ലാ(ഇന്റര്‍-ഡിസ്ട്രിക്ട്) മത്സരം. സംഘാടകര്‍ ആവശ്യപ്പെടുന്ന ഇനം ചെയ്തുകാണിക്കണം. കീര്‍ത്തനയ്ക്ക് മലമുകളിലേക്ക് കയറുകയായിരുന്നു വേണ്ടിവന്നത്. ''മഞ്ഞായതിനാല്‍ നല്ല വഴുക്കലായിരുന്നു. 90 ഡിഗ്രി കുത്തനെയുള്ള മലയാണ്. പക്ഷേ, സെക്കന്‍ഡുകള്‍ക്കുള്ളില്‍ കയറിപ്പറ്റി. അതിനുപുറമെ വൈവയൊക്കെ ഉണ്ടായിരുന്നു. പിന്നെ നമ്മുടെ അച്ചടക്കം, വ്യക്തിത്വം എല്ലാം ശ്രദ്ധിക്കും. എന്തായാലും സബ്ജൂനിയര്‍ ചാമ്പ്യന്‍പട്ടം എനിക്ക് കിട്ടി''- ഉയരങ്ങള്‍ കീഴടക്കിയതിന്റെ സന്തോഷം കീര്‍ത്തന മറച്ചുവെക്കുന്നില്ല.

ചെറിയപ്രായത്തില്‍ത്തന്നെ അധികം പരിശീലനമൊന്നും ഇല്ലാതെ അവള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് മികച്ച കാര്യമാണ്. ഒരുപാട് പേര്‍ പങ്കെടുത്തിരുന്നു. ഇനിയും പരിശീലനം കിട്ടിയാല്‍ ഏറെ ഉയരത്തിലെത്താനാകുമെന്നാണ് അസോസിയേഷന്‍ സെക്രട്ടറി കൃഷ്ണദാസ് പൂക്കോട്ടിലിന്റെ അഭിപ്രായം. ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശത്തൊക്കെ രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായത് ഈ സംവിധാനങ്ങളാണെന്നും കൃഷ്ണദാസ് പറഞ്ഞു. ബന്ധുക്കളുടെ നിര്‍ബന്ധംകൊണ്ടുമാത്രമാണ് മല കീഴടക്കാന്‍ ഇറങ്ങിയതെങ്കിലും ഇപ്പോള്‍ കീര്‍ത്തനയും ആവേശത്തിലാണ്. ''ഇനി ഏതായാലും ഇത് മുന്നോട്ടുകൊണ്ടുപോകണം. കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കണം. വലിയ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ ലോകം കീഴടക്കിയ തോന്നലാണ്. നമ്മള്‍ ഇങ്ങനെ മുകളില്‍ നില്‍ക്കുമ്പോള്‍ ഒരു പ്രത്യേക അനുഭവമാണത്''- സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാര്യങ്ങളെ സമീപിക്കുകയാണ് ഈ മിടുക്കി.

ചെറിയ കായികപാരമ്പര്യമുള്ള അച്ഛന്‍ കെ. പ്രമോദും അമ്മ രമാബായിയും സഹോദരി അര്‍ച്ചനയും പ്രോത്സാഹനവുമായി കീര്‍ത്തനയ്‌ക്കൊപ്പമുണ്ട്. നരിക്കുനി ജി.എച്ച്.എസ്.എസ്സിലെ അധ്യാപകരും കൂട്ടുകാരും കീര്‍ത്തനയുടെ കരുത്താണ്. നാവികസേനയില്‍ ജോലി ചെയ്യണമെന്നതാണ് കീര്‍ത്തനയുടെ ലക്ഷ്യം. അതിനൊപ്പം ഒരരികിലൂടെ ഉയരങ്ങള്‍ താണ്ടാമെന്ന നിശ്ചയദാര്‍ഢ്യവും ഈ പെണ്‍കുട്ടിക്കുണ്ട്.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.