ന്യൂ ജനറേഷന്‍ ആര്‍ട്ടിസ്റ്റ്‌

പി. യാമിനി, yamini@mpp.co.in

ഫേസ്ബുക്കിലൂടെ തന്റേതായ ആരാധകവൃന്ദത്തെ സൃഷ്ടിച്ച പട്ടാമ്പി പെരിങ്ങോട്ടുകാരന്‍ വിമല്‍ ചന്ദ്രന്‍ ഏഴു വര്‍ഷത്തെ ഐ.ടി ജോലി ഉപേക്ഷിച്ചാണ് ആദ്യ മള്‍ട്ടിമീഡിയ ചിത്രങ്ങളുടെ സോളോ പ്രദര്‍ശനം ബാംഗ്ലൂരില്‍ നടത്തി.ഒരു ആണ്‍കുട്ടി, ഒരു പെണ്‍കുട്ടി, ഒരു ക്യാമറ, ഒരു ചുവന്ന പുള്ളിക്കുട, ഒരു കിളി. പാലക്കാട് പട്ടാമ്പി പെരിങ്ങോടി സ്വദേശി വിമല്‍ ചന്ദ്രന്‍ എന്ന വിഷ്വല്‍ ആര്‍ട്ടിസ്റ്റിന്റെ ഫേസ്ബുക്കില്‍ വളരെ ഹിറ്റായ 'അണ്‍പോസ്റ്റഡ് ലെറ്റേഴ്‌സ്' എന്ന ചിത്രപരമ്പര കണ്ടവര്‍ക്കാര്‍ക്കും മേല്‍പ്പറഞ്ഞ കഥാപാത്രങ്ങളെ മറക്കാന്‍ സാധിക്കില്ല. ബോബനും മോളിയേയും, രാജുവും രാധയും പോലെ അതുമല്ലെങ്കില്‍ കുനാല്‍ കോഹ്ലിയുടെ ഹിന്ദി ചിത്രം 'ഹം തുമ്മി'ലെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ പോലെ വിമലിന്റെ ഈ ചിത്രങ്ങളിലെ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ആരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ളതാണ്. ഡൊംളൂര്‍ ലേ ഔട്ടിലെ താളം ഗ്യാലറിയില്‍ നടക്കുന്ന നിരവധി മള്‍ട്ടിമീഡിയ സൃഷ്ടികളില്‍ ചിലത് മാത്രമാണ് 'അണ്‍പോസ്റ്റഡ് ലെറ്റേഴ്‌സ്'.

ആദ്യ സോളോ ഷോയുടെ യാതൊരു പരിഭ്രമങ്ങളുമില്ലാതെയാണ് വിമല്‍ ചന്ദ്രന്‍ താളം ഗ്യാലറിയിലേക്ക് ദൃശ്യതാളത്തോടെ കയറി വന്നത്. വര്‍ഷങ്ങളായി ഫേസ്ബുക്കിലും ഇതര സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലും നിറഞ്ഞു നില്ക്കുന്ന വിമലിനെ ആളുകള്‍ ആദ്യമറിഞ്ഞു തുടങ്ങിയതും ഇങ്ങനെത്തന്നെ. ന്യൂ ജനറേഷന്‍ സിനിമകളുടെ കാലത്ത് അതേ ജനറേഷനെ പ്രതിനിധീകരിക്കുന്ന കലാകാരനായി അറിയപ്പെടണമെന്ന് ആഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്നയാളാണ് വിമല്‍. ഈ ജനപ്രിയതയും ജെന്‍-എക്‌സ് (gen-x) ഘടകവുമാണ് വിമലിനെ ഡൊംളൂര്‍ ലേ ഔട്ടിലെ താളം ഗ്യാലറിയില്‍ ആദ്യ മള്‍ട്ടിമീഡിയ പ്രദര്‍ശനം നടത്തുന്നതിലേക്ക് എത്തിച്ചത്.ജൂലായ് 28 വരെ നീളുന്ന പ്രദര്‍ശനത്തിന് വിമല്‍ നല്‍കിയിരിക്കുന്ന പേരും വിചിത്രമാണ്. 'ഞാനൊരു വളഞ്ഞു തിരിഞ്ഞ മാര്‍ഗം കണ്ടിട്ടുണ്ട്. അത് ഒരു നേര്‍രേഖ പോലെയിരിക്കും' (I have seen a labyrinth and it looks like a straight line) എന്നാണ് താളം ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിമലിന്റെ മള്‍ട്ടിമീഡിയ സൃഷ്ടികളുടെ പേര്.

സങ്കീര്‍ണത പക്ഷെ പ്രദര്‍ശനത്തിന്റെ പേരില്‍ അവസാനിക്കുന്നു. ഫോട്ടോഗ്രാഫുകളും മള്‍ട്ടിമീഡിയ ഇന്‍സ്റ്റലേഷനുകളും ജലച്ചായച്ചിത്രങ്ങളും എല്ലാം ലളിതവും രസകരവുമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

അതിജീവനം, വിശ്വാസം എന്ന തലക്കെട്ടില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫോട്ടോഗ്രാഫുകള്‍ വിമല്‍ പലപ്പോഴായി നടത്തിയ യാത്രകളിലെ ചിത്രങ്ങളാണ്. ഹിമാലയം, വാരാണസി, എന്നീ സ്ഥലങ്ങളിലേതാണ് ചിത്രങ്ങള്‍. നാലു വര്‍ഷം ംമുമ്പ് ആദ്യമായി വാങ്ങിയ എസ്. എല്‍. ആര്‍ ക്യാമറയിലെടുത്ത ചിത്രങ്ങളും താളം ഗ്യാലറിയിലുണ്ട്.ആദ്യമായി ക്യാമറയിലെടുത്ത ചിത്രങ്ങള്‍ ഇപ്പോഴും പ്രിയപ്പെട്ടതാണെന്ന് വിമല്‍ പറയുമ്പോള്‍ അതിലൊരു ഗൃഹാതുരത കൂടി കയറി വരും.കോഴിക്കോട് സര്‍വകലാശാല എഞ്ചിനീയറിങ് കോളേജില്‍ ബി. ടെക് ഐ. ടി കോഴ്‌സ് പഠിച്ചയാളാണ് വിമല്‍. ചെറുപ്പം മുതല്‍ക്കേ ചിത്രം വരക്കുമായിരുന്ന വിമലിന് അധ്യാപകരായ അച്ഛനമ്മമാര്‍ ചന്ദ്രനും പത്മിനിയും പ്രോത്സാഹനം നല്‍കി. ഏഴു വര്ഷം ഐ ടി മേഖലയില്‍ ജോലി ചെയ്ത വിമല്‍ കഴിഞ്ഞ മാസം ഈ ജോലിയോട് വിട പറഞ്ഞു. ചിത്രം വരയക്കാനും ഫോട്ടോയെടുക്കാനും കൂടുതല് സമയം ചിലവഴിക്കാനാണ് ഈ മാറ്റമെന്ന് വിമല്‍ പറയുന്നു. ഇതിന്റെ ആദ്യ പടിയാണ് താളം ഗ്യാലറിയിലെ ചിത്രപ്രദര്‍ശനം.

നിരവധി വര്‍ഷങ്ങള്‍ മെട്രോ നഗരത്തില്‍ കഴിഞ്ഞിട്ടും തനി വള്ളുവനാടന്‍ ഭാഷയില്‍ സംസാരിക്കുന്ന വിമല്‍ ചിത്രങ്ങളും ഫോട്ടോയും ഒന്നിച്ചും വേറിട്ടും ചേര്‍ത്ത് ഒരു ദൃശ്യ ജുഗല്‍ബന്ദിക്കാണ് ശ്രമിക്കുന്നത്.ലാളിത്യമാണ് വിമല്‍ ചിത്രങ്ങളുടെ ആകര്‍ഷണം. ജനപ്രിയ സൃഷ്ടികള്‍ക്ക പലപ്പോഴും അമിത പ്രാധാന്യവും അമൂര്‍ത്തമായവയ്ക്ക (abstract) യാതൊരു പരിഗണനയും ലഭിച്ചു കാണാറില്ല. ഇതിനിടയില്‍ നിന്നു കൊണ്ട് സൃഷ്ടികളുണ്ടാക്കുകയെന്നത് ശ്രമകരമായി കാര്യമാണെന്ന് വിമല്‍ പറയുന്നു. ന്യൂ ജനറേഷന്‍ സിനിമകള്‍ പോലെ കലാസൃഷ്ടികളും പുതിയ തലമുറയെ മുന്നില്‍ കണ്ട് കൊണ്ടുള്ളതാകണം. ഫേസ്ബുക്കും മറ്റ് നെറ്റ്‌വര്‍ക്കിങ് സൈറ്റുകളും ഇതിന് വേണ്ട പിന്തുണയും നല്‍കുന്നുണ്ട്.ഇത് മുതലാക്കാന്‍ സാധിക്കണമെന്നും വിമല്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഐ.ടി ജോലി ഉപേക്ഷിച്ച വിമല്‍ ഇപ്പോള്‍ ഫുള്‍ടൈം വിഷ്വല്‍ ആര്‍ട്ടിസ്റ്റാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും വേണ്ടി ഫ്രീലാന്‍സായി പ്രവര്‍ത്തിക്കുന്നുണ്ട്.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.