പരിമിതികളെ നിശ്ശബ്ദമാക്കി അഞ്ജലി

നീനു മോഹന്‍

അഞ്ജലി പാട്ടുകേള്‍ക്കില്ല, പക്ഷേ, താളത്തിനൊപ്പം ചുവടൊപ്പിച്ച് സദസ്സിനെ മയക്കുംവിധം നൃത്തമാടും... കളിക്കളത്തില്‍ ആരവങ്ങള്‍ കേള്‍ക്കില്ല, പക്ഷേ, മറ്റാരേക്കാളും മുമ്പെ ഓടിയെത്തും അധികം ദൂരം ചാടും... നൃത്തവേദികളില്‍ നിന്നും കളിക്കളത്തില്‍ നിന്നുമായി ദേശീയ പുരസ്‌കാരങ്ങളടക്കം നിരവധി സമ്മാനങ്ങള്‍ ഇതിനകം അഞ്ജലി നേടിക്കഴിഞ്ഞു. ജന്മനാ ബധിരയാണെങ്കിലും മുന്നോട്ടുള്ള ചുവടുവെപ്പിന് വൈകല്യം ഒരു ബാധ്യതയല്ലെന്ന് തെളിയിക്കുകയാണ് ഈ കൊച്ചുമിടുക്കി.

കാമ്പുറം ബീച്ച് വീണാഭവനില്‍ മുന്‍സൈനികനായ ചിത്രന്റെയും ഷൈമലതയുടെയും മകളാണ് അഞ്ജലി. മൂന്നുവയസ്സുവരെ കുട്ടിയുടെ കേള്‍വിക്ക് പ്രശ്‌നമില്ലായിരുന്നുവെന്ന് ചിത്രന്‍ ഓര്‍ക്കുന്നു. വീട്ടുകാരോട് കൊഞ്ചിക്കുഴഞ്ഞ് വര്‍ത്തമാനം പറഞ്ഞുതുടങ്ങിയ കുട്ടിക്ക് മുന്നുവയസ്സില്‍ പനിപിടിപെട്ടതോടെയാണ് കേള്‍വിശക്തി നഷ്ടപ്പെട്ടത്. ഇപ്പോള്‍ 90 ശതമാനം ബധിരയാണ് അഞ്ജലി. ചെറിയ ക്ലാസ്സില്‍ത്തന്നെ എരഞ്ഞിപ്പാലം കരുണ സ്‌കൂളില്‍ പ്രവേശനം നേടിയതാണ് അഞ്ജലിക്ക് വഴിത്തിരിവായത്.

കരുണയിലെ അധ്യാപകര്‍ കളിക്കളത്തിലും നൃത്തവേദികളിലും മുന്നേറാന്‍ അഞ്ജലിക്ക് ധൈര്യം നല്‍കി. ലോങ് ജംപ്, ഹൈജംപ്, 100 മീറ്റര്‍ ഓട്ടം എന്നിവയാണ് കായികരംഗത്ത് അഞ്ജലിയുടെ ഇഷ്ടപ്പെട്ട ഇനങ്ങള്‍. ബാംഗ്ലൂരില്‍ നടന്ന ബധിര ദേശീയ സ്‌പോര്‍ട്‌സ് മീറ്റില്‍ ലോങ്ജംപില്‍ അഞ്ജലിക്കായിരുന്നു ഒന്നാം സ്ഥാനം. ചെറുപ്പം മുതലേ ലോങ്ജംപിലും ഓട്ടത്തിലും മെഡലുകള്‍ വാരിക്കൂട്ടിയെങ്കിലും തനിക്ക് പ്രിയം നൃത്തമാണെന്ന് അഞ്ജലി വ്യക്തമാക്കി. സംഘനൃത്തം, നാടോടിനൃത്തം, ഒപ്പന എന്നിവയാണ് അഞ്ജലിയുടെ പ്രിയപ്പെട്ട ഇനങ്ങള്‍. ഭരതനാട്യം പഠിക്കാന്‍ ശ്രമിച്ചെങ്കിലും കേള്‍വിശക്തിയില്ലാത്ത കുട്ടിയെ പഠിപ്പിക്കുന്നതിന്റെ ബുദ്ധിമുട്ടോര്‍ത്ത് അധ്യാപകര്‍ പലരും പിന്മാറുകയായിരുന്നു.

കരുണയില്‍ നൃത്തം പഠിപ്പിക്കാനെത്തുന്ന ബാലുമാഷാണ് പാട്ടുകേട്ടില്ലെങ്കിലും നൃത്തം വഴങ്ങുമെന്ന് തന്നെ പഠിപ്പിച്ചതെന്ന് അഞ്ജലി. സമയക്രമത്തില്‍ മുദ്രകള്‍ ചിട്ടപ്പെടുത്തിയാണ് മാഷ് പഠിപ്പിക്കുന്നത്. കരുണയിലെ മറ്റു കൂട്ടുകാര്‍ക്കൊപ്പം കേരളത്തിലെ മിക്ക ജില്ലകളിലും തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും നൃത്തപരിപാടികളുമായി അഞ്ജലി സഞ്ചരിച്ചിട്ടുണ്ട്. ഇപ്പോള്‍ എറണാകുളത്ത് പഠിക്കുന്ന ഉറ്റ സുഹൃത്തുക്കളാണ് എല്ലാത്തിനും പ്രചോദനമെന്ന് അഞ്ജലി പറയുന്നു. സഹോദരി അമൃതയ്ക്കും നാടോടിനൃത്തം പഠിപ്പിച്ചുകൊടുക്കാന്‍ അഞ്ജലി തയ്യാര്‍.

ഇപ്പോള്‍ റഹ്മാനിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് അഞ്ജലി. പക്ഷേ, താത്പര്യം മുഴുവന്‍ നൃത്തത്തിലാണ്. വലുതായാലും എനിക്ക് നൃത്തം ചെയ്യണം. സ്വന്തമായി ജോലി വേണം. വീടിന്റെ ഇത്തിരി സുരക്ഷിതത്വത്തില്‍ നിന്ന് വിട്ടുപോകാന്‍ അഞ്ജലി തയ്യാറല്ല. കൈയെത്തുന്ന ദൂരത്തില്‍ പരന്നുകിടക്കുന്ന നീലക്കടല്‍ വിട്ടുപോകാന്‍ തനിക്ക് കഴിയില്ലെന്ന് അഞ്ജലി വ്യക്തമാക്കുന്നു. പക്ഷേ, പരിമിതികളേക്കാള്‍ ഉയരത്തിലാണ് തന്റെ ഇച്ഛാശക്തിയെന്ന് ഉറപ്പുള്ളതിനാല്‍ നീലക്കടലിനരികില്‍ നിന്നുതന്നെ താന്‍ ജീവിതം കരുപ്പിടിപ്പിക്കുമെന്ന് അഞ്ജലി ഉറപ്പുതന്നു.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.