വേള്‍ഡ് കിക്ക്‌

ബിബിന്‍ ബാബു

ഒറ്റ രാത്രികൊണ്ട് രണ്ടു ലോക മെഡലുകള്‍. മലയാളിയായ കിക്ക് ബോക്‌സിങ് താരം മിഥുന്‍ ജിത്ത് വ്യത്യസ്തനാകുന്നത് ഈ രണ്ടു മെഡലുകളുടെ പേരിലാണ്. കഴിഞ്ഞയാഴ്ച ക്രൊയേഷ്യയില്‍ സമാപിച്ച ലോക കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതാരം മിഥുന്‍ ജിത്ത് നേടിയത് കേരളത്തില്‍ നിന്നാരും ഇതുവരെ സ്വന്തമാക്കാത്ത മെഡല്‍ തിളക്കങ്ങളാണ്. രണ്ടിനങ്ങളിലായി വെള്ളിയും വെങ്കലവുമാണ് മിഥുന്‍ ഇടിച്ചിട്ടത്. ഇരു നേട്ടവും ഒറ്റ രാത്രിയില്‍ തന്നെ സ്വന്തമാക്കിയെന്ന ക്രെഡിറ്റും മത്സരത്തിനുണ്ടായിരുന്ന അഞ്ചുപേരോടൊപ്പം ഇടിച്ചുനിന്നതിന്റെ ക്രഡിറ്റില്‍ ചേരുന്നു. കേരളത്തില്‍ നിന്ന് ആദ്യമായാണൊരാള്‍ കിക്ക് ബോക്‌സിങ് വേള്‍ഡ് കപ്പില്‍ സമ്മാനാര്‍ഹനാകുന്നത്. മലയാളിയുടെ ശ്രേഷ്ഠമായ പേശിബലവും അടവുകളും ലോകമറിയുകയാണ്....

കരാട്ടെ കമ്പം വളര്‍ന്ന് കിക്ക് ബോക്‌സിങ്ങിലേക്കെത്തിയ കഥയാണ് മിഥുന്‍ ജിത്തെന്ന ഇരുപത്തിനാലുകാരന് പറയാനുള്ളത്. വളരെ ചെറുപ്പത്തിലെ തന്നെ വയനാട് ചൂണ്ടേല്‍ പുത്തന്‍വീട്ടില്‍ മിഥുന്‍ ജിത്ത് കരാട്ടെയില്‍ കഴിവു തെളിയിച്ചിരുന്നു. കരാട്ടെയില്‍ ഒരു മിനിറ്റ് കൊണ്ടു 310 കിക്കെടുത്തുകൊണ്ട് അമേരിക്കക്കാരന്‍ റോള്‍ മേസയുടെ 281 കിക്കെന്ന റെക്കോര്‍ഡ് മറികടന്ന് 2011ല്‍ ഗിന്നസ് റെക്കോര്‍ഡില്‍ കയറിപ്പറ്റിയിട്ടുമുണ്ട് ഇപ്പോള്‍ മറൈന്‍ എന്‍ജിനീയറിങ് ബിരുദധാരിയായ ഈ താരം. മൂന്ന് മിനിറ്റുകൊണ്ട് 608 കിക്കെന്ന ഗിന്നസ് റെക്കോര്‍ഡും ഈയടുത്ത് സ്ഥാപിച്ചുകഴിഞ്ഞു. കരാട്ടെ കിക്ക് ബോക്‌സിങ്ങ് ലോകത്തേക്ക് മിഥുന് വഴി തുറക്കുകയായിരുന്നു.പന്ത്രണ്ടാം വയസ്സില്‍ തന്നെ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയിരുന്നു മിഥുന്‍. കരാട്ടെ മാസ്റ്റര്‍ ഷിഹാന്‍ ഗിരീഷ് പെരുന്തട്ടയുടെ കീഴിലായിരുന്നു പരിശീലനം. സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഒട്ടേറെ തവണ ഒന്നാം സ്ഥാനത്തെത്തി. ദേശീയ ചാമ്പ്യന്‍ഷിപ്പിലും മികവ് കാട്ടിയ മിഥുന്‍ രാജ്യാന്തര തലത്തിലും നേട്ടങ്ങള്‍ കൊയ്ത് പതിനെട്ടോളം തവണ കരാട്ടെ ചാമ്പ്യനായിട്ടുണ്ട്. ഇതൊക്കെയാണു മിഥുനെ കിക്ക് ബോക്‌സിങ് ലോകത്തേക്ക് നയിച്ചത്.

കോട്ടയം സ്വദേശിയായ സുഹൃത്ത് ജോഫിലാലിന്റെ കീഴിലായിരുന്നു പരിശീലനം. ഇതിനിടെ മിഥുന്റെ മികവ് കണ്ട് തായ്‌ലന്‍ഡിലെ ഗോള്‍ഡന്‍ ഗ്ലോറി അക്കാദമിയിലെ കെനോറിയോ സ്‌കൂളില്‍ പരിശീലനം നല്‍കി. രാജ്യാന്തര പ്രമുഖരായ കിക്ക് ബോക്‌സിങ് ട്രയ്‌നേഴ്‌സായ ബാസ്ബൂണ്‍, കോര്‍ഹര്‍ മാസ്, മൈക്ക് തുടങ്ങിയവരുടെ കീഴിലായിരുന്നു പരിശീലനം. കരാട്ടെയുടെ അല്‍പം കൂടി വികസിത രൂപമായ കിക്ക് ബോക്‌സിങ് കൂടുതലും പ്രതിരോധത്തില്‍ ഊന്നിയ കായികരൂപവും ഏറെ അപകട സാധ്യതയുള്ളതുമാണെന്ന് തിരിച്ചറിഞ്ഞ് വിദഗ്ധപരിശീലനം തന്നെ മിഥുന്‍ നേടുകയായിരുന്നു. ഇന്ത്യയില്‍ നിന്ന് അഞ്ചുപേര്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ മികവ് തെളിയിക്കാനായതോടെ കിക്ക് ബോക്‌സിങ് പ്രൊഫഷനാക്കാന്‍ തന്നെയാണ് തീരുമാനമെന്ന് മിഥുന്‍ പറയുന്നു.

ജൂഡോ, റസ്‌ലിങ് തുടങ്ങിയ കളികളിലും മിഥുന്‍ ഇതോടൊപ്പം പരിശീലനം സിദ്ധിച്ചിട്ടുണ്ട്. ഇതോടൊപ്പം തായമ്പകയിലും കഴിവു തെളിയിച്ച് വ്യത്യസ്തനായിട്ടുമുണ്ട് മിഥുന്‍. മാധ്യമ പ്രവര്‍ത്തകയായ മേരി ലില്ലിയാണ് അമ്മ. മര്‍ച്ചന്റ് നേവിയില്‍ ഓഫീസറായ നിതിനാണ് സഹോദരന്‍. അഞ്ചുവര്‍ഷത്തോളമായി എറണാകുളം പാലാരിവട്ടത്താണ് താമസം. ഒക്ടോബറില്‍ വിദേശത്തുനടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനായുള്ള ഒരുക്കത്തിലാണിപ്പോള്‍ മിഥുന്‍.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.