ഹരിത സ്വപ്‌നങ്ങള്‍

പി.കെ. മണികണ്ഠന്‍

സിവില്‍ സര്‍വീസിലെ ഒന്നാംറാങ്കുകാരി ഹരിത വി. കുമാറിന്റെ പരീക്ഷാ അനുഭവങ്ങള്‍

ഇന്ത്യന്‍ ഭരണകൂടവും ജനാധിപത്യവും പരസ്പരം എതിര്‍ദിശയില്‍ സഞ്ചരിക്കുകയാണോ? ഇന്ത്യ ഇപ്പോള്‍ ഒരു പ്രതിസന്ധി ഘട്ടത്തിലാണോ? സമീപകാലവിവാദങ്ങളുടെയും യാഥാര്‍ഥ്യങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ചോദ്യം.

ഒറ്റനോട്ടത്തില്‍ ഏതൊരാള്‍ക്കും 'അതെ'യെന്ന് ഉത്തരം പറയാന്‍ തോന്നാവുന്ന ചോദ്യങ്ങള്‍. എന്നാല്‍, ഒരു മലയാളിപ്പെണ്‍കുട്ടിയുടെ മറുപടി തിരിച്ചായിരുന്നു. 'നൂറുകോടിയിലേറെ വരുന്ന ജനതയെ ജനാധിപത്യത്തിന്റെ ഒരു കുടക്കീഴില്‍ അണിനിരത്തുമ്പോള്‍ സ്വാഭാവികമായും പ്രശ്‌നങ്ങളും വെല്ലുവിളികളുമുണ്ടാവും. ഇതിനെ പ്രതിസന്ധിയെന്ന് പറയാനാവില്ല. പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇന്ത്യയുടെ അഖണ്ഡത തകര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ ഭരണവും ജനാധിപത്യവും എതിര്‍ദിശയില്‍ സഞ്ചരിക്കുന്നുവെന്ന് വിലയിരുത്താനാവില്ല.' - ഇതായിരുന്നു ഉത്തരം.

വ്യക്തമായ കാഴ്ചപ്പാടും ക്രിയാത്മകസമീപനവും ഒത്തുചേര്‍ന്ന ഈ മറുപടി ഹരിതയുടേതാണ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്കിന്റെ പൊന്‍തൂവല്‍ കേരളത്തിന് സമ്മാനിച്ച ഹരിത വി. കുമാര്‍. കടമ്പകളും വെല്ലുവിളികളും മറികടന്ന് ഹരിത, ഇന്ത്യന്‍ ഭരണസര്‍വീസിലേക്ക് പ്രവേശിക്കുകയാണ്. ടി.എന്‍. ശേഷന്‍, കൃഷ്ണമൂര്‍ത്തി, രാജു നാരായണസ്വാമി എന്നിവര്‍ക്കുശേഷം സിവില്‍ സര്‍വീസില്‍ ഒന്നാമതെത്തിയ മലയാളി. ഇതിലെല്ലാമുപരി ഒന്നാംറാങ്ക് കൈവരിച്ച ആദ്യ മലയാളി വനിതയെന്ന പദവിയും.

റാങ്കുകള്‍ ഹരിതയ്ക്കു പുത്തരിയല്ല. നെയ്യാറ്റിന്‍കര സെന്റ് തെരേസാസ് കോണ്‍വെന്റില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് എസ്.എസ്.എല്‍.സി.യില്‍ ഏഴാം റാങ്കോടെ. പിന്നെ, നെയ്യാറ്റിന്‍കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് 95 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനീയറിങ് കോളേജില്‍നിന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബി-ടെക് ബിരുദം. നാലാമത്തേതും അവസാനത്തേതുമായ സിവില്‍ സര്‍വീസ് പരീക്ഷയിലാണ് ഒന്നാംറാങ്കിന്റെ തിളക്കം.

ആദ്യവട്ടം സിവില്‍ സര്‍വീസ് പരീക്ഷയ്ക്കിരുന്നപ്പോള്‍ മെയിന്‍സില്‍ 18 മാര്‍ക്കിന് പിന്നിലായിപ്പോയി. എന്നാല്‍, നിരാശയായില്ല അത് ധൈര്യവും ആത്മവിശ്വാസവും വളര്‍ത്താനേ സഹായിച്ചുള്ളൂ.

2010-ല്‍ 179-ാം റാങ്ക് കിട്ടിയപ്പോള്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് തിരഞ്ഞെടുത്തു. ഐ.പി.എസ്സിന് പോകാമായിരുന്നെങ്കിലും അത് വേണ്ടെന്നുവെച്ചു. റവന്യൂ സര്‍വീസിനിടെ അവധിയെടുത്ത്, കഠിനാധ്വാനം ചെയ്ത് വീണ്ടും പരീക്ഷയെഴുതി. ആ പരിശ്രമം വെറുതെയായില്ല. മത്സരഫലം വന്നപ്പോള്‍ എല്ലാവര്‍ക്കും മുന്നില്‍.

സാഹസികവഴിയില്‍

മകളെ ഐ.എ.എസ്സുകാരിയാക്കണമെന്ന് ചെറുപ്പംതൊട്ടേ അച്ഛന്‍ പറഞ്ഞിരുന്നു. അങ്ങനെ കുട്ടിക്കാലം മുതലേ ഈ മോഹം ഹരിതയുടെ മനസ്സില്‍ മൊട്ടിട്ടു. 2007-ല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ശേഷം സിവില്‍ സര്‍വീസിന് തയ്യാറെടുപ്പ് തുടങ്ങി. അപ്പോഴേക്കും പബ്ലിക്ക് ലൈബ്രറിയില്‍ അംഗത്വമെടുത്ത് ഗൗരവമായി വായനയും ആരംഭിച്ചിരുന്നു. ഇക്കണോമിക്‌സും മലയാളവും വിഷയങ്ങളായെടുത്തു. അത് സാഹസികമാണെന്ന് കൂട്ടുകാര്‍ ഉപദേശിച്ചെങ്കിലും സ്വന്തം വഴിയെക്കുറിച്ചുള്ള ബോധ്യവും ആത്മവിശ്വാസവും ഹരിതയ്ക്ക് ധൈര്യം നല്‍കി.

എന്തുകൊണ്ട് സാമ്പത്തികശാസ്ത്രവും മലയാളവും സ്വീകരിച്ചുവെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഹരിതയ്ക്കുണ്ട്. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട എന്തും സാമ്പത്തികശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ ഏതുപ്രശ്‌നങ്ങളും പരിശോധിച്ചാല്‍ അതിനുള്ള മുഖ്യകാരണം സാമ്പത്തികമാണെന്ന് കാണാം. പിന്നെ, മലയാളം. ഇംഗ്ലീഷ് മീഡിയത്തിലാണ് സ്‌കൂളില്‍ പഠിച്ചതെങ്കിലും കുട്ടിക്കാലം മുതലേ മലയാളത്തോട് ഏറെ പ്രിയമായിരുന്നു. കേരളത്തോടുള്ള സ്‌നേഹവും മലയാളം ഒരു വിഷയമായെടുക്കാന്‍ പ്രേരണയായി.

കാര്യവട്ടത്ത് യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായിരുന്ന പ്രൊഫ. സി. നാരായണനാണ് സാമ്പത്തികശാസ്ത്രത്തില്‍ ഗുരു. അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശിത്വം ഏറെ സഹായിച്ചു. പാലാ സിവില്‍ സര്‍വീസ് അക്കാദമിയിലായിരുന്നു മലയാള പഠനം.

എഴുത്തുപരീക്ഷയ്ക്ക് സ്വന്തം തയ്യാറെടുപ്പായിരുന്നെങ്കിലും അഭിമുഖപരിശീലനത്തിന് തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയില്‍ ചേര്‍ന്നു. രണ്ടുതവണ സിവില്‍ സര്‍വീസ് റാങ്കില്‍ പിന്നിലാക്കിയത് ഇന്റര്‍വ്യൂവായിരുന്നു. നാലാമതും അങ്കത്തിനിറങ്ങിയപ്പോള്‍ ഏറെ കരുതലോടെയായിരുന്നു ഹരിതയുടെ നീക്കം. ഇതിന് ഡല്‍ഹിക്കടുത്ത് ഫരീദാബാദിലെ നാഷണല്‍ കസ്റ്റംസ്-എകൈ്‌സസ്-നാര്‍ക്കോട്ടിക്‌സ് അക്കാദമിയിലെ ജീവിതം സഹായിച്ചു. ഇവിടെ റവന്യൂ സര്‍വീസ് പരിശീലനത്തിലായിരുന്നു ഹരിത. പരീക്ഷയും ഇന്റര്‍വ്യൂവും നേരിടാനായി പതിവായി കൂട്ടുകാര്‍ക്കൊപ്പം അക്കാദമികചര്‍ച്ചകള്‍ നടത്തി. ഈ ചര്‍ച്ചകള്‍, എപ്പോഴും പിന്നാക്കം പോവാറുള്ള ഇന്റര്‍വ്യൂ നേരിടാനുള്ള ധൈര്യം പകര്‍ന്നു. ഒന്നാംറാങ്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. പക്ഷേ, അവിശ്വസനീയമായി എല്ലാം സംഭവിച്ചു.

പഠനരീതി, തയ്യാറെടുപ്പ്

പഴയരീതിയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഇപ്പോഴത്തെ സിവില്‍ സര്‍വീസ് പരീക്ഷ. ഉപന്യാസങ്ങള്‍ എഴുതുക എന്നതിലുപരി ചെറിയ ചെറിയ ചോദ്യങ്ങളുടെ ഉത്തരമെഴുത്താണ് ഇപ്പോള്‍ പ്രധാനം. അതുകൊണ്ട് പാഠ്യപദ്ധതിയില്‍ ഏറെക്കുറെ എല്ലാം പഠിക്കാന്‍ ശ്രമിച്ചു. ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ ഓരോന്നും എഴുതിത്തന്നെ പരിശീലിച്ചു. സമയബന്ധിതമായി പരീക്ഷയെഴുതിത്തീര്‍ക്കലാണ് മുഖ്യം. ഇങ്ങനെ നിശ്ചിതസമയത്തിനുള്ളില്‍ എഴുതിത്തീര്‍ക്കാന്‍ തരത്തില്‍ തുടര്‍ച്ചയായി എഴുതിയെഴുതി പരിശീലിച്ചു. പ്രിലിമിനറിക്ക് മുമ്പുള്ള പഠനം കുറച്ച് റിലാക്‌സ്ഡ് ആയിരുന്നു. ദിവസവും ശരാശരി അഞ്ചു മണിക്കൂര്‍ പഠനത്തിനായി മാറ്റിവെച്ചു. പിന്നെ, ആഴ്ചയുടെ അവസാനം ആ ആഴ്ച പഠിച്ചതിന്റെ റിവിഷനാണ്. നമ്മള്‍ പഠിച്ചതെല്ലാം റിവൈസ് ചെയ്യുന്നത് ഏറെ പ്രധാനമാണ്.

പിന്നീടുള്ള പഠനത്തില്‍ സമയക്രമമൊന്നുമുണ്ടായിരുന്നില്ല. ദിവസവും ഇത്രസമയം പഠിക്കുക എന്നതായിരുന്നില്ല എന്റെ രീതി. നിശ്ചിത അധ്യായം തീര്‍ക്കുക എന്നായിരുന്നു. പഠിക്കാന്‍ മനഃസാന്നിധ്യം നഷ്ടമാവുമ്പോള്‍ പാട്ട് കേള്‍ക്കും വീട്ടുകാരോട് സംസാരിക്കും, സിനിമ കാണും. അങ്ങനെ മനസ്സൊന്ന് ഉഷാറാക്കി വീണ്ടും പഠനത്തിലേക്ക് തിരിയും.

ഇംഗ്ലീഷ്, മലയാളം പത്രങ്ങള്‍ പതിവായി വായിക്കുമായിരുന്നു. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തെക്കുറിച്ച് ചോദ്യമുണ്ടായിരുന്നു. മലയാളപത്രങ്ങള്‍ വിശദമായി വായിച്ചിരുന്നതിനാല്‍ അതിനൊക്കെ നന്നായി ഉത്തരമെഴുതാന്‍ കഴിഞ്ഞു.

ആത്മവിശ്വാസത്തോടെ

ഇന്റര്‍വ്യൂവിന് നന്നായി തയ്യാറെടുത്തു. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തോടെയാണ് പോയത്. കിട്ടിയാല്‍ കിട്ടട്ടെ എന്ന മട്ടിലായിരുന്നു. തുടക്കത്തില്‍ പറഞ്ഞ ഒരു ചോദ്യമായിരുന്നു മുഖ്യം. ഇന്ത്യ നേരിടുന്ന നാല് പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. അഴിമതി, ദാരിദ്ര്യം, സ്ത്രീകളുടെ അരക്ഷിതാവസ്ഥ, തൊഴിലില്ലായ്മ എന്നിവയാണെന്ന് ഞാന്‍ ഉത്തരം നല്‍കി. ഇവ പരിഹരിക്കാന്‍ ഒരൊറ്റ മാര്‍ഗം നിര്‍ദേശിക്കാമോയെന്നായി അടുത്ത ചോദ്യം. ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ സഹായത്തോടെ സുതാര്യത ഉറപ്പാക്കുകയാണ് പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗമെന്ന് മറുപടിയും നല്‍കി.

കേരളത്തെക്കുറിച്ചും ചോദ്യമുണ്ടായി. എന്തുകൊണ്ട് ദൈവത്തിന്റെ സ്വന്തം നാടെന്ന് കേരളത്തെ വിശേഷിപ്പിക്കുന്നുവെന്നായിരുന്നു ചോദ്യം. മറുപടി പറയുമ്പോള്‍ ഞാന്‍ ആവേശഭരിതയായി. ദൈവത്തിന്റെ സ്വന്തം നാടെന്ന് ടൂറിസം വകുപ്പിട്ട ഒരു വിശേഷണവാക്യമാണെന്ന് പറഞ്ഞു. പിന്നെ, കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നുതന്നെ ഉറപ്പിച്ചു പറഞ്ഞു. അതിന് വിശദീകരണവും നല്‍കി. നമ്മുടെ പച്ചപ്പും തോരാത്ത മഴയും തെളിഞ്ഞ അന്തരീക്ഷവും വിദ്യാഭ്യാസമികവുമൊക്കെ വിശദീകരിച്ചു. ഇതൊക്കെ പറയുമ്പോള്‍ ഏറെ ആവേശത്തോടെയായിരുന്നു എന്റെ മുഖഭാവവും ശരീരചലനങ്ങളും. കേരളത്തോടുള്ള ഈ സ്‌നേഹം ഇന്റര്‍വ്യൂ ബോര്‍ഡിന് നന്നായി ബോധിച്ചെന്ന് തോന്നുന്നു. കമല സുരയ്യയെക്കുറിച്ചും മറ്റൊരു ചോദ്യമുണ്ടായി. ഇന്റര്‍വ്യൂ കഴിഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ സംതൃപ്തിയുണ്ടായിരുന്നു.

തയ്യാറെടുക്കുന്നവരോട്

വീഴ്ചയില്‍ പതറാതിരിക്കുക, സിവില്‍ സര്‍വീസില്‍ പരിശീലനമാണ് പരമപ്രധാനം. സമയബന്ധിതമായി എഴുതിത്തീര്‍ക്കാനും ഇന്റര്‍വ്യൂ ആത്മവിശ്വാസത്തോടെ നേരിടാനും നന്നായി പരിശീലിക്കുക. ചോദ്യോത്തരങ്ങളെല്ലാം എഴുതിത്തന്നെ പരിശീലിക്കുന്നത് നന്നായിരിക്കും. ഇംഗ്ലീഷ് ഒരു പ്രശ്‌നമായി കാണരുത്. നമ്മുടെ ആശയം മറ്റുള്ളവരുമായി നന്നായി ആശയവിനിമയം നടത്തുകയെന്നതാണ് മുഖ്യം. അല്ലാതെ, ഇംഗ്ലീഷില്‍ വലിയ പദസമ്പത്തോടെ സംസാരിക്കലല്ല. സംസാരിക്കാന്‍ മടിച്ചിരിക്കരുത്. നമ്മുടെ ആശയം ആത്മവിശ്വാസത്തോടെ അവതരിപ്പിച്ചാല്‍ വിജയം ഉറപ്പായിരിക്കും. വായനയും പരിശീലനവും തന്നെയാണ് സിവില്‍ സര്‍വീസ് നേടിയെടുക്കാന്‍ പ്രധാനം.


ഹരിതയുടെ ഇഷ്ടങ്ങള്‍

* ഇഷ്ടപുസ്തകം?

ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍
* മലയാളത്തിലെ ഇഷ്ടകൃതി?

ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ 'അഗ്‌നിസാക്ഷി'.
* ഇഷ്ടപ്പെട്ട എഴുത്തുകാര്‍?

ടാഗോര്‍, എം.ടി. വാസുദേവന്‍ നായര്‍, മലയാള കവികളില്‍ വൈലോപ്പിള്ളി.
* ഇഷ്ടനടന്‍?

തിലകന്‍. ഒമ്പതാംക്ലാസില്‍ 'കിരീടം' സിനിമ കണ്ടത് ഇനിയും മറന്നിട്ടില്ല. ഏറ്റവുമൊടുവില്‍ തിലകന്‍ അഭിനയിച്ച 'ഉസ്താദ് ഹോട്ടല്‍' എന്ന സിനിമയും കണ്ടു. എം.ടി.-ഹരിഹരന്‍ ടീമിന്റെ സിനിമകളാണ് പ്രിയപ്പെട്ടവ.
* മറ്റ് ഹോബികള്‍?

കുട്ടിക്കാലത്ത് മോഹിനിയാട്ടവും ഭരതനാട്യവും പഠിച്ചിട്ടുണ്ട്. കര്‍ണാടക സംഗീതവും അഭ്യസിച്ചു. വായനയുണ്ടായിരുന്നതിനാല്‍ ചെറുതായി കവിത എഴുതുമായിരുന്നു. എന്നാല്‍, സിവില്‍ സര്‍വീസിനായി തയ്യാറെടുപ്പ് തുടങ്ങിയതോടെ വായന കൂടുതല്‍ ഗൗരവപ്പെട്ടതായി. എഴുത്ത് നിര്‍ത്തി.
* ഐ.എ.എസ്സുകാരിയായാല്‍?

സാധാരണക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും. പാവപ്പെട്ടവരുടെ മുഖം എപ്പോഴും മനസ്സിലുണ്ടാവും. ഞാന്‍ അവരിലൊരാളായിരിക്കും. ഇതാണ് എന്റെ വാഗ്ദാനം.TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.