സ്വന്തം 'സന്തോഷ' നായകന്‍തൊണ്ണൂറുകളുടെ ആദ്യം മുതലേ സേക്രഡ് ഹാര്‍ട്ട് സ്‌കൂളിന്റെ ചെമ്മണ്‍ മൈതാനത്ത് പന്തും തട്ടി നടന്നിരുന്ന കോന്തുരുത്തിക്കാരന്‍ ഒരു പയ്യന്‍ തേവരക്കാരുടെ ഓര്‍മയിലിന്നുമുണ്ട്. ജില്ലാ ടൂര്‍ണമെന്റുകളിലും യൂണിവേഴ്‌സിറ്റി മാച്ചുകളിലും പിന്നീട് ദേശീയചാമ്പ്യന്‍ഷിപ്പില്‍ വരെ അവന്‍ കളിക്കാനിറങ്ങിയപ്പോള്‍ നാടൊന്നടങ്കം കൂടെയുണ്ടായിരുന്നു. ഒടുവില്‍ രണ്ട് പതിറ്റാണ്ടിനിപ്പുറം പട്ടാളപ്പടയുടെ സര്‍വസൈന്യാധിപനായി സ്വന്തം നാട്ടില്‍ വെച്ച് സന്തോഷ് ട്രോഫിയുയര്‍ത്താനുള്ള നിയോഗം വരെ ഈ താരത്തെ തേടിയെത്തി. കൊച്ചി കോന്തുരുത്തി പീടിയേക്കല്‍ പറമ്പില്‍ ശശിധരന്റെയും സുധര്‍മ്മയുടെയും മൂത്ത മകന്‍ പി. എസ്. സുമേഷ് നന്ദി പറയുകയാണ് ഫുട്‌ബോളിനോടും സ്വന്തം നാടിനോടും- തന്നെ സര്‍വീസസിന്റെ വിജയനായകനിലേക്കെത്തിക്കാന്‍ കരുത്ത് നല്‍കിയതിന്.

ഇത്തവണ സന്തോഷ് ട്രോഫി ഫൈനലില്‍ കേരളത്തിനൊപ്പം സര്‍വീസസുമെത്തിയപ്പോള്‍ കൊച്ചിയുടെ മണ്ണില്‍ കപ്പുയര്‍ത്താനുള്ള നായകദൗത്യം മലയാളിയ്ക്കു തന്നെയെന്നുറപ്പായിരുന്നു. ഫൈനലിലെ സഡന്‍ ഡെത്തില്‍ കേരളത്തിന്റെ അവസാന കിക്ക് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചതോടെ സര്‍വീസസിന്റെ മൂന്നാം കിരീടമുയര്‍ത്തിയ ചരിത്രം പി. എസ് സുമേഷ് എന്ന നായകന്റെ പേരിലേക്ക് തന്നെ കുറിക്കപ്പെട്ടു. ആ വിജയനിമിഷത്തെപ്പറ്റിയോര്‍ക്കുമ്പോള്‍ ഇപ്പോഴും സുമേഷിന്റെ മുഖത്തുള്ളത് ഷൂട്ടൗട്ട് ഭാഗ്യത്തിന്റെ ആശ്ചര്യം തന്നെയാണ്. കേരളത്തിന്റെ കരുത്തറിഞ്ഞു കളിച്ചിട്ടും എക്‌സ്ട്രാ ടൈമിനപ്പുറത്തേക്കും മത്സരം നീണ്ടതോടെ സര്‍വീസസ് ക്യാമ്പ് തെല്ലൊരു സമ്മര്‍ദ്ദത്തിലായിരുന്നെന്ന് സുമേഷ് പറയുന്നു.

'ഷൂട്ടൗട്ടില്‍ ആദ്യ രണ്ട് കിക്കുകളും പാഴായത് കളിക്കാരുടെ ടെന്‍ഷന്‍ ഇരട്ടിയാക്കിയിരുന്നു. ഈ സമയം ഇരമ്പിയാര്‍ത്ത ഗാലറികള്‍ കേരളത്തിന് ജയമുറപ്പിച്ചപ്പോഴും കിരീടം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷ കൈവിടാതെയാണ് ഞങ്ങള്‍ കളിച്ചത്. സഡന്‍ ഡെത്തില്‍ ആദ്യ കിക്കെടുക്കാനെത്തും മുമ്പ് മലയാളിതാരം കിരണ്‍ വര്‍ഗീസിനോട് ഉറച്ച പ്രതീക്ഷ വേണമെന്ന് കോച്ച് പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു. കിരണ്‍ കൃത്യമായി തന്നെ ലക്ഷ്യം കണ്ടതോടെ പകുതി ആശ്വാസമായി. തൊട്ടു പിന്നാലെ കേരളം അവസരം പാഴാക്കിയതോടെ സന്തോഷ് ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം ജയം. അവിസ്മരണീയം എന്ന് ഒറ്റവാക്കില്‍ പറയാം' സുമേഷിന്റെ വാക്കുകള്‍. ഫൈനല്‍ കാണാന്‍ സുമേഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് തേവരയില്‍ നിന്നും സ്റ്റേഡിയത്തിലെത്തിയിരുന്നത്. സര്‍വീസസ് ജയിച്ചതോടെ നാട്ടുകാര്‍ ആശംസാ ഫ്ലക്‌സ് ബോര്‍ഡുകളുമായി ഗ്രൗണ്ടിലേക്കുമിറങ്ങി.

ക്വാര്‍ട്ടര്‍ മുതല്‍ തന്നെ സര്‍വീസസിന്റെ കളികളില്‍ ശ്രദ്ധിക്കപ്പെട്ടത് പ്രതിരോധത്തില്‍ സുമേഷിന്റെ തന്ത്രങ്ങളായിരുന്നു. ആദ്യ കളിയില്‍ റെയില്‍വേസിനെതിരെ ഉഴപ്പിയ സര്‍വീസസ് പിന്നീടെല്ലാ കളികളിലും ഉണര്‍ന്നുകളിച്ചാണ് കിരീടത്തിലേക്കെത്തിയത്. െൈഫനലില്‍ കേരളം നന്നായി കളിച്ചെന്നാണ് സര്‍വീസസ് നായകന്റെ വിലയിരുത്തല്‍. ഗോളി ജീന്‍ ക്രിസ്റ്റിയന്റെ മികച്ച സേവുകള്‍ ശ്രദ്ധേയമായിരുന്നു. ആ രക്ഷപ്പെടുത്തലുകളില്ലായിരുന്നെങ്കില്‍ സ്വന്തം ടീമിന്റെ വിജയം അനായാസമാകുമായിരുന്നെന്നും സുമേഷ് പറയുന്നു. തേവര സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍, എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം 2001 ലാണ് സുമേഷ് ഇന്ത്യന്‍ നേവിയില്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2005 മുതല്‍ സര്‍വീസസ് ഫുട്‌ബോള്‍ ടീമംഗമായി. പിന്നീട് സര്‍വീസസ് പ്രതിരോധനിരയിലെ പ്രധാനിയായാണ് സുമേഷ് കളിക്കളത്തില്‍ തിളങ്ങിയത്. ഇതുവരെ എട്ടു തവണ സന്തോഷ് ട്രോഫിയില്‍ സര്‍വീസസിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. ക്യാപ്റ്റന്റെ റോളില്‍ ഇത് രണ്ടാമത്തെ അവസരമായിരുന്നു. 2006 ല്‍ ഹരിയാണയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സുമേഷാണ് സര്‍വീസസിനെ നയിച്ചത് . അന്ന് ബംഗാളിനോട് തോറ്റ് ക്വാര്‍ട്ടറില്‍ തന്നെ ടീം പുറത്തായിരുന്നു.

എന്നാല്‍ രണ്ടാം വരവില്‍ ടീമിനെ കിരീടത്തിലെത്തിച്ച് ക്യാപ്റ്റന്‍ റോള്‍ ഭംഗിയായി നിര്‍വഹിച്ചാണ് സുമേഷ് മുംബൈയ്ക്ക് മടങ്ങുന്നത്. മുംബൈയിലെ കൊളാബയില്‍ ഐഎന്‍എസ് ആംഗ്രേ നാവിക ആസ്ഥാനത്ത് ചീഫ് പെറ്റി ഓഫീസറായി സേവനമനുഷ്ഠിക്കുന്ന സുമേഷിന് വിജയപാതയില്‍ ഭാര്യ ശ്രീജയും മക്കള്‍ സഞ്ജനയും ശിവാനിയുമടങ്ങുന്ന കുടുംബവും കൂട്ടിനുണ്ട്.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.