ജന്റില്‍മാന്‍

ശരത്കൃഷ്ണ

'ബോഡിഗാര്‍ഡി' ന്റെ നൂറുകോടി നേട്ടത്തിനുശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ജയഭാരതിയുടെയും സത്താറിന്റെയും മകന്‍ കൃഷ് ജെ. സത്താര്‍ മലയാളസിനിമയിലേക്ക്

ഇംഗ്ലണ്ടിലെത്തിയ ദിവസം രാത്രി കൃഷിന് അമ്മയുടെ ഫോണ്‍ വന്നു. ''തണുപ്പുണ്ടോ?'' എന്നാണ് ആദ്യം ചോദിച്ചത്. പിന്നെ, സ്‌നേഹം തെംസ് നദി കടന്നൊഴുകി. അവസാനം അമ്മ പറഞ്ഞു: ''നീ എന്‍ജിനീയറിങ്ങിന് പഠിക്കുമ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ച് ചിലര്‍ വിളിച്ചിരുന്നു. തമിഴിലേക്ക്... നായകനാകാന്‍... അന്ന് ഞാന്‍ പറയാതിരുന്നതാണ്...''. അപ്പുറത്ത് മഞ്ഞിന്‍തണുപ്പിലും കൃഷ് അതുകേട്ട് വിയര്‍ത്തു. പക്ഷേ, അമ്മയുടെ ഉമ്മയില്‍ പരിഭവം ആറിത്തണുത്തു.

ഈ കഥയിലെ അമ്മയുടെ പേര് കറുപ്പിലും വെളുപ്പിലും കളറിലും മലയാള സിനിമയില്‍ പണ്ട് പലവട്ടം തെളിഞ്ഞിട്ടുണ്ട് -'ജയഭാരതി' എന്ന പേരില്‍. അഭിനയിക്കാന്‍ കൊതിച്ചുനടന്ന മകന്‍ ഉണ്ണികൃഷ്ണനെ, പഠനമാണ് ആദ്യം വേണ്ടതെന്നു പറഞ്ഞ് പഠിപ്പിച്ച അമ്മവേഷമായിരുന്നു ജീവിതത്തില്‍ അവര്‍ക്ക്. മകന്‍ ഉയര്‍ന്ന ഉദ്യോഗത്തിലെത്തണമെന്ന തികച്ചും സാധാരണമായ സ്വപ്നമാണ് ജയഭാരതി കണ്ടിരുന്നത്. കൃഷ് അത് സത്യമാക്കുകയും ചെയ്തു.

അതിന്റെ ക്ലൈമാക്‌സില്‍ അമ്മ മകനുവേണ്ടി ഒരു സസ്‌പെന്‍സ് കാത്തുവച്ചു. തെക്കേ അമേരിക്കയിലെ ജോലി മതിയാക്കി എത്തിയ കൃഷിനുവേണ്ടി ജയഭാരതി ഒരു കുപ്പായം തുന്നിവച്ചിരുന്നു; അഭിനേതാവിന്റെ... അങ്ങനെ 'ബോഡിഗാര്‍ഡി' ന്റെ നൂറുകോടി നേട്ടത്തിനുശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ജയഭാരതിയുടെയും സത്താറിന്റെയും മകന്‍ മലയാളസിനിമയിലേക്ക്...

''സിദ്ദിഖ് സാറിനെപ്പോലെ ഇത്രയും വലിയൊരു സംവിധായകന്റെ... ലാലങ്കിളിനെപ്പോലെ ഒരു ലജന്‍ഡിന്റെ ഒപ്പം... ആദ്യസിനിമ. എന്റെ ഭാഗ്യമാണത്. ഇതില്‍ കൂടുതല്‍ എനിക്ക് എന്താണ് വേണ്ടത്. ഒരേസമയം എകൈ്‌സറ്റ്‌മെന്റും നെര്‍വസ്‌നെസുമുണ്ട്'' -കൃഷ് പറയുന്നു. എഗ്‌മോര്‍ ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ പഠിക്കുമ്പോള്‍ കള്‍ച്ചറല്‍ സെക്രട്ടറിയായിരുന്നു കൃഷ്. അച്ഛനമ്മമാരില്‍ നിന്ന് കിട്ടിയ അഭിനയത്തിന്റെ ജീനുകള്‍ നാടകവേദിയിലൂടെ വളര്‍ന്നു.

എന്‍ജിനീയറിങ്ങിനായി ഗിണ്ടി കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ എത്തിയതോടെ സിനിമയായി സിരകളില്‍. പക്ഷേ, ആദ്യം പഠനമെന്നാണ് അമ്മ പറഞ്ഞുകൊടുത്തത്, അച്ഛനും അതേ അഭിപ്രായം. അങ്ങനെ അഭിനയമോഹത്തെ ഉള്ളിലൊളിപ്പിച്ച് ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക്... അവിടെ ചെന്നുകഴിഞ്ഞപ്പോഴാണ് പണ്ട് തമിഴ്‌സിനിമക്കാര്‍ വിളിച്ചതുള്‍പ്പെടെയുള്ള രഹസ്യങ്ങള്‍ അമ്മ വെളിപ്പെടുത്തിയത്.

'ബിസിനസ് ന്യൂസ് അമേരിക്കാസി'ല്‍ കൊമേഴ്‌സ്യല്‍മാനേജരായി കൃഷ് തെക്കേ അമേരിക്കയില്‍ എത്തിയപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചതും ജയഭാരതി ആയിരുന്നു. രണ്ടരവര്‍ഷം അവിടെ ജോലിനോക്കി. പടിഞ്ഞാറന്‍ ജീവിതം പക്ഷേ, കൃഷിന്റെ അഭിനയലഹരിയെ കെടുത്തിക്കളഞ്ഞില്ല. തിരിച്ചെത്തിയപ്പോള്‍ അമ്മയോട് ആദ്യം ആവശ്യപ്പെട്ടത് അഭിനയം പഠിക്കാന്‍ വിടണമെന്നാണ്. ഇത്തവണ ജയഭാരതി അഭിനേത്രിയെപ്പോലെ ചിന്തിച്ചു. കൃഷ് ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയിലെത്തി.

അഭിനയത്തില്‍ പത്തുമാസത്തെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനും മുമ്പേ കൃഷിന്റെ ചിത്രം ജയഭാരതി തന്നെ സിദ്ദിഖിന് അയച്ചുകൊടുത്തിരുന്നു. 'ബോഡിഗാര്‍ഡി'ന്റെ തിരക്കിലായതിനാല്‍ അവസരം വരട്ടെ എന്നായിരുന്നു സിദ്ദിഖിന്റെ മറുപടി. എന്തും ഓര്‍ത്തുവയ്ക്കുകയും സൗഹൃദങ്ങള്‍ക്ക് മൂല്യം കല്പിക്കുകയും ചെയ്യുന്ന സിദ്ദിഖ് വാക്കുപാലിച്ചു. ഇരുപത് വര്‍ഷത്തിനുശേഷം മോഹന്‍ലാലിനൊപ്പം ഒന്നിക്കുന്ന ചിത്രത്തില്‍ 'ശരത്' എന്ന കഥാപാത്രത്തെ വച്ചുനീട്ടിക്കൊണ്ട് അദ്ദേഹം കൃഷിനെ വിളിച്ചു.
വിദേശത്ത് പഠിക്കാന്‍ പോയപ്പോഴാണ് ഉണ്ണികൃഷ്ണന്‍ 'കൃഷ്' ആയി മാറിയത്. കൃഷ് ജെ. സത്താര്‍ എന്ന ഇ-മെയില്‍ പേര് സിനിമയിലും ഉപയോഗിച്ചോട്ടെയെന്ന് ചോദിച്ചപ്പോള്‍ സിദ്ദിഖിനും സമ്മതം. ''യുവനിരയില്‍ സ്വന്തം ഇടം സൃഷ്ടിക്കാന്‍ കഴിവുള്ളയാളാണ് അയാള്‍'' -കൃഷിനെക്കുറിച്ച് സിദ്ദിഖിന്റെ വാക്കുകള്‍.

രജനീകാന്തിനെ ആരാധിക്കുകയും മോഹന്‍ലാലും കമലഹാസനും ഇഷ്ടനടന്മാരാണെന്ന് പറയുകയും ചെയ്യുന്ന കൃഷ് പക്ഷേ, അമ്മയുടെ ചിത്രങ്ങള്‍ അധികം കണ്ടിട്ടില്ല. സിനിമയില്‍ വീണ്ടും സജീവമാകുന്ന സത്താര്‍ അഭിനയിച്ച '22 ഫീമെയില്‍ കോട്ടയ'വും 'തട്ടത്തിന്‍മറയത്തു'മാണ് അടുത്തിടെ ആകര്‍ഷിച്ച ചിത്രങ്ങള്‍.

മലയാള സിനിമയുടെ പുതു തരംഗത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന കൃഷ് പറഞ്ഞുനിര്‍ത്തുന്നത് ഇങ്ങനെയാണ്: ''സിനിമ
എന്റെ പാഷനാണ്. അത് കരിയര്‍ ആയിത്തീരണമെങ്കില്‍ ദൈവത്തിന്റെയും പ്രേക്ഷകരുടെയും അനുഗ്രഹം വേണം. സിനിമയില്‍ ലെജന്‍ഡുകള്‍ എപ്പോഴും ലെജന്‍ഡുകളായി നില്‍ക്കും. പുതുതലമുറയെ വളര്‍ത്തുന്നത് അത്തരം അനുഗ്രഹങ്ങളാണ്...''

TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.