മാറുന്ന മലയാളി വധു

കെ.ജി. കാര്‍ത്തികവിവാഹ ദിനത്തിലെ ശ്രദ്ധാകേന്ദ്രം വധുവാണ്. കണ്ണുകളുടെ ഭംഗി കൂട്ടാന്‍ കണ്‍മഷി... നെറ്റിത്തടത്തില്‍ ചാന്തുകൊണ്ട് വരയ്ക്കുന്ന വലിയ വട്ടപ്പൊട്ട്... മുല്ലപ്പൂവിന്റെ നറുമണം... പണ്ട് ഇതെല്ലാം ചേര്‍ന്നതായിരുന്നു മലയാളി വധു. എന്നാല്‍, കാലത്തിനൊപ്പം വധുവിന്റെ രൂപവും ഭാവവും മാറ്റുന്ന പുത്തന്‍ ട്രെന്‍ഡുകള്‍ മാര്‍ക്കറ്റില്‍ ഇടം നേടിക്കഴിഞ്ഞു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം എത്തുന്ന ദിനം ആഘോഷമാക്കുകയാണ് അവര്‍. മലയാളി വധുക്കള്‍ക്ക് ഇടയിലും മേക്ക് ഓവറുകള്‍ വന്നുകഴിഞ്ഞു.

കല്യാണത്തിനുള്ള ഒരുക്കം മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങും. വിവാഹത്തിന് പരമ്പരാഗത വേഷങ്ങള്‍ അണിയുന്നവര്‍ തന്നെ നിശ്ചയത്തിനും മനഃസമ്മതത്തിനും മോഡേണ്‍ വേഷത്തിലാവും പ്രത്യക്ഷപ്പെടുക. വിവാഹ ദിനത്തില്‍ എങ്ങനെ തിളങ്ങാമെന്നാണ് ഓരോ വധുവും ചിന്തിക്കുന്നത്.

ഡാര്‍ക്ക് ഷേഡുകള്‍ ഒഴിവാക്കുന്ന ന്യൂഡ് മേക്കപ്പാണ് പുതിയ ട്രെന്‍ഡ്. സുന്ദരിയായി അണിഞ്ഞൊരുങ്ങുന്നതിനൊപ്പം മുഖത്ത് എന്തെങ്കിലും ചെയ്തുവെന്ന തോന്നല്‍ ഇല്ലാതാക്കാം എന്നാണ് ഇതിന്റെ പ്രത്യേകത. ലിപ്സ്റ്റിക്, മസ്‌കാര എന്നിവയിലെ ഡാര്‍ക്ക് ഷേഡുകള്‍ ഒഴിവാക്കുന്നു. ഹെയര്‍ സ്റ്റൈലുകളിലും വ്യത്യസ്ത ശൈലികള്‍ പരീക്ഷിക്കപ്പെടുന്നുണ്ട്.

കുറച്ചുകാലം മുമ്പ് വരെ സ്‌ട്രൈറ്റന്‍ ചെയ്തിരുന്ന മുടിയോടായിരുന്നു താത്പര്യം. എന്നാല്‍, ഇപ്പോള്‍ഇത് മാറിത്തുടങ്ങിയിട്ടുണ്ടെന്ന് ബ്രൈഡല്‍ ആര്‍ട്ടിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ജൂലി അനില്‍ പറഞ്ഞു. ചുരുളന്‍ മുടികളോടാണ് ഇപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടം. ക്രിസ്ത്യന്‍ വധുക്കളാണ് കൂടുതലായും മുടി ചുരുണ്ട രീതിയില്‍ ചെയ്യുന്നത്. ഇത് പല രീതികളില്‍ ചെയ്യാം. ഹിന്ദുക്കളാണെങ്കില്‍ ലൂസ് ഹെയറാണ് ഇഷ്ടപ്പെടുന്നത്. നിക്കാഹിന് ഒരുങ്ങിയെത്തുന്ന മൊഞ്ചത്തികളാണെങ്കില്‍ തലമുടിയില്‍ വിത്യസ്ത ആഭരണങ്ങള്‍ വച്ച് കൂടുതല്‍ സുന്ദരിയാകുന്നു.

ഡ്രസ്സിന് യോജിക്കുന്ന രീതിയിലുളള ക്ലിപ്പുകളും ആഭരണങ്ങളുമായിരിക്കും തലയില്‍ കുത്തുന്നത്. മുല്ലപ്പൂവിന് പുറമെ ബാഗ്ലൂര്‍ പൂവും അരളിപ്പൂവും ഒക്കെയാണ് തലമുടിയില്‍ വയ്ക്കുന്നത്.അണിയുന്ന വസ്ത്രങ്ങള്‍ക്ക് ചേരുന്ന രീതിയില്‍ പൂക്കളുടെ നിറവും മാറുന്നു.

സോഫ്റ്റ് ലുക്ക് നല്‍കുന്ന ചമയങ്ങളാണ് മലയാളി വധുക്കള്‍ ഏറെ ഇഷ്ടപ്പെടുന്നത്. ക്രിസ്ത്യന്‍ വധുക്കള്‍ അണിയുന്ന ഗൗണുകളിലും സാരികളിലും വലിയൊരു മാറ്റം വന്നിട്ടുണ്ട്. വിവാഹ ദിനത്തില്‍ സ്‌കേര്‍ട്ടും ടോപ്പും അണിയുന്നവരുണ്ട്. സാരിക്ക് പകരം അനാര്‍ക്കലി മോഡല്‍ ചുരിദാറും ലാച്ചകളും ഈ ദിനത്തില്‍ സ്ഥാനം പിടിക്കുന്നു. സാരികളില്‍ തന്നെ വിത്യസ്ത രീതിയിലുള്ളവ ലഭ്യമാണ്. പാര്‍ട്ടികള്‍ക്കും മറ്റും ലാച്ച സാരി ഫാഷനായിട്ടുണ്ട്.വ്യത്യസ്ത രീതികളില്‍ സാരി ഉടുക്കാനുള്ള അവസരവും ഇന്ന് ഉണ്ട്.

വധുക്കള്‍ അണിയുന്ന ആഭരണങ്ങളുടെ ട്രെന്‍ഡിലും മാറ്റമുണ്ട്. മഞ്ഞ സ്വര്‍ണം എന്നതില്‍ നിന്നും കളര്‍ ഫുള്ളല്ലാത്ത, തിളക്കം കുറഞ്ഞ മാലകളാണ് ഇന്നത്തെ വധുക്കള്‍ തിരഞ്ഞെടുക്കുന്നത്. ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ ആഭരണങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും ഇവര്‍ ശ്രദ്ധാലുക്കളാണ്. ചെട്ടിനാട് കളക്ഷന്‍സ് ധാരാളമായി ഉപയോഗിക്കുന്നു. ചെറിയ മാലകള്‍ക്ക് പകരം വലിയ മാലകള്‍ അണിയുന്നു.

മുസ്‌ലിം വധുക്കള്‍ ഇപ്പോഴും ജിമിക്ക അണിയുന്നുണ്ട്. പാറ്റേണില്‍ വ്യത്യസ്തങ്ങളായ ജിമിക്കകള്‍ ലഭ്യമാണ്. കുന്ദന്‍, കൊല്‍ക്കത്ത, രാജ്‌കോട്ട്, കേരള മോഡല്‍ എന്നീ വിവിധ സ്റ്റൈലുകള്‍. തലയില്‍ ധരിക്കുന്ന നെറ്റുകളിലും വ്യത്യസ്തമാര്‍ന്നവ ലഭ്യമാണ്. ഓരോ മേക്കപ്പ് തിരഞ്ഞെടുക്കുന്നതിന് അനുസരിച്ചാണ് വില.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.