പേന വിപണി ഇപ്പോഴും സജീവം

ബിബിന്‍ ബാബുസാങ്കേതികവിദ്യാ വിപ്ലവത്തിന്റെ യുഗത്തില്‍ പേപ്പറും പേനയും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകള്‍ മാത്രമായി മാറുമോ? ഇല്ലെന്നാണ് പേന വിപണിയിലെ പുത്തന്‍ താരത്തിളക്കങ്ങള്‍ സൂചിപ്പിക്കുന്നത്.

കീബോര്‍ഡ് ടൈപ്പിങ്ങിന്റെയും എസ്.എം.എസ്സിന്റെയും ലൈക്കുകളുടെയും ഷെയറുകളുടെയും കമന്റുകളുടെയും ടാഗുകളുടെയും ടാബുകളുടെയും യുഗത്തില്‍ ഇ-ഹരിശ്രീ കുറിക്കുന്ന മൂന്നാം തലമുറയ്ക്ക് പേപ്പറും പേനയുമൊക്കെ ഗൃഹാതുരത്വമുണര്‍ത്തുന്ന നിത്യഹരിത ഓര്‍മകള്‍ മാത്രമായി ഒതുങ്ങുകയാണ്. വിരലുകള്‍ക്കിടയില്‍ പേന ചേര്‍ത്തുപിടിച്ച് അനുഭവങ്ങളും സ്വപ്നങ്ങളും അക്ഷരങ്ങളായി കൊത്തിവെയ്ക്കുമ്പോഴുള്ള സുഖം നുകരാനുള്ള ഭാഗ്യം കിട്ടാതെ പോകുന്ന നാളെകള്‍ ഇനി വിദൂരത്തുമല്ല.

ഈ പരീക്ഷണ കാലഘട്ടത്തിലും വിരലിലും വിപണിയിലും വിപ്ലവം തീര്‍ക്കാന്‍ പുതിയ ഉല്പന്നങ്ങളുമായി പേന വിപണി കുതിക്കുകയാണ്. മനുഷ്യന് സ്വപ്നവും ഭാവനയും കൈമുതലായുള്ളിടത്തോളം പേന വിപണിക്ക് മരണമുണ്ടാകില്ലെന്നാണ് ശുഭാപ്തി വിശ്വാസത്തോടെയുള്ള മാര്‍ക്കറ്റ് ടോക്ക്. തൂലിക പടവാളാക്കിയ സാരഥികള്‍ പലരും ഓര്‍മയായെങ്കിലും പേന ഒരിക്കലും ഓര്‍മയാകില്ലെന്നാണ് കച്ചവടക്കാരുടെ വര്‍ത്തമാനം. തൂലികാ നാമങ്ങള്‍ പുത്തന്‍ തലമുറ സാഹിത്യകാരന്മാര്‍ക്കില്ലാതെ പോകുന്നതിന്റെ രസതന്ത്രവും ചര്‍ച്ചകള്‍ക്ക് ചൂടേകുന്നു.

പാവപ്പെട്ടവന്റെ പാര്‍ക്കര്‍ പേനകള്‍


റെയ്‌നോള്‍ഡ്‌സ് പാവപ്പെട്ടവന്റെ പാര്‍ക്കര്‍ പേനയായിരുന്ന ഒരു കാലമുണ്ടായിരുന്നു. വെള്ളയും നീലയും യൂണിഫോമിട്ട റെയ്‌നോള്‍ഡ്‌സ് 045 പേനകള്‍ സ്‌കൂളിലും ഓഫീസുകളിലും തരംഗം തന്നെ തീര്‍ക്കുകയുണ്ടായി.

ഇപ്പോള്‍ രണ്ട് രൂപയുടേയും അഞ്ച് രൂപയുടേയും നിരവധി പേനകള്‍ വിപണിയിലെത്തിയതോടെ പ്രൗഢിയെക്കാളുപരി എഴുതുകയെന്ന ആവശ്യത്തിന് മാത്രമായി പേനകള്‍ മാറി.

ടോട്ടം, ഗുഡ്‌ലക്, എക്‌സല്‍ തുടങ്ങിയ രണ്ടുരൂപ പേനകള്‍ക്കും ലക്‌സി, സെല്ലോ, റെയ്‌നോള്‍ഡ്‌സ്, ഫ്ലെയര്‍ തുടങ്ങിയ അഞ്ചുരൂപ പേനകള്‍ക്കും വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്. ഓരോ മാസവും മൂവായിരത്തോളം ബോള്‍ പേനകള്‍ ഇപ്പോള്‍ വിറ്റുപോകുന്നുണ്ടെന്നാണ് കണക്കുകള്‍. മുമ്പുണ്ടായിരുന്ന കച്ചവടമില്ലെങ്കിലും തരക്കേടില്ലാത്ത വിധത്തില്‍ വിപണി നിലനില്‍ക്കുന്നുണ്ടെന്ന് നാല്പത് വര്‍ഷത്തോളമായി എറണാകുളം ബ്രോഡ്‌വേയില്‍ 'പെന്‍ഹൗസ് ഷോപ്പ്' നടത്തുന്ന പി.ജെ. തോമസ് പറയുന്നു. ഒരു കാലം വരെ എറണാകുളത്തുകാര്‍ക്ക് പേനയെന്നാല്‍ 'പെന്‍ സെന്റര്‍' ആയിരുന്നു. അവര്‍ നിര്‍ത്തിയതോടെ തങ്ങളുടെ ഊഴമായിരുന്നുവെന്നും ഇപ്പോള്‍ ഫ്രാന്‍സിസ് ഡെ സാലസ്, രാമലിംഗ അയ്യര്‍ ഓഫീസ് സ്റ്റേഷനറി കടകളിലും പേനകള്‍ക്കായി ഒരു കോര്‍ണര്‍ ഉണ്ടെന്നും ഇദ്ദേഹം പറയുന്നു. പേനകളില്‍ത്തന്നെ ബ്ലൂ പേനകള്‍ക്കാണ് വന്‍ ഡിമാന്‍ഡ്.

0.5 മുതല്‍ 1.2 എം.എം. വരെ മുനകളുമായി പേനകള്‍ ഇറങ്ങുന്നുണ്ടെങ്കിലും നേരിയ വരകളില്‍ എഴുതാന്‍ കഴിയുന്ന 0.5 എം.എം. പേനകള്‍ ഏറെ വിറ്റുപോകുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു.

പണക്കാരുടെ പേനകളായ ക്രോസ്, പാര്‍ക്കര്‍, വാട്ടര്‍മാന്‍, ഷിഫര്‍ തുടങ്ങിയവയ്ക്കും ആവശ്യക്കാരുണ്ട്. ഇന്ത്യന്‍ നിര്‍മിതികളായ ലക്‌സാര്‍, ലിങ്ക്, റോട്ടോമാക്, മോണ്‍ടെക്‌സ് തുടങ്ങിയവയും ഏറെ വിറ്റുപോകുന്നുണ്ട്.

ലോകോത്തര ബ്രാന്‍ഡായ ഫേബര്‍ കാസ്റ്റല്‍ ഇന്ത്യയില്‍ തങ്ങളുടെ കമ്പനി തുറക്കാന്‍ ഒരുങ്ങിയിട്ടുമുണ്ട്. 1,000 മുതല്‍ 14,000 വരെ വിലയുള്ള പ്രൗഢി കൂടിയ ബോള്‍ പേനകള്‍ ഇപ്പോള്‍ കേരള വിപണിയില്‍ ലഭ്യമാണ്.

പുതിയ ട്രെന്‍ഡുകള്‍


ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളില്‍, മാളുകളില്‍ പ്രത്യേക പേന സ്റ്റോറുകളുണ്ട്. സ്വപ്നം കാണാന്‍ പോലും കഴിയാത്ത സൗകര്യങ്ങള്‍ ഒരുക്കി എത്തിയിരിക്കുന്ന പേനകളാണിവിടെ അരങ്ങ്തീര്‍ക്കുന്നത്. എഴുതുന്നതിനപ്പുറം, എഴുതുന്നത് റെക്കോഡ് ചെയ്യാനാകുന്ന എപ്പോസിന്റെ ഹൈടെക് പേനകള്‍, ചുറ്റുപാടുകളില്‍ നിന്ന് നിറം സ്‌കാന്‍ ചെയ്ത് വരയ്ക്കാന്‍ കഴിയുന്നതും മ്യുസിക് നൊട്ടേഷന്‍ പ്ലേ ചെയ്യാന്‍ കഴിയുന്നതും ഒരുവശത്ത് യു.എസ്.ബി. സ്റ്റോറേജോടു കൂടിയതും പ്രോജക്ട് പ്രസന്റേഷനായുള്ള ലേസര്‍ പോയിന്റോടു കൂടിയതും രാത്രി എഴുതുമ്പോള്‍ പ്രകാശം ചൊരിയുന്നതും ടോര്‍ച്ചോടു കൂടിയതും പ്രൊജക്ടര്‍ സൗകര്യമുള്ള പേനകളും മൈക്രോഫോണ്‍ റെക്കോര്‍ഡര്‍, എം.പി. 3 പ്ലെയര്‍, വീഡിയോ റെക്കോര്‍ഡര്‍ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയതുമായ ന്യൂ ജനറേഷന്‍ പേനകള്‍... അങ്ങനെ ആഗോള പേന വിപണിയുടെ വൈവിധ്യവും വളര്‍ച്ചയും ഇന്ന് വെറും വാക്കുകളില്‍ ഒതുക്കാവുന്നതല്ല.
ജെല്ലുപോലെ കൗതുകമായി ജെല്‍ പേനകള്‍

അധിക നാളായിട്ടില്ല ജെല്‍ പേനകള്‍ വിപണിയിലെത്തിയിട്ട്. ഇപ്പോള്‍ മാസം ആയിരത്തോളം വിറ്റുവരവുണ്ടെന്നാണ് കണക്ക്. റെയ്‌നോള്‍ഡ്‌സ് ട്രൈമാക്‌സ്, റേസര്‍ ജെല്‍, സെല്ലോയുടെ പോയിന്റ്‌ടെക്, പൈലറ്റ്, യൂണിബോള്‍ തുടങ്ങിയവ വിപണി നിറഞ്ഞിട്ടുണ്ട്. കുറച്ചുനാള്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങിയ റോട്ടോമാക് കമ്പനി വീണ്ടും തിരിച്ചെത്തിയിരിക്കുന്നത് തങ്ങളുടെ പുതിയ ജെല്‍ ഫൈന്‍ ഗ്രിപ്പുകളുമായാണ്.

പിന്‍ പോയിന്റ്, ഡ്രൈ, പിഗ്‌മെന്റ് ഇങ്ക് തുടങ്ങിയവ ഇപ്പോഴുണ്ട്. പെന്‍സിലിനോടൊപ്പം റെഡ്-ബ്ലാക്ക് മഷിയോടു കൂടിയുള്ള പേനകളും ഇറങ്ങുന്നുണ്ട്. 1,595 രൂപ മുതലാണ് ഇത്തരം റോളര്‍ ബോള്‍ പേനകള്‍ക്ക് വിപണിവില.

ഫൗണ്ടന്‍ പേനകളുടെ ഫ്ലാഷ് ബാക്ക്


കൂര്‍പ്പിച്ച കല്ലുകളില്‍, ചെത്തി മിനുക്കിയ എല്ലിന്‍ കഷണങ്ങളില്‍, പക്ഷിത്തൂവലുകളില്‍, ചെറിയ പുല്‍ത്തണ്ടുകളില്‍, മരത്തിന്റെ പിടിയില്‍ തീര്‍ത്ത സ്റ്റീല്‍ മുനകളില്‍... അങ്ങനെ പേനകളിലേക്കുള്ള പരിണാമ ദശകങ്ങള്‍ രസം പകരുന്നതാണ്. മഷിനിറച്ച് എഴുതുന്ന ഫൗണ്ടന്‍ പേനയിലേക്കെത്തുമ്പോള്‍ അമേരിക്കയിലെ വാട്ടര്‍മാന്‍ എന്ന ഇന്‍ഷുറന്‍സുകാരന്റെ കണ്ടുപിടിത്തം സ്വര്‍ണലിപികളില്‍ തിളങ്ങുന്നു.

1884 -ല്‍ തുടങ്ങിയ പടയോട്ടം ബുള്ളറ്റ് പോലെ, വൈന്‍ പോലെ പഴകുന്തോറും വീര്യം കൂടുന്ന നിത്യഹരിത ചരിത്രമെഴുതുകയാണ്. മഷി കുടഞ്ഞ് കളിച്ചിരുന്ന ഫൗണ്ടന്‍ പേനക്കാലം ഓര്‍മയുണ്ടാകും. തനിക്കുമാത്രം അവകാശപ്പെട്ട സുന്ദരന്‍ ഹീറോ പേന പോക്കറ്റില്‍ കുത്തി തലയെടുപ്പോടെ നടന്ന കുട്ടിക്കാലം. അക്ഷര ലോകത്തെ ആരാധകര്‍ സ്വപ്നം പകര്‍ത്താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നത് ഫൗണ്ടന്‍ പേനകളായിരുന്നു.

പക്ഷേ, ഇന്ന് മള്‍ട്ടി നാഷണല്‍ കമ്പനികളുടെ തലപ്പത്തുള്ളവരുടെ സ്വകാര്യ അഹങ്കാരം മാത്രമായി ഇത് ഒതുങ്ങുകയാണ്. ഒരുമാസം നൂറെണ്ണം വരെയാണിപ്പോള്‍ ഇതിന്റെ വിറ്റുവരവ്.

ഹീറോ പേനകളുടെ ഡ്യൂപ്ലിക്കേറ്റുകള്‍ ഏറെ ഇറങ്ങുന്നതും ഇതിന്റെ നിറം കെടുത്തുന്നുണ്ട്.
പാര്‍ക്കര്‍, ടീ ബാള്‍ഡി, വിസ്‌കോണ്ടി, മോണ്ട് ബ്ലാങ്ക്, വാട്ടര്‍മാന്‍, പിയറി കാര്‍ഡിന്‍ തുടങ്ങിയ വിലകൂടിയ ഇനങ്ങള്‍ വിപണി വാഴുന്നുണ്ടിപ്പോള്‍. ലെ മെഡേണിസ്റ്റ് കമ്പനിയുടെ റേഡിയം കോട്ടിങ്ങോടു കൂടിയ സ്വര്‍ണ നിബ്ബുള്ള ഫൗണ്ടന്‍ പേനയ്ക്ക് ഒരുകോടി രൂപയാണ് വില.

മഷിക്കുപ്പി വിട്ട് ഇപ്പോള്‍ പേനയോടൊപ്പം റീഫില്ലബിള്‍ കാട്രിഡ്ജുമായാണ് ഇപ്പോള്‍ അധികവും വിപണിയിലിറങ്ങുന്നത്. ക്ലാസിക്, പ്രീമിയം, സ്റ്റാന്‍ഡേര്‍ഡ് പതിപ്പുകള്‍ വിപണിയിലെത്തുന്നുണ്ട്. പെന്‍ ബ്യൂട്ടിക് സ്റ്റോറുകള്‍ ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ പതിവാകുന്നുമുണ്ട്.

15,000 മുതല്‍ 40,000 രൂപ വരെയുള്ള ഫൗണ്ടന്‍ പേനകള്‍ കേരള വിപണിയില്‍ ഇപ്പോഴെത്തുന്നുണ്ട്. 1,000 രൂപയില്‍ താഴെയുള്ള പ്രീമിയം പേനകളും കേരളത്തില്‍ ഇപ്പോള്‍ വിറ്റുപോകുന്നുണ്ട്.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.