ഡെല്‍ എക്‌സ്‌പിഎസ് 12 അള്‍ട്രാബുക്ക്‌

കെ.വി.ആര്‍.ടാബ്‌ലറ്റ് വാങ്ങിയവന് ഐഫോണ്‍ ആകാമായിരുന്നെന്ന ദുഃഖം, ലാപ്‌ടോപ്പുള്ളവന് ടാബ്‌ലറ്റ് മതിയായിരുന്നുവെന്ന തോന്നല്‍...!

ഉപഭോക്താക്കളുടെ ഈ സ്വഭാവം കണ്ടിട്ടാകാം കമ്പനികള്‍ ലാപ്‌ടോപ്പും ടാബ്‌ലറ്റും ഒരുമിച്ചുള്ള ഉത്പന്നം രൂപകല്‍പ്പന ചെയ്തു തുടങ്ങിയത്. ജാപ്പനീസ് കമ്പനിയായ ഫ്യുജിറ്റ്‌സുവും സാംസങ്ങുമെല്ലാം ഇത്തരത്തിലുള്ള 'ടാബ് ടോപ്പു'കള്‍ പുറത്തിറക്കിയതിനു പിന്നാലെ പ്രമുഖ കമ്പനിയായ ഡെല്ലുമെത്തുന്നു. പുതിയ അള്‍ട്രാബുക്ക് എക്‌സ്പിഎസ് 12 കണ്‍വര്‍ട്ടബിള്‍ ആണ് ഡെല്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഫെറിസ് വീല്‍ ഡിസൈന്‍ എന്നാണ് കമ്പനി ഈ രൂപകല്‍പ്പനയ്ക്ക് പേരു നല്‍കിയിരിക്കുന്നത്. അലുമിനിയം ഫ്രെയിമില്‍ കറങ്ങുന്ന വിധമാണ് സ്‌ക്രീന്‍ സജ്ജീകരിച്ചിരിക്കുന്നത്. ടാബ്‌ലറ്റായി ഉപയോഗിക്കണമെങ്കില്‍ സ്‌ക്രീന്‍ തിരിച്ചു വച്ച് ലാപ്‌ടോപ്പ് അടച്ചാല്‍ മതി. 30.4 സെന്റീമീറ്റര്‍ എല്‍ഇഡി ബാക്ക്‌ലിറ്റ് ഫുള്‍ എച്ച് ഡി 1080 പിക്‌സല്‍ ടച്ച് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. പ്രീമിയം ഫ്ലിപ് ഹിഞ്ച് ഡിസൈന്‍ 170 ഡിഗ്രി വ്യൂവിങ് ആങ്കിള്‍ നല്‍കുന്നു.

വിന്‍ഡോസ് എട്ട് പ്രോ ഒഎസ്സാണ് ഡെല്‍ പുതിയ അള്‍ട്രാ ബുക്കിന് നല്‍കിയിരിക്കുന്നത്. മൂന്നാം തലമുറ ഇന്റല്‍ കോര്‍ പ്രോസസറാണ് ഇതിന് കരുത്തു പകരുന്നത്. മെമ്മറി നാല് ജിബി ഡ്യുവല്‍ ചാനല്‍, എട്ട് ജിബി ഡ്യുവല്‍ ചാനല്‍ എന്നിങ്ങനെ തിരഞ്ഞെടുക്കാം. 256 ജിബിയുടേതാണ് ഹാര്‍ഡ് ഡ്രൈവ്. 1.5 കിലോഗ്രാം ഭാരമുള്ള ഈ അള്‍ട്രാ ബുക്ക് പക്ഷേ ടാബ്‌ലറ്റ് എന്ന നിലയില്‍ ഉപയോഗിക്കുമ്പോള്‍ ഭാരക്കൂടുതലുണ്ട്. കീബോര്‍ഡ് വേര്‍പെടുത്താന്‍ കഴിയില്ലെന്ന അസൗകര്യവും പോരായ്മയായി ചൂണ്ടിക്കാണിക്കുന്നു. 89, 990 രൂപയാണ് വില.

TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.