ലോകത്തെ ഏറ്റവും സ്വാധീനിച്ച 50 വനിതാ എന്‍ജിനീയര്‍മാരില്‍ ഒരാള്‍ വടകരക്കാരിയാണ് നികിത ഹരി. ഫോബ്സ് മാസിക തയ്യാറാക്കിയ യൂറോപ്പില്‍ ശാസ്ത്രവിഭാഗത്തില്‍ നേട്ടംകൊയ്ത  30 വ്യക്തികളുടെ പട്ടികയിലുംഇവരുണ്ട്. നികിതയുമായി പ്രബീഷ് വാണിമേല്‍ സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങള്‍..

ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങി സ്വപ്നങ്ങളെ പിന്‍ബെഞ്ചിലിരുത്തുന്നതിനുമുമ്പ് ഇതൊന്നു വായിക്കാം.. അവസരങ്ങളെ കാത്തിരിക്കാതെ അതിനെ തേടിപ്പിടിച്ച ഒരാളുടെ കഥയാണിത്. അതിരുകളില്ലാത്ത സ്വപ്നങ്ങള്‍ക്ക് ചിറകുമുളപ്പിച്ച പെണ്‍കുട്ടിയുടെ കഥ. നാളെയിലേക്കുള്ള യാത്രയില്‍ ഇവരുടെ ജീവിതം നിങ്ങള്‍ക്ക് പ്രചോദനമാകും...

കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തില്‍നിന്ന് ലണ്ടനിലെ കേംബ്രിജ് യൂണിവേഴ്സിറ്റിവരെ എത്തിയ കോഴിക്കോട്ടുകാരി, വടകരയിലെ പഴങ്കാവ് സ്വദേശിയായ നികിത ഹരി. അവരുടെ ജീവിതവും സ്വപ്നങ്ങളും നേട്ടങ്ങളും നാളെയിലേക്ക് ചുവടുവെയ്ക്കുന്ന ഓരോ വിദ്യാര്‍ഥിക്കും പ്രചോദനമേകുന്നതാണ്.

വടകര ഇന്റക്  ഇന്‍ഡസ്ട്രീസ് ഉടമ ഹരിദാസിന്റെയും ഗീതയുടെയും മൂത്തമകളാണ് നികിത. 2013-ലാണ് കേംബ്രിജില്‍ ഗവേഷണം ആരംഭിച്ചത്. പാരമ്പര്യ ഊര്‍ജസ്രോതസ്സുകളെ വൈദ്യുത ഗ്രിഡുമായി ബന്ധിപ്പിക്കുമ്പോളുണ്ടാകുന്ന പ്രസരണനഷ്ടം കുറയ്ക്കാന്‍ പോന്ന ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഗവേഷണം. നെഹ്രു കേംബ്രിജ് ട്രസ്റ്റിന്റെ സ്‌കോളര്‍ഷിപ്പോടുകൂടിയാണ് നികിത തിരഞ്ഞെടുക്കപ്പെട്ടത്. കേംബ്രിജിലെ ഗവേഷണത്തോടൊപ്പം അംഗീകാരങ്ങള്‍ ഓരോന്നായി നികിതയെ തേടിയെത്തിക്കൊണ്ടിരുന്നു. 

ഫോബ്സ് മാഗസിന്‍ തയ്യാറാക്കിയ യൂറോപ്പിലെ ശാസ്ത്രവിഭാഗത്തിലെ നേട്ടം കൊയ്തവരുടെ 30 അംഗ പട്ടികയില്‍ ഇടംപിടിച്ചു. സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കുന്ന മാതൃകാ വനിത എന്നനിലയില്‍ ഇന്ത്യയില്‍നിന്ന് നിരവധി അവാര്‍ഡുകള്‍, അന്താരാഷ്ട്രാ വനിതാദിനത്തില്‍ തയ്യാറാക്കിയ ലേഖനത്തിന് ചര്‍ച്ചില്‍ കോളേജിന്റെ പുരസ്‌കാരം. നേട്ടങ്ങള്‍ക്കൊപ്പം ഇന്ത്യയിലും വിദേശത്തുമായി പ്രചോദനമേകുന്ന വാക്കുകളുമായി നിരവധിവേദികളില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥിയായി നികിത. തന്റെ നേട്ടങ്ങളുടെ പട്ടികയില്‍ രാജ്യത്തിന് അഭിമാനമായ പുതിയൊരു ചരിത്രംകൂടി ചേര്‍ത്തുവെച്ചിരിക്കുകയാണ് ഇവരിപ്പോള്‍. 

ജൂണ്‍ 23-ന് നടന്ന  ഇന്റര്‍നാഷണല്‍ വുമണ്‍ ഇന്‍ എന്‍ജിനീയറിങ് ഡേയുടെ ഭാഗമായി ടെലഗ്രാഫ് പത്രവും യുനെസ്‌കോയും വുമണ്‍ ഇന്‍ എന്‍ജിനീയറിങ് സൊസൈറ്റിയും സംയുക്തമായി സംഘടപ്പിച്ച വുമണ്‍ ഇന്‍ എന്‍ജിനീയറിങ് അവാര്‍ഡില്‍ ലോകത്തെ ഏറ്റവും സ്വാധീനിച്ച 50 വനിതാ എന്‍ജിനീയര്‍മാരില്‍ ഒരാളായി നികിതയും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ ഈ ബഹുമതി ലഭിക്കുന്ന ആദ്യവനിതയാണ് നികിത ഹരി. ലോകത്തെതന്നെ വളരെ പരിചയസമ്പന്നരായ എന്‍ജിനീയര്‍മാര്‍ക്കൊപ്പമാണ് നികിത തന്റെ ഗവേഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.

nikitaലക്ഷ്യം പ്രചോദനമല്ല, അറിവുപകരലാണ്

തന്റെ ഗവേഷണത്തെക്കുറിച്ചും സാമൂഹിക ഉത്തരവാദിത്വമുള്ള സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചും ഒരു വനിത എന്നനിലയില്‍ ഞാന്‍ സഞ്ചരിച്ച വഴികളെക്കുറിച്ചും എനിക്ക് പറയാനുണ്ട്. അങ്ങനെ പറയുന്നത് പുതുതലമുറയ്ക്ക് പ്രചോദനമാകും എന്ന് പലരും പറയാറുണ്ട്. പക്ഷേ, അതിനപ്പുറത്തെ ചില യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാന്‍ അവരെ സഹായിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.  ലോകത്തെമ്പാടുമുള്ള അവസരങ്ങളെക്കുറിച്ച് അവരെ ബോധവാന്‍മാരാക്കുക, കേംബ്രിജ്, എം.ഐ.ടി., ഓക്‌സ്ഫഡ് എന്നിങ്ങനെയുള്ള  മികച്ച യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതിലൂടെ മുന്നില്‍ തുറന്നുവരുന്ന അറിവിന്റെയും സാങ്കേതിക മികവിന്റെയും ത്രസിപ്പിക്കുന്ന തലങ്ങളിലേക്ക് അവരെ ആകര്‍ഷിക്കണം, എന്‍ജിനീറിങ്ങിനും മെഡിസിനും അപ്പുറത്തുള്ള വിശാലമായ മറ്റൊരു  ലോകവും അവിടെയുള്ള ഒരായിരം സാധ്യതകളിലേക്കും അവരെ കൈപിടിച്ചുയര്‍ത്തണം... ഒരുപക്ഷേ, പ്രചോദനങ്ങളേക്കാള്‍ വലുതായി ആ അറിവ് ഗുണംചെയ്യുമെന്ന് ഞാന്‍ കരുതുന്നു.  

സ്‌കൂള്‍ മുതല്‍ കേംബ്രിഡ്ജ് വരെ

ജീവിതത്തിലെ നേട്ടങ്ങളെക്കുറിച്ച് പറയുമ്പോള്‍ തന്റെ പഠനത്തിന് അടിത്തറയിട്ട സ്‌കൂള്‍ കാലത്തിലേക്ക് പോകും നികിത. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സി.ബി.എസ്.ഇ.യുടെ മികച്ച വിദ്യാര്‍ഥിനിക്കുള്ള അവാര്‍ഡ് ജില്ലയില്‍തന്നെ ആദ്യമായി നികിത ഹരിയെ തേടിയെത്തിയത്. തുടര്‍ന്നുള്ള പഠനയാത്രയിലും ചരിത്രം മറിച്ചായിരുന്നില്ല. ഗോള്‍ഡ് മെഡലോടുകൂടി ബി.ടെക്., എം.ടെക്. ബിരുദങ്ങള്‍ സ്വന്തമാക്കി. 

എം.ടെകിന് പഠിക്കുന്ന കാലഘട്ടം ഏറെ നിര്‍ണായകമായിരുന്നു.  ആ കാലയളവിലാണ് കൂടുതല്‍ പഠിക്കണമെന്നും പിഎച്ച്.ഡി. ചെയ്യണമെന്നുമടക്കമുള്ള ആഗ്രഹം മുളപൊട്ടിയത്. സ്‌കൂള്‍ കാലംമുതല്‍ പാഠ്യേതരവിഷയങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. സ്‌കൂള്‍ ലീഡര്‍, ഹൗസ് ക്യാപ്റ്റന്‍, ഇംഗ്ലീഷ് ക്ലബ്ബ് പ്രസിഡന്റ്, കോളേജ് അസോസിയേഷന്‍ സെക്രട്ടറി അങ്ങനെ ഓരോ പദവിയും നേതൃത്വപാടവത്തിന്റെ അടിത്തറയൊരുക്കാന്‍ സഹായിച്ചു. പ്രസംഗങ്ങളും സംവാദങ്ങളും എഴുത്തും ഇഷ്ടങ്ങളായി പരിണമിക്കുകയായിരുന്നു.  

ഐ.എസ്.ആര്‍.ഒ.  ഉപന്യാസരചനാ വിജയി,  98-ാമത് ഇന്ത്യന്‍ എന്‍ജിനീയറിങ് സയന്‍സ് കോണ്‍ഗ്രസില്‍ എന്‍ജിനീയറിങ് സയന്‍സ് സെക്ഷനില്‍ മികച്ച വിഷയാവതരണത്തിനുള്ള അവാര്‍ഡ്. അങ്ങനെ നിരവധി അംഗീകാരങ്ങള്‍. ആശയങ്ങളില്‍ വൈവിധ്യവും വിശാലതയും നിറഞ്ഞ ലോകത്തേക്ക് ഉയര്‍ത്തിയത് സയന്‍സ് കോണ്‍ഗ്രസിലെ അനുഭവങ്ങളായിരുന്നു. വിദ്യാഭ്യാസജീവിതത്തിലെ ഓരോ ഘട്ടത്തിലും അവസരങ്ങളെ ഉപയോഗപ്പെടുത്താനും പാഠ്യവിഷയത്തിന്റെ തിരഞ്ഞെടുപ്പിനൊപ്പംതന്നെ കരിയറിന്റെ ഗതിനിര്‍ണയിക്കാനും ശ്രദ്ധിച്ചുപോന്നു. പലരും ചെറിയ കാര്യങ്ങളായി കാണുന്ന ചിലതിനെക്കുറിച്ച് വളരെ ഗൗരവത്തില്‍ ഇന്ന് അവള്‍ സംസാരിക്കും. 

''സ്‌കൂള്‍ കാലത്തെ ലീഡര്‍ഷിപ്പും പഠനവിഷയങ്ങള്‍ക്കപ്പുറത്തെ വിഷയങ്ങളിലെ ഇടപെടലും കരിയര്‍ ഡെവലപ് ചെയ്യുന്നതില്‍ വളരെ നിര്‍ണായകമാണ്. സ്‌കൂള്‍ കാലഘട്ടത്തില്‍ എന്‍ജിനീയറിങ്ങും ജോലിയുമാണ് സ്വപ്നത്തിലെങ്കില്‍ ക്ലാസ് ലീഡര്‍ മുതല്‍ അങ്ങോട്ടുള്ള ഓരോ നേതൃപദവിയുമാണ് വലിയ വ്യക്തികളുമായി സംസാരിക്കാനും സങ്കുചിതമായ മനസ്സിനെ വികസിപ്പിക്കാനും സഹായിച്ചത്.'' 

വിദ്യാര്‍ഥികളുടെ വളര്‍ച്ചയുടെ ഓരോ കാലഘട്ടത്തിലും കരിയര്‍ നിര്‍ണയിക്കുന്ന ഘടകങ്ങളുണ്ട്. അങ്ങനെ വളര്‍ത്തിയെടുത്ത വിദ്യാഭ്യാസത്തിന്റെ ഭദ്രമായ അടിത്തറ ധൈര്യവും ആത്മവിശ്വാസവുമായിരുന്നു, നികിതയ്ക്ക്. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പംതന്നെ വളര്‍ന്നുവന്ന ആശയും ആശയവും കേംബ്രിജ് യൂണിവേഴ്സിറ്റിയില്‍ വളരുകയാണ്. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്ത വിദ്യാഭ്യാസമാണ് നമ്മുടേത്. അത് മാറ്റിയെടുക്കേണ്ടത് നമ്മള്‍ തന്നെയാണ്. എന്‍ജിനീയറിങ്ങിനും മെഡിസിനും അപ്പുറത്തുള്ള വിശാലമായ ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും ഇന്നും പലര്‍ക്കും കഴിഞ്ഞിട്ടില്ല. വിശാലമായ ഒരായിരം സാധ്യതകള്‍ തിരിച്ചറിയാനും അത് പരിപോഷിപ്പിക്കാനും ഓരോരുത്തര്‍ക്കും കഴിയണം. അതിന് അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് സഹായിക്കണം. ഇങ്ങനെ നീളുന്നു നികിതയുടെ ആശയങ്ങള്‍.     ജോലിയില്‍ തട്ടിവീഴാത്ത സ്വപ്നങ്ങള്‍

അക്കാദമിക് കാലം ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയാലും എവിടെയെങ്കിലും ചെറുതാണെങ്കിലും ഒരു ജോലി തരപ്പെടുത്തണം എന്നാകും എല്ലാവരുടെയും ലക്ഷ്യം. അതിന്റെ പാരമ്യം എന്‍ജിനീയറിങ്ങും മെഡിസിനും ആവുകയുംചെയ്യും. എന്നാല്‍, ഒരു എന്‍ജിനീയറായി എവിടെയെങ്കിലും ജോലിചെയ്യുക എന്നതായിരുന്നില്ല ഒരിക്കലും ഞാന്‍കണ്ട സ്വപ്നം. അതിന് എന്റെതുമാത്രമായ ഒരു കാരണവുമുണ്ട്. തുറന്നുപറഞ്ഞാല്‍ സ്വന്തം അമ്മയുടെ ജീവിതം തന്നെയാണത്. 

മികച്ച വിദ്യാഭ്യാസം നേടിയശേഷം സസ്യശാസ്ത്രത്തില്‍ പരിശീലനം നേടിയ ആളാണ് അമ്മ, അതിലുപരി ഒരു ചിത്രകാരിയും. ഇങ്ങനെയൊക്കെ ആയിട്ടും സ്വപ്നങ്ങളൊന്നും എത്തിപ്പിടിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഈ അനുഭവം വലിയൊരു മുന്നറിയിപ്പായിരുന്നു എനിക്ക്. ഒരു സ്ത്രീയെന്നനിലയിലുള്ള ഒരു തടസ്സങ്ങളും തനിക്കുണ്ടാകരുതെന്ന് നേരത്തേതന്നെ ഉറപ്പിക്കാന്‍ അമ്മ വലിയ കാരണമായി. അതുകൊണ്ടുതന്നെ തന്റെ സ്വപ്നങ്ങളെ തകര്‍ക്കാന്‍ ലിംഗം മാത്രമല്ല സാമൂഹികമോ സാമ്പത്തികമോ ആയ കീഴ്വഴക്കങ്ങളോ അത്തരത്തില്‍ ഒന്നിനുംതന്നെ സാധിക്കില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. 

ഞാന്‍ ഒരു ശാസ്ത്രജ്ഞയാണ് വനിതാ ശാസ്ത്രജ്ഞയല്ല

ഞാന്‍ ഒരു ശാസ്ത്രജ്ഞയാണ്, മറിച്ച് ഒരു വനിതാ ശാസ്ത്രജ്ഞയല്ല. ഇങ്ങനെ പറയാനാണ് എനിക്ക് താത്പര്യം. എങ്കിലും ഇത് പൂര്‍ണമായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ ഇന്നും നമുക്ക് സാധിച്ചിട്ടില്ല. എനിക്കുറപ്പുണ്ട് നാളെ ഇതിന് മാറ്റംവരുമെന്ന്. ഇന്ന് ഇവിടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറങ്ങില്‍ ഗവേഷണം നടത്തുന്ന ഇന്ത്യയില്‍നിന്നുള്ള ഏകവനിതയാണ് ഞാന്‍. അതില്‍ വ്യക്തിപരമായി എനിക്ക് അഭിമാനവുമുണ്ട്. എന്നാല്‍, അതൊരു പോരായ്മയായി എനിക്കുതോന്നുന്നു.

nikita

സ്വപ്നങ്ങള്‍ക്കു പിറകെ എന്നും

നേരത്തേ പറഞ്ഞല്ലോ. വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് നിറംപകരാന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. അതിന്റെ ഭാഗമായാണ് സഹോദരന്‍ അര്‍ജുന്‍ ഹരിയോടൊപ്പം ചേര്‍ന്ന് ഒരു സോഷ്യല്‍ ടെക് സ്റ്റാര്‍ട്ടപ്വുഡി ഡാറ്റാ ടെക് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയത്. കോഴിക്കോട് കേന്ദ്രമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 

അര്‍ജുനാണ് സ്റ്റാര്‍ട്ടപ്പിന്റെ സി.ഇ.ഒ. കോഴിക്കോട് ഐ.ഐ.എമ്മില്‍നിന്ന്  മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് എന്‍. ഐ.ടി.യില്‍നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദവും നേടിയശേഷം സണ്‍ ടെക് സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സില്‍ സോഫ്റ്റ്വെയര്‍ എക്‌സിക്യൂട്ടീവ് ആയി ജോലിചെയ്തു. ഓരോഘട്ടത്തിലും ലഭിച്ച എക്‌സ്പീരിയന്‍സായിരുന്നു സ്റ്റാര്‍ട്ടപ് എന്ന ആശയത്തിലെത്തിച്ചത്. വുഡി ചെറുകിട സ്ഥാപങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ്. 

എന്നാല്‍, അതിനെല്ലാം ഉപരിയായി ഒരു സേവനം വുഡി നല്‍കുന്നുണ്ട്. വിദ്യാര്‍ഥികളുടെ മനസ്സിനെ ഉത്തേജിപ്പിക്കാനും കഴിവുകള്‍ പരിപോഷിപ്പിക്കാനും സഹായിക്കുന്ന സൗജന്യ ആര്‍ട്ടിഫിഷ്യല്‍ എജ്യുക്കേഷണല്‍ സോഫ്റ്റ്വെയര്‍ ഇന്ത്യയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിതരണം ചെയ്യുന്നുണ്ട്. ഇത് വിദ്യാര്‍ഥികളുടെ യഥാര്‍ഥ കഴിവുകള്‍ തിരിച്ചറിയാനും മെഡിസിനും എന്‍ജിനീയറിങ്ങിനും അപ്പുറത്തെ സാധ്യതകളെക്കുറിച്ച്  ചിന്തിക്കാന്‍ രക്ഷിതാക്കളെയും പ്രാപ്തരാക്കും. 

ഫാവലി എന്ന പേരില്‍ ചേരിപ്രദേശങ്ങളിലുള്ളവരെ സമൂഹത്തിന്റെ മുന്‍നിരയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ സാധിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടം ചെന്നൈ, ധാരാവി തുടങ്ങിയ ഇടങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞു. നിരന്തരം പരിശീലനം നല്‍കിയും ജോലിസാധ്യതകള്‍ പരിചയപ്പെടുത്തിയും ഇവരെ ഉന്നതിയിലെത്തിക്കുകയാണ് ഫാവലി ലക്ഷ്യമിടുന്നത്.

nikita

അധ്യാപകരും രക്ഷിതാക്കളും  വിദ്യാര്‍ഥികളും മാറിച്ചിന്തിക്കണം

നേരത്തേ പറഞ്ഞതുപോലെ പരമ്പരാഗതമായ വിദ്യാഭ്യാസ കാഴ്ചപ്പാടുകളില്‍നിന്ന് വിദ്യാര്‍ഥികള്‍ മാത്രമല്ല രക്ഷിതാക്കളും അധ്യാപകരും മാറിച്ചിന്തിക്കണം. എന്‍ജിനീയറിങ്, മെഡിസിന്‍, ഐ.എ.എസ്. ഇതിനപ്പുറം ഒന്നു ചിന്തിക്കാന്‍ കേരളത്തിലെ വിദ്യാഭ്യാസസംസ്‌കാരം നമ്മെ അനുവദിക്കുന്നില്ല.  ലോകം ചെറുതാണെന്നതരത്തിലാണ് നമ്മള്‍ മലയാളികള്‍ പലപ്പോഴും ചിന്തിക്കുന്നത്. അതു മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. യാഥാര്‍ഥ്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. അപാരമായ സാധ്യതകളാണ് നമ്മെ കാത്തിരിക്കുന്നത്. വലിയ സ്വപ്നങ്ങള്‍ കാണാനും അത് പ്രാപ്തമാക്കാനും പോന്ന എത്രയോ പ്രതിഭാശാലികള്‍ കേരളത്തിലുണ്ട്. അവര്‍ സ്വപ്നങ്ങളെയും ചിന്തകളെയും വിശാലമാക്കണം. ചുരുക്കിപ്പറഞ്ഞാല്‍ അവരവരുടെ ഉള്ളിലെ യഥാര്‍ഥ കഴിവിനെ ഓരോരുത്തരും തിരിച്ചറിയണം. ചെറുപ്പം മുതലുള്ള വിദ്യാഭ്യാസരീതികളില്‍ അതിനുള്ള അവസരങ്ങള്‍ ഒരുക്കണം. വിദ്യാഭ്യാസത്തിന്റെയും അധ്യാപനത്തിന്റെയും രീതിയില്‍ മാറ്റംവരണമെന്നും എനിക്കുതോന്നുന്നു. എല്ലാം പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ജോലിക്കുവേണ്ടി പഠിക്കുന്നതിനേക്കാള്‍ പഠിക്കാനും മനസ്സിലാക്കാനുംവേണ്ടി പഠിക്കുന്ന രീതിയിലേക്ക് വിദ്യാഭ്യാസം മാറിയാല്‍ ജോലിയും സൗഭാഗ്യങ്ങളും നമ്മെ തേടിവരും. അത് എന്റെ അനുഭവംതരുന്ന പാഠമാണ്.

പഠനവിഷയം വിദ്യാര്‍ഥികളുടെ താത്പര്യം

ഓരോ വിദ്യാര്‍ഥിയും അവരുടെ വിദ്യാഭ്യാസ വഴി തിരഞ്ഞെടുക്കേണ്ടത് അവരുടെ കഴിവും താത്പര്യവും പരിഗണിച്ചാവണം. പഠിക്കാന്‍ ഒരു വിഷയം തിരഞ്ഞെടുക്കുമ്പോള്‍ അതിനെക്കുറിച്ച് കൃത്യമായി ഗവേഷണം നടത്തുക. താത്പര്യം തിരിച്ചറിഞ്ഞുവേണം ഉന്നതവിദ്യാഭ്യാസ സാധ്യതകളിലേക്ക് കാലെടുത്തുവെയ്ക്കാന്‍. മറിച്ചായാല്‍ അത് ദുരന്തമാകും. പുതിയ കാലത്തെ സാങ്കേതികസാധ്യതകളെക്കുറിച്ചും നാം എപ്പോഴും അപ്ഡേറ്റഡ് ആയിരിക്കണം. മത്സരാത്മകമായ ലോകത്ത് ഏതു സാഹചര്യവും നേരിടാന്‍ അത് നിങ്ങളെ സഹായിക്കും. മറ്റൊരു കാര്യം ഞാന്‍ നേരത്തേ പറഞ്ഞതുപോലെ നിങ്ങളുടെ വിധി നിര്‍ണയിക്കുന്നത് നിങ്ങളുടെ തീരുമാനങ്ങളാണെന്ന് ഓര്‍ത്തുകൊണ്ടിരിക്കണം. നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന ഒന്നിനെ തടുക്കാന്‍ ഒന്നിനും സാധിക്കില്ല. അതുകൊണ്ടുതന്നെ സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിച്ച്, സ്വന്തം ഹൃദയത്തില്‍ ഉറച്ച് സ്വപ്നങ്ങള്‍ക്ക് ചിറകുവെച്ച് ഉയരങ്ങളിലേക്ക് പറക്കൂ... അവിടം നിങ്ങള്‍ക്കുള്ളതാണ്...

സ്ത്രീകള്‍ക്ക് എവിടെയും അയിത്തമില്ല...

ഇലക്ട്രിക്കല്‍ മേഖല സ്ത്രീകള്‍ക്ക് അയിത്തം കല്‍പ്പിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല. കാരണം ഊര്‍ജം സ്ത്രീയോ പുരുഷനോ അല്ലല്ലോ. പലപ്പോഴും സ്ത്രീകള്‍ മടിക്കുന്ന മേഖലകളിലൊന്നാണിതെന്ന് വാസ്തവമാണ്. അങ്ങനെ സ്ത്രീകള്‍ സ്വയം അയിത്തം കല്‍പ്പിച്ച ചില മേഖലകളുണ്ട്. അതിന്റെ കാരണം സമൂഹംതന്നെയാണ്. പെണ്‍കുട്ടികള്‍ക്ക് പാടില്ലാത്തതായി ചില കാര്യങ്ങളെ സൃഷ്ടിച്ചുവെച്ചിരിക്കുകയാണ് ഇവിടെ. അതിന് മാറ്റംവന്നുതുടങ്ങിയിട്ടുണ്ട്. ചെറുപ്പത്തിലേ വൈദ്യുതാഘാതം ഉണ്ടാകുന്നതിനെക്കുറിച്ച് കേട്ടും കണ്ടുമാണ് എന്റെ മനസ്സില്‍ ഇലക്ട്രിക്കല്‍ എന്ന വിഷയത്തോട് കൗതുകം തോന്നിയത്. ആ കൗതുകം എന്നോടൊപ്പംതന്നെ വളരുകയായിരുന്നു.  സ്ത്രീശാക്തീകരണത്തില്‍ ഏറെ മുന്നോട്ടുപോയ നാടാണല്ലോ നമ്മുടേത്.  സ്ത്രീകള്‍ക്ക് ഏറെ അവസരങ്ങളും ലഭിക്കുന്നു. ആര്‍മി, രാഷ്ട്രീയം, കായികം തുടങ്ങി സര്‍വമേഖലയിലും ഇന്ത്യയിലെ സ്ത്രീകള്‍ നേട്ടംകുറിച്ചിട്ടുണ്ട്. എല്ലാറ്റിനും ഉപരിയായി ഒരു വനിത പ്രഥമപൗരത്വം നേടിയ നാട്. വിശാലമായ ഒത്തിരി അവസരങ്ങള്‍ ഇന്നു നമ്മുടെ രാജ്യത്തുണ്ട്. അതുപോലെ എനിക്കുകിട്ടിയ അവസരങ്ങള്‍ ഇന്നും അവിടെയുണ്ട്. അത് ഉപയോഗപ്പെടുത്താത്തത് മാത്രമാണ് പുതുതലമുറയുടെ പരിമിതിയെന്നുതോന്നുന്നു.