നക്ഷത്രത്തിളക്കം

CAMPUS

നക്ഷത്ര തിളക്കത്തിലാണ് സെന്റ് ആല്‍ബര്‍ട്‌സ് കോളേജ്. കേന്ദ്ര സര്‍ക്കാറിന്റെ കൂടാതെ ഏഴ് കടലുകള്‍ കടന്നെത്തിയ അംഗീകാരവും പുതിയ ശാസ്ത്ര സംരംഭങ്ങളുടെ നേട്ടങ്ങളും കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ പ്രിന്‍സിപ്പല്‍ ഹാരി ക്ലീറ്റസ് വാക്കുകളില്‍ ഒതുക്കാന്‍ കഴിയാത്ത സന്തോഷത്തോടെ വിവരിച്ചു.

കമ്പ്യൂട്ടറില്‍ എന്ന പോലെ വിജയക്കുതിപ്പുകളുടെ പട്ടിക പ്രിന്‍സിപ്പലിന്റെ വിരല്‍ത്തുമ്പിലുണ്ട്. മുന്നില്‍ വിദ്യാര്‍ത്ഥികളുടെ നീണ്ടനിര. പല കടലാസുകളിലും പ്രിന്‍സിപ്പലിന്റെ വിലപ്പെട്ട ഒപ്പ് വേണം. അധ്യാപകരും നിരവധിയുണ്ട്. അതിനിടയില്‍ കോളേജിലെ സ്റ്റാഫും. തിരക്കിനിടയ്ക്ക് കോളേജിന്റെ നേട്ടങ്ങളെക്കുറിച്ച് അഭിമാനത്തിന്റെ വാക്കുകളില്‍ അദ്ദേഹം മൊഴിഞ്ഞു 'മഹത്തായ കൂട്ടായ്മ. അധ്യാപകരും വിദ്യാര്‍ത്ഥികളും കൈകോര്‍ത്ത് പ്രയത്‌നിക്കുന്നു'.

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ബയോടെക്‌നോളജി വകുപ്പ് കോളേജിന് നല്‍കിയിട്ടുള്ള നക്ഷത്ര പദവിയാണ് കോളേജിന് കിട്ടിയ മഹത്തായ അംഗീകാരത്തിന്റെ മുദ്ര. നക്ഷത്രകോളേജ് പദവിയില്‍ കോളേജിനെ ഉള്‍പ്പെടുത്തി ശാസ്ത്ര സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ 2015 വരെ 55 ലക്ഷം രൂപ കേന്ദ്രം അനുവദിച്ചു കഴിഞ്ഞു. സെന്റ് ആല്‍ബര്‍ട്‌സ് ഉള്‍പ്പെടെ മൂന്ന് കോളേജുകള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് ഈ ഉന്നത പദവി ലഭിച്ചത്.

നീണ്ട കൂടിയാലോചനകള്‍ക്കും സൂക്ഷ്മമായ വിലയിരുത്തലിനും ശേഷമാണ് പ്രസ്തുത പദവി കേന്ദ്രം നല്‍കുന്നത്. അതിന്റെ തയ്യാറെടുപ്പിന്റെ രേഖ തന്നെ പ്രിന്‍സിപ്പല്‍ കാണിച്ചു. ഗവേഷണ പ്രബന്ധം പോലൊരു പുസ്തകം തയ്യാറാക്കി കേന്ദ്രത്തിന് നല്‍കിയിരുന്നു. അത് പരിശോധിച്ച ശേഷമാണ് കേന്ദ്രത്തിന്റെ മഹത്തായ അംഗീകാരം കോളേജിനെ തേടിയെത്തിയത്. കോളേജിലെ സുവോളജി, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, അക്വാക്കള്‍ച്ചര്‍ എന്നീ വകുപ്പുകളിലെ വിദ്യാര്‍ത്ഥികളുടെ ശാസ്ത്രാഭിരുചി വളര്‍ത്താനുള്ള സംരംഭങ്ങള്‍ക്ക് നക്ഷത്രപദവി സംവിധാനം പ്രോത്സാഹനം നല്‍കുന്നു. ക്ലാസ്മുറിയിലും പരീക്ഷണശാലയിലും മാത്രം ഒതുങ്ങാതെ വിദ്യാര്‍ത്ഥികളുടെ മനസ്സിന്റെ ജാലകങ്ങള്‍ പൂര്‍ണമായും തുറന്ന് ബാഹ്യലോകവുമായി ആഭിമുഖ്യം പുലര്‍ത്താനുള്ള നൂതന സംരംഭമാണിതെന്ന് പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററായ ഫിഷറീസ് അക്വാക്കള്‍ച്ചര്‍ വകുപ്പ് അസോ. പ്രൊഫസര്‍ ഡോ. അജിത്ത് തോമസ് ജോണ്‍ പറഞ്ഞു.

ശാസ്ത്രരംഗത്ത് രാജ്യാന്തര സഹകരണത്തിന്റെയും കൂട്ടായ്മയുടെയും പുതിയൊരു മേഖലകൂടി സെന്റ് ആല്‍ബര്‍ട്‌സില്‍ പിറവിയെടുത്തുകഴിഞ്ഞു. അതിന്റെ ഫലം അയല്‍സംസ്ഥാനമായ തമിഴ്‌നാട് അംഗീകരിച്ചു.

ഈയിടെ കാരൈക്കുടിയിലെ ഒരു പ്രമുഖ ശാസ്ത്ര ഇന്‍സ്റ്റിറ്റിയൂട്ട് മത്സ്യകൃഷി മേഖലയില്‍ പുതിയൊരു സംരംഭത്തിന് സെന്റ് ആല്‍ബര്‍ട്ട്‌സിന്റെ സഹായം തേടിയത് പ്രിന്‍സിപ്പല്‍ ഹാരി ക്ലീറ്റസ് ചൂണ്ടിക്കാട്ടി. അമേരിക്കയിലെ വിസ്‌കോണ്‍സില്‍ - മാഡിസണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ സെന്റ് ആല്‍ബര്‍ട്‌സില്‍ എത്തി അക്വാ പോണിക്‌സ് എന്ന സംവിധാനത്തിന് രൂപം നല്‍കി പ്രാവര്‍ത്തികമാക്കി. ശാസ്ത്രമേഖലയിലെ ശാക്തീകരണത്തിനായി കോളേജിനെയാണ്് പ്രസ്തുത യൂണിവേഴ്‌സിറ്റി തിരഞ്ഞെടുത്തത്. കോളേജിലെ ഫിഷറീസ് - ബോട്ടണി വിഭാഗത്തിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് അക്വാപോണിക്ക്‌സ് സംവിധാനം ഒരുക്കിയത്.

മത്സ്യങ്ങള്‍ നിറച്ച ടാങ്കുമായി ബന്ധിപ്പിച്ചുകൊണ്ട് മണ്ണ് ഉപയോഗിക്കാതെ ജലത്തില്‍ പച്ചക്കറി കൃഷി ശാസ്ത്രീയരീതിയില്‍ ആസൂത്രണം ചെയ്തിട്ടുള്ള സംവിധാനമാണ് അക്വാപോണിക്ക്‌സ്. കൃത്രിമ വളങ്ങളും കീടനാശിനിയും ഉപയോഗിക്കാതെ മത്സ്യകൃഷിയുടെ ഉത്പന്നങ്ങളെ നൈട്രജന്‍ സൈക്കിളിലൂടെ ചെടികള്‍ വേര്‍തിരിക്കുകയും അങ്ങനെ ശുദ്ധജലം മത്സ്യകൃഷിക്ക് ലഭ്യമാക്കുവാനും അക്വാപോണിക്‌സ് സംവിധാനത്തിന് കഴിയും. ഈ നൂതന സംവിധാനം ഇന്ത്യയൊട്ടാകെ പ്രചരിപ്പിക്കാന്‍ കഴിയുമെന്ന് പ്രിന്‍സിപ്പല്‍ പ്രത്യാശിച്ചു. കാരൈക്കുടിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് കോളേജിന്റെ സൗകര്യം ഇതിനായി തേടിയത് വലിയൊരു സംരംഭത്തിന്റെ തുടക്കം കുറിച്ചുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

നേട്ടങ്ങള്‍ക്ക് ഒരു പൊന്‍തൂവലിന്റെ പരിവേഷം കൂടി കിട്ടിയത് അവതരിപ്പിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ സ്വയം മറന്ന് ആഹ്ലാദിച്ചു. അമേരിക്കയിലെ ടോള്‍സ്മാന്‍ സാക്‌സ് എന്ന അന്തര്‍ദേശീയ പ്രശസ്തമായ സാമ്പത്തിക സംരംഭം എക്‌സിക്യൂട്ടീവുകളെ തേടി നടത്തിയ കാമ്പസ് ഇന്റര്‍വ്യൂവില്‍ കോളേജിലെ 20 വിദ്യാര്‍ത്ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആര്‍ക്കും പ്രചോദനവും ആത്മവിശ്വാസവും നല്‍കുന്ന ഒരു കാല്‍വയ്പാണിതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

വിസ്‌കോണ്‍സില്‍ നിന്ന് എത്തിയ സംഘം ഒരു മാസത്തോളം കോളേജില്‍ പരീക്ഷണ - നിരീക്ഷണങ്ങളില്‍ മുഴുകിയിരുന്നു. പാഠ്യപദ്ധതിയുമായി അവര്‍ക്കുള്ള ആത്മബന്ധവും കഠിനാധ്വാനവും മാതൃകാപരമായിരുന്നു. അന്താരാഷ്ട്ര സൗഹൃദത്തിന്റെ തിളക്കമാര്‍ന്ന ചുവട്‌വയ്പും അന്താരാഷ്ട്ര സാഹോദര്യം പടുത്തുയര്‍ത്താനുള്ള അവസരവും കൂടിയായിരുന്നു അത്.

പഠനം മാനംമുട്ടേ


പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വാനനിരീക്ഷണത്തിനുള്ള സംവിധാനം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ താമസിയാതെ യാഥാര്‍ത്ഥ്യമാകും. സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്ക്‌നോളജി പി. ജി. കോഴ്‌സിന്റെ ഭാഗമാണിത്. ഈ കോഴ്‌സിലെ വിദ്യാര്‍ത്ഥികള്‍ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കി.

ഐ.എസ്.ആര്‍.ഒ. ലെ വിദഗ്ദ്ധര്‍ കൂടി ഉള്‍പ്പെട്ട സംഘമാണ് സിലബസ് തയ്യാറാക്കിയത്. ഇമേജ് സെന്‍സിങ്ങിനും കാലാവസ്ഥ നിരീക്ഷണത്തിനുമുള്ള സംവിധാനങ്ങള്‍ അടുത്ത വര്‍ഷം തന്നെ കോളേജില്‍ സ്ഥാപിക്കും. പ്രത്യേക പ്രവേശന പരീക്ഷകയിലൂടെ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു.

സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് 66 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. കോളേജിന്റെ സാമൂഹിക പ്രതിബദ്ധതയുടെ മികച്ച തെളിവായി ഇഗ്‌നോ സ്റ്റഡി സെന്റര്‍ 1993 മുതല്‍ കോളേജില്‍ പ്രവര്‍ത്തിച്ചു വരുന്നു. 2750 ഓളം വിദ്യാര്‍ത്ഥികള്‍ ഈ സ്റ്റഡി സെന്ററുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇഗ്‌നോ സ്റ്റഡി സെന്ററുകളില്‍ ഒന്നാണിത്.2006 മുതല്‍ ബിരുദ ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിത്തുടങ്ങി. 2009 മുതല്‍ പി.ജി. ക്ലാസിലും പെണ്‍കുട്ടികള്‍ ആധിപത്യം നേടി.

പതിനൊന്ന് ബിരുദ കോഴ്‌സുകളും ഒമ്പത് ബിരുദാനന്തര ബിരുദ കോഴ്‌സുകളും അഞ്ച് റിസര്‍ച്ച് സെന്ററുകളും കോളജിലുണ്ട്.

യു.ജി.സി.യുടെ നാഷണല്‍ അക്രഡിറ്റേഷന്‍ ആന്‍ഡ് അസസ്‌മെന്റ് കൗണ്‍സിലിന്റെ എ ഗ്രേഡ് പദവി കോളേജിനുണ്ട്. 2009ല്‍ ഇത് ലഭിച്ചു. കൂടാതെ 2010ല്‍ ഐ.എസ്.ഒ. അംഗീകാരവും. മഹാരാജാസ് കോളേജിലെ മുന്‍ ഇക്കണോമിക്‌സ് പ്രൊഫസവും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ കെ.ജെ.എസ്. ക്ലീറ്റസിന്റെ മകനാണ് സെന്റ് ആല്‍ബര്‍ട്ട്‌സ് പ്രിന്‍സിപ്പല്‍ ഹാരി ക്ലീറ്റസ്.
വംശനാശം നേരിടുന്ന ജീവികളെ രക്ഷിക്കാന്‍


വംശനാശം നേരിടുന്ന ജീവികളെ സംരക്ഷിക്കാനുള്ള ദൗത്യം വിജയിപ്പിച്ചിട്ടുള്ള ലോകത്തിലെ പത്ത് കോളേജുകളില്‍ ഒന്ന് സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ്.അമേരിക്കയിലെ bestcolleges.org എന്ന പ്രശസ്ത സംഘടനയാണ് ഈ ബഹുമതി കോളേജിന് നല്‍കിയത്. വെബ്‌സൈറ്റില്‍ അത് അവതരിപ്പിച്ചിട്ടുണ്ട്.

പശ്ചിമ ഘട്ടത്തിന്റെ ജൈവ വൈവിധ്യം സംരക്ഷിക്കാനുള്ള പദ്ധതികള്‍ ശക്തിപ്പെടുത്താനാണ് കേരളാ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ക്കൊപ്പം സെന്റ് ആല്‍ബര്‍ട്ട്‌സ് ശ്രമിക്കുന്നത്. ശുദ്ധജലത്തില്‍ ജീവിക്കുന്ന ചിലയിനം മത്സ്യങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. മിസ് കേരള എന്ന പേരില്‍ അറിയപ്പെടുന്ന മത്സ്യത്തിനാണ് സംരക്ഷിത ഇനത്തില്‍ പ്രാമുഖ്യം നല്‍കുന്നത്. ആകര്‍ഷകമായ ഈ മത്സ്യം അപകടകരമായ വംശനാശത്തെ നേരിടുന്നു. പുതിയ ഏതാനും ഇനം മത്സ്യങ്ങളെയും പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ ജൈവ വൈവിധ്യം ധന്യമാണെന്ന് തെളിയിക്കുന്ന കണ്ടെത്തലുകളാണ് അവ. വംശനാശത്തെ നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതില്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി, ലണ്ടന്‍ ഇംപീരിയല്‍ കോളേജ്, ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി എന്നിവയും മുന്‍ നിരയിലാണ്.

TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.