പാഠം അഭിനയം

ACTING

അഭിനയം മനസ്സിലുള്ള ആര്‍ക്കും സിഗേ്‌നച്ചര്‍ ആക്ടിങ് സ്‌കൂളിലേക്കു വരാം. ഇവിടെ പ്രായമോ തൊഴിലോ ഒന്നും ഒരു വിഷയമല്ല. ആറുമാസത്തെ കാലയളവുകൊണ്ട് അഭിനയത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ചുനല്‍കും. ജീവിതപ്രാരബ്ദങ്ങള്‍ക്കിടയില്‍ മനസ്സില്‍ കിടന്നുറങ്ങിപ്പോയ അഭിനയമോഹത്തെ വിളിച്ചുണര്‍ത്താനും കൃത്യമായി വഴിപറഞ്ഞുകൊടുക്കാനും അവസരങ്ങള്‍ നല്‍കാനുമെല്ലാമാണ് ഇവര്‍ ശ്രമിക്കുന്നത്.

സിഗേ്‌നച്ചര്‍ അഭിനയ സ്‌കൂളിന്റെ കോ-ഓര്‍ഡിനേറ്ററായ പാട്ടുരായ്ക്കല്‍ അന്തിക്കാട്ട് വീട്ടില്‍ ജിമ്മി റൊണാള്‍ഡ് സ്വന്തം ജീവിതംകൊണ്ടുതന്നെ അനുകൂല കാലാവസ്ഥയിലെ അഭിനയത്തിന്റെ തിരിച്ചുവരവിനു സാധൂകരണം നല്‍കുന്നു. പ്ലസ്ടു കഴിഞ്ഞപ്പോഴാണ് ജിമ്മിയുടെ ജീവിതത്തില്‍നിന്ന് അഭിനയം താത്കാലികമായി മറഞ്ഞത്. പിന്നെ ജീവിതബുദ്ധിമുട്ടുകള്‍ ഇയാളെ ഇലക്‌ട്രോണിക്‌സ് മെക്കാനിക്കാക്കി, റെഡിമെയ്ഡ് ഷോപ്പിലെ സെയില്‍സ്മാനാക്കി, പിന്നെ നിരവധി മാര്‍ക്കറ്റിങ് മേഖലകളില്‍ ജോലിചെയ്യിച്ചു. ഒടുവില്‍ പാട്ടുരായ്ക്കലില്‍ ഒരു റെഡിമെയ്ഡ് ഷോപ്പ് തുടങ്ങിയതോടെയാണ് അഭിനയരംഗത്ത് സജീവമാകാന്‍ സാധിച്ചത്. തുടര്‍ന്ന് സിനിമകളില്‍ അഭിനയിച്ചു. നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. മോളി ആന്റി, മുല്ല തുടങ്ങിയവയെല്ലാമാണ് ഇദ്ദേഹം അഭിനയിച്ച സിനിമകള്‍. മുവായിരത്തോളം പേര്‍ അഭിനയിച്ച മൊറോക്കാസ നാടകത്തില്‍ വില്ലനായി. അന്താരാഷ്ട്ര നാടകോത്സവത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളായും പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടി. ഇതിന്റെയെല്ലാം വെളിച്ചത്തില്‍ മറ്റുള്ളവര്‍ക്ക് ഒരു വേദി ഒരുക്കിക്കൊടുക്കുകയാണ് സ്‌കൂളിലൂടെ ഇദ്ദേഹം ചെയ്യുന്നത്.

ഞായറാഴ്ച ക്ലാസുകളാണ് സിഗേ്‌നച്ചര്‍ ആക്റ്റിങ് സ്‌കൂളില്‍ ഇപ്പോള്‍ ഉള്ളത്. ഏതുപ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാം. പതിനാറു വയസ്സുമുതല്‍ നാല്‍പ്പതു വയസ്സുവരെ പ്രായമുള്ളവര്‍ ഇവിടെ വിദ്യാര്‍ത്ഥികളാണ്. ചിലര്‍ വിദ്യാര്‍ത്ഥികള്‍, ചിലര്‍ വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവര്‍. എല്ലാവരും അഭിനയത്തിന്റെ കാര്യത്തില്‍ ഒരു ടീം ആകുന്നു. ഒരു ബാച്ചില്‍ പന്ത്രണ്ടുപേരാണ് ഉണ്ടാകുക. ഞായറാഴ്ചകളില്‍ രണ്ടുമണിതൊട്ട് അഞ്ചര വരെയാണ് ക്ലാസുകള്‍. സെന്റ് തോമസ് കോളേജിലെ മീഡിയ സ്റ്റഡി ഹാള്‍ ആണ് ഇതിനായി ഇപ്പോള്‍ സൗകര്യപ്പെടുത്തിയിരിക്കുന്നത്. പാട്ടുരായ്ക്കലിലാണ് സ്‌കൂളിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

നാടകാഭിനയത്തിന്റെയും സിനിമാഭിനയത്തിന്റെയും രീതികള്‍ ഇവിടെ പഠിപ്പിക്കുന്നുണ്ട്. അതത് മേഖലകളില്‍ കഴിവുതെളിയിച്ചവരാണ് ഇവിടത്തെ അധ്യാപകര്‍. ജിമ്മിയും ഇവിടെ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ്. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകന്‍ ശ്രീജിത് രമണന്‍, ജിജോയ് പുളിക്കന്‍, സുരേഷ് മേച്ചേരി, വിനോദ് നാരായണന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ എടുക്കുന്നുണ്ട്. കൂടാതെ പുറത്തുനിന്നുള്ള പലരും വരികയും ചെയ്യുന്നു. ഇത്തരത്തില്‍ വരുന്നവര്‍ക്കുള്ള പ്രതിഫല ഇനത്തിലും മറ്റുമുള്ള ചെലവുകള്‍ വിദ്യാര്‍ത്ഥികള്‍ വീതിച്ചെടുക്കുകയാണ് ചെയ്യുന്നത്.

ആറുമാസം പിന്നിടുമ്പോഴേക്കും ഇവിടത്തെ വിദ്യാര്‍ത്ഥികളില്‍ പുതിയ ആത്മവിശ്വാസം പകരാന്‍ ക്ലാസുകള്‍ക്ക് സാധിക്കുന്നുണ്ട്. പല സിനിമകളിലും അവസരം നേടാനും മറ്റും ഇവര്‍ക്കായി. വ്യക്തിപരമായി അഭിനയം മെച്ചപ്പെടുത്തുവാനും സാധിച്ചു. അഭിനയത്തിനു വേണ്ട വ്യക്തമായ വഴികള്‍ നല്‍കുകകൂടിയാണ് ഇവിടത്തെ ക്ലാസുകള്‍ ചെയ്യുന്നത്. വ്യക്തിത്വ വികസനത്തിനും ഇതു സഹായിക്കുന്നു. ഏതു വേഷവും കൈകാര്യം ചെയ്യാന്‍ ശരീരത്തെ തയ്യാറാക്കിയെടുക്കുകയാണ് ക്ലാസുകളിലൂടെ ചെയ്യുന്നത്. ഇങ്ങനെ തയ്യാറാക്കിയെടുക്കാന്‍ പ്രായം പ്രശ്‌നമല്ല, താത്പര്യം ഉണ്ടായിരിക്കണം എന്നുമാത്രം. വിദേശങ്ങളിലൊക്കെ പ്രചാരത്തിലുള്ള അഭിനയരീതികള്‍ ഇവിടെ പരീക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ നൂതന രീതികളിലൂടെയാണ് അഭിനയ സ്‌കൂള്‍ മുന്നോട്ടുപോകുന്നത്.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.