ഓണപ്പാട്ടിന്റെ പുതിയ ഈണം സൂപ്പര്‍ഹിറ്റ്‌കേട്ടു തഴക്കംവന്ന പഴയ വരികള്‍; പക്ഷെ പുതിയ ഈണം. മാവേലി നാടുവാണീടുംകാലം... എന്ന പാട്ടിന്റെ രാഗമൊന്ന് മാറ്റി. രൂപപ്പെട്ടത് ഒരു ന്യൂജനറേഷന്‍ ഓണപ്പാട്ട്. മലയാളിയുടെ മനസ്സില്‍ തലമുറകളായി പതിഞ്ഞുപോയ പാട്ടിനെ ഇത്തരത്തിലാക്കിയല്ലോ എന്ന് പരിതപിക്കുന്നവര്‍ ഞെട്ടണ്ട, പാട്ട് കിടിലന്‍; യൂട്യൂബില്‍ സൂപ്പര്‍ഹിറ്റ്. മലയാളിയുടെ സ്വന്തം പാട്ടിനുമേല്‍ കയറിക്കളിച്ചത് മറ്റാരുമല്ല 'മ്മടെ തൃശ്ശൂരുകാര്'.

സി.എ. വിദ്യാര്‍ത്ഥികളായ 18 പേരാണ് ഈ പാട്ടിനെ റീകംപോസ്ഡ് വേര്‍ഷനില്‍ ഇറക്കിയിരിക്കുന്നത്. ക്രിയേറ്റീവ് ആര്‍ട്ടിക്കിള്‍സ് എന്ന ബാന്‍ഡില്‍ പുറത്തിറക്കിയ ഗാനം യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ 1500ല്‍പരം ആളുകള്‍ കണ്ടു; അഭിനന്ദനം രേഖപ്പെടുത്തി. ഏതു നാട്ടിലായാലും മലയാളിയുടെ നാവിന്‍തുമ്പില്‍ ഓണക്കാലത്തുണരുന്ന ഈ പാട്ടിനെ ഇവര്‍ പക്ഷെ വിരൂപമാക്കിയിട്ടില്ല. ഭംഗി നിലനിര്‍ത്തി. ഗിറ്റാറും കീബോര്‍ഡും വയലിനും മാത്രം ഗാനത്തിന് മിഴിവേകാന്‍ ഉപയോഗിച്ചു.ക്രിയേറ്റീവ് ആര്‍ട്ടിക്കിള്‍സ് ആദ്യമിറക്കിയ 'അക്കരപ്പച്ച' എന്ന ഹ്രസ്വചിത്രത്തില്‍ ബാക്ഗ്രൗണ്ട് മ്യൂസിക്കായി ഉപയോഗിച്ചതാണ് ഈ ഗാനം. പിന്നീട് ഈ ഗാനം മാത്രം ഉള്‍പ്പെടുത്തി ആല്‍ബം നിര്‍മ്മിക്കുകയായിരുന്നു.

നാട്ടരാഗത്തില്‍ ഈണം പകര്‍ന്ന ഈ ഗാനത്തിന് 25 ദിവസത്തിനുള്ളില്‍ പതിനയ്യായിരത്തിലേറെ കേള്‍വിക്കാരുണ്ടായി. 'മാവേലി നാടുവാണീടും കാലം റീ കംപോസ്ഡ്' എന്ന് ടൈപ്പ് ചെയ്താല്‍ ഈ ഗാനം ആസ്വദിക്കാം. യൂട്യൂബില്‍ മാവേലിയെന്ന് സെര്‍ച്ച് ചെയ്താല്‍ ആദ്യമെത്തുക ഈ ഓണപ്പാട്ടിന്റെ ലിങ്കായിരിക്കും.

ഗുരുവായൂര്‍ , ചൊവ്വല്ലൂര്‍ , തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് മ്യൂസിക് ആല്‍ബം ഷൂട്ട് ചെയ്തത്. സംഗീതസംവിധാനവും ആലാപനവും ഷൂട്ടിങ്ങും എഡിറ്റിങ്ങും അടക്കം എല്ലാ ജോലിയും ചെയ്തത് ഇവര്‍ 18 പേര്‍ ചേര്‍ന്നാണ്.

ഓണത്തിന്റെയും കേരളത്തിന്റെയും ഗൃഹാതുരത ആല്‍ബത്തില്‍ കാണാം. നിഖില്‍ നീലകണ്ഠനാണ് പാട്ടിന് പുതിയ ഈണം നല്‍കിയിരിക്കുന്നത്. അര്‍ജ്ജുന്‍ഗോപാലും രമ്യാ മേനോനുമാണ് ഗാനമാലപിച്ചത്. മിഥുന്‍ മോഹനും പ്രമോദ് വാര്യരും ചേര്‍ന്നാണ് ഇത്തരമൊരു ഗാനാവതരണത്തിന്റെ ആശയം മുന്നോട്ടുവെച്ചത്.

അരുണ്‍ തോമസ് കീബോര്‍ഡിലും വിജോ ജോബ് ഗിറ്റാറിലും ഗാനത്തിന് കൂടുതല്‍ ഭംഗിയേകി. ഹരികൃഷ്ണന്‍ , ദിനു ബേബി, അരുണ്‍ ആന്റണ്‍ അശോക്, കെ.ആര്‍.ധീരജ്, വിഷ്ണു പി. ബാബു, സജാദ് ഷെരീഫ് എന്നിവരും ഗാനത്തിനെ പുതിയ രൂപത്തിലാക്കാന്‍ മുന്നില്‍ നിന്നു. ഹാഫിസ് മുഹമ്മദ്, അശ്വിന്‍ കുമാര്‍ , കെ.ശ്രീകാന്ത്, ശ്രീകാന്ത് കണ്ണമ്പറത്ത് എന്നിവരാണ് ആല്‍ബം നിര്‍മ്മാണത്തിന് പ്രോത്സാഹനം നല്‍കിയത്.

TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.