കല്ല്യാണ സൂപ്പര്‍മാര്‍ക്കറ്റ്‌

എ.ജെ. ലെന്‍സിഒരു കല്ല്യാണമടുത്താല്‍ എന്തെല്ലാം ടെന്‍ഷനാണ്. പണ്ടുകാലത്താണെങ്കില്‍ കാരണവന്‍മാര്‍ കാലന്‍കുടയുമെടുത്ത് ഇറങ്ങുകയായി. മാസങ്ങള്‍ക്ക് മുമ്പേ. വേണ്ടപ്പെട്ടവരെയൊക്കെ ക്ഷണിക്കണം. പന്തലുകാരെയും ദേഹണ്ണക്കാരെയും കാലേക്കൂട്ടി കാണണം. വാഹനങ്ങള്‍ ഏര്‍പ്പെടുത്തണം. വസ്ത്രവും ആഭരണവും എടുക്കണം. അതിന് പറ്റിയ കട കണ്ടെത്തിയാല്‍ പോരാ, ഇതൊക്കെ തിരഞ്ഞെടുക്കാന്‍ ഒരു സംഘത്തെയും കണ്ടെത്തണം. ഓട്ടത്തിനിടയില്‍ ഒന്ന് നടുനിവര്‍ത്തണമെങ്കില്‍ കല്ല്യാണം കഴിഞ്ഞ് എല്ലാവരും സ്ഥലംവിടണം.

ഇതൊക്കെ കേട്ടുകേള്‍വിയാവുകയാണ്. കാലംമാറിയതോടെ കല്ല്യാണവും അടിമുടി മാറി. കല്ല്യാണരീതി മാത്രമല്ല ഒരുക്കങ്ങളും.

കല്ല്യാണത്തിനും സൂപ്പര്‍മാര്‍ക്കറ്റുകള്‍ എത്തിക്കഴിഞ്ഞു. ഇവിടെയൊന്നു കയറിയിറങ്ങിയാല്‍ അര മണിക്കൂറിനുള്ളില്‍ കല്ല്യാണത്തിനു വേണ്ട ഒരുക്കങ്ങള്‍റെഡി. സ്വപ്നത്തില്‍ കണ്ടതുപോലെ കല്ല്യാണം നടത്താന്‍ ഊണും ഉറക്കവുമില്ലാതെ ഓടിനടക്കണ്ട. പന്തലിലേക്ക് എത്തിയാല്‍ മതി. വിവാഹം നടന്നോളും.

തൃശ്ശൂര്‍ ചേറൂരിലുള്ള 'ഓസ്‌കര്‍ ഇവന്റ് ഹബ്' കല്ല്യാണ സൂപ്പര്‍മാര്‍ക്കറ്റാണെന്നു പറയാം. കേരളത്തില്‍ മാത്രമല്ല എവിടെവെച്ച് കല്ല്യാണം നടത്തണമെങ്കിലും ഇവര്‍ റെഡിയാണ്. വധൂവരന്‍മാരെ ആവശ്യമുണ്ട് എന്ന പരസ്യം മുതല്‍ ഹണിമൂണ്‍ ട്രിപ്പ് വരെ ഒന്നുമറിയേണ്ട. പണം കരുതിയാല്‍ മാത്രം മതി.

കുതിരവണ്ടി വേണോ ഹെലിക്കോപ്റ്റര്‍ വേണോ


കല്ല്യാണപ്പന്തലിലേക്ക് ഹെലിക്കോപ്റ്ററില്‍ വരണമെന്നാഗ്രഹിച്ചിട്ടും ഇത് എവിടെ കിട്ടുമെന്നറിയില്ലാത്തതുകൊണ്ട് മാത്രം മോഹം ഉപേക്ഷിക്കണ്ട. ഹെലിപാഡുണ്ടെങ്കില്‍ ഓസ്‌കാര്‍ ഇവന്റ് ഹബ് ഹെലിക്കോപ്റ്റര്‍ എത്തിച്ചുതരും. ഇനി കുതിരപ്പുറത്ത് വരണമെന്നുണ്ടോ, അതും റെഡി. ഏത് തരം വാഹനം വേണമെങ്കിലും ഇവിടെ കിട്ടും. ഏത് വാഹനവും വാടകയ്ക്ക് ഇവിടെ ലഭിക്കും. കാരവാന്‍ വരെ ചോദിച്ചെത്തുന്നവരുണ്ടത്രെ.

അതിഥിയായി ഷാരൂഖ് ഖാനോ അതോ മോഹന്‍ലാലോ


കല്ല്യാണത്തിന് സിനിമാ താരങ്ങള്‍ അതിഥികളായെത്തുന്നത് ഒരു ഗമതന്നെയാണ്. അത്ര അടുപ്പമുള്ളവരുടെ വിവാഹത്തിനല്ലേ അവരെത്തൂ. പക്ഷെ അതു വെറുതെ. ഏത് താരങ്ങളെവേണമെങ്കിലും ഇവര്‍ എത്തിക്കും. ഐശ്വര്യ റായിയെയും കാവ്യാ മാധവനെയുമൊക്കെ സ്വപ്നം കണ്ടു നടന്നവര്‍ക്കൊക്കെ സ്വന്തം കല്ല്യാണത്തിന് ഇവരെ പ്രത്യേക ക്ഷണിതാക്കളാക്കാം.

ശ്രേയാ ഘോഷാലിന്റെ പാട്ടായാലോ


അതിഥികളെ സന്തോഷിപ്പിക്കാന്‍ കല്ല്യാണ വീടുകളില്‍ ഗാനമേളകള്‍ സര്‍വ്വസാധാരണമാണ്. എന്നാല്‍ ഒന്നാം നമ്പര്‍ ഗായകരെ എങ്ങനെ കിട്ടുമെന്നറിയില്ലാത്തതുകൊണ്ട് ആ മോഹം ഉള്ളില്‍ വെയ്ക്കണ്ട. അവരുടെ ഡേറ്റും ഹബ്ബില്‍ ചെന്നാല്‍ കിട്ടും. കേരളത്തിന്റെ തനത് കലകളും വിദേശകലകളും കാണണമെന്നാഗ്രഹമുള്ളവര്‍ക്ക് അതിനും സൗകര്യമുണ്ട്. തൃശ്ശൂരില്‍ ചില കല്ല്യാണങ്ങള്‍ക്ക് ചെറു പൂരംതന്നെ ഇവര്‍ ഒരുക്കിയിട്ടുണ്ട്.

ഭക്ഷണം ചൈനീസ്/അറേബ്യന്‍


ഏതുതരം ഭക്ഷണം വേണമെങ്കിലും ഒരുക്കാന്‍ അവിടെ ആളെക്കിട്ടും. ഒരേ പന്തലില്‍ വ്യത്യസ്തതരം ഭക്ഷണം ഒരുക്കി വിളമ്പാന്‍ ഇവര്‍ സജ്ജരാണ്. ജൈനന്‍മാരുടെ ഭക്ഷണം ഒരുക്കാന്‍ ആ വിഭാഗത്തില്‍പ്പെട്ടവരെത്തന്നെ എത്തിച്ചുനല്‍കും.

കല്ല്യാണവേദിയും തീരുമാനിക്കാം


ഏത് വേദി വേണമെങ്കിലും ഇവിടെ നിന്ന് ബുക്ക് ചെയ്യാം. ഹബ്ബില്‍ നിശ്ചിത ദിവസങ്ങള്‍ നേരത്തെ ബുക്കുചെയ്തിടുന്നതിനാല്‍ വേദിയുടെ ഒഴിവില്ലാത്ത പ്രശ്‌നമുണ്ടാകുന്നില്ല. നേരിട്ട് ബുക്ക് ചെയ്യുന്നതിനേക്കാള്‍ നിരക്ക് കുറവുമായിരിക്കുമെന്ന് നടത്തിപ്പുകാര്‍ അവകാശപ്പെടുന്നു. ലോകത്തെവിടെവെച്ച് കല്ല്യാണം നടത്തണമെങ്കിലും അത് ഇവിടെ സജ്ജമാക്കിത്തരും.

കാവ്യാ മാധവന്റെ മേക്കപ്പ്മാന്‍ ഒരുക്കണോ


കല്ല്യാണപ്പെണ്ണിനെ കാവ്യാമാധവനെപ്പോലെ ഒരുക്കണമെന്നുണ്ടെങ്കില്‍ വേറെ ആരെയും തേടിപ്പോകണ്ട. കാവ്യയുടെ മേക്കപ്പ്മാനെത്തന്നെ കിട്ടും. മാത്രമല്ല വധൂവരന്‍മാര്‍ ആവശ്യപ്പെടുന്ന ബ്യൂട്ടീഷന്റെ ഏത് സേവനവും ഇവിടെ ഒരുക്കുന്നുണ്ട്.

പരസ്യവും ക്ഷണക്കത്തും


കല്ല്യാണവുമായി ബന്ധപ്പെട്ട പരസ്യം നല്‍കാനും പത്രങ്ങളും മാഗസിനുകളും ചാനലുകളും തേടി സമയം കളയണമെന്നില്ല. അതിനും ഇവിടെ സൗകര്യമുണ്ട്. ക്ഷണക്കത്ത് പ്രത്യേക ഡിസൈനറുടെ മേല്‍നോട്ടത്തില്‍ ഡിസൈന്‍ ചെയ്ത് അച്ചടിച്ച് നല്‍കും. അതിഥികള്‍ക്ക് കല്ല്യാണം ഓര്‍മപ്പെടുത്താനായി മൊബൈലില്‍ സന്ദേശം നല്‍കുന്ന രീതിയുമുണ്ട്.

വസ്ത്രം തിരഞ്ഞെടുക്കാന്‍ ഫാഷന്‍ കണ്‍സള്‍ട്ടിങ്


വിവാഹത്തിന് ഏതുതരം വേഷം ധരിക്കണമെന്ന് വധൂവരന്‍മാര്‍ക്കോ മറ്റുള്ളവര്‍ക്കോ എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍ അതിനും പരിഹാരമുണ്ട്. ഫാഷന്‍ ഡിസൈനര്‍മാരുടെ സേവനവും വസ്ത്രങ്ങളുടെ മോഡലും ഇവിടെയുണ്ട്. അനുയോജ്യമായ വസ്ത്രങ്ങള്‍ എവിടെ ലഭിക്കുമെന്ന വിവരവും നല്‍കും. വധുവും വരനും പുറത്തുനിന്ന് വാങ്ങിയ വസ്ത്രങ്ങള്‍ക്ക് ചേര്‍ച്ച കുറവാണെങ്കില്‍പോലും ഇവിടെനിന്ന് അലങ്കാരപ്പണി ചെയ്ത് ചേര്‍ച്ചവരുത്തി നല്‍കും. വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ധരിക്കാനുള്ള വസ്ത്രങ്ങളുടെ ചെറുശേഖരവും ഉണ്ട്.

തീം വെഡ്ഡിങ്


നമ്മുടെ പഴയ മൈലാഞ്ചിക്കല്ല്യാണം പോലെ പുത്തന്‍ ട്രെന്‍ഡാണ് തീം വെഡ്ഡിങ്. വിവാഹത്തലേന്ന് ഏതെങ്കിലും തീമിനെ അടിസ്ഥാനമാക്കിയുള്ള ആഘോഷമായിരിക്കുമിത്. കളര്‍, രാജസ്ഥാന്‍ , മുഗള്‍ , ഈജിപ്ഷ്യന്‍, അറേബ്യന്‍... ഇങ്ങനെ പോകുന്നു തീമുകള്‍. ഇതിനനുസരിച്ച് ഒരേപോലെയുള്ള അലങ്കാരങ്ങളും വസ്ത്രങ്ങളും ആഭരണങ്ങളും ഭക്ഷണവും ഒരുക്കണം. തീം വെഡ്ഡിങ്ങും തയ്യാറാക്കാന്‍ ഹബ്ബ് റെഡിയാണ്. ഇതിനായി ഫാഷന്‍ ഡിസൈനര്‍മാര്‍ക്കൊപ്പം തുന്നല്‍ക്കാരും ഇവിടെയുണ്ട്.

ഫോട്ടോ/വീഡിയോ


ഇത്രയൊക്കെയായിട്ട് ഇനി ഫോട്ടോഗ്രാഫറെയും വീഡിയോഗ്രാഫറെയും തേടിനടക്കേണ്ട ആവശ്യമില്ല. അതിനുമിവിടെയാളുണ്ട്. ഇനി ഏതെങ്കിലും പ്രശസ്തനായ ഫോട്ടോഗ്രാഫറെ വിളിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അതും ശരിയാക്കിത്തരും.

മാലയും ബൊക്കെയും


വിവാഹത്തിനുള്ള മാലയും ബൊക്കെയും ലഭിക്കുന്നതോടൊപ്പം വിവാഹവേദിയും വീടും അലങ്കരിച്ചു നല്‍കും. വിവാഹത്തിനെത്തുന്നവര്‍ക്ക് എന്തു സമ്മാനം നല്‍കുമെന്ന ആശങ്കയും ഇവിടെയുദിക്കുന്നില്ല. വിവിധതരം സമ്മാനങ്ങളാണ് ഇവിടെയുള്ളത്.

ഹണിമൂണ്‍ വിദേശത്തോ സ്വദേശത്തോ


സ്ഥലങ്ങളെക്കുറിച്ചും യാത്രയെക്കുറിച്ചും അറിവില്ലാത്തതുകൊണ്ടുമാത്രം ഹണിമൂണ്‍ യാത്ര വേണ്ടെന്നുവെയ്ക്കണ്ട. ജീവിതത്തിലെ ഈ സുന്ദരനാളുകള്‍ എവിടെ ചെലവഴിക്കണമെന്ന് ഹബ്ബില്‍നിന്നു തന്നെ സെലക്ട് ചെയ്യാം. ലോകത്തെവിടേക്കുമുള്ള ഹണിമൂണ്‍ പാക്കേജ് ഇവിടെയുണ്ട്. അയ്യന്തോള്‍ ചുങ്കം സ്വദേശി ജനീഷും ഭാര്യ സൗമ്യയും ചേര്‍ന്ന് ജനവരിയിലാണ് 'ഓസ്‌കര്‍ ഇവന്റ് ഹബ്ബ്' തുടങ്ങിയത്. ഹബ്ബില്‍ വാഹനം, കാറ്ററിങ്, വെന്യൂ, മേക്കപ്പ്, ഫാഷന്‍, തുടങ്ങിയ വിവിധ ഏജന്‍സികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കിയാണ് പ്രവര്‍ത്തനം. ഉപഭോക്താവിന് ആവശ്യമുള്ള സേവനങ്ങള്‍ മാത്രം സ്വീകരിക്കാം.


TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.