കാവുങ്ങല്‍ വീട്ടിലെ മസ്സില്‍പ്പൂരംപടവരാട് പുത്തനങ്ങാടിയിലെ കാവുങ്ങള്‍ വീട് മസ്സില്‍പ്പെരുമകൊണ്ട് പ്രശസ്തമാണ്. രണ്ടു ദിവസം മുമ്പ് കൊച്ചിയില്‍ നടന്ന ദേശീയ ബോഡി ബില്‍ഡിങ് മത്സരത്തില്‍ മിസ്റ്റര്‍ ഇന്ത്യ പട്ടം കൂടി കുടുംബത്തിലെത്തിയതോടെ ദേശീയതലത്തിലുള്‍പ്പെടെ നിരവധി അംഗീകാരങ്ങളാണ് ഇതിനകം ഇവരെ തേടി എത്തിയത്.കാവുങ്ങല്‍ വീട്ടില്‍ പീറ്ററിന്റെ മൂത്ത മകന്‍ വിപിന്‍ പീറ്ററിനെയാണ് കൊച്ചിയിലെ ദേശീയമത്സരത്തില്‍ മിസ്റ്റര്‍ ഇന്ത്യയായി തിരഞ്ഞെടുത്തത്. വിപിന്റെ അനുജന്‍ വിജിലും രണ്ടു തവണ മിസ്റ്റര്‍ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്.

നാലു പതിറ്റാണ്ടിലേറെയായി ഒല്ലൂരിലും പടവരാടും ബോഡി ഫിറ്റ്‌നെസ് സെന്ററുകള്‍ നടത്തിവരികയാണ് പീറ്റര്‍. രണ്ട് ആണ്‍മക്കളും തന്റെ വഴിയേ തന്നെ തിരിഞ്ഞത് പീറ്ററിനെയും സന്തഷ്ടനാക്കി. പ്രോത്സാഹനം നല്‍കാന്‍ അമ്മ മേരിയും. പീറ്ററിന്റെയും മക്കളുടെയും ആഹാരക്രമീകരണങ്ങളും ഡയറ്റിങ്ങുമെല്ലാം മേരിയാണ് നിയന്ത്രിച്ചിരുന്നത്.

ശരീരസൗന്ദര്യ മത്സരത്തിലെ പെര്‍ഫോമന്‍സിന്റെ പിന്തുണയോടെ മൂത്ത മകന്‍ വിപിന് 18 വയസ്സുള്ളപ്പോള്‍ തന്നെ മുംബൈയില്‍ നേവിയില്‍ സെലക്ഷന്‍ കിട്ടി. പെറ്റി ഓഫീസറായി നിയമനവും. 2001ല്‍ സബ് ജൂനിയര്‍ മിസ്റ്റര്‍ കേരള ചാമ്പ്യനായതിനെ തുടര്‍ന്നാണ് നേവിയുടെ ഫസ്റ്റ് ട്രയലില്‍ തന്നെ തിരഞ്ഞെടുത്തത്. 2010ലും 2012ലും 70 കിലോ വിഭാഗത്തിലും വിപിന്‍ സര്‍വീസസ് ചാമ്പ്യനായി. 75 കിലോ വിഭാഗത്തിലാണ് ഇത്തവണ മിസ്റ്റര്‍ ഇന്ത്യയായത്. സെലിന്‍ ആണ് ഭാര്യ. മകള്‍: എബിഗേലി.

അനുജന്‍ വിജില്‍ പീറ്റര്‍ രണ്ടു തവണ ജൂനിയര്‍ മിസ്റ്റര്‍ ഇന്ത്യയായി ദേശീയ ചാമ്പ്യനായിട്ടുണ്ട്. മൂന്നു വര്‍ഷം മിസ്റ്റര്‍ കേരളയുമായി. പറവട്ടാനിയിലെ ഗോള്‍ഡ്‌സ് പെര്‍ഫെക്ട് ബോഡി ഫിറ്റ്‌നെസ് സെന്റര്‍ നടത്തുന്നത് വിജിലാണ്.

പിതാവിന്റെ ഫിറ്റ്‌നസ് സെന്ററില്‍ തന്നെയായിരുന്നു ഇരുവരുടെയും പരിശീലനം. നേവിയില്‍ ചേര്‍ന്ന ശേഷം വിപിനെ പരിശീലിപ്പിക്കുന്നത് കോച്ച് കെ.ആര്‍. നായരാണ്. 10 വര്‍ഷമായി നേവിയിലെത്തിയിട്ട്. തൃശ്ശൂര്‍ ബോഡി ബില്‍ഡിങ് അസോസിയേഷന്റെ ഭാരവാഹിയായിരുന്ന കെ.പി. പീറ്റര്‍ ഇന്ത്യന്‍ ബോഡി ബില്‍ഡിങ് അസോസിയേഷന്‍ നാഷണല്‍ ജഡ്ജ് കൂടിയാണ്.

അര്‍ജ്ജുന അവാര്‍ഡ് ജേതാവായ ടി.വി. പോളിയും റെയില്‍വെയുടെ പ്രശസ്ത ചാമ്പ്യനായ എ.കെ. രാരിയുമൊക്കെ പീറ്ററിന്റെ ശിഷ്യരില്‍ പ്രമുഖരായ ചിലരാണ്.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.