ഒറ്റഫ്രെയിമില്‍ ഒതുക്കാവുന്നതല്ല

പി.രഞ്ജിത്ത്‌

ഭക്തിക്കൊപ്പം കര്‍ണാടകസംഗീതവും കലകളും നൂലിഴപോലെ ചേര്‍ന്നതാണ് കല്പാത്തിയിലെ തെരുവുകള്‍. അരിപ്പൊടിക്കോലങ്ങള്‍ സൗന്ദര്യംതീര്‍ത്ത അഗ്രഹാരങ്ങളുടെ വഴിത്താരകളിലൂടെയാണ് സ്വപ്നസഞ്ചാരിയായി ശരത് നടന്നത്. നിരവധി ക്യാച്ച്‌വേഡുകളും തിരക്കഥകളും മനസ്സില്‍ താലോലിച്ച്; ആദ്യം പരസ്യചിത്രങ്ങളുടെ പെരുമ. പിന്നെ സിനിമയിലേക്ക്. തിരക്കഥയില്‍ തുടങ്ങി ഇപ്പോള്‍ സംവിധാനത്തിലേക്കും. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരത് എ. ഹരിദാസനെന്ന കല്പാത്തിക്കാരന്‍ സിനിമയെയും തന്റെ കൈപ്പിടിയിലൊതുക്കുകയാണ്.

ഇനി കാലത്തെ പിറകോട്ട് തിരിക്കാം. 2004ല്‍ ശരത് കല്യാണ്‍ ജ്വല്ലറിക്കുവേണ്ടി പരസ്യം ചെയ്യുന്നു. ലൊക്കേഷന്‍ വരിക്കാശ്ശേരി മന. ഗോള്‍ഡണ്‍ മൂമെന്റ്‌സ് വിത്ത് മമ്മുട്ടി എന്നതാണ് തീം. ആദ്യമായി സൂപ്പര്‍താരം മമ്മൂട്ടി കമേഴ്‌സ്യല്‍ പരസ്യത്തില്‍ മുഖം കാണിക്കുന്നു എന്നതാണ് പ്രത്യേകത. കല്യാണ്‍ ജ്വല്ലറിയില്‍നിന്ന് സ്വര്‍ണം വാങ്ങുന്നവരില്‍നിന്ന് നറുക്കിട്ടെടുക്കുന്ന 50 പേരുടെ കല്യാണത്തിന് മമ്മൂട്ടി പങ്കെടുക്കുമെന്നതാണ് പരസ്യം. അങ്ങനെ ആദ്യമായി മമ്മൂട്ടിയെവെച്ച് പരസ്യംചെയ്തത് കല്പാത്തി ചാത്തപ്പുരം ഗായത്രിയില്‍ ശരത്തിന്റെ ക്രെഡിറ്റിലെത്തി.

ഇത് ഇന്ന് ഓര്‍മയിലെത്തുന്നതിന്റെ കാരണം മറ്റൊന്നാണ്. വര്‍ഷങ്ങള്‍ക്കുശേഷം ശരത് മലയാളത്തില്‍ ആദ്യമായി സംവിധാനംചെയ്യുമ്പോള്‍ നായകന്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനാണ്. ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. ശരത് കഥയും തിരക്കഥയും കൂടി എഴുതുന്ന ചിത്രം. ആഗസ്തില്‍ ചിത്രീകരണം തുടങ്ങും.

പത്തുവര്‍ഷത്തിലേറെയായി പരസ്യരംഗത്ത് എഴുത്തിലും എഡിറ്റിങ്ങിലും സംവിധാനത്തിലും പ്രവര്‍ത്തിക്കുകയാണ് ഈ കല്പാത്തിക്കാരന്‍. ഡോക്യുമെന്ററി രംഗത്തെയും നിറഞ്ഞ സാന്നിധ്യമാണ്.

സ്വിസ് അറേബ്യന്‍ പെര്‍ഫ്യൂംസ്, ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് ദുബായ്, റോയല്‍ എന്‍ഫീല്‍ഡ്, കല്യാണ്‍ ജ്വല്ലേഴ്‌സ്, ദി ചെന്നൈ സില്‍ക്‌സ്, കെ.പി.നമ്പൂതിരീസ് ആയുര്‍വേദിക്‌സ് (8 വര്‍ഷം തുടര്‍ച്ചയായി), ജോണ്‍സ് കുട, ധാത്രി ഫെയര്‍ സ്‌കിന്‍ ക്രീം എന്നിവയ്ക്ക് പരസ്യം തയ്യാറാക്കിയിരിക്കുന്നത് ഇദ്ദേഹമാണ്. മമ്മൂട്ടിക്കൊപ്പം വീണ്ടും ഒത്തുചേര്‍ന്ന് ബിഗ് കല്യാണ്‍ എന്ന കാമ്പയിന്‍ പരസ്യം ഏറെ ശ്രദ്ധേയമായിരുന്നു.

എമറൈറ്റ്്‌സ് ഡ്രൈവിങ് സ്‌കൂള്‍ (ഗള്‍ഫ്), യു.എ.ഇ. എക്‌സ്‌ചേഞ്ച്, അബുദാബി യൂണിവേഴ്‌സിറ്റിക്കുവേണ്ടി സാര്‍വത്രിക വിദ്യാഭ്യാസത്തെ മുന്‍നിര്‍ത്തിയുള്ള (എ.ആര്‍.റഹ്മാനാണ് ഇതില്‍ സംഗീതം) സാപ്പിലില്‍ റഖാന്‍ തുടങ്ങിയവയുടെ പരസ്യങ്ങളും ശരത്‌വഴി പിറന്നതാണ്.

അമേരിക്കന്‍കമ്പനിയുടെ പ്രൊഡ്യൂസറായും ജോലിചെയ്തു. ഖത്തറില്‍ എ.ആര്‍. റഹ്മാന്റെ ഷോ ചെയ്യാന്‍ ഒരുങ്ങുന്നു.

തമിഴ്ഡയറക്ടര്‍ ശങ്കറിന്റെ എസ് പിച്ചേഴ്‌സിന് വേണ്ടി നാഗ സംവിധാനംചെയ്ത ആനന്ദപുരത്ത് വീടിന് കഥയും തിരക്കഥയും എഴുതിയാണ് സിനിമാരംഗത്തെത്തുന്നത്. 2010 സണ്‍ ടി.വി.യുടെ ബെസ്റ്റ്ത്രില്ലറിനുള്ള അവാര്‍ഡ് ചിത്രത്തിനായിരുന്നു.

കാമറാമാന്‍ രവി കെ.ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന യാണ്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ശരത്. 1998ല്‍ സംവിധാനം ചെയ്ത ദി ഡൊമിനിയന്‍ എന്ന ഷോര്‍ട്ട്ഫിലിമിന് ദേശീയ ടെലിഫെസ്റ്റില്‍ മികച്ച പരിക്ഷണ ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്‌കാരം നേടി. പാലക്കാട് വിക്ടോറിയ കോളേജില്‍ വിദ്യാര്‍ഥിആയിരിക്കുമ്പോഴാണ് സിനിമ എടുത്തത്. കാന്‍സറിനെ എങ്ങനെ ആയുര്‍വേദംകൊണ്ട് പ്രതിരോധിക്കുമെന്ന് അന്വേഷിക്കുന്ന ഇന്ത്യന്‍സമ്മര്‍ എന്ന ഡോക്യുമെന്ററിയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറും കൂടിയാണ്.

ഡിസ്‌കവറിചാനലിലെ സൈമണ്‍ ബ്രൂക്കാണ് ഇതിന്റെ സംവിധായകന്‍. പാലക്കാട് മൂലംകോട് അതിരാത്രത്തെ ഡോക്യുമെന്റ് ചെയ്തതാണ് മറ്റൊരു പ്രത്യേകത. 260 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണിത്. പ്രശസ്ത കാമറാമാന്‍ വേണുവുമൊന്നിച്ച് കെനിയയിലെ കാടുകളില്‍ വൈല്‍ഡ്‌ലൈഫ് ഫിലിമും എടുത്തിട്ടുണ്ട്. രാഷ്ട്രപതിഭവനില്‍ പുരാവസ്തുക്കള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവ പകര്‍ത്താനുമായി.

പാലക്കാട് ഭാരതമാത ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴേ സിനിമ ശരത്തിന്റെ തലയ്ക്ക് പിടിച്ചിരുന്നു.

ബിരുദപഠനത്തിനിടെ എന്‍ട്രന്‍സ് പരിശീലനത്തിനായി ശരത് മദ്രാസിലെത്തി. ബിഗ് സ്‌ക്രീനിനെ ശരിക്കും അറിയാന്‍തുടങ്ങിയ കാലമായിരുന്നു അത്. പിന്നീട് മണിപ്പാലില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ കമ്മ്യൂണിക്കേഷന്‍ (എം.എസ്.) കോഴ്‌സിന് ചേര്‍ന്നു. മെഡിക്കല്‍ ഫിലിമിലായിരുന്നു സ്‌പെഷലൈസേഷന്‍. മണിപ്പാലില്‍ നിന്ന് പുറത്തിറങ്ങിയശേഷം ദൂരദര്‍ശന്റെ 'സുരഭി' യുടെ ദക്ഷിണേന്ത്യന്‍ പ്രൊഡ്യൂസറായി ചുമതലയേറ്റു. ഐ.ടി. സൂമിനൊപ്പിച്ച് ചെന്നൈയില്‍ സി.എസ്.ക്യു സോഫ്റ്റ്‌വെയറിന്റെ കണ്ടന്റ് എഡിറ്ററുമായി.

ഇതിനിടെ രാജീവ്‌മേനോന്റെ പരസ്യചിത്രങ്ങള്‍ ആകര്‍ഷിച്ചുതുടങ്ങി. ഐ.ടി.ജോലി രാജിവെച്ച ശരത് ശേഖര്‍കപൂറിന്റെ ഇംഗ്ലണ്ട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ടാക്കീസിനുവേണ്ടി ഇന്റന്‍സ് റെഡ് എന്ന ചിത്രത്തിന് ഇംഗ്ലീഷ് തിരക്കഥ തയ്യാറാക്കി.

ഫ്ലോറിഡയിലെ ത്രീ-ഡി. മാക്‌സ് മീഡിയയുടെ ഇന്ത്യന്‍ വിഭാഗത്തോടുചേര്‍ന്ന് പ്രവര്‍ത്തിച്ചുതുടങ്ങി.

മാഗ്‌നാ സൗണ്ടിനുവേണ്ടി സംഗീത വീഡിയോ ആല്‍ബങ്ങള്‍ ചെയ്തു. സംഗീത സംവിധായകന്‍ പ്രവീണ്‍ മണിയുടെ ഏയ് മാമാ എന്ന ശ്രീലങ്കന്‍ ഗാനമുള്‍പ്പെടുന്ന വീഡിയോ ആല്‍ബങ്ങള്‍ പുറത്തിറക്കി. ഇതുകണ്ടിട്ടാണ് എ.ആര്‍. റഹ്മാന്‍ ശരത്തിനെ വിളിക്കുന്നത്.

തുടര്‍ന്ന് നാലുവര്‍ഷം റഹ്മാന്റെ യൂണിറ്റി ഓഫ് ലൈറ്റ് കണ്‍സേര്‍ട്ടിനുവേണ്ടി ഷോ റീല്‍സ് എഡിറ്റുചെയ്തു. അമേരിക്കന്‍ കമ്പനിയായ ത്രീ-ഡി മാക്‌സ്മീഡിയയുടെ ഡിജിറ്റല്‍ ഫിലിം ഡയറക്ടര്‍ ആയും ഇടക്കാലത്ത് ജോലിചെയ്തു.

സ്റ്റോറിബോര്‍ഡും പരസ്യചിത്രനിര്‍മ്മാണവും ചെയ്യുന്ന വാട്ടര്‍കളര്‍ പിക്‌ച്ചേഴ്‌സ്, പരസ്യ കണ്‍സള്‍ട്ടന്‍സിയായ ബ്രാന്‍ഡ് പിനാകി ഇന്റര്‍ഗ്രേറ്റഡ് മീഡിയ എന്നീ രണ്ട് കമ്പനികള്‍ നടത്തുന്നുണ്ട് ശരത്തിപ്പോള്‍. ദുബൈ, ചെന്നൈ, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓഫീസുണ്ട്.

വിക്ടോറിയകോളേജ് റിട്ട. പ്രിന്‍സിപ്പല്‍ കെ.ഹരിദാസന്റെയും അരുണയുടെയും മകനാണ്. സഹോദരന്‍ ശ്യാംചന്ദ്രന്‍ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകനാണെങ്കിലും നേരത്തെ എ.ആര്‍.റഹ്മാന്റെ കൂടെ സൗണ്ട് എന്‍ജിനിയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹോദരി ശരണ്യ ചിത്രകാരിയാണ്. ഭാര്യ നിഷ പാലക്കാട് മൂത്താന്തറ കര്‍ണകിയമ്മന്‍ സ്‌കൂള്‍ അധ്യാപികയാണ്. മക്കളായ നന്ദിനി, നകുല്‍ എന്നിവര്‍ ലയണ്‍സ്‌സ്‌കൂള്‍ വിദ്യാര്‍ഥികളും.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.