മൈക്രോസോഫ്റ്റിന്റെ ഗുഡ് ബുക്കിലേക്ക്‌മൈക്രോസോഫ്റ്റിന്റെ ഗുഡ് ബുക്കിലിടം നേടുമ്പോള്‍ 'പ്രൊഫൗണ്ടിസി' ന് പ്രായം ഏഴുമാസം മാത്രം. നാല് രാജ്യങ്ങളില്‍നിന്നുള്ള 350 ഐ. ടി കമ്പനികളെ പിന്തള്ളിയാണ് കൊച്ചിയില്‍നിന്നുള്ള ഈ കൊച്ചുകമ്പനി മൈക്രോസോഫ്റ്റിന്റെ അംഗീകാരത്തിലേക്കെത്തുന്നത്.

മൈക്രോസോഫ്റ്റിന്റെ ആക്‌സിലറേറ്റര്‍ പരിപാടിയില്‍ അവസാന 13 കമ്പനികളിലൊന്നായാണ് പ്രൊഫൗണ്ടിസ് തിരഞ്ഞെടുക്കപ്പെട്ടത്. മാര്‍ച്ച് ഒന്ന് മുതല്‍ നാലുമാസം ബാംഗ്ലുരിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്ത് വിദഗ്ധ പരിശീലനം ഇതിന്റെ ഭാഗമായി ലഭിക്കും. ഈ നാലുമാസക്കാലം സംഘാംഗങ്ങളുടെ താമസവും ഭക്ഷണവും ഓഫീസ് വാടകയുമെല്ലാം മൈക്രോസോഫ്റ്റ് വഹിക്കും.

അവസാനദിനം നടക്കുന്ന ഡെമോ ഡേയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന നിക്ഷേപകര്‍ക്കും ബിസിനസ്സ് സംരംഭകര്‍ക്കും മുന്നില്‍ പ്രൊഫൗണ്ടിസിന് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടാകും.

പുതു സംരംഭങ്ങള്‍ക്ക് സ്വപ്നതുല്യമാണ് ഈ അവസരമെന്ന് പ്രൊഫൗണ്ടിസ് സി. ഇ. ഒ. അര്‍ജുന്‍. ആര്‍. പിള്ള പറഞ്ഞു.

നാല് സുഹൃത്തുക്കളുടെ തലയിലുദിച്ച ആശയം വെറും ഒരു ലക്ഷത്തിന്റെ മുതല്‍മുടക്കിലാണ് പ്രൊഫൗണ്ടിസായി രൂപമെടുത്തത്. ഇന്റര്‍നെറ്റ് സേവനങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. തികച്ചും സാധാരണമായ സേവനങ്ങളില്‍നിന്നും വ്യത്യസ്തമായി കമ്പ്യൂട്ടറിനുപോലും സെന്‍സും ഇമോഷനും നല്‍കുന്ന സോഫ്റ്റ്‌വെയറുകളാണ് പ്രൊഫൗണ്ടിസിന്റെ പ്രത്യേകത.

മെക്രോസോഫ്റ്റിന്റെ ശ്രദ്ധനേടാന്‍ സഹായിച്ചത് ഇത്തരത്തിലുള്ള ഒരു സോഫ്റ്റ്‌വെയറാണ്. ഇമോഷന്‍ എന്ന് പേരിട്ടിരിക്കുന്ന സോഫ്റ്റ്‌വെയര്‍ ലക്ഷ്യമിടുന്നത് വിവിധ കമ്പനികളെ ബ്രാന്‍ഡ് രൂപവത്കരണത്തിനും വിപണനം മെച്ചപ്പെടുത്താനും സഹായിക്കുകയെന്നതാണ്.

ഒരു കമ്പനിയ്ക്ക് തങ്ങളുടെ സേവനത്തിന്റെ നിലവാരം അറിയാന്‍ ഇമോഷന്‍ വഴി കഴിയുമെന്ന് അര്‍ജുന്‍ അവകാശപ്പെടുന്നു. ഇന്റര്‍നെറ്റിലും സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലുമെല്ലാം ഈ കമ്പനിയെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളെല്ലാം സമാഹരിക്കാന്‍ ഇമോഷന് കഴിയും.

ഇമോഷന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. അടുത്ത ഒന്നരമാസത്തിനുള്ളില്‍ ഇത് യാഥാര്‍ത്ഥ്യമാകുമെന്നും അര്‍ജുന്‍ പറഞ്ഞു.

മൈക്രോസോഫ്റ്റിന്റെ ആക്‌സിലറേറ്റര്‍ പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കേരളത്തില്‍നിന്നുള്ള ആദ്യ സ്ഥാപനമാണ് പ്രൊഫൗണ്ടിസെന്നും അര്‍ജുന്‍ വ്യക്തമാക്കി. വായനക്കാരുമായി സംവദിക്കുന്ന സെന്‍സ് എന്ന സോഫ്റ്റവെയറും ഇവര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. http://sense.profoundis.com/ എന്നതാണ് ഇതിന്റെ വിലാസം.

ചെങ്ങന്നൂര്‍ എന്‍ജിനിയറിങ് കോളേജില്‍നിന്നും 2010 ല്‍ ഒരുമിച്ച് പഠനം പൂര്‍ത്തിയാക്കിയതാണ് പ്രൊഫൗണ്ടിസ് ടീമംഗങ്ങള്‍.

അര്‍ജുന് പുറമേ ജോഫിന്‍ ജോസഫ്, അനൂപ് തോമസ് മാത്യു, നിതിന്‍ സാം എന്നിവരാണ് സഹസ്ഥാപകര്‍. പഠനശേഷം അര്‍ജുനും ജോഫിനും ഇന്‍ഫോസിസില്‍ രണ്ടുവര്‍ഷം ജോലി ചെയ്തു.

അനൂപ് ഹൈദരാബാദിലും നിതിന്‍ കൊച്ചിയിലെ ഒരു കമ്പനിയിലുമാണ് ഈ കാലയളവില്‍ ജോലി ചെയ്തത്.

പിന്നീട് ജോലി രാജിവച്ച് സ്വന്തം മുതല്‍മുടക്കില്‍ പ്രൊഫൗണ്ടിസ് തുടങ്ങുകയായിരുന്നു. 2012 ജൂലായിലാണ് കൊച്ചി കളമശ്ശേരിയിലെ സ്റ്റാര്‍ട്ട് അപ്പ് വില്ലേജില്‍ പ്രൊഫൗണ്ടിസ് ആരംഭിച്ചത്.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.