ആദ്യാവസരങ്ങള്‍ പാഴാക്കാതെ ജ്യോത്സന

കെ.ആര്‍. ബാബുഅവസരങ്ങള്‍ ആര്‍ക്കു മുന്നിലും വന്ന് കാത്തുനില്‍ക്കില്ല. ലഭിക്കുന്ന അവസരങ്ങള്‍ കൃത്യമായി പ്രയോജനപ്പെടുത്തി വിജയം നേടുകയാണ് വേണ്ടത്. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ, കേരള, കര്‍ണ്ണാടക മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍, പി.ജി. പ്രവേശന പരീക്ഷ ഇതിലെല്ലാം ആദ്യ അവസരത്തില്‍ സ്ഥാനം നേടി. ഇപ്പോഴിതാ കേന്ദ്ര പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്കും. ഈ വിജയവും ആദ്യ അവസരത്തില്‍. ആതുരസേവനരംഗത്തേക്ക് കടന്നുവരുന്ന പുതിയ തലമുറയ്ക്ക് പ്രചോദനമേകുകയാണ് ഡോ.ജ്യോത്സന കെ.മേനോന്റെ വിജയകഥകള്‍.

കേന്ദ്രസര്‍ക്കാരിന് കീഴിലേക്ക് ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി ഐശ്വര്യ ഗാര്‍ഡന്‍സിലെ ഡോ.ജ്യോത്സന കെ.മേനോന്‍ ലക്ഷ്യം ഭേദിച്ചിരിക്കുന്നു. ഡോക്ടര്‍ എന്ന നിലയില്‍ ഇതിനേക്കാള്‍ വലിയ പരീക്ഷ എഴുതി ഇനി ജയിക്കുവാനില്ല. എളുപ്പമല്ലാത്തൊരു ലക്ഷ്യമാണ് കൃത്യമായ പഠനത്തിലൂടെയും കഠിന പ്രയത്‌നത്തിലൂടെയും ജ്യോത്സന സ്വന്തം പേരില്‍ കുറിച്ചത്. കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വ്വീസ് രംഗത്ത് ഒന്നാം സ്ഥാനത്തെത്തി തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിന്റെ സ്ഥാനം കൂടിയാണ് ഇവരിലൂടെ ഊട്ടി ഉറപ്പിക്കപ്പെടുന്നത്.

പ്ലസ്ടു 92.8 ശതമാനം മാര്‍ക്കോടെ വിജയിച്ചാണ് ജ്യോത്സന മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതിയത്. ആദ്യ അവസരത്തില്‍ അഖിലേന്ത്യാ, കേരള, കര്‍ണ്ണാടക റാങ്ക് പട്ടികകളില്‍ ഇടം നേടി. അഖിലേന്ത്യാ തലത്തില്‍ സെലക്ഷന്‍ ലഭിച്ചിട്ടും തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പഠനം നടത്താനാണ് തീരുമാനിച്ചത്. 24-ാം ബാച്ചിലെ മികച്ച വിദ്യാര്‍ഥിയായിരുന്നു ജ്യോത്സനയെന്ന് മെഡിക്കല്‍ കോളേജ് അധ്യാപകര്‍ വിലയിരുത്തുന്നു. 2010 ല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് മികച്ച മാര്‍ക്ക് നേടി ബിരുദത്തോടെ പുറത്തിറങ്ങിയപ്പോള്‍ അടുത്ത ലക്ഷ്യങ്ങള്‍ മുന്നിലുണ്ടായിരുന്നു-പി.ജി.എന്‍ട്രന്‍സും കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വ്വീസ് പരീക്ഷയും.

എം.ഡി.ക്ക് തുല്യമായ ഡി.എന്‍.ബി. കോഴ്‌സ്, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജ് എന്നിവയില്‍ സെലക്ഷന്‍ ലഭിച്ചെങ്കിലും രണ്ടിനും പോകാതെ പി.ജി.യിലേക്കും മെഡിക്കല്‍ സര്‍വ്വീസ് പരീക്ഷയിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. എം.ബി.ബി.എസ്. വിജയിച്ചെങ്കിലും അധ്യാപകരില്‍ നിന്ന് ലഭിച്ച നോട്ടുകളൊന്നും നഷ്ടപ്പെടുത്തിയില്ല. നോട്ടുകളെ ആശ്രയിച്ച് വീണ്ടും വീണ്ടും ഗൃഹപാഠം നടത്തി. ഇതോടൊപ്പം പൊതുവിജ്ഞാനവും വര്‍ധിപ്പിച്ചു. മെഡിക്കല്‍ കോളേജില്‍ നടന്ന തുടര്‍വിദ്യാഭ്യാസ പരിപാടികളിലെല്ലാം പങ്കെടുത്തു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അലുമ്‌നി അസോസിയേഷന്‍ നടത്തുന്ന എന്‍ട്രന്‍സ് കോച്ചിങ് ക്ലാസുകളും പ്രയോജനപ്പെടുത്തി.

ഗോവ ഗവ. മെഡിക്കല്‍ കോളേജില്‍ റേഡിയോ ഡയഗേ്‌നാസിസ് വിഭാഗത്തില്‍ പി.ജി. വിദ്യാര്‍ഥിയാണ് ഡോ.ജ്യോത്സന. സര്‍ജറി, ഓര്‍ത്തോ തുടങ്ങിയ വിഭാഗങ്ങളിലേതെങ്കിലും വിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മെഡിക്കല്‍ രംഗത്തുള്ള എല്ലാ ഡോക്ടര്‍മാര്‍ക്കും ആവശ്യമായിവരുന്ന മേഖലയായി മാറുകയാണ് റേഡിയോ ഡയഗേ്‌നാസിസ്. ഒട്ടേറെ ആധുനിക സംവിധാനങ്ങളാണ് ഈ വിഭാഗത്തില്‍ പുതിയതായി വരുന്നത്. ഗവേഷണവിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് കൂടുതല്‍ അവസരവും സ്വാതന്ത്ര്യവും ഇതിലുണ്ട്. മെഡിക്കല്‍ രംഗത്തെ വികസന കുതിപ്പ് നടത്തുന്ന വിഭാഗമായതിനാല്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും റേഡിയോ ഡയഗേ്‌നാസിസിനെ ആശ്രയിക്കേണ്ടി വരും - ഡോ.ജ്യോത്സന കെ. മേനോന്‍ പറഞ്ഞു.

തിരഞ്ഞെടുത്ത വിഷയത്തില്‍ ഒട്ടേറെ പ്രതീക്ഷകളും സ്വപ്നങ്ങളും ജ്യോത്സനയ്ക്കുണ്ട്. പുതിയ തലമുറയ്ക്കില്ലാതെ പോകുന്നതും ഈ കാഴ്ചപ്പാടിന്റെ വ്യത്യാസമാണ്. കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വ്വീസ് പരീക്ഷ ജയിച്ചതോടെ ഇന്ത്യന്‍ റെയില്‍വെ, ഇന്ത്യന്‍ ഓര്‍ഡന്‍സ് ഫാക്ടറി, കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യവിഭാഗം, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ എന്നിവിടങ്ങളിലാണ് ജോലി ലഭിക്കുക. ജോലിയില്‍ പ്രവേശിച്ചാലും ഗോവയില്‍ ചെയ്തു കൊണ്ടിരിക്കുന്ന പി.ജി. പഠനം പൂര്‍ത്തിയാക്കാനാണ് ജ്യോത്സനയുടെ തീരുമാനം. കഴിയുമെങ്കില്‍ കേന്ദ്രസര്‍ക്കാരിന് കീഴില്‍ കേരളത്തില്‍ സേവനം, അല്ലെങ്കില്‍ കൂടുതല്‍ അവസരങ്ങള്‍ക്കായി ഡല്‍ഹിയിലേക്ക് യാത്ര. എന്തായാലും ഡോ.ജ്യോത്സന തയ്യാറെടുത്തുകഴിഞ്ഞു,ആതുരസേവനത്തിന്റെ പുതിയ തലങ്ങളിലേക്ക്.

TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.