തേവരയുടെ സ്വസ്തി

കെ.പി.പ്രവിത

ആഗസ്ത് 2012

തേവര കോളേജില്‍ ഫാബ്രിക് പെയിന്റിങ്ങിലും ഗ്ലാസ് പെയിന്റിങ്ങിലും പരിശീലനം നടക്കുകയാണ്. പങ്കെടുക്കുന്നത് 60 പെണ്‍കുട്ടികള്‍. പരിശീലനം ഒരു ദിവസത്തേക്ക് മാത്രം. പക്ഷേ, ഈ ഗേള്‍സ് ഒക്കെ പുലികളല്ലേ... ഒറ്റ ദിവസം കൊണ്ടുതന്നെ ഫാബ്രിക് പെയിന്റിങ്ങിന്റെ ടിപ്‌സൊക്കെ അവരങ്ങ് മനപ്പാഠമാക്കി. തൊട്ടടുത്ത ആഴ്ച മുതല്‍ കുര്‍ത്തിക്കും ചുരിദാര്‍ ഷാളിനുമെല്ലാം മഴവില്ലിന്റെ ഏഴഴക്.ഇനി അല്പം ഫ്ലാഷ് ബാക്ക്...

ഉടുപ്പിന്റെ ചന്തം കൂട്ടാന്‍ പഠിപ്പിക്കുംമുന്‍പേയുള്ള മറ്റൊരു പരിശീലനകാലം. ഇക്കുറി പഠിപ്പിക്കുന്നത് പേപ്പര്‍ ബാഗുണ്ടാക്കാനാണ്. ബാഗിന്റെ ഗുട്ടന്‍സെല്ലാം മനപ്പാഠമാക്കിയ സംഘത്തിലെ ചിലരൊക്കെ ഇപ്പോള്‍ സ്വന്തമായി പേപ്പര്‍ബാഗ് ഉണ്ടാക്കുന്നു. പേപ്പര്‍ബാഗ് വിറ്റ് ഇവര്‍ കോളേജില്‍ അടിച്ചുപൊളിക്കാന്‍ പോക്കറ്റ്മണി സമ്പാദിക്കുന്നുണ്ടെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്.

തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ പെണ്‍കൂട്ടുകാര്‍ക്ക് കോളേജിന്റെ സമ്മാനമാണ് 'സ്വസ്തി', കോളേജിന്റെ സ്വന്തം പെണ്‍കൂട്ടായ്മ. പെയിന്റിങ് പരിശീലനത്തിലും പേപ്പര്‍ബാഗ് നിര്‍മാണത്തിലും മാത്രം ഒതുങ്ങുന്നതല്ല സ്വസ്തിയുടെ പ്രവര്‍ത്തനം. വ്യക്തിത്വ വികസനത്തിനും നേതൃപാടവം വളര്‍ത്തുന്നതിനുമെല്ലാം സ്വസ്തി ഇവര്‍ക്ക് കൈത്താങ്ങാവുന്നു.

''കോളേജിലെ പെണ്‍കുട്ടികളെല്ലാം സ്വസ്തിയില്‍ അംഗങ്ങളാണ്. കോളേജിലെ പെണ്‍കുട്ടികളെ ഒന്നിപ്പിക്കുന്നതിനൊപ്പം വിവിധ മേഖലകളില്‍ തിളങ്ങാനും അവസരമൊരുക്കുന്നുണ്ട്'' -സ്വസ്തിയെക്കുറിച്ച് കോ-ഓര്‍ഡിനേറ്ററായ ജിനു ജോര്‍ജ് പറയുന്നു.

സേവനത്തിലൂന്നിയ പ്രവര്‍ത്തനം ലക്ഷ്യമിട്ട് 1990 -ലാണ് സ്വസ്തി തുടങ്ങുന്നത്. ഓരോ അദ്ധ്യയനവര്‍ഷവും കോളേജിലെ പെണ്‍കുട്ടികളെല്ലാം സ്വസ്തിയില്‍ അംഗങ്ങളാകും. സ്വസ്തി സംഘടിപ്പിക്കുന്ന പരിപാടികളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. ഓരോ അദ്ധ്യയന വര്‍ഷവും വ്യത്യസ്തങ്ങളായ പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് ജിനു ജോര്‍ജ് പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് ജീവിതത്തില്‍ മുന്നേറാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം.

വ്യക്തിത്വ വികസന ക്ലാസ്സുകളും നേതൃത്വഗുണം വികസിപ്പിക്കുന്നതിനുള്ള പരിപാടികളും സ്വസ്തി സംഘടിപ്പിക്കാറുണ്ട്. ഒപ്പം, ഫാബ്രിക് പെയിന്റിങ്ങും ബാഗ് നിര്‍മാണവും പോലെ സ്വയം തൊഴില്‍ പരിശീലനവും. അന്‍സ ബാബുവാണ് സ്റ്റുഡന്റ് സെക്രട്ടറി.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.