മലയാളത്തിന്റെ റോക്ക് സ്റ്റാര്‍
ബിബിന്‍ ബാബു
'ഫ്രം മീ ടു വീ' കഥാനായകന്‍ ബ്ലോഗെഴുത്തുകള്‍ സംഗ്രഹിക്കുന്നതിങ്ങനെയാണ്. അലഞ്ഞുതിരിയുന്നവര്‍ക്കായി ഒരുക്കിയ ഒരുഗാനം. വെറും ഏഴു മിനിറ്റുകൊണ്ട് സംഗീത ഭൂപടത്തില്‍ മലയാളത്തിന്റെ 'റോക്ക്' വിലാസമായി മാറിയ ആ 'നവീന' സംഗീതം കൊച്ചിയെ ത്രസിപ്പിക്കാനെത്തുന്നു. മുടിയിഴകളിലും കൈവിരലുകളിലും ഇന്‍ഡിപോപ്പിന്റെ ചടുലതയോടെ കൊച്ചിയുടെ കാതില്‍ നിറയാന്‍ മുബൈയില്‍ നിന്ന് ഏഴുവര്‍ഷത്തെ ഇടവേളക്കുശേഷം സ്വദേശമായ കളമശ്ശേരിയിലെ കുസാറ്റ് മൈതാനിയില്‍ നവംബര്‍ മൂന്നിന് സംഗീതവിരുന്നുമായെത്തുകയാണ് നവീന്‍. ജെ അന്ത്രപ്പേര്‍.
'ലോണ്‍ലി ഐ ആം ക്രയിങ്ങ് ' എന്ന ഏഴു മിനിറ്റ് ഗാനം മതി നവീന്‍ ജെ. അന്ത്രപ്പേര്‍ എന്ന റോക്ക് സ്റ്റാറിന്റെ സംഗീതമറിയാന്‍. ഒരു സഞ്ചാരിയായി നടക്കുന്ന നായകന്‍ ഒറ്റപ്പെടുന്ന കുട്ടികളുടെ നിസ്സഹായതകള്‍ ഒപ്പിയെടുത്ത് ലോകത്തെനോക്കി പാടുന്നതായാണ് ചിത്രീകരണം. ഈ ഗാനം കേള്‍ക്കാത്ത അന്താരാഷ്ട്ര സദസ്സുകള്‍ വിരളമാണിന്ന്. എം. ടി. വി അറേബ്യ, എം. ടി. വി ഇന്‍ഡ്യ, ചാനല്‍ വി, ഇ-മസാല, സൂം തുടങ്ങിയ ആഗോളചാനലുകളിലും ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതെത്തിയിരുന്നു. മുംബൈയില്‍ യാഷ് ചോപ്ര സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത ഗാനവുമായി കേരളത്തില്‍ അങ്ങോളമിങ്ങോളം സജീവമാകുവാനാണ് തീരുമാനമെന്ന് നവീന്‍ പറയുന്നു. ഇതോടൊപ്പം എട്ട് ഗാനങ്ങളുള്‍പ്പെടുന്ന ആല്‍ബവും പണിപ്പുരയില്‍ ഒരുങ്ങുകയാണ്. വിദേശികള്‍ക്കായി കേരളത്തിന്റെ ദൃശ്യഭംഗി നിറയുന്ന ഒരു ഗാനവുമിതില്‍ ഒരുക്കിയിട്ടുണ്ടെന്ന് നവീന്‍.
ഇരുപതുവര്‍ഷമായി നവീന്‍ സംഗീത രംഗത്തുവന്നിട്ട്. ഒരുകാലത്ത് യുവജനോല്‍സവ വേദികളിലെ സജീവസാന്നിദ്ധ്യമായിരുന്നു. വൈപ്പിന്‍ ലേഡി ഓഫ് ഹോപ്പ്, രാജഗിരി ഹൈസ്‌ക്കൂള്‍, മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തീകരിയാക്കിയ ശേഷം മുബൈയില്‍ സൗണ്ട് റെക്കോര്‍ഡിംഗ് പൂര്‍ത്തിയാക്കി. പലപ്പോഴും റോക്ക് സംഗീതജ്ഞരെ ജനങ്ങള്‍ ലഹരിയുടെ അടിമകളായി കാണാറുണ്ട്. പക്ഷേ സംഗീതം ലഹരിയാക്കി ജീവിക്കുന്ന ചിലരെയെങ്കിലും ആ ഗണത്തില്‍പ്പെടുത്തരുതെന്ന് സോഫ്ട് റോക്കിന്റെയും പോപ്‌റോക്കിന്റെയും ഫ്യൂഷന്റെയും ആരാധകനായ നവീന്‍ അഭിപ്രായപ്പെടുന്നു.
ഏഴാംവയസ്സുമുതല്‍ അച്ഛന്റെ ശിക്ഷണത്തില്‍ ഗിറ്റാര്‍ പഠനം തുടങ്ങിയ നവീന്‍ ശേഷം സ്‌കൂള്‍ പഠനകാലത്തെ ആഗ്ലോ ഇന്ത്യന്‍ സംസ്‌കാരം, രാജഗിരിയിലെ അദ്ധ്യാപകരുടെ പരിശീലനം, സ്റ്റേജ് പ്രോഗ്രാമുകള്‍ തുടങ്ങിയവയിലൂടെയാണ് വളര്‍ന്നു വന്നെതെന്ന് ഓര്‍ക്കുന്നു.
ഇപ്പോഴത്തെ ചില ഫ്യൂഷന്‍ കോപ്പിയടി സംഗീതത്തെ ഒരിക്കലും ഉള്‍ക്കൊള്ളാനാകില്ലയെന്നാണ് നവീന്റെ പക്ഷം. മലയാള ഗാനങ്ങളുടെ തികഞ്ഞ ആരാധകനായ നവീന്റെ ഇഷ്ട ഗാനം ഗോഡ്ഫാദറിലെ 'പൂക്കാലം വന്നു പൂക്കാലം' എന്ന പാട്ടാണ്, മലയാളം റോക്ക് ഇഷ്ടമാണെങ്കിലും എപ്പോഴും ഇംഗ്ലീഷില്‍ റോക്ക് പാടാന്‍ തന്നെയാണ് ആഗ്രഹമെന്നും നവീന്‍ പറയുന്നു.
ബോളിവുഡില്‍ അഭിനയിക്കാന്‍ വന്ന അവസരം ആല്‍ബത്തിന്റെ പണിപ്പുരയിലായതിനാല്‍ നടത്താനായില്ലായെന്നൊരു വിഷമമുണ്ട്. വീണ്ടും അവസരങ്ങള്‍ വരുന്നുണ്ടെന്നും അഭിനയ രംഗത്ത് തുടരാന്‍ പദ്ധതിയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ചേട്ടനോടൊപ്പം സംഗീതലോകത്ത് അനിയന്‍ നിപിനും ഡ്രംസുമായുണ്ട്. കുടുംബം മൊത്തം പാട്ടുകാര്‍ തന്നെ. അച്ഛന്‍ ജോസഫ് അന്ത്രപ്പേറിന്റെ പുതിയൊരു ക്രിസ്റ്റ്യന്‍ ആല്‍ബം ഒരുങ്ങുന്നുമുണ്ട്.
മണാലിയിലും റോഹ്തങ്ങ് പാസിലായിരുന്നു ' ലോണ്‍ലി ഐആം ക്രയിങ്ങി ' ന്റെ ഷൂട്ടിങ്ങ്, വേഗതയുടെ ലോകത്ത് ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന ഒരാളെയെങ്കിലും ഈ വീഡിയോ മൂലം കണ്ടെടുക്കാനാവുമെന്ന് നവീന്‍ ആശിക്കുന്നു. നമ്മുടെ ജീവിതങ്ങള്‍ക്കപ്പുറം ചുറ്റുമുള്ളവരെക്കൂടി പരിഗണിക്കണമെന്ന സന്ദേശം ലോകം മുഴുവനും പ്രചരിപ്പിക്കാന്‍ ആല്‍ബവുമായി പോകാനൊരുങ്ങുന്നുമുണ്ട് നവീന്‍. ഗാനമെഴുതിയ സുഹൃത്ത് ടി. എസ് അഭിലാഷിന്റെ ഓര്‍മ്മയ്ക്കായിക്കൂടിയാണ് ഈ ഷോ സംഘടിപ്പിച്ചിരിക്കുന്നതെന്ന് നവീന്‍ പറയുന്നു.
രാത്രി ഏഴുമണിക്കാണ് ഗ്രാന്റ് മെഗാലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ആരംഭിക്കുന്നത്. യുവജനങ്ങള്‍ക്കു പ്രിയങ്കരങ്ങളായ പുതിയ റോക്ക് പാട്ടുകളോടൊപ്പം നിത്യഹരിത റോക്ക് സംഗീതമായ ബോണി എം, ഈഗിള്‍സ് തുടങ്ങിയവയും പാടുന്നുണ്ട്. രണ്ടുമണിക്കൂര്‍ പ്രോഗ്രാമിന് സൗജന്യ പ്രവേശനമാണ് ഒരുക്കിയിരിക്കുന്നത്.
കേരളത്തില്‍ ആദ്യമായാണ് ലോണ്‍ലി ഐആം ക്രയിങ്ങുമായി നവീനെത്തുന്നത്. ബുര്‍ജ് ദുബായിലെ അഡ്രസ് ഡൗണ്‍ടൗണിലായിരുന്നു ഔദ്യോഗിക പ്രദര്‍ശനം നടന്നത്. യു. എ. ഇ സ്‌കൂള്‍തല ബാന്‍ഡ് മല്‍സരങ്ങളുടെയും ബാറ്റില്‍ ഓഫ് ബാന്‍ഡ്‌സ് എന്നപേരില്‍ മുബൈയില്‍ നടക്കുന്ന ബാന്‍ഡുപ്രദര്‍ശനങ്ങലും മുഖ്യ വിധികര്‍ത്താവാണിപ്പോള്‍ ആല്‍ബമൊരുക്കിയ ഈ മുപ്പതുകാരന്‍.
എന്‍. ജി. എ ടീം എന്നപേരില്‍ അന്താരാഷ്ട്ര കലാകാരന്‍മാരടങ്ങുന്ന സംഘമാണ് നവീന്റെ പിന്തുണ. നവീന്റെ റോക്ക് സംഗീതം ആസ്വദിക്കാന്‍ www. naveenjanthraper. blogspot. com