മുന്നില്‍ ബംഗളൂരു നഗരം തിരക്കില്‍ തിളച്ചുമറിഞ്ഞുകൊണ്ടിരുന്നു. അതിനിടയിലും സ്നേഹിച്ചും പ്രണയിച്ചും നീങ്ങുന്ന മനുഷ്യര്‍. കാറിലിരുന്ന് പ്രിയാമണി തന്റെ നഗരത്തെ കണ്‍കുളിര്‍ക്കെ നോക്കി.
''ഈ നഗരത്തില്‍ ജനിച്ചുവളര്‍ന്നത് കൊണ്ടാവും ഞാനൊരു തുറന്ന മനഃസ്ഥിതിക്കാരിയായത്. ചെറിയപ്രായം തൊട്ടേ ഞാന്‍ കളിച്ചുവളര്‍ന്നതും സമയം ചെലവഴിച്ചതുമെല്ലാം ആണ്‍കുട്ടികളുടെ കൂടെയാണ്.
അതുകൊണ്ട് ഞാന്‍ കുറച്ചുകൂടെ ഫോര്‍വേഡായി. പുരോഗമനപരമായി കാര്യങ്ങളെ കാണാനും സമീപിക്കാനും എനിക്ക് കഴിയുന്നുണ്ട്. ബംഗളൂരു എന്റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിരിക്കുന്നു''
ഇന്ദിരാനഗറിലെ സ്റ്റുഡിയോയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. ആര്‍ക്ക് ലൈറ്റുകളുടെ വെളിച്ചത്തിലേക്ക് അലസമായി കയറിവന്ന പെണ്‍കുട്ടി എത്ര പെട്ടെന്നാണ് ഒരഭിനേതാവിന്റെ കുപ്പായം എടുത്തിട്ടിരിക്കുന്നത്. മോഡലിന്റെ അഴകുള്ള ഭാവങ്ങള്‍ ആ മുഖത്ത് മിന്നിക്കൊണ്ടിരുന്നു. ഷൂട്ട് കഴിഞ്ഞപ്പോള്‍ പ്രിയാമണി പറഞ്ഞു.
ഇന്ദിരാനഗറിലെ സ്റ്റുഡിയോയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. ആര്‍ക്ക് ലൈറ്റുകളുടെ വെളിച്ചത്തിലേക്ക് അലസമായി കയറിവന്ന പെണ്‍കുട്ടി എത്ര പെട്ടെന്നാണ് ഒരഭിനേതാവിന്റെ കുപ്പായം എടുത്തിട്ടിരിക്കുന്നത്
''ഈ മേക്കപ്പ് കളഞ്ഞാല്‍ ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്. വീട്ടില്‍ തന്നെ അടച്ചിരിക്കാന്‍ ആഗ്രഹിക്കുന്നൊരു വിചിത്ര സ്വഭാവക്കാരി'', ചമയങ്ങളഴിഞ്ഞപ്പോള് ഒരു പെണ്‍കുട്ടിയുടെ ജീവിതവും പ്രണയവും മുസ്തഫ രാജെന്ന രാജകുമാരനുമെല്ലാം കഥകളായി വിരിഞ്ഞുവീഴാന് തുടങ്ങി.
''മുസ്തഫ എപ്പോഴും എന്റെ കൂടെയില്ല. പക്ഷേ 24 മണിക്കൂറും ഞങ്ങള്‍ 'ടച്ചി' ലാണ്. ഞാനിന്നലെ പറഞ്ഞു, നാളെയെനിക്ക് ഗൃഹലക്ഷ്മിയുടെ ഷൂട്ടുണ്ട്. നേരത്തെ കിടന്നുറങ്ങുമെന്ന്. കിടക്കുമ്പോള്‍ ചെറിയൊരു പനിയുണ്ടായിരുന്നു. രാവിലെ എന്നെ ഫോണില്‍ വിളിച്ചുണര്‍ത്തി ആരോഗ്യം എങ്ങനെയുണ്ടെന്ന് ചോദിച്ചു. ഓക്കെയാണോയെന്ന് ഞങ്ങള്‍ എപ്പോഴും ചെക്ക് ചെയ്തുകൊണ്ടിരിക്കും.''
മുസ്തഫ വന്ന ശേഷം ജീവിതം വല്ലാത മാറിപ്പോയെന്ന് തോന്നു...?
വ്യക്തിപരമായി ഭയങ്കര മാറ്റങ്ങളുണ്ട്. എന്റെ ഡ്രസിങ് സ്റ്റൈലില്‍ പുള്ളി കുറെ മാറ്റം വരുത്തി. പേഴ്സണല്‍ വാര്‍ഡ്രോബ് ഉണ്ടാക്കി. എങ്ങനെയാണ് എയര്‍പോര്‍ട്ടില്‍ പോവുമ്പോള്‍ വസ്ത്രം ധരിക്കേണ്ടത്, ഫങ്ഷനുവേണ്ടി ഏതു വസ്ത്രം സെലക്ട് ചെയ്യണം എന്നൊക്കെ എന്നെ പഠിപ്പിച്ചു. മുമ്പ് എയര്‍പോര്‍ട്ടിലൊക്കെ പോവുമ്പോള്‍ ഏതെങ്കിലുമൊരു ജീന്‍സെടുത്തിട്ട് അലസമായി ഇറങ്ങിപ്പോവുമായിരുന്നു ഞാന്‍. ഈ രീതി മാറ്റണമെന്ന് മുസ്തഫ ഉപദേശിച്ചു. അതോടെ എന്റെ പേഴ്സണല്‍ സ്റ്റൈല്‍ മാറ്റി. സമീപനം മാറി. എനിക്ക് ഈയിടെ വന്ന എല്ലാ മാറ്റങ്ങളുടെയും ക്രെഡിറ്റ് മുസ്തഫയ്ക്കാണ്.
മാനസികമായും മാറ്റങ്ങളുണ്ടായോ ?
അങ്ങനെ ചോദിച്ചാല്‍....ഞാന്‍ കുറച്ചുകൂടെ കംഫര്‍ട്ടബിളായി. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്നൊരു ശീലമുണ്ടായിരുന്നു എനിക്ക്. അതിലെ അപകടങ്ങളെക്കുറിച്ചൊക്കെ പുള്ളി പറഞ്ഞുതന്നു. ആളുകളെ പഠിച്ചശേഷം തീരുമാനമെടുത്താല്‍ മതിയെന്നു പറഞ്ഞു.
അങ്ങനെ ആളുകളെ വിശ്വാസത്തിലെടുത്തിട്ട് ഒടുവില്‍ പണി വാങ്ങിയിട്ടുണ്ടോ..?
പിന്നേ...കുറെ പണി കിട്ടിയിട്ടുണ്ട്. കൂടുതലും സിനിമയിലെ തുടക്കകാലത്ത് നിര്‍മാതാക്കള്‍ തന്ന പണികളാണ്. തമിഴ് പടങ്ങളിലൊക്കെ അഭിനയിക്കുമ്പോള്‍ അവര്‍ എഗ്രിമെന്റ് വെക്കും. 11 മാസത്തേക്കൊക്കെ കരാര്‍ എഴുതും. ഷൂട്ടിങ് കഴിഞ്ഞ് പറയും പ്രൊമോഷന് സമയത്ത് വന്നാല്‍ ബാക്കി പൈസ തരാമെന്ന്. ആ പൈസയൊന്നും പിന്നീട് കിട്ടത്തില്ല. പിന്നെയാണ് ഞാനീ തട്ടിപ്പിനെക്കുറിച്ച് പഠിച്ചത്. പക്ഷേ ഇപ്പോള്‍ മനുഷ്യരെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് കുറെശ്ശേയായി ഞാന്‍ പഠിച്ചെടുത്തു.
ഇപ്പോള്‍ എന്റെ സാമ്പത്തിക കാര്യങ്ങളൊക്കെ നോക്കുന്നത് അമ്മയാണ്. അമ്മയൊരു ബാങ്കറാണ്. എളുപ്പത്തിലൊന്നും ആര്‍ക്കും പുള്ളിക്കാരത്തിയെ പറ്റിക്കാനാവില്ല.
പുതുവര്‍ഷാഘോഷത്തിലും പ്രണയം നിറഞ്ഞോ...?
ഞങ്ങള്‍ മാലിദ്വീപിലായിരുന്നു. ഒരു സ്വകാര്യ ദ്വീപില്‍. ഒറ്റ ഇന്ത്യക്കാരും ഇല്ലാത്ത സ്ഥലം. വരുന്നതില്‍ ഭൂരിഭാഗവും വിദേശികളാണ്. റഷ്യയില്‍നിന്നും ജര്‍മനിയില്‍നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുമെല്ലാമുള്ള മനുഷ്യര്‍. ആറുദിവസം അടിച്ചുപൊളിച്ചു. എല്ലാ വൈകുന്നേരങ്ങളിലും ഓരോതരം ആഘോഷങ്ങളായിരുന്നു. ഒരു ദിവസം മ്യൂസിക് ബാന്ഡാണെങ്കില് പിറ്റേന്ന് ഡി.ജെ. നമുക്ക് ഡാന്‍സ് ചെയ്യാം, എന്ജോയ് ചെയ്യാം. വളരെ വലിയ ദ്വീപാണ്്. നടക്കാന്‍ കുറെയുണ്ട്. ഞാനും മുസ്തഫയും ഒരുപാട് ദൂരം നടന്നു. നല്ലൊരു അനുഭവമായിരുന്നു.
പൊതുവെ യാത്രകള്‍ ഇഷ്ടപ്പെടുന്നയാളാണ്...?
ശരിക്കും പറഞ്ഞാല്‍ ഞാനത്ര യാത്രാപ്രേമിയൊന്നും അല്ലായിരുന്നു. പക്ഷേ നാലുവര്‍ഷമായി യാത്രകള്‍ ഒരുപാട് ആസ്വദിക്കുന്നു.
മുസ്തഫയാണോ കാരണക്കാരന്‍
തീര്‍ച്ചയായും. മുമ്പ് സിനിമയില്‍നിന്ന് ഞാനൊരു ബ്രേക്കുപോലും എടുത്തിട്ടില്ല. ഒഴിവുദിനങ്ങള്‍ വീണുകിട്ടിയാലും വീട്ടില്‍തന്നെ ഇരിക്കും. പക്ഷേ മുസ്തഫ വന്നതോടെ എന്റെ ശീലങ്ങള്‍ മാറി. യാത്ര ചെയ്യാനുള്ള താത്പര്യം വന്നു. ഇപ്പോള്‍ മിക്കപ്പോഴും ഞങ്ങള്‍ സംസാരിക്കുന്നത് യാത്രകളെക്കുറിച്ചും വിവിധ സ്ഥലങ്ങളെക്കുറിച്ചുമാണ്. നന്നായി പ്ലാന്‍ ചെയ്ത് ഒരുപാട് ട്രിപ്പുകള്‍ പോയി. കഴിഞ്ഞ വര്‍ഷം നോര്‍ത്തിന്ത്യയില്‍ കറങ്ങി. അമൃത്സറിലൊക്കെ പോയി. പൊതുവെ ചരിത്രത്തോടും ചരിത്രസ്ഥലങ്ങളോടുമൊക്കെ എനിക്കൊരു പ്രത്യേക ഇഷ്ടമാണ്.
അമൃത്സറില് സുവര്‍ണക്ഷേത്രത്തില്‍ പോയിരുന്നു. പിന്നെ ജാലിയന്‍ വാലാബാഗിലും. അത് പക്ഷേ ആര്‍ക്കും അത്ര സന്തോഷം ഉണ്ടാക്കുന്ന സ്ഥലമല്ലല്ലോ. അതൊരു ഡിപ്രസിങ് പ്ലേസാണ്. അത്രയ്ക്കും ഇന്ത്യക്കാര്‍ സ്വാതന്ത്ര്യത്തിനായി മരിച്ചുവീണ സ്ഥലം. അന്ന് രക്തസാക്ഷികളായവര്‍ ധരിച്ച വസ്ത്രങ്ങള്‍, അവരുടെ ചെരിപ്പ്... അതൊക്കെ അവിടെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.
അമൃത്സര്‍ വഴി ഞങ്ങള്‍ വാഗാബോര്ഡറിലും പോയി. ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍. എനിക്കവിടേക്ക് പോവാന്‍ പേടിയായിരുന്നു. പക്ഷേ മുസ്തഫ ധൈര്യം തന്നു. അവിടെ ഒരു വശത്ത് ഇന്ത്യന്‍ പട്ടാളക്കാര്‍. മറുവശത്ത് പാകിസ്ഥാനികളും. അവരുടെ 40 മിനിട്ട് പരേഡ് ഉണ്ട്. ഞങ്ങള്‍ എത്താന്‍ വൈകിയതിനാല്‍ ഉള്ളില്‍ കയറാന്‍ കഴിഞ്ഞില്ല.
ഒരിക്കലെങ്കിലും എല്ലാ ഇന്ത്യക്കാരും വാഗാ അതിര്‍ത്തിയില്‍ പോവണം. ദേശാഭിമാനത്തിന്റെ ആ ഒരു മുഹൂര്‍ത്തത്തിന് സാക്ഷിയാവണം.
അപ്പോള്‍ മുസ്തഫ ഒരു സൈനിക ഓഫീസറെ പോയി കണ്ട് സോപ്പിട്ടു. ഇന്ത്യയുടെ ദേശീയ അവാര്‍ഡ് നേടിയ നടിയാണ് വന്നിരിക്കുന്നതെന്നും അവര്‍ക്ക് പരേഡ് കണ്ടാല്‍ കൊള്ളാമെന്നും വെച്ചടിച്ചു. ചെന്നൈ എക്സ്പ്രസില്‍ അഭിനയിച്ച കാര്യമൊക്കെ കേട്ടപ്പോള്‍ ഓഫീസര്‍ എന്റെ അടുത്തേക്ക് വന്നു, നിങ്ങളല്ലേ ആ നടിയെന്ന് ചോദിച്ച് ഞങ്ങളെ പ്രത്യേകനിരയില്നിര്ത്തി അകത്തേക്ക് വിട്ടു.
പരേഡ് കഴിഞ്ഞിട്ട് ഗേറ്റിന്റെ മുന്നില്‍നിന്ന് ഫോട്ടോയൊക്കെ എടുക്കുമ്പോള്‍ പാകിസ്താനികള്‍ അരികെ വന്ന് ഹായ്, ഹലോ ഒക്കെ പറഞ്ഞു. അതൊക്കെ വല്ലാത്തൊരു അനുഭവമായിരുന്നു. ഒരിക്കലെങ്കിലും എല്ലാ ഇന്ത്യക്കാരും വാഗാ അതിര്‍ത്തിയില്‍ പോവണം. ദേശാഭിമാനത്തിന്റെ ആ ഒരു മുഹൂര്‍ത്തത്തിന് സാക്ഷിയാവണം.
പ്രണയ യാത്രകളൊന്നുമുണ്ടായില്ലേ...?
കുറച്ചുമുന്നേ അച്ഛന്റെ കൂടെ ഞാന്‍ ഇംഗ്ലണ്ടില്‍ പോയിരുന്നു. അച്ഛന്റെ സഹോദരങ്ങള്‍ അവിടെയുണ്ട്. പിന്നാലെ മുസ്തഫയും വന്നു. ഞങ്ങളുടെ ഡേറ്റിങ് ടൈമല്ലേ. മാഞ്ചസ്റ്ററില്‍ വന്ന് എന്നെ പിക്ക് ചെയ്ത് ലണ്ടനില്കൊണ്ടുപോയി. രണ്ടുദിവസം ഞങ്ങള്‍ അവിടെ ചുറ്റിയടിച്ചു. പിന്നെ കഴിഞ്ഞ വര്‍ഷം ഞാനൊരു പ്രോഗ്രാമിനായി 35 ദിവസം യു.എസില്‍ പോയിരുന്നു. അപ്പോള്‍ മുസ്തഫയും കൂടെ വന്നു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു സ്റ്റേജ് പരിപാടികള്‍. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഫ്രീ. ആ സമയത്ത് ഞങ്ങള്‍ ചുറ്റിക്കറങ്ങി. ഷോപ്പിങ്ങിനുപോയി.
പ്രണയത്തിന്റെ കാര്യത്തില്‍ അണിനെ തേ്ച്ചിട്ട് പോവുന്ന കാമുകിമാരുണ്ട്. പക്ഷെ പ്രിയാമണി പ്രണയിച്ചയാളെത്തന്നെ കല്ല്യാണം കഴിക്കുമെന്ന് ഉറപ്പിച്ചു കളഞ്ഞു...
എനിക്കല്ലെങ്കിലും പണ്ടേ അറേഞ്ച്ഡ് മാര്യേജ് ഇഷ്ടമല്ല. വിവാഹം കഴിക്കാന്‍ പോവുന്നയാളുടെ സ്വഭാവവും കാഴ്ചപ്പാടുകളുമൊക്കെ നേരത്തേ അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാനുമായിട്ട് എവിടെയെങ്കിലും ഒരു സാമ്യം തോന്നുന്നയാള്‍ വന്നാല്‍ അയാളെ പ്രേമിക്കുമെന്ന് ഉറപ്പിച്ചു.
അങ്ങനെ നോക്കിയപ്പോള്‍ എന്റെയതേ കാഴ്ചപ്പാടുകള്‍ പലതും കണ്ടത് മുസ്തഫയിലാണ്. അച്ഛന്റെ അടുത്തും പറഞ്ഞുവെച്ചിരുന്നു, കല്യാണം കഴിക്കുന്നയാളെ ഞാന്‍ തന്നെ കണ്ടെത്തുമെന്ന്. ആരോടെങ്കിലും ഇഷ്ടം തോന്നിയാല്‍ ഞാന്‍ അയാളെ അച്ഛന്റെ മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തുമെന്ന് ഉറപ്പും നല്കി. അച്ഛന് ഓക്കെയായാല്‍ മാത്രം കല്യാണം കഴിക്കുമെന്നും. അതിനുള്ള സ്വാതന്ത്ര്യം അന്നേ അച്ഛന് എനിക്ക് വിട്ടുനല്‍കി.
മുസ്തഫയെ കൊണ്ടു വന്നു നിര്‍ത്തിയപ്പോള്‍ മതമൊരു വില്ലനായില്ലേ...?
ഭാഗ്യത്തിന് അങ്ങനെയുണ്ടായില്ല. മുമ്പൊരിക്കല്‍ തമാശയ്ക്കുവേണ്ടി അച്ഛന് പറഞ്ഞിട്ടുണ്ട്, നീ ആരെ വേണമെങ്കിലും കെട്ടിക്കോ. പക്ഷേ മറ്റ് മതക്കാരനെ വിവാഹം ചെയ്യരുതെന്ന്. പക്ഷേ മുസ്തഫയെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും കണ്ടപ്പോള്‍ അച്ഛന് ആളാകെ മാറിപ്പോയി. 'എന്റെ ചിന്താഗതി താന്‍ മാറ്റിമറിച്ചിരിക്കുന്നുവെന്ന്'അച്ഛന് മുസ്തഫയോട് തന്നെ പറഞ്ഞു. പിന്നെ വേറൊരു കാര്യവുമുണ്ട്. എന്റെ കുടുംബം മൊത്തം ഒരു നാഷണല്ഹൈവേയാണെന്ന് പറയാം. അച്ഛന്റെയും അമ്മയുടെയുമെല്ലാം ഭാഗത്ത് പല മതങ്ങളില്‍ പെട്ടവരുണ്ട്.
ജ്യോതിഷ വിശ്വാസം കല്ല്യാണം വൈകിച്ചോ...?
എനിക്കതില്‍ അത്ര വിശ്വാസമൊന്നുമില്ല. പക്ഷേ അമ്മയ്ക്കും അച്ഛനും കുറച്ച് ജ്യോതിഷ വിശ്വാസമുണ്ട്. ഒരിക്കല്‍ എന്റെ ജ്യോത്സ്യന് പറഞ്ഞിട്ടുണ്ടത്രേ, 'അവള് കുറച്ച് വൈകി കല്യാണം കഴിച്ചാലും കുഴപ്പമൊന്നുമില്ലെന്ന്.' അതെന്തോ ആവട്ടെ, ഈ ആഗസ്ത്-സപ്തംബര്‍ മാസത്തിനിടയില്‍ ഞങ്ങളുടെ കല്യാണം നടക്കും.'' പ്രിയാമണിയുടെ മുഖത്തൊരു കല്യാണപ്പെണ്ണിന്റെ സന്തോഷം നിറഞ്ഞു. മൊബൈലെടുത്ത് മുസ്തഫയുടെ ഏതോ മെസേജിന് അവര്‍ റിപ്ലേ ചെയ്തു. ബംഗളൂരിലെ ഉച്ചനേരത്തിന് അപ്പോഴും തണുപ്പ് വിട്ടുമാറിയിരുന്നില്ല.
ബംഗളൂരില്‍ പാര്‍ട്ടിയും ചുറ്റിക്കറങ്ങലുമൊന്നുമില്ലേ..?
ഇപ്പോള്‍ എനിക്കങ്ങനെയുള്ള താത്പര്യ മൊന്നുമില്ല. മുമ്പ് പാര്‍ട്ടിയെന്നാല്‍ ഭയങ്കര ക്രേസായിരുന്നു. സിനിമയില്‍ വന്ന കാലത്ത് ഹൈദരാബാദില്‍ ശനിയാഴ്ചയും ഞായറാഴ്ചയുമൊക്കെ പാര്‍ട്ടികളും ബഹളവുമായിചുറ്റിക്കറങ്ങിയിരുന്നു ഞാന്‍. അന്നൊക്കെ എല്ലാ ശനിയാഴ്ചയും പാര്‍ട്ടിക്ക് പോവും. കൂടെ വലിയൊരു ഗ്യാങ്ങുമുണ്ടാവും. ഒരു മണിക്കൂര്‍ ഒരു ഡിസ്കോയില്‍, കുറച്ച് കഴിയുമ്പോള്‍ വേറൊരിടത്ത്...അങ്ങനെ മാറിമാറി സെലിബ്രേറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വല്ലപ്പോഴും പാര്‍ട്ടിക്ക് പോയാലും അരമണിക്കൂര്‍ ഇരുന്ന് ബോറടിക്കുമ്പോള്‍ തിരിച്ചുപോരും.
അതെന്താണ് ഇങ്ങനെയൊരു മാറ്റം...?
എന്താണെന്നറിയില്ല. ചിലപ്പോള്‍ ഞാനിതൊക്കെ കുറെ ചെയ്തതുകൊണ്ടും കണ്ടതുകൊണ്ടുമൊക്കെ ആയിരിക്കും. എനിക്കെന്തോ ഇപ്പോള്‍ ആ ലൈഫൊക്കെ ബോറടിക്കുന്നു. എവിടെ പോയാലും ഒരേ മ്യൂസിക്കും ഒരേ ഡാന്‍സും ഒരേ മുഖങ്ങളും. അതൊക്കെ വല്ലാതെ മടുത്തെന്നേ.
ശരിക്കും ആരാണ് ഈ പ്രിയാമണി
ആരാണെന്നു ചോദിച്ചാല്‍...ഈ മേക്കപ്പ് മായ്ച്ചാല്‍ ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്. കൂടുതല്‍ നേരവും വീട്ടിലിരിക്കാന്‍ ഇഷ്ടപ്പെടുന്നയാള്‍. ഇടയ്ക്ക് ടിവി കാണലായിരുന്നു ക്രേസ്. ഇപ്പോള്‍ ഐപാഡില്‍ നെറ്റ്ഫ്ലിക്സ് ഡൗണ്‍ലോഡ് ചെയ്ത് വെച്ചിട്ടുണ്ട്. അതില്‍ കുറെ സിനിമ കാണും. അതുമല്ലെങ്കില്‍ വീട്ടിലെ പട്ടിക്കും പൂച്ചയ്ക്കുമൊപ്പം കളിച്ചിരിക്കും.
അപ്പോള്‍ സോഷ്യില്‍ മീഡിയയിലോ...?
അതിലൊക്കെ ഞാന്‍ വളരെയധികം ആക്ടീവാണ്.
പക്ഷേ ഒന്നു രണ്ടു വട്ടം സോഷ്യല്‍ മീഡിയ പ്രിയാമണിക്കിട്ട് കൊട്ടിയല്ലോ..?
അതിലൊക്കെ മോശം കമന്റിടുന്നവര്‍ അതു ചെയ്തുകൊണ്ടേയിരിക്കും. നമ്മളതിന് റിയാക്ട് ചെയ്യാന്‍ പോയാല്‍ അവര്‍ക്ക് തോന്നും, ഇവള് ശരിക്കെന്തോ കുറ്റം ചെയ്തിട്ടുണ്ടെന്ന്. അതുകൊണ്ടാണ് ഞാന്‍ ഒന്നിനും പ്രതികരിക്കാതിരിക്കുന്നത്.
മിണ്ടാതിരുന്നാല്‍ ആ പ്രശ്നം അവിടെ തീര്‍ന്നോളും. അച്ഛന് പഠിപ്പിച്ചതാണിത്. അല്ലെങ്കിലും ഞാന്‍ എന്റെ കുടുംബത്തോടും മുസ്തഫയോടും അവരുടെ കുടുംബത്തോടുമേ മറുപടി പറയേണ്ടതുള്ളൂ. ഞാന്‍ എന്തുചെയ്യുന്നു എന്ന് ഇവരൊക്കെ അറിഞ്ഞാല്‍ മതി.
ജിഷ സംഭവമൊക്കെ വന്നപ്പോള്‍ ഈ നാട് സുരക്ഷിതമല്ലെന്നും സ്ത്രീകള്‍ ഇന്ത്യവിട്ട് പോകണമെന്നുമൊക്കെ പ്രിയാമണി പ്രതികരിച്ചത് കേട്ടാണ് പലരും വാളോങ്ങിയത്. അത് വേണ്ടിയിരുന്നില്ലെന്ന് തോന്നിയോ...?
ഒരിക്കലുമില്ല. ഓരോ ആളുകള്‍ക്കും ഓരോ അഭിപ്രായമുണ്ട്. എനിക്ക് തോന്നിയത് ഞാന്‍ പറഞ്ഞു. അതിന്റെ ശരിയായ അര്‍ത്ഥം പലരും മനസ്സിലാക്കിയില്ലെന്ന് മാത്രം. ബംഗളൂരില്‍ ന്യൂഇയറിന്റെ തലേന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ അക്രമം നടന്നില്ലേ. പിറ്റേദിവസം ഹരിയാണയില്‍ എണ്‍പത് വയസ്സുള്ളൊരു മുത്തശ്ശിയെ ബലാത്സംഗം ചെയ്തു. ഇന്ത്യയില്‍ ഇത്രയും സുരക്ഷിതത്വമില്ലെങ്കില്‍ ഞാന്‍ അന്നുപറഞ്ഞ കാര്യത്തില്‍ എന്താണ് തെറ്റായിട്ടുള്ളത്. നിങ്ങള്‍ ചൂണ്ടിക്കാണിക്ക്.
ഈ പുരുഷന്മാരെല്ലാം എന്താണിങ്ങനെ പ്രശ്നക്കാരാകുന്നത്...?
എല്ലാ പുരുഷന്മാരും പ്രശ്നക്കാരല്ല. സമൂഹത്തില്‍ അങ്ങനെ കുറെപ്പേരുണ്ടെന്ന് മാത്രം. അവരുടെ നോട്ടം കണ്ടാല്‍തന്നെ മനസ്സിലാവും, അയാള്‍ ശരിയല്ലെന്ന്. പെണ്ണിനെ ഒരു ചരക്കായിട്ട് നോക്കാതെ അവരെ ബഹുമാനിക്കാനാണ് പുരുഷനെ പഠിപ്പിക്കേണ്ടത്.
പെണ്ണുങ്ങളും പുരുഷന് തുല്യരാണ്. ശാരീരികമായി ഞങ്ങള്‍ കുറച്ച് വീക്കായിരിക്കാം. പക്ഷേ ബാക്കി എല്ലാ കാര്യത്തിലും നമ്മള് ഒരേപോലെയാണ്. ശാരീരികമായുള്ള ഞങ്ങളുടെ ബലഹീനതയെ മറികടക്കാന്‍ പുരുഷന്റെ സപ്പോര്‍ട്ടാണ് വേണ്ടത്. അതിന് ഞങ്ങളെ പിന്തുണയ്ക്കുന്നതിനുപകരം റേപ്പ് ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ എങ്ങനെ ഞങ്ങള്‍ സുരക്ഷിതരാവും.
കേരളത്തിലും ബംഗളൂരുവിലും സ്ത്രീകളോടുള്ള സമീപനത്തില്‍ വ്യത്യാസം തോന്നിയിട്ടുണ്ടോ..?
എല്ലാ സ്ഥലത്തും ഒരേ പോലെയാണ്. ബംഗളൂരിലാണെങ്കിലും കേരളത്തിലാണെങ്കിലും ചെന്നൈയിലോ മുംബൈയിലോ ആണെങ്കിലും ഐ ആം ഓക്കെ. കാരണം ഞാനൊരു സെലിബ്രിറ്റിയാണ്. എന്നുകരുതി ഞാന്‍ നൂറുശതമാനം സുരക്ഷിതയാണോയെന്ന് ചോദിച്ചാല്‍ ഒരിക്കലുമല്ല. എവിടെ ഏത് സമയത്ത് എന്ത് നടക്കുമെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. മുന്‍കരുതല്‍ എടുത്തേ പറ്റൂ. അതുകൊണ്ട് എപ്പോഴും എന്റെ കൂടെ ആരെങ്കിലും ഉണ്ടാവും.
ഗൃഹലക്ഷ്മിക്കു വേണ്ടി തയാറാക്കിയത്