പ്രണയസാഫല്യം എന്നത് എക്കാലത്തെയും എല്ലാ ചെറുപ്പക്കാരുടെയും മധുരതരമായ ഒരോര്‍മയാണ്. വാലന്റൈന്‍ ദിനമോ അതിന്റെ ആഘോഷങ്ങളോ ഒന്നും ഞങ്ങളുടെ കാലത്ത് ഇന്നത്തേ പോലെ അത്ര സജീവമായിരുന്നില്ല. എന്നാല്‍, ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ ഞാനെന്റെ ജീവിതസഖിയായ ഉമയെ പരിചയപ്പടുന്നതും വിവാഹം കഴിക്കുന്നതും ഒന്നിച്ചുള്ള ജീവിതവുമൊക്കെ വ്യത്യസ്തമായ അനുഭൂതികളും അനുഭവങ്ങളും പങ്കുവെയ്ക്കുന്ന ഒന്നാണ്. 

മഹാരാജാസ് കോളജില്‍ പഠിക്കുന്ന കാലത്താണ് അവിടെ ജൂണിയറായി പഠിച്ചിരുന്ന ഉമയെ പരിചയപ്പെടുന്നതും ആ സൗഹൃദം വളര്‍ന്ന് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുന്നത്.  കഴിഞ്ഞ 27 വര്‍ഷമായി ആ പ്രണയത്തിന്റെ തുടര്‍ന്ന എന്ന നിലയില്‍ ഞങ്ങള്‍ ഒരുമിച്ച് കഴിയുകയാണ്. 

ഞങ്ങള്‍ക്ക് ഇപ്പോള്‍ രണ്ടു മക്കളായി, മൂത്തയാള്‍ വിഷ്ണു തോമസും രണ്ടാമത്തെയാള്‍ വിവേക് തോമസും. പാലാരിവട്ടത്താണ് ഞങ്ങളിപ്പോള്‍ കുടുംബമായി താമസിക്കുന്നത്.  

ജീവിതത്തില്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും തിരക്കുകള്‍ വന്നുപെട്ടതോടെ പഴയപോലെ ഒരുമിച്ച് നടക്കാനോ സമയം ചെലവഴിക്കാനോ സാധിക്കുന്നില്ലെന്ന ദു:ഖവും നൊമ്പരവുമൊക്കെയുണ്ട്. തീര്‍ച്ചയായും പ്രണയകാലഘട്ടമെന്നത് അനുഭൂതി നിറഞ്ഞ ഓര്‍മ്മ തന്നെയാണ്. 

കാണാതിരിക്കുമ്പോള്‍ കാണണം എന്ന ആഗ്രഹവും, ഇന്നത്തെ പോലെ മൊബൈല്‍ ഫോണോ മറ്റ് ടെലിഫോണ്‍ സംവിധാനങ്ങളോ ഒന്നുമില്ലാതിരുന്നൊരു കാലഘട്ടത്തില്‍ കത്തുകള്‍ മുഖേനയും അല്ലാത്തപ്പോള്‍ നേരിട്ട് കണ്ടുമൊക്കെയാണ് പരസ്പരം സംസാരിച്ചിരുന്നത്. 

ആ കാലഘട്ടങ്ങളില്‍ ഓരോ നിമിഷവും സ്വര്‍ഗീയ അനുഭൂതി നിറഞ്ഞതായിരുന്നു എന്ന് ഇപ്പോഴും പറയാന്‍ കഴിയും. തീവ്രമായ പ്രണയം എന്നത് അനുഭവമാണ്. അത് അനുഭവിച്ചിട്ടുള്ളവര്‍ക്ക് മാത്രമെ എങ്ങനെയാണെന്ന് അറിയാന്‍  സാധിക്കുകയുള്ളു. 

ഒരിക്കലെങ്കിലും പ്രണയത്തിന്റെ പാതയിലൂടെ നടക്കാത്തവരായി ഈ ലോകത്ത് ആരുമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. ആ പോയകാലങ്ങള്‍ വീണ്ടുമെത്തുമോ എന്ന് ആലോചിക്കാറുണ്ട്. പ്രണയസാഫല്യം നേടുമ്പോള്‍ അതിനുമുണ്ട് ഒരു പ്രത്യേക അനുഭൂതി. 

മഹാരാജാസ് കോളജിന്റെ സമീപത്ത്കൂടി പോകുമ്പോഴും എറണാകുളം പട്ടണത്തിന്റെ പലഭാഗത്ത് കൂടി പോകുമ്പോഴും പഴയ ഓര്‍മ്മകള്‍ ഇപ്പോഴും പിടിച്ച് നിര്‍ത്താറുണ്ട്. ആത്മാര്‍ത്ഥതയുള്ള പ്രണയം എന്നും നെഞ്ചിലേറ്റാന്‍ പോന്ന പരിപാവനമായ ഒരോര്‍മ്മയാണ്. 

അത്തരം ഓര്‍മ്മകള്‍ നമ്മുടെ ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെയും നമ്മുടെ ജീവിതത്തെ തന്നെയും കരുപിടിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. 

ഇന്ന് രാഷ്ട്രീയമായ ഒത്തിരി തിരക്കുകള്‍ക്കിടയിലുമൊക്കെ വീണുകിട്ടുന്ന സമയത്ത് ഇത്തരം കാര്യങ്ങളൊക്കെ ആലോചിക്കുമ്പോള്‍ കുറച്ചൊക്കെ ലജ്ജയും, അങ്ങനെയൊക്കെ ആയിരുന്നോ എന്നൊരു തോന്നലുമൊക്കെ ഉണ്ടാകാറുണ്ടെങ്കിലും, അതിന്റെ മാധുര്യം വളരെ വലുതാണ്. 

വാലന്റൈന്‍ ദിനത്തിന്റെ ആഘോഷങ്ങളോട് എനിക്ക് വ്യക്തിപരമായി വലിയ യോജിപ്പില്ല. കാരണം ഇതൊക്കെ ഒരു ആഘോഷത്തെ തുടര്‍ന്ന് ഉണ്ടാകേണ്ടതല്ല. ഇതൊക്കെ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. 

വാലന്റൈന്‍ ദിനം ഉണ്ടെങ്കിലും ഇല്ലെങ്കിലും മനുഷ്യര്‍ തമ്മിലുള്ള പ്രണയം നിലനില്‍ക്കും. എല്ലാ പ്രണയജോഡികള്‍ക്കും ആശംസകള്‍ നേരുന്നു.